Sorry, you need to enable JavaScript to visit this website.

വിളക്കണഞ്ഞ് യുനൈറ്റഡ്

മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ കിരീടം നിലനിർത്തിയതിന്റെ ആഘോഷത്തിൽ ആറാടുമ്പോൾ അയൽപക്കത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ് മരണ വീട് പോലെയായിരുന്നു. യുനൈറ്റഡിൽ വളരെ നേരത്തെ വിളക്കണഞ്ഞിരുന്നു. പ്രീമിയർ ലീഗിൽ കിരീട സാധ്യത പോലുമുണ്ടായിരുന്നില്ല. ആദ്യ നാലിലെത്താനായിരുന്നു പെടാപ്പാടൊക്കെ. അതും വൃഥാവിലായി. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാനാവില്ല. 
കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിൽ സിറ്റിയുടെ ആരാധകർ ആഘോഷത്തിമിർപ്പിലായിരുന്നു. 2009 നു ശേഷം ആദ്യമായാണ് ഒരു ടീം പ്രീമിയർ ലീഗ് കിരീടം നിലനിർത്തിയത്. 2009 ൽ അലക്‌സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുനൈറ്റഡ് തുടർച്ചയായ മൂന്നാം വർഷമാണ് കിരീടം സ്വന്തമാക്കിയത്. ഇംഗ്ലിഷ് ഫുട്‌ബോളിലെ ചോദ്യം ചെയ്യപ്പെടാത്ത രാജാക്കന്മാരായിരുന്നു അക്കാലത്ത് യുനൈറ്റഡ്. അതിന് ഒരു വർഷം മുമ്പാണ് സിറ്റിയെ അബുദാബി രാജകുടുംബാംഗങ്ങൾ ഏറ്റെടുത്തത്. 2009 ൽ അവർ പത്താം സ്ഥാനത്തായിരുന്നു. 
പിന്നീടങ്ങോട്ട് സിറ്റിയുടെ കുതിപ്പും യുനൈറ്റഡിന്റെ കിതപ്പും നാടകീയമായിരുന്നു. തരംതാഴ്ത്തപ്പെട്ട ടീമായ കാർദിഫിനോട് സ്വന്തം ഗ്രൗണ്ടിൽ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോറ്റാണ് യുനൈറ്റഡ് ഇത്തവണ സീസൺ അവസാനിപ്പിച്ചത്. അലക്‌സ് ഫെർഗൂസൻ വിരമിച്ച ശേഷം ആറു സീസണിൽ നാലാം തവണ അവർക്ക് ആദ്യ നാലിൽ പോലുമെത്താനായില്ല. 
ഇത്തവണ സിറ്റിയും യുനൈറ്റഡും തമ്മിലുള്ള പോയന്റ് വ്യത്യാസം ഞെട്ടിക്കുന്നതാണ്. സിറ്റിയേക്കാൾ 32 പോയന്റ് പിന്നിലായിരുന്നു യുനൈറ്റഡ്. തരംതാഴ്ത്തൽ മേഖലയുമായി യുനൈറ്റഡിന് ഇത്രയധികം പോയന്റ് വ്യത്യാസമില്ല. 
ഡിസംബറിൽ ജോസെ മൗറിഞ്ഞോയെ പുറത്താക്കി ഓലെ ഗുണ്ണർ സോൾസ്‌ക്ജയറിനെ താൽക്കാലിക പരിശീലകനായി നിയമിച്ചപ്പോൾ യുനൈറ്റഡ് തിരിച്ചുവരികയാണെന്ന പ്രതീതിയാണ് ഉണ്ടായത്. എല്ലാ ടൂർണമെന്റുകളിലുമായി 17 മത്സരങ്ങളിൽ പതിനാലിലും യുനൈറ്റഡ് ജയിച്ചു. പാരിസ് സെയ്ന്റ് ജർമാനെതിരെ അവിസ്മരണീയമായ തിരിച്ചുവരവിലൂടെ അവർ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലെത്തി. 
അതിനു ശേഷം സോൾസ്‌ക്ജയറെ സ്ഥിരം കോച്ചായി നിയമിച്ചു. അതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. അവസാന 12 മത്സരങ്ങളിൽ എട്ടും യുനൈറ്റഡ് തോറ്റു. ജയിച്ചത് രണ്ടു മത്സരങ്ങൾ മാത്രം. 
പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ് അവർ കളിയവസാനിപ്പിച്ചത്. മൗറിഞ്ഞൊ പുറത്താക്കപ്പെടുന്ന വേളയിലും അവർ ആറാം സ്ഥാനത്തായിരുന്നു എന്നതാണ് കൗതുകം. സിറ്റി പ്രീമിയർ ലീഗ് നേടുന്നതും ലിവർപൂളും ടോട്ടനവും നാടകീയ വിജയങ്ങളോടെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നതും ചെൽസിയും ആഴ്‌സനലും യൂറോപ്പ ലീഗ് ഫൈനലിൽ സ്ഥാനം പിടിക്കുന്നതുമൊക്കെ യുനൈറ്റഡിന് കരക്കിരുന്ന് കാണേണ്ടി വന്നു.
