ഇത് മുഹമ്മദ് അസ്‌ലം അഥവാ രാഗസാഗരങ്ങളുടെ രാജകുമാരൻ. പ്രവാസികൾക്ക് അസ്‌ലമിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വിശേഷിച്ചും സൗദിയിലെ ഗാനാസ്വാദകർക്ക്. ജന്മസിദ്ധമായ ആലാപനവൈഭവത്തിന് ജിദ്ദയിലെ സഹൃദയർ നൽകിയ പിന്തുണ എക്കാലത്തും തന്റെ മനസ്സിലുണ്ട് എന്ന് നന്ദിപൂർവം അസ്‌ലം ഓർക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ബോളിവുഡിലും ഏറ്റവും പ്രശസ്തനായ ഗായകനായി ഉയർന്നിട്ടുള്ള പാതി മലയാളിയായ മുഹമ്മദ് അസ്‌ലം ഇക്കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയപ്പോൾ മലയാളം ന്യൂസുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്:
ബാംഗ്ലൂർ സ്വദേശി റഹ്മത്തുല്ലയുടേയും കോഴിക്കോട്ടുകാരി സഫിയയുടേയും മകനായ മുഹമ്മദ് അസ്‌ലം മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ നേടിയ ശേഷം തൊഴിലന്വേഷണത്തിനിടെയാണ് ബാംഗ്ലൂർ കരിഷ്മ ഹോട്ടലിലെ ഫ്‌ളോറിൽ ഗായകനായി എത്തുന്നത്. മുഹമ്മദ് റഫിയുടെ ശബ്ദത്തിൽ പാടുകയെന്ന അനുഗ്രഹം ചെറുപ്പത്തിലേ വരദാനമായി ലഭിച്ചിരുന്നു. റഫിസാബിന്റെ അതേ ശബ്ദത്തിൽ പാടിത്തെളിഞ്ഞ അസ്‌ലമിനെത്തേടി നിരവധി അവസരങ്ങളെത്തി. ഒപ്പം കിഷോർ കുമാറിന്റേയും മുകേഷിന്റേയും ശബ്ദത്തിലും മനോഹരമായി പാടിത്തുടങ്ങി. എല്ലാ പാട്ടുകളും ഹൃദിസ്ഥമാക്കി, അവയുടെ ഭാവോച്ചാരണങ്ങളിൽ തെല്ലുപോലും ചാരുത ചോരാതെ ആലപിക്കുകയെന്ന അപൂർവ സിദ്ധി.
കരിഷ്മ ഹോട്ടലിലെ പാട്ടുകേൾക്കാനിട വന്ന ജിദ്ദയിലെ ബിസിനസുകാരനും ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ( ജെ.എൻ.എച്ച്) മാനേജിംഗ് ഡയരക്ടറുമായ വി.പി മുഹമ്മദലിയും സുഹൃത്ത് റഊഫുമാണ് അസ്‌ലമിനെ ജിദ്ദയിലേക്ക് കൊണ്ടു വരുന്നത്.
- പ്രവാസത്തിന്റെ വാതിൽ തുറന്നു തന്ന മുഹമ്മദലിസാബിനെ എനിക്ക് മറക്കാനാവില്ല. എല്ലാ വിധത്തിലും എനിക്ക് സഹായം നൽകിയത് അദ്ദേഹമായിരുന്നു.. അസ്‌ലം നന്ദിയോടെ ഓർക്കുന്നു.
രണ്ടു വർഷത്തോളം ജിദ്ദയിൽ താമസിക്കുമ്പോഴാണ് ഇന്ത്യൻ ഫൈനാർട്‌സ് അസോസിയേഷൻ (ഐ.എഫ്.എ) എന്ന സംഘടനയുടെ നിരവധി പരിപാടികളിൽ അസ്‌ലം പാടിത്തുടങ്ങിയത്. ജിദ്ദയിലെ വേദികളിൽ നിറഞ്ഞു നിന്ന ഈ ഗായകന് ക്രമേണ ഗൾഫിലെ മറ്റു നിരവധി വേദികളിൽ അവസരം ലഭിക്കുകയായിരുന്നു. പാട്ട് തന്നെ തന്റെ ജീവിതമെന്ന് അസ്‌ലം തിരിച്ചറിഞ്ഞു. ചെന്നൈയിലെത്തിയ അസ്‌ലം തമിഴ് ഗാനങ്ങളിലൂടെ പ്രശസ്തി നേടി. സിർപിയുടെ സംഗീത സംവിധാനത്തിൽ നാൻ ഉറവുകാരൻ എന്ന സിനിമയ്ക്ക് വേണ്ടി ആദ്യപിന്നണി പാടാൻ അവസരം കിട്ടിയതാണ് അസ്‌ലമിന് ബ്രേയ്ക്കായത്. 1994 ലായിരുന്നു ഇത്. പ്രവാസം അവസാനിപ്പിക്കുകയും പൂർണമായും സംഗീതാലാപനത്തിലേക്ക് തിരിയുകയും ചെയ്തു. തുടർന്ന് ചില കന്നഡ, തെലുഗു സിനിമകളിൽ പാടി. സംഗീത ലോകത്തെ മാന്ത്രികൻ എ.ആർ. റഹ്മാനുമായുള്ള കൂടിക്കാഴ്ച അസ്‌ലമിന്റെ ജീവിതത്തിന്റെ ഗതിമാറ്റിയെന്ന് പറയാം.

