നിരൂപകൻ, നോവലിസ്റ്റ്, കഥാകൃത്ത്, കവി, കോളമിസ്റ്റ്, പ്രഭാഷകൻ എന്നിങ്ങനെ സാഹിത്യത്തിന്റെ ബഹുസ്വരതയെ തന്റെ
ധിഷണയുടെ ധീര ധാരയിലൂടെ പരീക്ഷണോന്മുഖമാക്കാനും പരിഷ്‌കരിക്കാനുമുള്ള ശ്ലാഘനീയമായ ശ്രമങ്ങൾ നടത്തുന്ന
എം.കെ. ഹരികുമാറിന്റെ സർഗജീവിതത്തെക്കുറിച്ച്...
മലയാള സാഹിത്യത്തിലെ ഉത്തരാധുനികത മരിച്ചു എന്ന് മലയാളിയെ ആദ്യമുണർത്തിച്ച നിരൂപക പ്രതിഭയാണ് എം.കെ.ഹരികുമാർ. പിന്നീടുണ്ടായ സാഹിത്യത്തിലെ ഭാവുകത്വ പരിണാമത്തെ ഉത്തര-ഉത്തരാധുനികത എന്നദ്ദേഹം നിർവചിച്ചു. നിരൂപണത്തിലെ സാമ്പ്രദായിക സൗന്ദര്യശാസ്ത്ര സ ങ്കൽപ്പങ്ങളെ മുഴുവൻ ഉടച്ചുവാർത്തുകൊണ്ട് 25-ലേറെ ഗ്രന്ഥങ്ങൾ അദ്ദേഹ മെഴുതി. കാലിക സാഹിത്യദർശനങ്ങൾ നിലവിലെ നോവൽ സാഹിത്യത്തെ നിർവചിക്കാൻ അപര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അദ്ദേഹം അ തിന് പകരമായി സ്യൂഡോ റിയലിസം, നവാദൈ്വതം, തനിമനസ്സ് എന്നീ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നത്. തന്റെ ജലഛായ, ശ്രീനാരായണായ, വാൻ ഗോഗിന് എന്നീ നോവലുകൾ അവയുടെ പരീക്ഷണ വേദിയായി. മലയാള ത്തിൽ ആദ്യമായി ‘എന്റെ മാനിഫെസ്റ്റോ’ എന്ന പേരിൽ സ്വന്തം മാനിഫെസ്റ്റോ പുറത്തിറക്കാനുള്ള പ്രാപ്തി കാണിച്ച എഴുത്തുകാരനും അദ്ദേഹമാണ്.
കഴിഞ്ഞ 21 വർഷമായി വിവിധ പ്രസിദ്ധീകരണങ്ങളിലായി അദ്ദേഹം തുടർച്ചയായി എഴുതുന്ന അക്ഷരജാലകം എന്ന പംക്തി, നമ്മുടെ സാ ഹിത്യമണ്ഡലത്തെ ഊർജസ്വലമായി നിലനിർത്താനും നിലയ്ക്ക് നിർത്താനുമുള്ള നിലവാരപ്പെട്ട നിർമിതിയായി നിരീക്ഷിക്കപ്പെടുന്നുണ്ട്.
എം.കെ. ഹരികുമാറുമായി നടത്തിയ അഭിമുഖത്തിൽനിന്ന്:
1984-ൽ ഇറങ്ങിയ ആത്മായനങ്ങളുടെ ഖസാക്ക്’എന്ന കൃതിയിലൂടെയാണ് നിരൂപകൻ എന്ന നിലയിൽ താങ്കൾ അറിയപ്പെട്ടു തുടങ്ങുന്നത്. എ ന്നാൽ അതിനു മുമ്പേ തന്നെ താങ്കൾ നിരൂപണവുമായി രംഗത്തുണ്ട്. 1982- ൽ സംക്രമണം മാസികയിലെഴുതിയ അഹംബോധത്തിന്റെ സർഗ്ഗാത്മകത യിലൂടെ. ഉള്ളിൽ ഒരു നിരൂപകനുണ്ട് എന്ന് തിരിച്ചറിയുന്നത് എപ്പോഴാണ്?
