ധാക്ക - ബംഗ്ലാദേശ് ക്രിക്കറ്റിനെ പിടിച്ചുലച്ച വിവാദത്തിന് പുതിയ ട്വിസ്റ്റ്. 2014 ലെ ലോകകപ്പിന്റെ ഏതാനും ആഴ്ച മുമ്പ് ബംഗ്ലാദേശിലെ പ്രശസ്ത നടി നാസ്‌നീൻ അഖ്തർ ഹാപ്പി പൊട്ടിച്ച വെടി ലോക ക്രിക്കറ്റിൽ വൻ വാർത്തയായിരുന്നു. പെയ്‌സ്ബൗളർ റൂബുൽ ഹുസൈന് താനുമായി അടുത്ത ബന്ധമുണ്ടെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചന കാട്ടിയെന്നും ഇരുപത്തിരണ്ടുകാരി ആരോപിച്ചു. അതോടെ റൂബുൽ ജയിലിലായി.
ജാമ്യത്തിലിറങ്ങിയാണ് ലോകകപ്പ് കളിച്ചത്. പിന്നീട് റൂബുലിനെതിരെ തെളിവില്ലെന്ന് കോടതി വിധിച്ചു.
ഇരുപത്തിരണ്ടുകാരി നടി പിന്നീട് ആത്മീയ മാർഗം സ്വീകരിച്ചു. ഷൂട്ടിംഗിനിടെ പെട്ടെന്ന് ബോധോദയമുണ്ടായെന്ന് അവകാശപ്പെടുന്ന നടി ഇപ്പോൾ തബ്‌ലീഗ് ജമാഅത്തിന്റെ പ്രവർത്തകയാണ്. ആ രാത്രി അവർ ഫെയ്‌സ്ബുക്കിൽനിന്ന് ആയിരക്കണക്കിന് സ്വന്തം ചിത്രങ്ങൾ നീക്കം ചെയ്തു. അമതുല്ലയെന്നാണ് ഇപ്പോൾ ഹാപ്പിയുടെ പേര്. വീടിനു പുറത്തിറങ്ങുന്നതു തന്നെ മതപ്രഭാഷണത്തിനു മാത്രമായി. ഹാപ്പിയുടെ ജീവിതത്തിലെ വിവാദങ്ങൾ ആസ്പദമാക്കി പുറത്തുവന്ന 'ഫ്രം ഹാപ്പി ടു അമതുല്ല' (ഹാപ്പിയിൽനിന്ന് ദൈവദാസിയിലേക്ക്) എന്ന പുസ്തകം ഇപ്പോൾ ചൂടപ്പം പോലെയാണ് ബംഗ്ലാദേശിൽ വിറ്റഴിയുന്നത്. ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞതോടെ വീണ്ടും വീണ്ടും അച്ചടിക്കുകയാണ് പ്രസാധകർ. പുസ്തകത്തിൽ റൂബുലുമായുള്ള ബന്ധപ്പെട്ട പരാമർശങ്ങളൊന്നുമില്ല. ഹാപ്പി വിവാഹിതയായതിനാൽ അവരുടെ കുടുംബ ജീവിതത്തെ ബാധിക്കരുതെന്നതിനാലാണ് നീക്കിയതെന്ന് പുസ്തകം രചിച്ച സാദിഖ സുൽത്താന പറയുന്നു. ഹാപ്പിയുടെ മനം മാറ്റം യഥാർഥമാണോ പബ്ലിസിറ്റിക്കു വേണ്ടിയാണോ എന്ന് സംശയിക്കുന്നവരുമുണ്ട്.
അതിനിടെ, ഇംഗ്ലണ്ടിലെ ഹോട്ടൽ മുറിയിലെ വാതിലിനിടിച്ച് ഇന്നലെ റൂബുൽ ഹുസൈന്റെ താടിയെല്ല് പൊട്ടി. ബംഗ്ലാദേശ് ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിലാണ് റൂബുൽ.