പ്രവാസി സഹകരണത്തോടെ ജീവകാരുണ്യത്തിന്റെ നാട്ടുനന്മ.ഇവിടെ ഡോക്ടർമാർക്ക് ഞായറാഴ്ചകളിൽ പരിശോധനാ ഫീസില്ല. അവശ്യ മരുന്നുകൾക്ക് രോഗികൾ പണം നൽകേണ്ടതുമില്ല. ചികിൽസയ്ക്ക് എത്തുന്ന ഡോക്ടർ മുതൽ ആംബുലൻസ് ഡ്രൈവർമാർ വരെ പരിചിതരും പ്രദേശവാസികളും. ആതുരസേവന രംഗത്ത് പുതിയ പന്ഥാവ് തേടുകയാണ് മലപ്പുറം ജില്ലയിലെ മൊറയൂർ ഗ്രാമപഞ്ചായത്തിലെ ഒഴുകൂർ എന്ന ഗ്രാമം.
ഗ്രാമവിശുദ്ധി വിളിച്ചോതുന്ന പ്രദേശത്ത് കെടാവിളക്കായി രോഗികൾക്ക് സാന്ത്വനമാവുന്നത് ഒഴുകൂർ സി.എച്ച് സെന്റർ ക്ലിനിക്ക്. കനകം വിളയും കാരുണ്യം പദ്ധതിയിലൂടെ സൗദി സി.എച്ച് സെന്ററാണ് സാധാരണക്കാർക്ക് ആശ്വാസമാകുന്ന സി.എച്ച് സെന്റർ മാതൃകയാകുന്നത്.
സാധാരണക്കാരായ ഗ്രാമീണരുടെ മേഖലയാണ് ഒഴുകൂർ. രോഗികൾക്ക് ആശുപത്രികളിലെത്തണമെങ്കിലും ഏറെ ദൂരം സഞ്ചരിക്കണം. കിടപ്പിലാകുന്ന രോഗികൾക്ക് പരിചരണം ലഭിക്കണമെങ്കിലും പ്രയാസങ്ങളേറെ. നാട്ടിലെ ആശുപത്രി സേവനത്തിന് സാന്ത്വനമൊരുക്കാനാണ് പ്രവാസി കൂട്ടായ്മയിൽ സി.എച്ച് സെന്റെർ ക്ലിനിക്ക് ഒരുക്കാൻ തീരുമാനിച്ചത്. ഒഴുകൂരിലെ മുഴുവൻ ജനങ്ങളിലേക്കും ക്ലിനിക്കിന്റെ സേവനം എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ഒഴുകൂർ സൗദി ചാപ്റ്റർ കമ്മിറ്റി മുഖ്യരക്ഷാധികാരി മുഹമ്മദ് പെരുമ്പിലായി പറയുന്നു.
കിടപ്പിലായവരെ പരിചരിച്ച്...
മൂന്ന് വർഷം മുമ്പാണ് ഒഴുകൂരിൽ സി.എച്ച് സെന്റർ പ്രവർത്തനം തുടങ്ങിയത്. ആദ്യഘട്ടത്തിൽ കിടപ്പിലായ രോഗികൾക്ക് പരിചരണമായിരുന്നു ലക്ഷ്യം. ഇതിലേക്കായി മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ച് സേവനം തുടങ്ങി. കട്ടിലുകൾ, ബെഡ്ഡുകൾ, വീൽചെയർ, എയർബെഡ്ഡ്, വാട്ടർ ബെഡ്ഡ്, ഓക്‌സിജൻ സിലിണ്ടർ,
ടോയിലെറ്റ് കം വീൽ ചെയർ, ബ്ലഡ് പ്രഷർ അപ്പാരട്ടസ്, തെർമോ മീറ്റർ, ഷുഗർ ചെക്കിംങ് ഉപകരണം, സ്റ്റീം ഇൻഹേലറുകൾ, കംപ്രസ്സർ നെബുലൈസർ, വിവിധ ഇനം വാക്കറുകൾ, സ്‌ട്രെച്ചർ, വാക്കിംങ് സ്റ്റിക്കുകൾ, ഹോട്ട് ബാഗ്, മയ്യിത്ത് കട്ടിൽ തുടങ്ങിയവ എത്തിച്ച് ആതുരാലയം പ്രവർത്തനം തുടങ്ങി.