നമ്മുടെ സാഹിത്യകാരൻമാർ പുതുമകളേയും പരീക്ഷണങ്ങളേയും അവഗണിക്കുന്നവരാണ് എന്ന് മനസ്സിലാക്കുന്നിടത്താണ് എന്നിലെ നിരൂപ കൻ ഉണരുന്നത്. സ്റ്റാറ്റസ്‌കോ നിലനിർത്തി എഴുതുക, അതായത് എഴുത്തി ലോ ചിന്തയിലോ മാറ്റങ്ങളൊന്നും വരുത്താതെ നിലവിലുള്ള രീതിയിൽ ത ന്നെ എഴുതുക എന്നതാണ് അവരുടെ നയം. സാഹിത്യകാരൻ സർഗലോകത്ത് ഒരു സ്രഷ്ടാ വാണ്. അയാൾ എന്തെങ്കിലും പുതുതായി സൃഷ്ടിക്കണം. അതിനായി വേദനിക്കണം. അത് ധീരമായ ഒരു ശ്രമമാണ്. ആ തിരിച്ചറിവിലാണ് ‘വർത്തമാന ത്തിന്റെ ബോധവിചാരണ’ എന്ന ലേഖനം ഞാൻ എഴുതുന്നത്. അതിന് വലി യ സ്വീകാര്യത കിട്ടിയപ്പോൾ ‘ആത്മായനങ്ങളുടെ ഖസാക്ക്’ എഴുതി. വിമർ ശനത്തിലെ കല എന്ന നിലയിൽ മലയാളത്തിലെ പ്രഥമ സംരംഭമാണ് ഈ കൃതി. വിമർശകനിലെ കവി, മിസ്റ്റിക്ക്, തത്വചിന്തകൻ, സത്യാന്വേഷി തുടങ്ങി യവയെല്ലാം ഈ നിരൂപണ ഗ്രന്ഥത്തിലുണ്ട്.
പക്ഷെ, ആത്മായനങ്ങളുടെ ഖസാക്ക് വായിച്ച് മനസ്സിലാക്കാൻ പറ്റുന്നില്ല എന്ന പരാതിയുമുണ്ടല്ലൊ? പൊതുവെ താങ്കളുടെ എഴുത്തും ചിന്തയും ആശയങ്ങളും വായനക്കാർക്ക് പിൻതുടരുക എളുപ്പമല്ല എന്നും പറഞ്ഞു കേൾക്കുന്നു. വിമർശന കലയുടെ പേരിൽ വായനക്കാർക്ക് മനസിലാവാത്തത് എഴുതുക എന്നതാണോ ഒരു വിമർശകൻ ചെയ്യേണ്ടത്?
അക്കാദമിക്ക് മേഖലയിൽ നിന്നാണ് ഈ ആരോപണം വന്നിട്ടുള്ളത്. അക്കാദമിക്ക് അല്ലാത്ത ഒരാളുടെ നിരൂപണ ശ്രമത്തെ തകർക്കുകയാണ് അതിന്റെ ലക്ഷ്യം. ഒന്നും മനസ്സിലാകുന്നില്ല എന്നവർ നടിക്കുകയാണ്. അവരെ മനസ്സിലാക്കിക്കാൻ എന്റെ പക്കൽ സൂത്രവാക്യങ്ങളൊന്നുമില്ല. ഞാൻ എഴുത്തിലൂടെ ജീവിത സൗന്ദര്യത്തിലേക്ക് സഞ്ചരിക്കുന്നയാളാണ്. സൗന്ദര്യം മന സ്സിലാക്കാനുള്ളതല്ല, ഫീൽ ചെയ്യാനുള്ളതാണ്. അതേസമയം എന്റെ പുസ്ത കങ്ങൾ വായിച്ച് ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ആസ്വാദനം എഴുതു കയും ചെയ്തവർ ധാരാളമുണ്ട്. എന്നാൽ വിമർശകൻ എന്ന നിലയിൽ അക്കാദമിക്ക് പാരമ്പര്യത്തെ ഞാൻ മുഖവിലക്കെടുക്കുന്നില്ല. അത് സ്വതന്ത്രമായ ഒരു പദമാണ്. ഞാൻ പുതിയൊരു ആത്മീയ, ദാർശനിക, സൗന്ദര്യാത്മക തയാണ് ഇക്കാര്യത്തിൽ അവലംബിച്ചിട്ടുള്ളത്.
എഴുത്തിലും അഭിമുഖങ്ങളിലും മറ്റും മലയാളത്തിലെ അക്കാദമിക്ക് നിരൂപകരേയും അവരുടെ നിരൂപണങ്ങളേയും താങ്കൾ നിരന്തരം നിശിതമായി വിമർശിക്കുന്നുണ്ട്. അവർ മലയാളത്തിലെ നിരൂപണ ശാഖയെ കാര്യക്ഷമമ ല്ലാതാക്കുന്നു എന്ന ചിന്തയിൽ നിന്നാണോ ഈ സമീപനം?
