ഈ നൂറ്റാണ്ട് പിറക്കുന്നതിന് മുമ്പ് കേരളത്തിൽ ചെറിയ പെരുന്നാൾ ആഘോഷ സീസണിലാണ് വർഷത്തിലെ ഏറ്റവും മികച്ച തമിഴ് സ്റ്റണ്ട് സിനിമകൾ നാട്ടിലെ സിനിമാ ശാലകളിൽ പ്രദർശനത്തിനെത്താറുള്ളത്. എം.ജി.ആറിന്റെ കാലം കഴിഞ്ഞപ്പോൾ രജനി പടങ്ങൾക്കായി ഡിമാന്റ്. അന്നത്തെ മറ്റൊരു വിനോദ ഉപാധിയായ റേഡിയോയിൽ പെരുന്നാൾ സ്‌പെഷ്യലായി കണ്ണീരിൻ മഴയത്തും നെടുവീർപ്പിന് കാറ്റത്തും കരേള നിന്നെയും കാത്തിരിക്കും, കബറിനടിയിലും കാത്തിരിക്കും പോലുള്ള മികച്ച ഇനം പാട്ടുകൾ യഥേഷ്ടം പ്രക്ഷേപണം ചെയ്യും. മുസ്‌ലിം ആഘോഷങ്ങളുടെ കച്ചവട സാധ്യത തിരിച്ചറിഞ്ഞ് ടെലികാസ്റ്റ് ചെയ്യുന്ന പരിപാടികളിൽ മാറ്റം വരുത്തി തുടങ്ങിയത് കൈരളി ചാനലാണ്. കൈരളിയിൽ കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന ഈദ് സ്‌പെഷ്യൽ പരിപാടി സംപ്രേഷണം ചെയ്തത് മറ്റുള്ളവർക്കും പ്രചോദനമായി. മിക്കവാറും പത്രങ്ങളും ചാനലുകളും പെരുന്നാളിനെ റംസാൻ എന്നാണ് വിളിക്കാറുള്ളത്. വമ്പിച്ച റംസാൻ പ്രോഗ്രാം സിൽക്ക് നടിച്ച പടം ഇതാ വരുന്നു എന്നൊക്കെ എത്ര പരസ്യങ്ങൾ വന്നു? കാലം മാറിയപ്പോൾ സിനിമയിലെ മുസ്‌ലിം കഥാപാത്രങ്ങൾ പൊതുസമൂഹത്തിലെ എല്ലാവരേയും പോലെയായി. ഇക്കഴിഞ്ഞ വാരത്തിൽ സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് ഒരു വിവാദമുണ്ടായിരുന്നു. പ്രവേശനോത്സവം വ്രതനാളിലാവുന്നത് കുട്ടികൾക്ക് പ്രയാസമുണ്ടാക്കുമെന്നായിരുന്നു പരാതി. അബദ്ധം തിരിച്ചറിഞ്ഞ സർക്കാർ സ്‌കൂൾ തുറക്കുന്ന തീയതി പെട്ടെന്ന് മാറ്റി. ജൂൺ മൂന്നിന് പകരം ജൂൺ ആറിലേക്കാണ് മാറ്റിയത്. ഈ വിവരം വൈകുന്നേരം കൈരളി വാർത്തയിലെത്തിയപ്പോൾ റംസാൻ പ്രമാണിച്ച് സ്‌കൂൾ തുറക്കുന്നത് മാറ്റിയെന്നാണ് കേട്ടത്. കൈരളിയ്ക്ക് ഇനിയും നേരം വെളുത്തിട്ടില്ലേ? റേറ്റിംഗിൽ നേട്ടം കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യത്തിൽ പ്രൊഫഷണലിസം പ്രകടിപ്പിച്ചത്. കേന്ദ്രത്തിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത് സംബന്ധിച്ച ദൽഹി ബ്യൂറോയുടെ വാർത്തയിൽ പാർലമെന്റ് സമ്മേളനം പെരുന്നാളിന് ശേഷമായിരിക്കും ചേരുകയെന്നാണ് ഏഷ്യാനെറ്റ് ബുള്ളറ്റിനിൽ കേട്ടത്.
*** *** ***
രണ്ടാം മോഡി സർക്കാർ അധികാരമേറ്റത് കഴിഞ്ഞ ദിവസം. സുഷമ സ്വരാജ് മന്ത്രിസഭയിലില്ല. ആദ്യ മോഡി സർക്കാരിന് എന്തെല്ലാം അപാകതകളുണ്ടായിരുന്നുവെങ്കിലും വിദേശകാര്യ മന്ത്രിയായി സുഷമ സ്വരാജ് കാഴ്ച വെച്ച പ്രകടനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരിൽ നല്ല മതിപ്പുളവാക്കിയെന്ന് ആരും സമ്മതിക്കും. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ നൂതന സംവിധാനങ്ങൾ ആശയ വിനിമയത്തിന് ഉപയോഗപ്പെടുത്തിയവരായിരുന്നു പല മന്ത്രിമാരും. ഒരു നാൾ മന്ത്രി സുഷമ വെളുപ്പിന് നാല് മണിയ്ക്കും ട്വിറ്ററിൽ. ഇതെന്താ മാഡം ഉറക്കമൊന്നുമില്ലേ എന്ന് ഒരു സുഹൃത്ത് അന്വേഷിച്ചപ്പോൾ അവരുടെ മറുപടി ജർമനിയിൽനിന്ന് ഒരു മലയാളി നഴ്‌സ് മുംബൈയിൽ വന്നിറങ്ങുന്നത് കാത്തിരിക്കുകയാണെന്നായിരുന്നു.
