തമിഴ്‌നാട്ടിലുളളവരെക്കാളും എന്റെ രചന വായിച്ചത് കൂടുതൽ മലയാളികളായിരിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു.അദ്ദേഹത്തിന്റെ കേരളവുമായുള്ള ബന്ധം തന്നെയാണ് ഇതിനു കാരണം.തോപ്പിലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ചാരുകസേര എന്ന നോവൽ തിരുവിതാംകൂർ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നിരവധി തവണ കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിട്ടുളളതിനാൽ പല രചനകളിലും ഒരു കേരളീയ മുഖമുണ്ടായിട്ടുണ്ട്.
കയറ്റം കയറാനാണിപ്പോൾ പ്രയാസം.
ഈ നീളൻ കുടയാണ് ഇപ്പോൾ എന്റെ കൈത്താങ്ങ്. കാലിൽ നീരുണ്ട്. നടക്കാൻ പ്രയാസമുള്ളതിനാൽ അധികം പുറത്ത് പോകാറില്ല. സാമൂഹികവും സാമുദായികവുമായ ജീർണതകൾക്കെതിരെ ജന്മം കൊണ്ട് തമിഴകത്തിന്റേയും ആഖ്യാനം കൊണ്ട് മലയാളത്തിന്റെയും സ്വന്തം തോപ്പിൽ മുഹമ്മദ് മീരാൻ അവസാനം കണ്ടുമുട്ടുമ്പോൾ പറഞ്ഞു നിർത്തിയത് ഇങ്ങിനെയായിരുന്നു.
ഒരു കടലോരത്തിന്റെ കഥ, തുറൈമുഖം, കൂനൻ തോപ്പ്, ചാരുകസേര, അണ്ടവണ്ണം തെരു, കുടിയേറ്റം തുടങ്ങി ആറ് നോവലുകളും നൂറിലേറെ കഥകളും എഴുതി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രതിഭയായിരുന്നു തോപ്പിൽ മുഹമ്മദ് മീരാൻ. സാഹിത്യത്തിനപ്പുറം തമിഴ്‌നാട്ടിലെ തിരുനെൽവേലി ചന്തയിൽ മുളക് വ്യാപാരി കൂടിയായിരുന്ന തോപ്പിൽ സാഹിത്യത്തിന്റെയും, സ്വപൈതൃകത്തിന്റെയും വ്യാപാരത്തിന്റെയും മേഖലയെക്കുറിച്ചായിരിക്കും എന്നും വാചാലനായിരുന്നത്.
മോയിൻകുട്ടി വൈദ്യരുടെ ബദറുൽ - മുനീർ ഹുസ്‌നുൽ ജമാൽ എന്ന കാവ്യത്തിന് ഡോ.എം.എൻ കാരശ്ശേരി തയാറാക്കിയ ഗദ്യാവിഷ്‌കാരം, എൻ.പി മുഹമ്മദ്, പുനത്തിൽ കുഞ്ഞബ്ദുല്ല, യു.എ.ഖാദർ, പി.കെ.പാറക്കടവ് തുടങ്ങിയവരുടെ രചനകളും തമിഴിലേക്ക് അദ്ദേഹം മൊഴിമാറ്റിയിട്ടുണ്ട്.
ഭാവനകൾക്കപ്പുറം മനുഷ്യ ഗന്ധിയായ കഥയും കഥാപാത്രങ്ങളുമാണ് തോപ്പിലിന്റെ സൃഷ്ടികൾ. രചനയിലെ ഈ വൈവിധ്യത്തിന് പ്രേരകമായ ഘടകങ്ങൾ അദ്ദേഹം ജീവിച്ച സാമൂഹിക ചുറ്റുപാട് തന്നെയായിരുന്നു.