തീർച്ചയായും അതെ. അക്കാദമിക്ക് മേഖലയിൽ വിമർശകർ ഇല്ല. കാരണം ഒരാളുടെ ജൻമനാ ഉള്ളതും അനുഭൂതിതലത്തിൽ നിലനിൽക്കുന്നതുമാ യ സകല സിദ്ധികളും നുള്ളിയെടുക്കപ്പെട്ട ശേഷമാണ് അയാൾ അധ്യാപകനായി മാറുന്നത്. അവർക്ക് സ്വന്തം തിയറി അവതരിപ്പിക്കാൻ അനുവാദമില്ല. പതിറ്റാണ്ടുകളായി ആചാര്യന്മാർ ഉപയോഗിച്ചു വരുന്ന ഭാഷയിൽ എഴുതാ നുള്ള സ്വാതന്ത്ര്യമേ അവർക്കുള്ളൂ. അതായത് തീർത്തും അസ്വതന്ത്രരാണവർ. അവർക്കെങ്ങനെ സാഹിത്യത്തിൽ നല്ല വിമർശനം കൊണ്ടുവരാൻ കഴിയും? അക്കാദമിക്ക് കേന്ദ്രങ്ങൾ സ്വതന്ത്രബുദ്ധികളായ എന്നെയൊക്കെ ശ ത്രുക്കളായി കാണുന്നത് ഈ പശ്ചാത്തലത്തിലാണ്. എന്റെ പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്താതിരിക്കാൻ ഇക്കൂട്ടരിൽ പലരും നടത്തുന്ന ശ്രമങ്ങളും അപലപനീയമാണ്. സത്യത്തിൽ സ്വതന്ത്രമായി എഴുതുന്നവരോടുള്ള അസഹിഷ്ണുതയാണ് ഈ മനോഭാവത്തിന് പിന്നിൽ.
മലയാളത്തിലെ വിമർശനരംഗം ശുഷ്‌കമാണ് എന്നൊരു പരാതി കുറേ കാലമായി കേൾക്കുന്നുണ്ടല്ലൊ. തലമുതിർന്ന നിരൂപകനെന്ന നിലയിൽ എ ന്താണ് താങ്കളുടെ വിശദീകരണം?
നമ്മുടെ സാഹിത്യവിമർശനം ഏതാനും സ്ഥാപനങ്ങൾ ചേർന്ന് ഹൈ ജാക്ക് ചെയ്തിരിക്കുകയാണ്. അതിനാൽ ശരിയായ സാഹിത്യവിമർശനങ്ങൾ പലതും ഇപ്പോൾ പുറത്തിറങ്ങുന്നില്ല എന്നതൊരു വസ്തുതയാണ്. വേറിട്ട വിമർശനശബ്ദം കേൾപ്പിക്കേണ്ടവർ പലരും ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ യോ സർക്കാർ-സാംസ്‌കാരിക സ്ഥാപനങ്ങളുടെയോ പ്രസാധകരുടെയോ കുഴലൂത്തുകാർ മാത്രമായി മാറി. ഇത്തരം ഒരു സാഹചര്യത്തിലാണ് സാഹി ത്യ വിമർശനമെന്ന പേരിൽ വായനക്കാരെ കബളിപ്പിക്കുന്ന മറ്റു പലതും ഇ റങ്ങുന്നത്. സർവകലാശാലകളിൽ ഗവേഷണം ചെയ്ത് നിർമിച്ച പ്രബന്ധ ങ്ങൾ വിമർശനമാണെന്ന ധാരണയിൽ പലരും പുസ്തകമാക്കുന്നത് ഈ സ ന്ദർഭം മുതലെടുത്താണ്. ഇത് തെറ്റായ പ്രവണതയാണ്്. സർവകലാശാലയി ലെ ഗവേഷണത്തിനോ പ്രബന്ധത്തിനോ വിമർശന രംഗവുമായി ബന്ധമൊ ന്നുമില്ല. ഒരു കൃതിയുടെ ദാർശനിക തലങ്ങളിലേക്ക് പടരുന്നതായിരിക്കണം വിമർശനം.
ജലഛായ, ശ്രീനാരായണായ, വാൻഗോഗിന്-താങ്കളുടെ മൂന്ന് പരീക്ഷണ നോവലുകൾ. പക്ഷെ, വായനക്കാർ അവയെ വേണ്ടത്ര സ്വീകാരിക്കാതിരുന്നത് എന്തു കൊണ്ടായിരിക്കും?
