ആര് നേടും, ആര് വാടും?

ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം. മെയ് 30 ന് ഇംഗ്ലണ്ടിൽ ലോകകപ്പിന് കാഹളമുയരുകയായി. ഏതൊക്കെ കളിക്കാർ, ഏതൊക്കെ ടീമുകൾ ഈ ലോകകപ്പിന് ആവേശം പകരും?

അഫ്ഗാനിസ്ഥാൻ
2015 ലെ ലോകകപ്പിൽ ആദ്യമായി കളിച്ച ശേഷം അഫ്ഗാനിസ്ഥാൻ ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു. ഇത്തവണ ഏതാണ്ട് അവസാനിച്ചുവെന്നു കരുതിയ ഘട്ടത്തിൽ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ കുതിച്ചുയർന്നാണ് അവർ ഫൈനൽ റൗണ്ടിൽ സ്ഥാനം പിടിച്ചത്. 2018 ലെ ഏഷ്യാ കപ്പിൽ അവർ ശ്രീലങ്കയെയും ബംഗ്ലാദേശിനെയും തോൽപിച്ചു. ചാമ്പ്യന്മാരായ ഇന്ത്യയെ ടൈയിൽ തളക്കുകയും ചെയ്തു. 
ഗെയിംചെയ്ഞ്ചർ: ലെഗ്‌സ്പിന്നർ റാഷിദ് ഖാനായിരിക്കും അഫ്ഗാനിസ്ഥാന്റെ കുന്തമുന. യുദ്ധം തകർത്ത നംഗർഹറിൽ നിന്നു വരുന്ന ഇരുപതുകാരൻ ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്‌നമാണ്. 44 ഏകദിനങ്ങളിൽ 100 വിക്കറ്റെടുത്ത് ലോക റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട് റാഷിദ്. പവർപ്ലേ ആവട്ടെ, അവസാന ഓവറുകളാവട്ടെ റാഷിദ് അപകടകാരിയായിരിക്കും.

ഓസ്‌ട്രേലിയ
നിലവിലെ ചാമ്പ്യന്മാരായ ഓസ്്‌ട്രേലിയയാണ് ഏറ്റവുമധികം തവണ ലോകകപ്പ് നേടിയ ടീം -അഞ്ചു തവണ. 2015 ൽ ഓസ്‌ട്രേലിയയിൽ നടന്ന ഫൈനലിൽ ന്യൂസിലാന്റിനെ ഏഴു വിക്കറ്റിന് തകർത്താണ് അവർ കിരീടം നേടിയത്. പന്ത് ചുരണ്ടൽ വിവാദം പിന്നീട് അവരെ തകർത്തു. എല്ലാ രൂപത്തിലുമായി ഇംഗ്ലണ്ടിനോട് അവർ 1-9 ന് തോറ്റു, ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും കീഴടങ്ങി. എന്നാൽ ലോകകപ്പ് ആസന്നമായതോടെ അവർ ഫോമിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. അവസാന 10 മത്സരങ്ങളും ജയിച്ചാണ് ഓസീസ് ലോകകപ്പിന് വരുന്നത്. 
ഗെയിംചെയ്ഞ്ചർ: സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാണറുടെയും തിരിച്ചുവരവ് ടീമിന് കൂടുതൽ കരുത്തു പകരും. ഒരു വർഷത്തോളം നീണ്ട വിലക്കിനു ശേഷം ഇരുവരും ഔദ്യോഗിക മത്സരത്തിൽ ആദ്യമായി ഓസ്‌ട്രേലിയൻ കുപ്പായമിടാനൊരുങ്ങുകയാണ്. ഐ.പി.എല്ലിലെ ടോപ്‌സ്‌കോററായാണ് വാണർ ടീമിനൊപ്പം ചേരുന്നത്. 

ബംഗ്ലാദേശ്
നിരാശപ്പെടുത്തുന്നതിൽ പതിവുകാരാണ് ബംഗ്ലാദേശ്. 2015 ൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് അപവാദം. 2017 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ന്യൂസിലാന്റുമടങ്ങുന്ന അതിശക്തമായ ഗ്രൂപ്പിൽ നിന്ന് സെമി ഫൈനലിലെത്താൻ ബംഗ്ലാദേശിന് സാധിച്ചിരുന്നു. 2018 ൽ കളിച്ച 20 ഏകദിനങ്ങളിൽ പതിമൂന്നിലും ബംഗ്ലാദേശ് ജയിച്ചു. ഇന്ത്യക്കും ഇംഗ്ലണ്ടിനും മാത്രമാണ് കൂടുതൽ മികച്ച റെക്കോർഡ്. മശ്‌റഫെ മുർതസ, ശാഖിബുൽ ഹസൻ, മുശ്ഫിഖുറഹീം തുടങ്ങിയ കളിക്കാരുടെ പരിചയസമ്പത്തും ടീമിന് തുണയാവും. 
ഗെയിംചെയ്ഞ്ചർ: മുപ്പത്തഞ്ചുകാരനായ മശ്‌റഫെ മുർതസ തന്നെയാണ് ഇപ്പോഴും പെയ്‌സ്ബൗളിംഗ് നയിക്കുന്നത്. എന്നാൽ കന്നി ലോകകപ്പ് കളിക്കുന്ന മുസ്തഫിസുറഹ്മാനിലായിരിക്കും എല്ലാ ശ്രദ്ധയും. 2018 ലെ ഐ.സി.സി ടീം ഓഫ് ദ ഇയറിൽ സ്ഥാനം പിടിച്ച ഏക ബംഗ്ലാദേശുകാരനാണ് മുസ്തഫിസ്. ഇംഗ്ലണ്ടിലെ സീമിംഗ് കണ്ടിഷനിൽ മുസ്തഫിസിന്റെ പെയ്‌സും സ്വിംഗും ബാറ്റ്‌സ്മാന്മാർക്ക് താങ്ങാനാവുന്നതിലേറെയായിരിക്കും. ഐ.പി.എല്ലിൽ നിന്ന് വിട്ടുനിന്നാണ് മുസ്തഫിസ് ലോകകപ്പിന് തയാറെടുക്കുന്നത്. 