- അൽഹംദുലില്ലാ.. റഹ്മാൻ സാബാണ് എന്റെ സംഗീതജീവിതത്തിലെ വഴികാട്ടി. അദ്ദേഹവുമായി പരിചയപ്പെട്ടില്ലായിരുന്നുവെങ്കിൽ ഈ സൗഭാഗ്യമൊന്നും എന്നെത്തേടി വരില്ലായിരുന്നു.. അസ്‌ലം നന്ദിപൂർവം സ്മരിക്കുന്നു. പതിമൂന്നാം വയസ്സിൽ പാടിത്തുടങ്ങിയ ഞാനിപ്പോൾ രണ്ടായിരത്തിലേറെ സ്റ്റേജുകളിൽ പാടിത്തെളിഞ്ഞ ഗായകനായി മാറിയതിനു പിന്നിൽ റഹ്മാൻ സാബിന്റെ വാൽസല്യമുണ്ടെന്നും അസ്‌ലം പറയുന്നു.
എ.ആർ റഹ്മാനോടൊപ്പം ജോധാ അക്ബറിലെ രംഗ് ദെ ബസന്തി ആലപിച്ചതോടെ അസ്‌ലം ദക്ഷിണേന്ത്യൻ സംഗീതലോകത്ത് നിന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഗായകനായി മാറി. ബോളിവുഡ് കീഴടക്കിയ പാട്ടായിരുന്നു അത്. റഹ്മാന്റെ സംഗീതട്രൂപ്പിൽ അംഗമായി ലോകമെങ്ങും സഞ്ചരിക്കാനും അവിടങ്ങളിലെ ഇന്ത്യക്കാരും അല്ലാത്തവരുമായ റഫി ആരാധകരിൽ വിസ്മയം സൃഷിക്കാനും അസ്‌ലമിന് സാധിച്ചു. പൂവൈ ഉനക്കാകെ, ലൗ ടുഡേ, സൂര്യവംശം, നാഗ ( സംഗീത സംവിധാനം- വിദ്യാസാഗർ), സില്ലുനു ഒരു കാതൽ, ഗുരു (രണ്ടു ഗാനങ്ങളും എ.ആർ റഹ്മാൻ സംവിധാനം), പല്ലാക്കി തുടങ്ങിയ സിനിമകൾക്ക് വേണ്ടിയും അസ്‌ലം പിന്നണി പാടി. രംഗ് ദെ ബസന്തിയിലെ പ്രസിദ്ധഗാനം എന്നത് പോലെ ഗോഡ്ഫാദറിലെ ഇളമെയ്.. എന്ന ഗാനവും പ്രശസ്തമായത് ഇക്കാലത്താണ്. ഇതോടെ ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി വേദികൾ അസ്‌ലമിനെത്തേടിയെത്തി. ഏറ്റവും തിരക്കേറിയ പാട്ടുകാരനായി അസ്‌ലം മാറുകയായിരുന്നു. പല്ലാക്കിയിലെ ഓ പ്രിയ.. , 'അഴകിയ തമിഴ് മകനിലെ' പൊൻമകൾ വന്താൽ.. (എ.ആർ. റഹ്മാൻ) എന്നീ ഗാനങ്ങളും ഏറെ പ്രശസ്തമായി. ഇതിനിടെ സംഗീതസംവിധാനരംഗത്തും അസ്‌ലമിന്റെ സിദ്ധി പ്രകടമായി. മൂന്നു സിനിമകൾക്ക് ഈണം നൽകിയതോടൊപ്പം ആടി പോണ ആവണി എന്ന തമിഴ്‌സിനിമയിൽ പോലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.