ജലഛായ, നോവലിന്റെ കലയിലെ ഒരു നൂതന സംരംഭമാണ്. നമ്മുടെ ഭാഷയ്ക്ക് അജ്ഞാതമായ ഒരു അസ്തിത്വമാണ് അതിലുള്ളത്. ഒരു പുതിയ ടെക്സ്റ്റിന്റെ പരീക്ഷണമായും വിലയിരുത്താം. കേവല യുക്തിയുടെ അടിസ്ഥാനത്തിലോ കാൽപ്പനികതയുടെ കരുത്തിലോ യാഥാർഥ്യം സൃഷ്ടിക്കാൻ കഴിയാതെ വരുമ്പോൾ പകരം ഭാവനാധിഷ്ഠിതമായ പ്രതീതി യാഥാർഥ്യം കൊണ്ടുവരാൻ നോക്കുകയാണ് ഈ കൃതിയിൽ. അതിന്റെ വിജയകരമായ ആവിഷ്‌കാരത്തിനാണ് സ്യൂഡോ റിയലിസം എന്ന സങ്കേതം നോവലിൽ ഉപയോഗിച്ചത്.
ശ്രീനാരായണായ, മൗലികവും സർഗാത്മകവുമായ ഒരു സൃഷ്ടിയാണ്. 15 എഴുത്തുകാരുടെ രചനകൾ സമാഹരിക്കപ്പെടുന്ന രീതിയിലാണ് അതിന്റെ ഘടന. അത് ഗുരുവിനെ കുറിച്ചുള്ള ഒരു കൃതിയല്ല. അതേസമയം ഗുരു അതിലുണ്ടാതാനും. ഗുരുവിന്റെ ജീവിതവും ദർശനവും നവീനമായ ഒരു തലത്തിലേക്ക് പുനഃപ്രതിഷ്ഠിക്കുകയായിരുന്നു. ഗുരുവിനെ കുറിച്ചുള്ള എന്റെ ദാർശനികമായ അന്വേഷണങ്ങളുടെ സാക്ഷാത്കാരമാണ് ആ നോവൽ. നവീകരിക്കപ്പെട്ട വീക്ഷണവും സൗന്ദര്യസങ്കൽപ്പങ്ങളും നോവലിലേക്ക് കൊ ണ്ടുവരികയായിരുന്നു. എന്റെ നവാദൈ്വതം എന്ന സിദ്ധാന്തം നോവൽ രച നയ്ക്ക് ആധാരമായിട്ടുണ്ട്.
വാൻഗോഗിന് എന്ന നോവൽ ചിത്രകാരനായ വാൻഗോഗിന്റെ ജീവചരിത്രമല്ല പറയുന്നത്. ലോകവും ചരിത്രവും അദ്ദേഹത്തെ കുറിച്ച് മനസിലാ ക്കിയതിൽ നിന്നും വ്യത്യസ്തമായ മറ്റൊരാളെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. ആ കലാകാരന്റെ യഥാർഥ മാനസിക പ്രക്ഷുബ്ധത എന്റെ മൗലി ക നിരീക്ഷണത്തിലൂടെ പുറത്തു കൊണ്ടുവരികയായിരുന്നു.
ചുരുക്കത്തിൽ വളരെ ഗൗരവപ്പെട്ട വായന ആവശ്യമായ നോവലുകളാ ണ് ഇവ മൂന്നും. വായനക്കാർക്ക് പരിചിതമായ സാമ്പ്രദായിക നോവലിന്റെ പാറ്റേണിലല്ല അവ എഴുതിയിരിക്കുന്നത്. ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥ പറച്ചിൽ രീതി അവയിൽ പിൻതുടർന്നിട്ടില്ല. ആ നോവലുകളിൽ കഥ പറയുകയല്ല, കഥ പറച്ചിലിനെ സൗന്ദര്യം കൊണ്ട് നിറയ്ക്കുകയാണ് ചെയ് തത്്. അങ്ങനെ സൗന്ദര്യസൃഷ്ടിയായി തീരുമ്പോഴേ നോവൽ ആത്യന്തിക മായി കലയാകുന്നുള്ളൂ. അവ ഉൾക്കൊള്ളാൻ സ്വാഭാവികമായും കൺവെൻഷണലായ, കണ്ടീഷൻ ചെയ്യപ്പെട്ട നമ്മുടെ വായനക്കാർക്ക് ബുദ്ധിമുട്ടാകും. അതേസമയം അവ വായിച്ച് ഇഷ്ടപ്പെടുകയും അഭിപ്രായം പറയുകയും എഴുതുകയും ചെയ്തവർ ധാരാളമുണ്ട്. വലിയൊരു കൂട്ടം വായനക്കാർ ഉടനെ സ്വീകരിക്കുമെന്ന് കരുതിയല്ല രചനകൾ പലതും ആവിർഭവിക്കുന്നത്. ചരി ത്രത്തിലൂടെ സഞ്ചരിച്ചാണ് അത് പൊതു സ്വീകാര്യത നേടുന്നത്.
