ന്യൂദൽഹി - ഇന്ത്യൻ ക്രിക്കറ്റ് ടീം 2019 ലെ ലോകകപ്പിനുള്ള ഒരുക്കം തുടങ്ങാൻ സമയമായെന്നും യുവരാജ് സിംഗിന്റെയും മഹേന്ദ്ര ധോണിയുടെയും കാര്യത്തിൽ ടീം മാനേജ്‌മെന്റ് അടിയന്തരമായി തീരുമാനമെടുക്കണമെന്നും മുൻ നായകൻ രാഹുൽ ദ്രാവിഡ്. എന്തായിരിക്കണം ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ വഴിയെന്ന് സെലക്ടർമാരും ടീം മാനേജ്‌മെന്റുമാണ് തീരുമാനിക്കേണ്ടത്. കളിക്കാരല്ല. അടുത്ത രണ്ടു വർഷം ഈ രണ്ടു കളിക്കാരുടെ ഭാവി എന്തായിരിക്കുമെന്നും അവർ ചിന്തിക്കണം. രണ്ടു പേർക്കും ടീമിൽ അവസരമുണ്ടാകുമോ, അതോ രണ്ടിലൊരാളെയേ പറ്റൂ എന്ന കാര്യവും ചിന്തിക്കേണ്ടതുണ്ട്. ഇവർക്കു പകരം ഇപ്പോൾ ലഭ്യമായ കളിക്കാരുടെ സാധ്യതകൾ പരിശോധിക്കണം. ഒരു സമയക്രമം വെച്ച് ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കണം -ദ്രാവിഡ് നിർദേശിച്ചു. ചാമ്പ്യൻസ് ട്രോഫി ടീമിൽ നാലും അഞ്ചും ബാറ്റിംഗ് സ്ഥാനങ്ങളിലാണ് യുവരാജും ധോണിയും കളിച്ചത്. ലോകകപ്പാവുമ്പോഴേക്കും ഇരുവർക്കും 37 വയസ്സാവും.
വെള്ളിയാഴ്ച വെസ്റ്റിൻഡീസിനെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ യുവ കളിക്കാർക്ക് കൂടുതൽ അവസരം നൽകേണ്ടതുണ്ടെന്ന് ദ്രാവിഡ് വാദിച്ചു. ഇപ്പോഴേ പരീക്ഷണം നടത്തുകയും യുവ താരങ്ങളെ ടീമിലുൾപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ ഈ കളിക്കാരേ ഉള്ളൂ എന്ന് കുറച്ചുകാലം കഴിഞ്ഞാൽ പറയേണ്ടി വരും. ബാക്കി കളിക്കാരെയൊക്കെ പരീക്ഷിക്കുകയും എല്ലാവരെയുംകാൾ മെച്ചം ധോണിയും യുവരാജുമാണെന്ന് കണ്ടെത്തുകയും ചെയ്താൽ അതായിരിക്കും നല്ല അവസ്ഥയെന്ന് മുൻ നായകൻ ഓർമിപ്പിച്ചു.
ആർ. അശ്വിനും രവീന്ദ്ര ജദേജയും ബാറ്റിംഗ് പിച്ചുകളിൽ കാര്യമായ സ്വാധീനമുണ്ടാക്കാതിരുന്ന സാഹചര്യത്തിൽ സ്പിന്നർമാരുടെ കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്.
മധ്യ ഓവറുകളിൽ വിക്കറ്റ് കിട്ടാൻ നല്ലത് റിസ്റ്റ് സ്പിന്നർമാരും വ്യത്യസ്തരായ സ്പിന്നർമാരുമാണ്. കുൽദീപ് യാദവിന് കൂടുതൽ അവസരം നൽകണം. അൽപം വ്യത്യസ്തനായ ബൗളറാണ് അയാൾ -ദ്രാവിഡ് ചൂണ്ടിക്കാട്ടി.
യുവരാജിനെയും ധോണിയെയും ഒരുമിച്ചു ടീമിലുൾപ്പെടുത്തുന്നതിനെ മുൻ ഇന്ത്യൻ ബൗളർ അജിത് അഗാർക്കറും ചോദ്യം ചെയ്തു.
ഇവർ നാലും അഞ്ചും സ്ഥാനങ്ങളിൽ വരുമെന്നത് ആദ്യ മൂന്നു ബാറ്റ്‌സ്മാന്മാരെ റൺസിന്റെ സിംഹഭാഗവും നേടാൻ നിർബന്ധിതരാക്കുകയാണ്. യുവരാജ് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാവുന്ന വാലറ്റത്തേക്കു വരണം. കേദാർ ജാദവിനെ പോലൊരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ ആറാം സ്ഥാനത്തേക്കു താഴ്ത്തരുത് -അഗാർക്കർ ചൂണ്ടിക്കാട്ടി.
ഹാർദിക് പാണ്ഡ്യക്കും രവീന്ദ്ര ജദേജക്കും രവിചന്ദ്രൻ അശ്വിനും ബാറ്റ് ചെയ്യാമെന്നിരിക്കേ ആറ് ബാറ്റ്‌സ്മാന്മാർ ടീമിൽ വേണ്ടതുണ്ടോയെന്നും അഗാർക്കർ ചോദിച്ചു.