ദുബായ്- വന്‍കിട നിക്ഷേപകരായ വിദേശികള്‍ക്ക് യു.എ.ഇയില്‍ സ്ഥിര താമസത്തിന് അനുമതി നല്‍കുന്ന പദ്ധതി യു.എ.ഇ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ 6800 പേര്‍ക്കാണ് സ്ഥിരം താമസരേഖയായ ഗോള്‍ഡ് കാര്‍ഡ് അനുവദിച്ചിരിക്കുന്നത്.
വന്‍കിട നിക്ഷേപകര്‍, പ്രൊഫഷണലുകള്‍ എന്നിവരെയാണ് ഈ വിഭാഗത്തിലേക്ക് ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗോള്‍ഡ് കാര്‍ഡ് ഔപചാരികമായി പുറത്തിറക്കി. 6800 പേരുടെ യു.എ.ഇയിലെ മൊത്തം നിക്ഷേപം 100 ബില്യന്‍ ദിര്‍ഹം വരുമെന്ന് ശൈഖ് മുഹമ്മദ് വെളിപ്പെടുത്തി.
മികച്ച പ്രതിഭകള്‍ക്കും യു.എ.ഇ യുടെ വളര്‍ച്ചക്കായി വലിയ സംഭാവന നല്‍കിയവര്‍ക്കുമായാണ് ഗോള്‍ഡ് കാര്‍ഡ് എന്ന പേരിലുള്ള സ്ഥിരം താമസ രേഖ നല്‍കിയതെന്ന് അദ്ദേഹം ട്വിറ്റര്‍ പേജില്‍ കുറിച്ചു. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അവര്‍ സ്ഥിരം പങ്കാളികളാകണമെന്ന ഉദ്ദേശത്തോടെയാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.