സാഹിത്യത്തിൽ ഇന്നു നിലനിൽക്കുന്ന സാമ്പ്രദായികത, യുക്തി, സൗ ന്ദര്യസങ്കൽപം, ആസ്വാദനക്ഷമത തുടങ്ങി എല്ലാത്തിനേയും പൊളിച്ചടുക്കി, പകരം പുതിയതായി മറ്റൊന്ന് സൃഷ്ടിക്കണമെന്നുള്ള ശാഠ്യബുദ്ധിയുണ്ടോ എം.കെ.ഹരികുമാർ എന്ന എഴുത്തുകാരന്?
എന്റെ ശാഠ്യം എന്നതിനപ്പുറം അത് കാലഘട്ടം ആവശ്യപ്പെടുന്ന ഒരു അനിവാര്യതയാണ്. സാഹിത്യത്തെ ആത്മാർഥതയോടെ കാണുന്ന ഒരാൾക്ക് അങ്ങനെ ആകാതെ തരമില്ല. വർത്തമാനകാലം നിഷ്ഫലതയുടേയും അരാജകത്വത്തിന്റേതുമാണ്. അഴിമതിയും കള്ളപ്പണവും ഏറുന്നു. ദരിദ്രർ കൂടുത ൽ ദരിദ്രരാകുന്നു. സ്ത്രീപീഡനങ്ങളും കുഞ്ഞുങ്ങൾക്ക് നേരെയുള്ള അക്രമ ങ്ങളും വർദ്ധിക്കുന്നു. രക്തബന്ധങ്ങൾ വിലയില്ലാതാകുകയും സ്‌നേഹം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. മൂല്യച്യുതി ചുറ്റിലും നിറയുന്നു. പഴയ ലോ കക്രമങ്ങളൊക്കെ തെറ്റിച്ചു കൊണ്ട് ജീവിക്കുന്ന മനുഷ്യരെ തിരുത്താൻ എഴുത്തിന്റെ പാരമ്പര്യ ആശയങ്ങൾക്കും രീതിക്കും സാധ്യമാകുമോ എന്ന ശങ്ക യാണ് എന്നെ ഒരു പൊളിച്ചെഴുത്തിലേക്ക് നയിക്കുന്നത്.
ഭാഷയിലും ഭാവനയിലും പ്രമേയത്തിലും ഘടനയിലും ഉള്ളടക്കത്തി ലും നവീനമായത് സൃഷ്ടിക്കാൻ കഴിയുമ്പൊഴേ ഇപ്പറഞ്ഞതിനെ ശക്തിയു ക്തം നേരിടാൻ കഴിയൂ. അത് വായനക്കാരോട് കടപ്പാടുള്ള ഏതൊരു എഴു ത്തുകാരന്റെയും ധർമവും ഉത്തരവാദിത്വവുമാണ്. എല്ലാവർക്കും അറിയുന്ന കാര്യം ഞാനെന്തിനെഴുതണം? അത് വാർത്തയോ ലേഖനമോ ആയി വായന ക്കാർക്ക് കിട്ടിക്കൊള്ളും. റിയാലിറ്റിയല്ല നമ്മൾ എഴുതേണ്ടത്;ഫിക്ഷനാണ്. ഫിക്ഷൻ എന്നാൽ ഭാവനയാണ്. ഭാവനയുടെ ആഴങ്ങളിൽ കൂടി സഞ്ചരിച്ച് വായനക്കാരൻ അറിയാത്തത് കണ്ടെത്തുകയാണ് ചെയ്യേണ്ടത്. വായനക്കാര ൻ വിഡ്ഢിയല്ല. അയാൾക്ക് വായനക്കിടെ കൃതിയെ കൃത്യമായി പ്രവചിക്കാ ൻ കഴിയുമെങ്കിൽ അത് നാം എഴുതുന്നതിൽ എന്തർഥമാണുള്ളത്?
ഈ നോവലുകളിലൂടെ താങ്കൾ മുന്നോട്ടു വെക്കുന്ന നവസിദ്ധാന്തമാണ് സ്യൂഡോ റിയലിസം. അത് മലയാളീകരിക്കുമ്പോൾ വ്യാജ യാഥാർഥ്യം എന്നായി മാറും. വ്യാജം എന്നു കേൾക്കുമ്പൊഴേ വായനക്കാർ ആ നോവലു കളോട് മുഖം തിരിക്കാനല്ലേ സാധ്യത?