സമൂഹത്തിലും സമുദായത്തിലും മേലാളന്മാർ ചമഞ്ഞ് സാധാരണക്കാരന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ചുറ്റുപാടിലായിരുന്നു തോപ്പിലിന്റെ ജനനം. തമിഴ്‌നാട്ടിൽ കന്യാകുമാരി ജില്ലയിലെ തേങ്ങാപട്ടണത്തിൽ മാത്രമല്ല ഈ അസമത്വമുണ്ടായിരുന്നത്. വ്യത്യസ്ത രീതിയിൽ ഓരോ സ്ഥലങ്ങളിലും ആ അധാർമികത കാണാനായി. എക്കാലത്തും സമുദായ - സാമൂഹിക നേതാക്കന്മാരാൽ അടിച്ചമർത്തപ്പെട്ടവരായി കഴിയാൻ വിധിക്കപ്പെട്ടവരാണ് സാധാരണക്കാർ. ഇവരുടെ ദൈന്യത കണ്ടില്ലന്ന് നടിക്കാൻ തോപ്പിലാനായിരുന്നില്ല.അതിനായാണ് തോപ്പിൽ പേനയെടുത്തത്.
സാധാരണക്കാരന്റെ ജീവിതാവിഷ്‌കാരം
തമിഴ്‌നാട്ടിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും അല്ലാത്തിടത്തും സമുദായ മേലാളന്മാരായിരുന്നു ഭരണകർത്താക്കൾ. സാധാരണക്കാരന്റെ ജോലിയിൽ, ഭക്ഷണത്തിൽ, കുടുംബ കാര്യത്തിൽ, വിവാഹത്തിൽ തുടങ്ങി ദാമ്പത്യത്തിൽ വരെ മേലാളന്മാരാണ് ഇടപെടുക. മനുഷ്യരുടെ ഈ ഉച്ചനീചത്വങ്ങൾക്കെതിരെ നേരിട്ടൊരു ചോദ്യം ചെയ്യലിനിറങ്ങിയാൽ അവർ ഊരുവിലക്കും. ചിലപ്പോൾ ജീവനെടുക്കും. അത്തരം അനീതികൾക്കെതിരെ നോവലുകളിലൂടെയും കഥകളിലൂടെയും പ്രതിരോധം തീർക്കുകയായിരുന്നു തോപ്പിൽ ചെയ്തത്.
ഒരു കടലോര ഗ്രാമത്തിന്റെ കഥ, തുറമുഖം തുടങ്ങിയ നോവലുകളിൽ ഇത്തരം സാമുദായിക മേലാളന്മാർക്കെതിരെയുള്ള ചെറുത്ത് നിൽപ്പിന് ഭീഷണി നേരിടേണ്ടി വന്നിട്ടുമുണ്ട്.
സാധാരണക്കാരന്റെ വാക്കുകളും ജീവിതങ്ങളുമാണ് തോപ്പിൽ നോവലുകളിലും കഥകളിലും പകർത്തിയിരുന്നത്. തനിക്ക് മുമ്പുള്ള തലമുറ ജീവിച്ച കാലഘട്ടത്തെക്കുറിച്ച് പിതാവിൽ നിന്നുള്ള കേട്ടറിവായിരുന്നു തോപ്പിലെന്ന എഴുത്തുകാരനിൽ കഥയുടെ ബീജം മുളപ്പിച്ചത്.
കടലോര ഗ്രാമത്തിന്റെ കഥ പുറത്തു വന്നപ്പോൾ പലരും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. തോപ്പിലിന്റെ രണ്ടാമത്തെ നോവലയിരുന്നു അത്.
പിതാവിന്റെ ജീവിതവിവരണം, പരന്ന വായന എന്നിവയാണ് കഥാ രചനയിലേക്ക് തോപ്പിൽ മുഹമ്മദ് മീരാനെ ആകർഷിച്ചത്.