ഗ്രാമപ്രദേശമായതിനാൽ രോഗികളായവരെല്ലാം സി.എച്ച് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തി തുടങ്ങി. ഇത് ഭാരവാഹികൾക്ക് കൂടുതൽ ഊർജം പകർന്നു. സെന്ററിന്റെ പ്രവർത്തനത്തിനായി നാട്ടിലുള്ളവരും
പ്രവാസികളും കൂടുതൽ സേവനത്തിനായി സജ്ജരായി. ഇതിന്റെ ഭാഗമായാണ് ആശുപത്രി ചികിൽസ കൂടി ലഭ്യമാക്കാൻ ഭാരവാഹികൾ തീരുമാനിച്ചത്.
നാട്ടിലെ ഡോക്ടർമാരും, ആംബുലൻസ് ഡ്രൈവർമാരും
ആതുരാലയത്തിൽ സൗജന്യ സേവനത്തിന് തയ്യാറുളള ഡോക്ടർമാരെ കണ്ടെത്തുകയായിരുന്നു ആദ്യം ചെയ്തത്. നാട്ടിലെ സേവനത്തിന് നാട്ടുകാരായ ഡോക്ടർമാർ എന്ന ആശയം ഉദിച്ചത് അപ്പോഴാണ്. ഒഴുകൂർ പ്രദേശങ്ങളിൽ നിന്ന് പഠിച്ച് ഡോക്ടർമാരായവരുണ്ട്. ഇവരെ നേരിൽ കണ്ട് ആവശ്യം അറിയിച്ചപ്പോൾ എല്ലാവരും ഉദ്യമത്തോട് ആത്മാർഥമായി സഹകരിച്ചു. ഒമ്പത് ഡോക്ടർമാരാണ് ക്ലിനിക്കിനോട് ഇപ്പോൾ സഹകരിക്കുന്നത്. എല്ലാവരും പ്രദേശ വാസികൾ തന്നെ.
ഡോക്ടർമാരെ എത്തിച്ചത് പോലെ മരുന്ന് വിതരണത്തിനും ആളുകളെ കണ്ടെത്തി. ഇതിനും പ്രദേശവാസികൾ തന്നെ. ഇതിനിടെ ഖത്തർ കെ.എം.സി.സി സ്ഥാപനത്തിന് ആംബുലൻസ് നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ആംബുലൻസ് ഡ്രൈവറെ ശമ്പളത്തിന് നിയമിച്ചെങ്കിലും ഇത് പിന്നീട് ഉപേക്ഷിച്ചു. നാട്ടിലെ ഡ്രൈവർമാർ സൗജന്യ സേവനത്തിന് തയ്യാറാവുകയായിരുന്നു. ഡ്രൈവർമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് തന്നെ ഇതിനായി പ്രവർത്തിക്കുന്നു. രോഗികൾക്ക് ആംബുലൻസ് ആവശ്യമുളളപ്പോൾ ഗ്രൂപ്പിൽ ഒഴിവുള്ള ഡ്രൈവർമാർ എത്തി രോഗിയെ ആശുപത്രിയിൽ വേതനം കൂടാതെ എത്തിക്കും.

ഞായറാഴ്ചയിലെ സേവനം
ഞായറാഴ്ചകളിലാണ് പൂർണമായും സി.എച്ച് സെന്റർ ക്ലിനിക്ക് സൗജന്യ സേവനം നൽകുന്നത്. അല്ലാത്ത ദിവസങ്ങളിൽ വൻകിട ആശുപത്രികളിൽ ഉയർന്ന ഫീസ് വാങ്ങുന്ന ഡോക്ടർമാർ പോലും 50 രൂപ ഫീസിന് ഇവിടെ പരിശോധിക്കും. മരുന്നുകൾക്ക് 10 ശതമാനം മുതൽ 50 ശതമാനം വരെ കിഴിവും ലഭിക്കും. തീർത്തും നിർധനരായവർക്ക് ഇവയും സൗജന്യമായി നൽകും.
ഓരോ ഞായറാഴ്ചയും രോഗികൾ ക്ലിനിക്കിൽ വർധിക്കുകയാണ്. നൂറോളം പേരാണ് ഞായറാഴ്ചകളിൽ ചികിൽസക്കെത്തുന്നത്. ഒരു ആശുപത്രി പരിസരമായി മേഖല മാറുന്ന കാഴ്ചയാണുളളത്. ആറ്മാസമായി ആതുര സേവന മേഖലയുടെ പ്രവർത്തനം തുടങ്ങിയിട്ട്. ചുരുങ്ങിയ നാളുകൾ കൊണ്ട് ഒഴുകൂർ മേഖലയിലെ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ജനം സേവന കേന്ദ്രം പ്രയോജനപ്പെടുത്തിയതോടെ ഭാരവാഹികൾ പുതിയ സേവനങ്ങൾക്ക് കൂടി തുടക്കമിടുകയാണ്.