പാരമ്പര്യ വായനയുടെ അതിർവരമ്പുകളെ ഭേദിച്ചു കൊണ്ട് സാഹിത്യ രചന നടത്തുമ്പോൾ അതിനോട് മുഖം തിരിക്കുന്ന പ്രവണത വായനക്കാരി ൽ ഉണ്ടാവാം. കാരണം മാറ്റം ഉൾക്കൊള്ളുക എന്നത് ആർക്കും അത്ര എളു പ്പമല്ലല്ലൊ. ഖസാക്കിന്റെ ഇതിഹാസം 1968-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്ര സിദ്ധീകരിച്ചപ്പോൾ അതിന്റെ പ്രമേയം, ഭാഷ എന്നിവ പലർക്കും ദഹിച്ചിരു ന്നില്ല. പക്ഷെ, പിന്നീട് അത് മലയാളത്തിലെ ക്ലാസിക്ക് കൃതിയായി മാറിയി ല്ലേ? സ്യൂഡോ റിയലിസം അഥവാ വ്യാജയാഥാർഥ്യം എന്നത് എന്റെ നോവ ലുകളിലെ ആഖ്യാനതന്ത്രമാണ്. എന്റെ താത്വിക ചിന്തകളുടെ തീവ്രാവബോ ധത്തിൽ നിന്നും ഉണ്ടായ ഒരു വെളിപാടാണത്. വ്യാജം എന്നതിനെ സാധാര ണ അർഥത്തിലല്ല കാണേണ്ടത്. വ്യാജമായ ഒരു ജീവിതത്തിൽ സത്യാന്വേഷ ണം സാധ്യമാണോ എന്ന പരീക്ഷണമാണ് എന്റേത്. എന്റെ നോവലുകളിൽ യാഥാർഥ്യം തെരഞ്ഞു കണ്ടു പിടിക്കാനുള്ളതാണ്. ചരിത്രവും സങ്കൽപ്പവും ഒരു പോലെ വ്യാജമായി നോവലുകളിലേക്ക് കടന്നു വരുന്നു എന്നതാണ് പു തിയ കാലത്തിന്റെ മുഖ്യമായ പ്രത്യേകത. അതിനിടയിലൂടെ സത്യത്തെ തേ ടുകയാണ് ഞാൻ ചെയ്യുന്നത്.
ആധുനികതയോ ഉത്തരാധുനികതയോ പോലെ സ്യൂഡോ റിയലിസത്തെയും ഒരു പ്രസ്ഥാനമാക്കി മാറ്റാനാണോ താങ്കളുടെ ശ്രമം? ഇപ്പറഞ്ഞ ര ണ്ടും സാഹിത്യത്തിൽ അധികകാലം നിലനിൽക്കാതെ നിറം മങ്ങിപ്പോയ പ്രസ്ഥാനങ്ങളാണ്. മലയാളികൾ സാഹിത്യത്തിലെ പരീക്ഷണങ്ങളെ അധി കകാലം പൊറുപ്പിക്കില്ല എന്നല്ലേ അത് അർഥമാക്കുന്നത്? സ്വാഭാവികമായും സ്യൂഡോ റിയലിസവും ആ വഴിയിലേക്ക് തന്നെ നീങ്ങാനല്ലേ സാധ്യത?
സാഹിത്യത്തിൽ എപ്പോഴും ഒരു പുതുഭാവുകത്വം നിലനിർത്താൻ ആകണം. അല്ലെങ്കിൽ അത് ആവർത്തന വിരസമാകുകയും വായനക്കാർക്ക് എളുപ്പത്തിൽ മടുക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ സാഹിത്യ വായനയിൽനിന്ന് വായനക്കാരുടെ പിൻമാറ്റമുണ്ടാകും. സാഹിത്യത്തെ റിഫ്രെഷ് ചെയ്യാനുള്ള ഉദ്യമത്തിന്റെ ഭാഗമായ പുത്തൻ ആശയങ്ങൾ എന്ന നിലയിലാണ് സ്യൂഡോ റിയലിസവും നാവാദൈ്വതവും ഒക്കെ കൊണ്ടു വരുന്നത്. സാഹിത്യത്തിൽ പുതിയ ചിന്തകൾ ഉൽപാദിപ്പിക്കാനുള്ള ശ്രമമാണത്. ഒരു പുത്തൻ ലാവണ്യാനുഭവം എഴുത്തിൽ സൃഷ്ടിക്കാനുള്ള ആത്മാർഥതയും അതിന്റെ പിന്നിലുണ്ട്. അത് വിജയിക്കണമെന്നില്ല; എന്നും നിലനിൽക്കണമെന്നുമില്ല. ഒരുപക്ഷെ, അത് അതിന്റെ ചരിത്രപരമായ ദൗത്യം നിർവ്വഹിച്ചശേഷം പിൻവാങ്ങിയേക്കാം. എങ്കിലും അത്തരം ഒരു ചിന്ത പിറന്നു എന്നതാണ് പ്രധാനം.