ഈ നഴ്‌സിന്റെ വിഷയത്തിൽ മന്ത്രി പകൽ സമയത്ത് ഇടപെട്ടതാണ്. അതും ട്വിറ്ററിലൂടെ. അത്യാവശ്യത്തിന് നാട്ടിലേക്ക് പുറപ്പെട്ട ഇവർക്ക് പാസ്‌പോർട്ട് പുതുക്കി കിട്ടാത്തതിനാൽ യാത്ര പുറപ്പെടാനായില്ല. ശനി, ഞായർ അവധി കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ടതായിരുന്നു നയതന്ത്ര ഉദ്യോഗസ്ഥർ. വിഷമത്തിലായ മലയാളി യുവതി ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലിരുന്ന് പരാതി മന്ത്രിയുമായി ട്വീറ്റി. അവിടെ തന്നെ ഇരിക്കൂ, പുതുക്കിയ പാസ്‌പോർട്ടുമായി ഉദ്യോഗസ്ഥരെത്തുമെന്നാണ് വിദേശകാര്യ മന്ത്രി നഴ്‌സിനെ ആശ്വസിപ്പിച്ചത്. ഉന്നതങ്ങളിലെ കൃത്യമായ ഇടപെടലിന്റെ ഗുണം പ്രവാസികൾക്ക് ലഭിച്ചതിന് വേറെയും നിരവധി ഉദാഹരണങ്ങളുണ്ട്.
ഒരു ഗൾഫ് രാജ്യത്തെ ഇന്ത്യൻ തൊഴിലാളികൾ പ്രതിസന്ധി നേരിട്ടപ്പോൾ സുഷമ നയം വ്യക്തമാക്കി. ഞാൻ ഈ സ്ഥാനത്തിരിക്കുമ്പോൾ ഒരു ഇന്ത്യക്കാരനും ലോകത്ത് ഒരിടത്തും പട്ടിണി കിടക്കാൻ പാടില്ല. സഹമന്ത്രി ജനറൽ വി.കെ സിംഗിനെ ഉടൻ പ്രശ്‌ന പരിഹാരത്തിന് നിയോഗിക്കുകയായിരുന്നു. ഇതെല്ലാം സാധാരണ ഗതിയിൽ മന്ത്രിമാർ ചെയ്യേണ്ടത് തന്നെ. മുമ്പൊരു മലയാളി വിദേശ മന്ത്രി ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഓപ്പൺ ഹൗസ് നടത്തി ധാരാളം നിവേദനങ്ങൾ സ്വീകരിക്കുകയുണ്ടായി. ഒടുവിൽ ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിക്കും മുമ്പ് അതെല്ലാം മാലിന്യപെട്ടിയിൽ ഉപേക്ഷിക്കാനാണ് സെക്രട്ടറിയോട് നിർദേശിച്ചത്. മലയാളിയായ വി. മുരളീധരനാണ് പുതിയ മന്ത്രിസഭയിൽ വിദേശ സഹമന്ത്രിയായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം സംപ്രേഷണം ചെയ്തതും ഏഷ്യാനെറ്റ് ന്യൂസാണ്. സഹമന്ത്രിയായി ചുമതലയേൽക്കുമ്പോൾ തന്റെ മുന്നിൽ ആദ്യമെത്തുന്നത് പെരുന്നാൾ കാലത്തെ പ്രവാസികളുടെ യാത്രാ പ്രശ്‌നമാണെന്ന് വി. മുരളീധരൻ പറഞ്ഞു. നോട്ട് ദ പോയന്റ്, റംസാൻ കാലത്തെ യാത്രാ പ്രശ്‌നമല്ല. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കീഴിലായിരിക്കും മുരളീധരൻ പ്രവർത്തിക്കുക. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായ മുരളീധരൻ കാലിക്കറ്റ് എയർപോർട്ടിന്റെ കാര്യത്തിൽ ഇതിന് മുമ്പും ഫലപ്രദമായി ഇടപെട്ടിട്ടുണ്ട്. വെന്റിലേറ്ററിൽ നിന്നാണ് അതിനെ രക്ഷിച്ചെടുത്തത്.