കേരളപ്പിറവിക്ക് മുമ്പ് തിരുവിതാംകൂറിൽ ഉൾപ്പെട്ടതായിരുന്നു കന്യാകുമാരി. അതുകൊണ്ടുതന്നെ പഠിച്ചത് തമിഴാണങ്കിലും മലയാളവും നന്നായി വഴങ്ങിയിരുന്നു. വൈക്കം മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ളവരുടെ രചനകൾ ആവേശത്തോടെയാണ് അദ്ദേഹം വായിച്ചിരുന്നത്. തേങ്ങാപ്പട്ടണം ഗവ. സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. നാഗർകോവിൽ എസ്.ടി ഹിന്ദു കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡിഗ്രി പൂർത്തിയാക്കി. 23- ാം വയസ്സിലാണ് ആദ്യ നോവലായ കൂനൻതോപ്പ് എഴുതുന്നത്. എന്നാൽ അതു പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നിട് ചെറുകഥകളും എഴുതിയെങ്കിലും പൂർണമായും തമിഴ് സാഹിത്യത്തി്‌ലേക്ക് കടക്കുന്നത് 40- ാം വയസ്സിലാണ്. ജീവിത പ്രാരബ്ധങ്ങളാണ് എഴുത്തിൽ നിന്ന് തുടക്കത്തിൽ മാറിനിൽക്കാൻ കാരണം. മത്സ്യത്തൊഴിലാളികൾക്കിടയിൽ
നടന്ന വർഗീയ കലാപമാണ് കൂനൻതോപ്പ് എന്ന നോവലിന്റെ പശ്ചാത്തലം. ഇതിന് 1993 ൽ തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഈ നോവൽ ആദ്യകാലത്ത് ഭരണ മേലാളൻമാരെ ഭയന്ന് ആരും പ്രസാധനത്തിന് തയ്യാറായിരുന്നില്ല. നോവൽ എഴുതി 17 വർഷത്തിന് ശേഷമാണ് വെളിച്ചം കണ്ടത്. മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഈ നോവൽ പിന്നീട് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
തമിഴ്- മലയാള വിനിമയം
തമിഴ്‌നാട്ടിലുളളവരെക്കാളും എന്റെ രചന വായിച്ചത് കൂടുതൽ മലയാളികളായിരിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു.
അദ്ദേഹത്തിന്റെ കേരളവുമായുള്ള ബന്ധം തന്നെയാണ് ഇതിനു കാരണം. തോപ്പിലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ചാരുകസേര എന്ന നോവൽ തിരുവിതാംകൂർ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നിരവധി തവണ കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിട്ടുളളതിനാൽ പല രചനകളിലും ഒരു കേരളീയ മുഖമുണ്ടായിട്ടുണ്ട്. അഞ്ചു തലമുറകളിലെ കഥയാണ് ചാരുകസേരയിൽ വിവരിക്കുന്നത്. പൂർവികർ സമ്പാദിച്ചത് മുഴുവൻ ഇളമുറ തമ്പുരാൻ വിറ്റു മുടിക്കുന്നതും സ്ത്രീകളെ ചൂഷണം ചെയ്യുന്നതുമാണ് ചാരുകസേര എന്ന നോവലിലെ പ്രമേയം. പിതാമഹാൻ കൈമാറിവന്ന ചാരു കസേരയിൽ മലർന്നു കിടന്നു തിന്നു സുഖിച്ച് ജീവിക്കുകയും സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രമായി കാണുന്ന പുരുഷ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നതാണ് നോവൽ. വീട്ടുജോലിക്കാരിയായി മാത്രം ഭാര്യയെ കാണുകയും മറ്റു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് നോവൽ പ്രതിപാദിക്കുന്നത്. എന്നാൽ തുറമുഖമെന്ന നോവലിൽ സമ്പന്നവർഗം സാധാരണക്കാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതാണ് പ്രതിപാദിക്കുന്നത്.