ആറാം സ്ഥാനത്ത് ഇരിക്കേണ്ടവരല്ല യുനൈറ്റഡ് എന്ന് കോച്ച് സോൾസ്‌ക്ജയർ പരിഭവം പറഞ്ഞു. പക്ഷേ അവിടെയാണ് ഞങ്ങളിപ്പോൾ. എന്നിട്ടും ആരാധകർ ഞങ്ങളെ കൈയടിക്കുന്നു എന്നതാണ് വിചിത്രം. അതാണ് ക്ലബ്ബിന്റെ അടിത്തറ. ആരാധകരുടെ പിന്തുണ കൂടെയുണ്ട്. ഞങ്ങൾ ശക്തമായി തിരിച്ചുവരും -അദ്ദേഹം പറഞ്ഞു. 
വലിയ മാറ്റമാണ് അടുത്ത സീസണിൽ യുനൈറ്റഡ് പ്രതീക്ഷിക്കുന്നത്. യുവാൻ മാറ്റയുൾപ്പെടെ ഏതാനും കളിക്കാർ അവസാനമായി യുനൈറ്റഡ് ജഴ്‌സി ധരിച്ചു കഴിഞ്ഞതായി ആരാധകർ കരുതുന്നു. വല്ലാത്ത കയ്‌പോടെയാണ് സീസൺ അവസാനിപ്പിച്ചതെന്ന് കരാർ പൂർത്തിയായ മാറ്റ സ്വന്തം ബ്ലോഗിൽ കുറിച്ചു. ടീമിന്റെ പ്രകടനത്തിൽ കളിക്കാർ ആരും തൃപ്തരല്ലെന്ന് മാറ്റ പറഞ്ഞു. 
വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ ടീമിനെ ഉടച്ചുവാർക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് കോച്ച് സോൾസ്‌ക്ജയറിന്. എങ്ങനെ സിറ്റിയുമായും ലിവർപൂളുമായും പിടിച്ചുനിൽക്കുമെന്ന ചിന്തയാവും അദ്ദേഹത്തെ അലട്ടുന്നത്. മാസ്മരികമായ സീസണിൽ സിറ്റിയും ലിവർപൂളും തമ്മിലുള്ള പോരാട്ടം ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികൾക്ക് അവസാനം വരെ ആവേശം പകർന്നിരുന്നു. 
ഒട്ടും അനുഭവ സമ്പത്തില്ലാത്ത സോൾസ്‌ക്ജയറിന് ഏതാനും കളികളിലെ വിജയത്തെത്തുടർന്ന് മൂന്നു വർഷത്തെ കരാർ നൽകിയതിന്റെ വിഡ്ഢിത്തമാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് അധികാരികളെ അലട്ടുന്നത്. വർഷങ്ങളായി യുനൈറ്റഡ് ട്രാൻസ്ഫർ മാർക്കറ്റിൽ പണമെറിയാൻ മടിച്ചുനിൽക്കുകയാണ്. ടീമിലെ മികച്ച കളിക്കാരെ തന്നെ അടുത്ത സീസണിൽ പിടിച്ചുനിർത്താനാവുമോയെന്നാണ് അവർ ഭയക്കുന്നത്. ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയെ പി.എസ്.ജി നോട്ടമിട്ടിട്ടുണ്ട്, പോൾ പോഗ്ബയെ ബാഴ്‌സലോണയും. മാർക്കസ് റാഷ്ഫഡിന്റെയും കരാർ വൈകാതെ അവസാനിക്കും. 
ചാമ്പ്യൻസ് ലീഗിൽ സ്ഥാനം കിട്ടാത്തത് ഈ കളിക്കാരെയൊക്കെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കും. ചാമ്പ്യൻസ് ലീഗിൽ ഇടം കിട്ടാത്തത് യുനൈറ്റഡിന്റെ സാമ്പത്തിക സ്ഥിതിയെയും ഗുരുതരമായി ബാധിക്കും. യുനൈറ്റഡിന്റെ ധാരാളിത്തത്തിന്റെ തെളിവായിരുന്നു അലക്‌സിസ് സാഞ്ചസ്. 
കോടികളാണ് മൗറിഞ്ഞൊ ചിലെ താരത്തിനായി ധൂർത്തടിച്ചത്. ഒടുവിൽ മോശം പ്രകടനത്തിന് സാഞ്ചസ് ആരാധകരോട് മാപ്പ് പറഞ്ഞു. 2018 ജനുവരിയിൽ പ്രീമിയർ ലീഗിലെ ഏറ്റവും ആഡംബരപൂർണമായ കരാറിലാണ് സാഞ്ചസ് ആഴ്‌സനലിൽ നിന്ന് എത്തിയത്. ഏഴരക്കോടി പൗണ്ട് ചെലവിട്ട സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. 
മറ്റു ചില കളിക്കാരെ യുനൈറ്റഡ് ഒഴിവാക്കിത്തുടങ്ങി. ആൻഡർ ഹെരേരക്കും ആന്റോണിയൊ വലൻസിയക്കും കരാർ പുതുക്കി നൽകില്ല. ഇരുവരും ക്ലബ് വിടും. 
അടുത്ത സീസണിലും കിരീടമാവില്ല, ആദ്യ നാലിലെത്തുകയാവും യുനൈറ്റഡിന്റെ ലക്ഷ്യമെന്ന് സോൾസ്‌ക്ജയർ പറഞ്ഞു. സിറ്റിയുമായും ലിവർപൂളുമായും മല്ലടിക്കാൻ ഇന്നത്തെ അവസ്ഥയിൽ യുനൈറ്റഡിന് സാധിക്കില്ല. 
മാഞ്ചസ്റ്ററിന്റെ ചുവന്ന ഭൂതങ്ങൾ പ്രതാപകാലത്തിൽ നിന്ന് എത്രമാത്രം കീഴോട്ടു പോയി എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ചെറിയ മോഹം.
 

Latest News