ഒരു ഭാഗത്ത് ചിലങ്ക കെട്ടിയ പെൺകുട്ടികൾ ആടിത്തിമിർത്തപ്പോൾ മറുഭാഗത്ത് നാൽപതോളം കുടുംബിനികൾ പാചകവൈഭവത്തിന്റെ കലവറ തുറന്നു. ഫുഡ് ആന്റ് ഫൂട്ട്‌സ്റ്റെപ്‌സ് - രുചിലയം- എന്ന പേരിൽ ജിദ്ദയിലെ കലാസ്വാദകരിൽ വിസ്മയം തീർത്ത ഈ പരിപാടിക്ക് ആതിഥേയത്വം വഹിച്ചത് കേരള കലാസാഹിതിയെന്ന ജിദ്ദയിലെ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മ.
നൃത്തമൽസരവും പാചകമൽസരവും സമാന്തരമായി രണ്ടു വേദികളിലായി നടത്തിയത് കുട്ടികളുടെ നർത്തനവൈഭവത്തിനും വീട്ടമ്മമാരുടേയും ഒപ്പം ഗൃഹനാഥന്മാരുടേയും പാചക സിദ്ധിയുടേയും നിദർശനമായിരുന്നു. ബീഫ് മസാല, ചിക്കൻ കറി, ഫിഷ് കറി, പായസം എന്നീ ഇനങ്ങളിലായി നടത്തിയ തൽസമയ പാചകമൽസരത്തിൽ ഓരോന്നിലും പത്ത് ടീമുകൾ വീതം മാറ്റുരച്ചു.
ചിക്കൻ കറി വിഭാഗത്തിൽ ഒന്നാം സമ്മാനത്തിനർഹയായത് സജനാ യൂനസായിരുന്നു. മുബീനാ സാലിഹ്, ജലീലാ റാഷിദലി എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി. ബീഫ് മസാല വിഭാഗത്തിൽ ഫൈസൽ താനിക്കോട്ട് ~ഒന്നാം സ്ഥാനം നേടിയപ്പോൾ മാത്യു തോമസ്- അനില കുടുംബം രണ്ടാം സ്ഥാനവും നൗഷീനാ സുഹൈൽ മൂന്നാം സ്ഥാനവും നേടി.
ഫിഷ് കറി വിഭാഗത്തിൽ ജിയാ അബീഷ് ഒന്നാം സ്ഥാനത്തിനർഹയായപ്പോൾ നിഅ്മ നസ്‌റീൻ, ഹസീന അബ്ദുൽറസാഖ് എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി. ജാനാ ഷഫീറിന് പായസ വിഭാഗത്തിൽ ഒന്നാം സമ്മാനവും നജ്മാ ഹാരിസ്, മാഹിജാ അനൂപ് എന്നിവർക്ക് രണ്ടും മൂന്നും സമ്മാനവും നേടി.
അർധശാസ്ത്രീയ നൃത്തത്തിലും സിനിമാറ്റിക് നൃത്തത്തിലുമായിരുന്നു മറ്റൊരു വേദിയിൽ ഇതേ സമയം മൽസരം അരങ്ങേറിയത്. പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) അർധ ശാസ്ത്രീയ നൃത്തത്തിൽ മുന്നിലെത്തിയപ്പോൾ സർഗം രണ്ടാം സ്ഥാനക്കാരായി.
കൊല്ലം പ്രവാസി സംഗമം സിനിമാറ്റിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഡെയറിംഗ് ഡിവാസ് രണ്ടാം സ്ഥാനവും ഡയമണ്ട് ഡോൾസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലാസാഹിതി പ്രസിഡന്റ് സജി കുര്യാക്കോസ്, സെക്രട്ടറി സന്തോഷ് വടവട്ടത്ത്, വൈസ് പ്രസിഡന്റ് നിഷാദ്, ഉപദേശകസമിതി അംഗങ്ങളായ റോയ് മാത്യു, നൗഷാദ് ഇസ്മായിൽ, മോഹൻ ബാലൻ, സലീനാ മുസാഫിർ, റൂബി സമീർ, ശാലിനാ രാജീവ്, മാത്യു വർഗീസ്, പ്രസാദ്, മുഷ്താഖ് അഹമ്മദ്, പ്രകാശൻ ട്രഷറർ അബ്ദുൽ റാസിഖ് തുടങ്ങിയവരാണ് രുചിലയം പരിപാടിയ്ക്ക് നേതൃത്വം നൽകിയത്.






