Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജയിച്ചത് 'പ്ലയർ പവർ'

കുംബ്ലെ.. പൊലിഞ്ഞു പോയ സ്വപ്‌നം
  •   പരാജയം സമ്മതിച്ച് ബി.സി.സി.ഐ
  •  കോച്ചിനായി കൂടുതൽ അപേക്ഷ ക്ഷണിക്കും

ന്യൂദൽഹി - ബി.സി.സി.ഐയും പ്രമുഖ കളിക്കാരുൾപ്പെട്ട ഉപദേശക സമിതിയും സർവ ശ്രമവും നടത്തിയിട്ടും അനിൽ കുംബ്ലെയെ ഇന്ത്യൻ കോച്ചായി നിലനിർത്താൻ സാധിക്കാതിരുന്നതോടെ ജയിച്ചത് കളിക്കാരുടെ മേൽക്കോയ്മ. കുംബ്ലെയെ വെസ്റ്റിൻഡീസ് പര്യടനം പൂർത്തിയാവുന്നതു വരെയെങ്കിലും നിലനിർത്താനായിരുന്നു ശ്രമിച്ചിരുന്നത്. എന്നാൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിനു ശേഷം കളിക്കാരെ വെവ്വേറെ മാറ്റിനിർത്തി കുംബ്ലെ 'കുടഞ്ഞത്' അവസാനത്തെ ആണിയായി. അതോടെ കളിക്കാർ പൂർണമായും കോച്ചിനെതിരെ തിരിഞ്ഞുവെന്നാണ് റിപ്പോർട്ട്. ഏതു കോച്ച് വന്നാലും കളിക്കാരുടെ ഇംഗിതത്തിനനുസരിച്ചേ മുന്നോട്ടു പോകാനാവൂ എന്ന സന്ദേശമാണ് ഈ വിവാദം നൽകുന്നത്.
ക്യാപ്റ്റനെയും കോച്ചിനെയും രഞ്ജിപ്പിലെത്തിക്കാൻ ബി.സി.സി.ഐ സർവ ശ്രമവും നടത്തിയതായി മുതിർന്ന ഭാരവാഹി രാജീവ് ശുക്ല വെളിപ്പെടുത്തി. ആക്ടിംഗ് സെക്രട്ടറിയും സി.ഇ.ഒയും ഇരുവരുമായും ദീർഘമായി സംസാരിച്ചു. കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് മേധാവി വിനോദ് റായിയുമായും ബോർഡ് ചർച്ച ചെയ്തു. 
ഒരു പരിഹാരവും കണ്ടെത്താനാവാതിരുന്നതോടെ കുംബ്ലെ ഒഴിയാൻ തീരുമാനിക്കുകയായിരുന്നു. അധികാരത്തിന്റെ അതിർത്തികൾ മാനിക്കുന്ന, വ്യത്യസ്ത അഭിപ്രായം സ്വീകരിക്കുന്ന വ്യക്തിയായിരുന്നു താനെന്നും എന്നാൽ തന്റെ കോച്ചിംഗ് രീതി ക്യാപ്റ്റന് ഇഷ്ടപ്പെട്ടില്ലെന്ന് ആദ്യമായി കഴിഞ്ഞ ദിവസം ബി.സി.സി.ഐ അറിയിച്ചുവെന്നും കുംബ്ലെ രാജിക്കത്തിൽ പറയുന്നു. 
കോഹ്‌ലി മാത്രമാണോ കോച്ചിനെതിരെ തിരിഞ്ഞതെന്നു ചോദിച്ചപ്പോൾ എല്ലാം ഊഹാപോഹമാണെന്നായിരുന്നു ശുക്ലയുടെ മറുപടി. അഭിപ്രായ ഭിന്നത സ്വാഭാവികമാണ്. ചിലപ്പോൾ ഒരാളുമായി ഒത്തുപോവാൻ എത്ര ശ്രമിച്ചാലും സാധിക്കില്ല. എല്ലാവരും മനുഷ്യരാണ്. കൂടുതൽ അപേക്ഷ ക്ഷണിക്കുമെന്നും അടുത്ത മാസത്തെ ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി പുതിയ പരിശീലകനെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
ആദ്യം അപേക്ഷ ക്ഷണിച്ച സമയത്ത് കുംബ്ലെ വ്യക്തമായും തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന സാഹചര്യമായിരുന്നുവെന്ന് ശുക്ല പറഞ്ഞു. അതിനാൽ പലരും അപേക്ഷിക്കാൻ തയാറായിട്ടില്ല. അർഹരായ മറ്റുള്ളവർക്കും അപേക്ഷിക്കാൻ അവസരം നൽകുമെന്ന് അദ്ദേഹം പഞ്ഞു. 10 ദിവസം സമയം നൽകാനാണ് നീക്കം. സചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണുമടങ്ങുന്ന ഉപദേശക സമിതി തന്നെയായിരിക്കും പുതിയ കോച്ചിനെ കണ്ടെത്തുക. കുംബ്ലെയെ തെരഞ്ഞെടുത്തത് ഈ സമിതിയായിരുന്നു. സമിതിയുടെ നിർദേശപ്രകാരമാണ് കുംബ്ലെ അപേക്ഷ സമർപ്പിച്ചതു തന്നെ. 
മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സെവാഗ്, ടോം മൂഡി, ലാൽചന്ദ് രാജ്പുത്, റിച്ചാഡ് പൈബസ്, ദൊഡ്ഢ ഗണേശ് എന്നിവരാണ് നിലവിൽ അപേക്ഷ സമർപ്പിച്ചവർ. മുൻ ഓസ്‌ട്രേലിയൻ ബൗളർ ക്രയ്ഗ് മക്ഡർമട്ടിന്റെ അപേക്ഷ സമയം കഴിഞ്ഞുവെന്ന കാരണത്താൽ തള്ളിയിരുന്നു. 
ജോൺ റൈറ്റും ഗാരി കേഴ്സ്റ്റനുമാണ് ഇന്ത്യയിൽ ഏറ്റവും വിജയിച്ച കോച്ചുമാർ. ഗ്രെഗ് ചാപ്പലിന്റെ രണ്ടു വർഷം കളിക്കാരുമായുള്ള വഴക്കു കാരണം സംഘർഷഭരിതമായിരുന്നു. സചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും മുതൽ ഏതാണ്ടെല്ലാ കളിക്കാരും ചാപ്പലിനെതിരെ തിരിഞ്ഞു.

 


 

Latest News