നവാദൈ്വതം-താങ്കളുടെ മറ്റൊരു സിദ്ധാന്തമാണ്. എന്താണത് എന്ന് വിശദീകരിക്കാമോ?
എന്റെ മാനിഫെസ്റ്റോ’ എന്ന കൃതിയിലാണ് ആ സിദ്ധാന്തം ആദ്യം അവതരിപ്പിക്കുന്നത്. അത് എന്റെ സ്വകീയമായ ഒരു ദർശനമാണ്. ഭാരതീയ എ ഴുത്തുകാർക്കും സ്വന്തമായി ദർശനങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിക്കാം എന്നു തെളിയിക്കാനുള്ള ശ്രമം. എന്റെ മാനി ഫെസ്റ്റോ, ഉത്തര-ഉത്തരാധുനി കത, സാഹിത്യത്തിന്റെ നവാദൈ്വതം, എം. കെ.ഹരികുമാറിന്റെ സിദ്ധാന്തങ്ങ ൾ എന്നീ കൃതികളിൽ ഇത് വിശദീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് നമ്മുടെ ലോ കം നിരാസത്തിന്റെയും നിർമ്മാണത്തിന്റെയും ഒരു പരമ്പരയാണ്.
സ്യൂഡോ റിയലിസം, നവാദൈ്വതം എന്നിവയൊക്കെ ഉയർന്ന ചിന്താ ശേഷിയുള്ളവർക്ക് മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ഗഹനമായ തത്വചിന്താ പദ്ധതികളല്ലേ? സാഹിത്യത്തിൽ അവയുടെ സാംഗത്യമെന്താണ്?
സിദ്ധാന്തങ്ങൾ ഗഹനമാണ് എന്നു പറയുന്നതിൽ അർഥമൊന്നുമില്ല. അത് ജീവിത തത്വചിന്തയാണ് എന്നു മനസിലാക്കണം. അത് ഗഹനമാണ് എന്ന് നിക്ഷിപ്ത താൽപര്യക്കാർ പറഞ്ഞു പ്രചരിപ്പിക്കുകയാണ്. അതേസ മയം ഈ ലോകത്ത് ഏറ്റവും ശാശ്വതമായ സത്യം എന്നത് സാഹിത്യമാണ്. സാഹിത്യമെന്നാൽ ഏറ്റവും ലളിതമായിരിക്കണം എന്ന് ചിലർ മുൻവിധിയോടെ ആലോചിച്ചതിന്റെ ഫലമാണ് എന്റെ സിദ്ധാന്തങ്ങളൊക്കെ ഗഹനമാണ് എന്ന പരാതി. അങ്ങനെ വന്നാൽ അത് വായിക്കേണ്ടല്ലൊ. അവ വായിക്കാനായി താൽപര്യപ്പെടുന്നവരെയും എളുപ്പത്തിൽ പിൻതിരിപ്പിക്കാമല്ലൊ. മനുഷ്യ ജീവിതം ഗഹനമായി തീരുന്ന വർത്തമാനകാലത്ത് അതിനെ വ്യാഖ്യാനിക്കാൻ സ്വീകരിക്കുന്ന സിദ്ധാന്തങ്ങളും സ്വാഭാവികമായി അങ്ങനെ ആയിത്തീരും. അത് സാഹിത്യത്തിന് അന്യമല്ല.
മലയാള സാഹിത്യത്തിലെ ഉത്തര-ഉത്തരാധുനികത എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിട്ടാണ് താങ്കൾ സ്വയം വിശേഷിപ്പിക്കുന്നത്. സത്യത്തിൽ അങ്ങനെ ഒന്നുണ്ടോ? ഉണ്ടെങ്കിൽ എന്താണ് അതിന്റെ സവിശേഷതകൾ?
തീർച്ചയായും ഇത് ഉത്തര-ഉത്തരാധുനികതയുടെ കാലമാണ്. ഉത്തരാധുനികത മരിച്ചു. തുടർന്നാണ് ഉത്തര-ഉത്തരാധുനികതയുടെ വരവ്. അതേ സമയം അക്കാദമിക്ക് തലത്തിലുള്ള ചില അധ്യാപകരും അവരെ പോലുള്ള മറ്റു ചിലരും അതു നിഷേധിക്കുകയും ഉത്തരാധുനികതയുടെ കാലം കഴിഞ്ഞിട്ടില്ല എന്ന് സ്ഥാപിക്കാൻ ശ്രിമിക്കുകയും ചെയ്യുന്നുണ്ട്. അത് അവരുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. കാരണം അതിനപ്പുറത്ത് എന്ത് നടന്നു എന്നവർക്ക് അറിയില്ല. അറിയാൻ ശ്രമിക്കാറുമില്ല. അറിയാൻ ശ്രമിക്കുന്നവരെ നിരു ത്സാഹപ്പെടുത്തുകയോ പിൻതിരിപ്പിക്കുകയോ അതിനും പറ്റിയില്ലെങ്കിൽ നശിപ്പിക്കാൻ തന്നെ നോക്കുകയോ ചെയ്യും. ഞാൻ അതിന്റെ ബലിയാടാണ്.