*** *** ***
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുൽ ഗാന്ധി തുടരുമോയെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. പാർട്ടിയുടെ തോൽവിക്ക് ഉത്തരവാദികൾ ഈ ഹാളിൽ തന്നെയുണ്ടെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രയോഗം തകർത്തു. വയനാടിന്റെ എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ ആദ്യ ഇടപെടൽ ശ്രദ്ധേയമായി. വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയത്. പനമരത്ത് വി. ദിനേഷ് കുമാർ എന്ന കർഷകൻ കടബാധ്യതമൂലം ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി ഫോണിൽ സംസാരിച്ചെന്നും വായ്പ തിരച്ചടക്കാൻ കഴിയാത്തത് മൂലമുണ്ടായ സമ്മർദ്ദവും, വിഷമവും അതിജീവിക്കാൻ കഴിയാതെയാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്നും അവർ പറഞ്ഞെന്നും രാഹുൽ കത്തിൽ വ്യക്തമാക്കി. കുടുംബത്തിന് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും കത്തിൽ രാഹുൽ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കേരള എം.പിമാരുടെ നിവേദക സംഘവുമായി മുഖ്യമന്ത്രിയ്ക്ക് രാജ്യ തലസ്ഥാനത്തേക്ക് ഇനി കുറേ പ്രാവശ്യം പോകാനുള്ളതാണല്ലോ.
*** *** ***
പരാതിയുമായെത്തിയ ഉപഭോക്താവിന് ഐആർസിടിസി നൽകിയ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഐആർസിടിസിയുടെ ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനിൽ അശ്ലീല പരസ്യങ്ങൾ കാണുന്നുവെന്ന പരാതിയുമായാണ് ഉപഭോക്താവെത്തിയത്. അനന്ത് കുമാർ എന്നയാളാണ് ട്വിറ്റർ പേജിലൂടെ പരാതി നൽകിയത്. റെയിൽവേ മന്ത്രാലയം, ഐആർസിടിസി, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവരെ ടാഗ് ചെയ്തായിരുന്നു പരാതി സമർപ്പണം. ആപ്പിൽ കൂടെകൂടെ പ്രത്യക്ഷപ്പെടുന്ന അശ്ലീല പരസ്യങ്ങൾ വളരെ ശല്യമുണ്ടാക്കുന്നെന്നും ദേഷ്യം പിടിപ്പിക്കുന്നെന്നും ആനന്ദ് കുമാർ പറഞ്ഞു. ദയവായി വിഷയത്തിൽ ഇടപെടണമെന്നും അനന്ത് കുമാർ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അനന്ത് കുമാറിന്റെ ട്വീറ്റിനു പിന്നാലെയെത്തിയ ഐആർസിടിസിയുടെ മറുപടിയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഗൂഗിളിന്റെ ആഡ് സെർവിംഗ് ടൂളായ എഡി എക്‌സാണ് പരസ്യം കാണിക്കാൻ ഐആർസിടിസി ഉപയോഗിക്കുന്നതെന്നും ഉപഭോക്താക്കളെ ലക്ഷ്യം വെക്കാൻ ഈ പരസ്യങ്ങൾ കുക്കീസുകളെ ആശ്രയിക്കാറുണ്ടെന്നും പറഞ്ഞാണ് ഐആർസിടിസിയുടെ മറുപടി ആരംഭിക്കുന്നത്. ഉപഭോക്താവിന്റെ ബ്രൗസിംഗ് ഹിസ്റ്ററിയും ബ്രൗസിംഗ് സ്വഭാവവും അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളാണ് പ്രത്യക്ഷപ്പെടുകയെന്നാണ് മറുപടിയിൽ പറയുന്നത്. ഇത്തരം പരസ്യങ്ങൾ ഒഴിവാക്കുന്നതിനായി ദയവായി ബ്രൗസിംഗ് കുക്കികളും ബ്രൗസിംഗ് ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യൂവെന്നാണ് മറുപടി.
*** *** ***
കപട സദാചാര ബോധം വിഷയമാവുന്ന സിനിമയ്ക്ക് മലയാളത്തിൽ നല്ല സ്‌കോപ്പാണ്. ഇഷ്‌ക് എന്ന സിനിമയുടെ വിജയത്തിന് അടിസ്ഥാനം ഇതാണ്. മലയാളസിനിമയുടെ ഭാവി വാഗ്ദാനം ആണ് ഷൈൻ നിഗം എന്ന നടൻ. ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ഇഷ്‌കും ഷെയിന്റെ അഭിനയജീവിതത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്.
ഷെയിൻ നിഗം ഈ അടുത്ത കാലത്ത് എണ്ണം പറഞ്ഞ ചില സിനിമകളിലൂടെ തന്റെ അഭിനയ പാടവം തെളിയിച്ചു കഴിഞ്ഞതാണ്. എങ്കിലും ഇതുവരെ ചെയ്തു വന്ന വിഷാദ കാമുകൻ എന്ന പോർെ്രെടറ്റിൽ നിന്നും അൽപം കൂടി റേഞ്ചുള്ള നടനായി ഷെയിൻ പരിണമിക്കപ്പെടുന്ന മാജിക്കും സിനിമ കാട്ടിത്തന്നു. സഹിച്ചു കൂടാനാവാത്തത് റിപ്പോർട്ടർ ടിവിയിൽ ആവർത്തിച്ച് സംപ്രേഷണം ചെയ്യുന്ന അഭിമുഖമാണ്.