മെഡിക്കൽ ലാബും ഹോം കെയറും
നാട്ടുനന്മക്ക് കൈകോർത്ത് ഒരുക്കിയ ഒഴുകൂരിലെ സി.എച്ച്.സെന്റർ ക്ലിനിക്കിൽ മെഡിക്കൽ ലാബ്, ഹോം കെയർ തുടങ്ങിയ ലക്ഷ്യം കൂടി പൂർത്തിയാക്കാനൊരുങ്ങുകയാണ്. ചികിൽസകർക്ക് കൊണ്ടോട്ടി, മഞ്ചേരി, മൊറയൂർ, കടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ലാബ് പരിശോധനകൾക്ക് പോകേണ്ട അവസ്ഥയാണ് ഇപ്പോഴുളളത്. ഇതിന് പരിഹാരമായാണ് മെഡിക്കൽ ലാബ് സൗകര്യം ഒരുക്കുന്നത്.ഇതിന് പുറമെ വീട്ടിൽ ഡോക്ടർമാരെ കൊണ്ടുപോയി ചികിൽസിക്കുന്ന ഹോം കെയർ പ്രവർത്തനങ്ങളും സ്ഥാപനം ലക്ഷ്യമിടുന്നുണ്ട്.
മേഖലയിലെ നിർധനരായ രോഗികൾക്ക് മെഡിക്കൽ കാർഡ് നൽകി മുഴുവൻ സമയവും പരിശോധനയും മരുന്നുകളും സൗജന്യമായി നൽകുന്ന പദ്ധതിയും ആവിഷ്‌കരിക്കുന്നുണ്ട്. നാട്ടിലേയും പ്രവാസികളുടേയും നിസ്സീമമായ സഹകരണത്തിലാണ് സി.എച്ച് സെന്റർ പ്രവർത്തിക്കുന്നത്.

സൗദിയിലെ സി.എച്ച് സെന്റർ ചാപ്റ്റർ കമ്മറ്റിയുടെ കനകം വിളയം കാരുണ്യം എന്ന സംരംഭമാണ് ആതുര സേവനത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ്. നാനൂറോളം ആളുകളുള്ള സ്വർണ നാണയച്ചിട്ടിയാണിത്. ചിട്ടി ലഭിക്കുന്നവർക്ക് സ്വർണനാണയം ലഭിക്കും. ചിട്ടിയുടെ ഒരു വിഹിതം കാരുണ്യപ്രവർത്തനങ്ങൾക്കും നീക്കിവെക്കും.
ഒഴുകൂർ സി.എച്ച് സെന്ററിന്റെ കീഴ്ഘടകമായി എടപ്പറമ്പ് അങ്ങാടിയിൽ തണൽ സൗജന്യ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങളിലേക്കുളള മുഴുവൻ അപേക്ഷകളും തണലിൽ ലഭ്യമാകുന്നുണ്ട്. വൈദ്യുത ബില്ലുകളടക്കം ഇവിടെ അടക്കുവാനും സൗകര്യമുണ്ട്. തണലും ഒഴുകൂർ നിവാസികൾക്ക് തണലേകുകയാണ്.
പൂന്തല വീരാൻകുട്ടി ഹാജി (പ്രസിഡണ്ട്), എൻ.അൻവർ(സെക്രട്ടറി), കുഞ്ഞുമുഹമ്മദ് മാസ്റ്റർ(ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് സി.എച്ച്.സെന്ററിന് നാട്ടിലെ അമരക്കാർ. കെ.സി കുഞ്ഞിപ്പ, കെ.സി മുഹമ്മദ് കുട്ടി എന്നിവർക്കാണ് ആംബുലൻസിന്റെ ചുമതല നൽകിയിട്ടുളളത്. അഡ്വ.ആരിഫ്, നൂറേൻ റാഫി എന്നിവർ മെഡിക്കൽ വിംഗ് ഏകോപനത്തിനായും പ്രവർത്തിക്കുന്നു. സൗദി ചാപ്റ്റർ കമ്മിറ്റി പ്രസിഡണ്ട് ഷൗക്കത്ത് ഞാറക്കോടൻ, ഷറഫുദ്ദീൻ പാലീരി (ജന.സെക്രട്ടറി), ഹമീദ് പളളിമുക്ക്(ട്രഷറർ), മുഹമ്മദ് പെരുമ്പിലായി (മുഖ്യരക്ഷാധികാരി) എന്നിവരാണ് സൗദിയിലെ സി.എച്ച് സെന്ററിന് ഊർജം നൽകുന്നത്.