ഫഹദ് ഫാസിൽ അഭിനയിച്ച മൺസൂൺ മാംഗോസിൽ ഹിന്ദി ഗാനം ആലപിച്ചത് അസ്‌ലമാണ്. ഋത്വിക് റോഷന് വേണ്ടി പാടിയ രംഗ് ദേ ബസന്തിയ്ക്ക് ഫിലിം ഫെയർ അവാർഡ് കൂടി ലഭിച്ചതോടെ അസ്‌ലമിന്റെ പ്രശസ്തി ബോളിവുഡിലെത്തുകയും നിരവധി ഹിന്ദി സിനിമകളിൽ അവസരം ലഭിക്കുകയും ചെയ്തു. ഏറ്റവും തിരക്കേറിയ ഗായകനായി അസ്‌ലം മാറുകയായിരുന്നു. ഇതിനിടെ നിരവധി പുരസ്‌കാരങ്ങളും അസ്‌ലമിനെത്തേടിയെത്തി. എ.ആർ. റഹ്മാനോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം 72 പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ അസ്‌ലമിന് ഭാഗ്യം സിദ്ധിച്ചു. അമേരിക്കയിൽ ഷൂട്ട് ചെയ്ത രണ്ട് ആൽബമുൾപ്പെടെ മൂന്ന് ഹിന്ദി സിനിമാ ആൽബങ്ങൾ അസ്‌ലമിന്റേതായി പുറത്ത് വരികയും വൻപ്രചാരം ലഭിക്കുകയും ചെയ്തു. ജിദ്ദയിലെ അംറീന ഖൈസർ രചന നിർവഹിച്ച മറ്റൊരു ആൽബത്തിലും അസ്‌ലം ഗാനം ആലപിച്ചിട്ടുണ്ട്.

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നതോടൊപ്പം ഹിന്ദുസ്ഥാനി, ഗസൽ, ഖവാലി രംഗത്ത് പാടിത്തെളിഞ്ഞിട്ടുള്ള അസ്‌ലം ഈ മേഖലയിൽ കൂടുതൽ പഠനം നടത്താനും സമയം കണ്ടെത്തുന്നു. സിനിമാ ഓഫറുകൾ സ്വീകരിക്കുമ്പോൾത്തന്നെ സംഗീതത്തിന്റെ ആഴവും റേയ്ഞ്ചും ശാസ്ത്രീയ സംഗീതത്തിലാണെന്നും ചെറുപ്പത്തിൽ ക്ലാസിക് സംഗീതം പഠിക്കാനാവാത്തതിന്റെ വിഷമം ഇപ്പോഴും തന്നെ അലട്ടുന്നുണ്ടെന്നും വിനയാന്വിതനായ ഈ ഗായകൻ സമ്മതിച്ചു. തിരുവനന്തപുരത്തെ ഗാനമേളയ്ക്കിടെ തന്റെ മനസ്സ് കീഴടക്കിയ സംഗീതപ്രിയ കൂടിയായ തിരുവനന്തപുരത്തുകാരി ജെസ്‌റീനയാണ് അസ്‌ലമിന്റെ ജീവിതപങ്കാളി. മക്കൾ: സന, സാനിയ. അസ്‌ലമിന്റെ സഹോദരങ്ങൾ: അഫ്‌സൽ, അഫ്‌സർ, അൻസാർ, റിഹാന, റിസ്‌വാന, റുഖ്‌സാന. ബാംഗ്ലൂർ നഗ്പാരയിലെ ഗോവിന്ദപുരയിലാണ് അസ്‌ലമും കുടുംബവും താമസിക്കുന്നത്.
ചിലപ്പോൾ നിലാവിന്റെ മൗനമായും മറ്റു ചിലപ്പോൾ അലറിയടുക്കുന്ന അലകടൽപോലെയും ആരവസാഗരം തീർക്കുന്ന ഈ ഗാനഗന്ധർവൻ തീർച്ചയായും മലയാളത്തിന്റേയും പ്രവാസലോകത്തിന്റേയും അഭിമാനമാണ്.
- ഈദുൽഫിത്‌റിന് ഞാൻ വീണ്ടും ജിദ്ദയിലെത്തുന്നു. ഉംറ നിർവഹിക്കണം. അതിനുശേഷം ജിദ്ദയിലെ ആസ്വാദകർക്ക് മുമ്പിൽ വീണ്ടും പാടണം. അസ്‌ലം പറഞ്ഞു നിർത്തി.