സാഹിത്യകാരൻ, ചരിത്രകാരൻ
സ്വന്തം പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്ക് മനുഷ്യന്റെ അവകാശമാണെന്ന് തോപ്പിൽ ജീവതത്തിലൂടെ തെളിയിച്ചിരുന്നു. പോർട്ടുഗീസ് അധിനിവേശ പശ്ചാത്തലത്തിൽ എഴുതിയ കുടിയേറ്റം എന്ന നോവലാണ് തോപ്പിൽ അവസാനമായി എഴുതിയത്. മുസ്‌ലിംകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ ചരിത്ര പശ്ചാത്തലത്തിലൂടെ വരച്ചു കാണിക്കുകയാണ് നോവലിൽ. ചരിത്രം തേടിയുള്ള ഒരു അന്വേഷണം കൂടിയായാണ് ഈ നോവൽ. ഇന്ത്യയിൽ ആദ്യത്തെ നോവൽ എഴുതപ്പെട്ടത് അറബി-തമിഴിലാണ്. പക്ഷേ അതു പ്രസിദ്ധീകരിക്കാനോ ചർച്ച ചെയ്യാനോ ആളുണ്ടായില്ല. മദീനത്തുന്നുഹാസ് എന്ന പേരിൽ മാപ്പിള ലബ്ബാ -ആലിം ആണ് പ്രഥമ ഇന്ത്യൻ നോവൽ എഴുതിയത്. അദ്ദേഹം തമിഴ്‌നാട്ടുകാരനാണ് അറിയുന്നവർ വിരളമാണെന്ന് തോപ്പിൽ പല വേദികളിലും പറയുമായിരുന്നു.
അറബിയിലും അറബി-തമിഴിലുമുള്ള കൃതികൾ ധാരാളം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. എന്നാൽ പലതിനും സാരാംശം പറയാൻ ആർക്കുമായിരുന്നില്ല. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ വീട്ടുകാർ നൽകിയ ഇത്തരത്തിലുള്ള അപൂർവ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു.
അറബി പണ്ഡിതന്മാർക്ക് പോലും അർത്ഥം അറിയാത്ത ഗ്രന്ഥങ്ങൾ അദ്ദേഹം സൂക്ഷിച്ചിരുന്നു. പിന്നീട് മലയാളിയും അടുത്തിടെ അന്തരിച്ച മാപ്പിള ചരിത്ര ഗവേഷകനുമായ ഇഖ്ബാൽ കോപ്പിലാൻ ആണ് അത് വീണ്ടും പൊടിതട്ടിയെടുത്തത്. നശിച്ചു കൊണ്ടിരുന്ന ആ കൃതികളിൽ പലതും ചേർത്ത് വെച്ച് അതിന്റെ പൊരുൾ ഇഖ്ബാൽ പറഞ്ഞു തന്നിരുന്നു.
സദഖത്തുളള ഖാഹിരി,മഹാനി,മൗലീദ് കൃതികളായിരുന്നു അവയിലേറെയും. പ്രസവ വേദനയെടുക്കുന്ന സ്ത്രീകൾക്ക് മുമ്പിലിരുന്ന് പാരായണം ചെയ്യുന്ന തലഫാത്തിഹ വരെ അവയിലുണ്ടായിരുന്നു.
അറബിക് - തമിഴ് സ്വാധീനം
അറബി- മലയാള സാഹിത്യ ശാഖ മലയാള സാഹിത്യ മണ്ഡലത്തിന്റെ ഭാഗമായി അംഗീകരിക്കാത്തതുപോലെതെന്നെയാണ് അറബി- തമിഴിന്റെയും കാര്യമെന്ന് എന്നും ആവർത്തിക്കുമായിരുന്നു. അറബി-മലയാളം ഇന്നും ചിലയിടങ്ങളിലെങ്കിലും മലബാറിൽ കാണപ്പെടുമ്പോൾ അറബി- തമിഴ് തീർത്തും നാമാവശേഷമായി. എന്നാൽ അവക്ക് തമിഴ് തീരപ്രദേശങ്ങളിലെ മുസ്‌ലിംകൾക്കിടയിലുണ്ടായ സ്വാധീനം ഏറെ വലുതായിരുന്നു. മുസ്‌ലിംകളുടെ വിദ്യാഭ്യാസം പോലും ഭരണാധികാരികൾ അറബി- തമിഴിലെ പ്രാവീണ്യമായിട്ടാണ് അംഗീകരിച്ചിരുന്നത്. ശ്രീലങ്കയിൽ സിംഹള ഭാഷയിൽ ഒരു കാലത്ത് പ്രമാണങ്ങൾ എഴുതിയിരുന്നത് പോലും അറബി- തമിഴ് ഭാഷയിലായിരുന്നു. മുസ്‌ലിംകൾക്ക്
ലഭിക്കുന്ന എറ്റവും വലിയ അംഗീകാരമായിട്ടുവേണം ഇതിനെ കാണാൻ. തമിഴ് മുസ്‌ലിം കവികളായ തമിഴ് പുലവർ രചിച്ച ഗാനങ്ങൾ, മാലപ്പാട്ടുകൾ തുടങ്ങിയവയും അറബി- തമിഴിലാണുള്ളത്. എന്നാൽ ഇവയുടെ പല കോപ്പികളും കണ്ടെടുക്കപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ടു കേരളത്തിൽ നിന്നുള്ളവർ പോലും ഗവേഷണം നടത്തുന്നുണ്ട്. പരിശുദ്ധ ഖുർആൻ പരിഭാഷ പോലും അറബി- തമിഴിൽ രചിക്കപ്പെട്ടിട്ടുണ്ട്.