ഉത്തര-ഉത്തരാധുനികത എന്ന പേരിൽ ആദ്യം ലേഖനങ്ങളും പിന്നീട് അതേപേരിൽ പുസ്തകവും ഞാനെഴുതുകയുണ്ടായി. ലോകത്തിലെ പ്രസി ദ്ധ ഉത്തര-ഉത്തരാധുനിക ചിന്തകരായ റയോൾ ഇഷെൽമാൻ, നിക്കോളാ ബോറിയ, ജിൽസ് ലിപോവെറ്റ്‌സ്‌കി, അലൻ കിർബി തുടങ്ങിയവരുമായി അ ഭിമുഖം നടത്തിയും അവരെ നിരന്തരം പഠിച്ചും എഴുതിയതാണ് ഈ പുസ്ത കം. ഇന്റർനെറ്റ് ആധിപത്യം പുലർത്തുന്ന കാലമാണിത്. അതുകൊണ്ട് ഇന്ന ത്തെ മനുഷ്യർക്കും ഇന്റർനെറ്റിന്റെ സ്വഭാവമാണ്. ഇന്റർനെറ്റിന് വ്യക്തിനിഷ് ഠതയില്ല. അതിന് ആദിയോ അന്തമോ ഇല്ല. അതുപോലെയാണ്് ഇന്നത്തെ വ്യക്തികളും. ആരോടും വ്യക്തിപരമായി സന്ധി ചെയ്യാതെ, ബന്ധം സ്ഥാപി ക്കാതെ ഒരു സാങ്കൽപ്പിക വിവര-വിനോദ ഉപകരണമായി മനുഷ്യൻ മാറു ന്നു എന്നതും ഉത്തര-ഉത്തരാധുനിക കാലത്തിന്റെ സവിശേഷതയാണ്.
രണ്ടു പതിറ്റാണ്ടിലേറെയായി വിവിധ പ്രസിദ്ധീകരണങ്ങളിൽ താങ്കൾ എഴുതുന്ന പംക്തിയാണ് അക്ഷരജാലകം. മലയാള സാഹിത്യത്തിന് അതു നൽകുന്ന സംഭാവനകൾ എന്താണ്്?
അക്ഷരജാലകം എന്നെ വായനക്കാരുമായി കൂടുതൽ അടുപ്പിക്കുന്ന ഒരു പംക്തിയാണ്. അതിലൂടെയാണ് പല പുതിയ ആശയങ്ങളും ഞാൻ ആദ്യം അവതരിപ്പിക്കുന്നത്. എന്നെ ലോകചിന്തകളുമായി പരിചയപ്പെടുത്തുന്നതും നിരന്തരം പുതുക്കിപ്പണിയുന്നതും അക്ഷരജാലകമാണ്. കാരണം ഏറ്റവും നവീനമായത് പറഞ്ഞാലെ എനിക്ക് ഈ പംക്തി നിലനിർത്തികൊണ്ടു പോകാൻ പറ്റൂ. അതുകൊണ്ടു തന്നെ സാഹിത്യത്തിലെ നിത്യനൂതന പംക്തി യായി അതിനെ കൈകാര്യം ചെയ്ത് വിജയിപ്പിക്കേണ്ടതുണ്ട്. എന്റേതായ മൗലിക ചിന്തകളാണ് ആഴ്ച തോറും ഞാനതിൽ അവതരിപ്പിക്കുന്നത്. വെ റും പുസ്തകം പരിചയപ്പെടുത്തലോ സംഭവ വിവരണങ്ങളോ അല്ല, മറിച്ച് സാഹിത്യത്തെ കുറിച്ച് ആഴമേറിയ ചിന്തകളാണ് അതിൽ കൊണ്ടുവരാൻ ശ്രമിക്കാറുള്ളത്. 21 വർഷമായി ഒരു സാഹിത്യ പംക്തി ഇവിടെ നിലനിൽക്കുന്നു എന്നു പറഞ്ഞാൽ തന്നെ അത് സാഹിത്യത്തിന് കാര്യമായ സംഭാവനകൾ നൽകുന്നത് കൊണ്ടായിരിക്കില്ലേ?