മുളക് വ്യാപാരിയായ സാഹിത്യകാരൻ
സാഹിത്യകാരനാകുമ്പോഴും തിരുനെൽവേലിചന്തയിലെ മുളക് വ്യാപാരിയായിരുന്നു തോപ്പിൽ. കമ്മീഷൻ കടകളിൽ നിന്ന് മുളക് ശേഖരിച്ച് തിരുവനന്തപുരത്തേക്കും മറ്റും കയറ്റിയയക്കും. ഇതൊരു വിനോദമായിരുന്നില്ല തൊഴിൽ തന്നെയായിരുന്നു. തിരുനെൽവേലി ചന്തയിലെ വ്യാപാരിയായ അദ്ദേഹത്തിന് മനുഷ്യരുടെ ജീവിതത്തെ തൊട്ടറിയാനായിരുന്നു.
ദരിദ്രന്റെയും സാധാരണക്കാരന്റെയും കഥകൾ എ.സി റൂമിലിരുന്ന് എഴുതുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. അധ്വാനിക്കുന്നവന്റെ കൂടെ നിന്ന് അവന്റെ മനോവ്യഥകൾ അറിയുന്നവനാണ് യഥാർഥ സാമൂഹ്യ പരിഷ്‌കർത്താവെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു.കേരളത്തിൽ കോളജ്-സ്‌കൂൾ അധ്യാപകർ, ബാങ്ക് ജീവനക്കാർ ഒക്കെയും സാഹിത്യമേഖലകളിൽ ഉണ്ട്. എന്നാൽ തമിഴിലെ പ്രമുഖ സാഹിത്യകാരനായ പൊന്നുസ്വാമി കൃഷിക്കാരനായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത സ്വാമിയുടെ കഥകളാണ് തമിഴ്‌നാട്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നത്. തിരുെനൽവേലി ചന്തയിലെ മുളക് വ്യാപാരിയുടെ രചനകൾക്കും വായനക്കാരുണ്ടായി.
മലയാള സാഹിത്യ മേഖല എന്നും തോപ്പിലിന് ഇഷ്ടമായിരുന്നു.
വൈക്കം മുഹമ്മദ് ബഷീർ, എം.ടി വാസുദേവൻ നായർ,എസ്. കെ പൊറ്റക്കാട്,ഒ.വി വിജയൻ, കാക്കനാടൻ, സി. രാധാകൃഷ്ണൻ,സേതു, എം. മുകുന്ദൻ, പെരുമ്പടവം തുടങ്ങിയരുടെ രചനകളെല്ലാം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. മലയാള സാഹിത്യകാരന്മാരിൽ പലരുമായി വ്യക്തിബന്ധം പുലർത്താനും അവരുടെ രചനകൾ വായിക്കാനും അദ്ദേഹം സമയം കണ്ടെത്തി. എം. മുകുന്ദന്റെ കഥപറച്ചിലിനോടും
ഭാഷയോടും കൂടുതൽ ഇഷ്ടമായിരുന്നു തോപ്പിലിന്. കഴിഞ്ഞയാഴ്ച തന്റെ എഴുപത്തഞ്ചാം
വയസ്സിൽ ഈ ലോകത്തോട് യാത്ര പറഞ്ഞ ആ മഹാപ്രതിഭയ്ക്ക് മുമ്പിൽ ആദരാഞ്ജലി.