ഇംഗ്ലണ്ട്
1975 മുതലുള്ള എല്ലാ ലോകകപ്പും കളിച്ചിട്ടുണ്ട്, ഇതുവരെ കിരീടം നേടാനായിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. മൂന്നു തവണ ഫൈനലിലെത്തിയെങ്കിലും അതിൽ അവസാനത്തേത് 1992 ലായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ബംഗ്ലാദേശിനോടു പോലും തോറ്റു. കഴിഞ്ഞ അഞ്ച് ലോകകപ്പിൽ മൂന്നാം തവണയാണ് അവർ ഗ്രൂപ്പിൽ തന്നെ വീണത്. മുൻ അയർലന്റ് ബാറ്റ്‌സ്മാൻ ഓയിൻ മോർഗന്റെ നേതൃത്വത്തിൽ പിന്നീട് ശക്തമായി തിരിച്ചുവന്നു. ഇത്തവണ സ്വന്തം നാട്ടിലാണ് ലോകകപ്പ്. അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പിന് വിരുന്നൊരുക്കുന്നത്. അതിൽ 1979 ൽ ഫൈനലിലെത്തിയതാണ് മികച്ച നേട്ടം. 
ഗെയിംചെയ്ഞ്ചർ: നിരവധി മികച്ച കളിക്കാരുണ്ട് ടീമിൽ. ഓപണർ ജോസ് ബട്‌ലറെയാണ് നല്ല തുടക്കത്തിനായി അവർ ഉറ്റുനോക്കുന്നത്. 117 റൺസിന്റെ സ്‌ട്രൈക്ക് റൈറ്റുണ്ട് ബട്‌ലർക്ക്. 

ഇന്ത്യ
ഇംഗ്ലണ്ടിനൊപ്പം കിരീടസാധ്യതയിൽ മുന്നിലുള്ള ടീമാണ് ഇന്ത്യ. ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും പരമ്പര ജയിച്ച ഇന്ത്യ തകർപ്പൻ ഫോമിലാണ് ലോകകപ്പിന് വരുന്നത്. 2018 ൽ ദക്ഷിണാഫ്രിക്കയിൽ 5-1 നും വെസ്റ്റിൻഡീസിൽ 3-1 നും പരമ്പര ജയിച്ചു. യു.എ.ഇയിൽ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായി. 1983 ൽ ഇംഗ്ലണ്ടിലെ ലോഡ്‌സിലാണ് ഇന്ത്യ ആദ്യമായി ലോകകപ്പുയർത്തിയത്. 
ഗെയിംചെയ്ഞ്ചർ: ബാറ്റിംഗിൽ വിരാട് കോഹ്‌ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷയെങ്കിൽ ബൗളിംഗിൽ കുൽദീപ് യാദവിന്റെ കൗശലമാണ് ടീം ആഗ്രഹിക്കുന്നത്. കഴിഞ്ഞ വർഷം 19 കളികളിൽ ഇരുപത്തിനാലുകാരൻ 45 വിക്കറ്റെടുത്തു. എന്നാൽ ഐ.പി.എല്ലിലെ തിരിച്ചടി കുൽദീപിനെ തളർത്തുമോയെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റിന് ആശങ്കയുണ്ട്. 

ന്യൂസിലാന്റ്
സെമി ഫൈനലിലെ പതിവുകാരാണ് ന്യൂസിലാന്റ്. ഇതുവരെ കിരീടം നേടിയിട്ടില്ല. ആറു തവണ സെമിയിലെത്തി, 2015 ൽ ഫൈനൽ കളിച്ചു. പക്ഷെ ഫൈനലിൽ ഓസീസിനോട് ദയനീയ പരാജയം ഏറ്റുവാങ്ങി. ബ്രൻഡൻ മക്കല്ലത്തിനു പകരം കെയ്ൻ വില്യംസൻ ക്യാപ്റ്റനായി വന്നുവെങ്കിലും 2015 ലെ ടീം ഏതാണ്ട് അതുപോലെ നിലവിലുണ്ട്. ഇന്ത്യയോട് 1-4 ന് ഹോം പരമ്പര തോറ്റതാണ് സമീപകാലത്തെ ഏക തിരിച്ചടി.
ഗെയിംചെയ്ഞ്ചർ: നിരന്തരം 150 കി.മീ വേഗത്തിൽ എറിയാനാവുന്ന ലോക്കി ഫെർഗൂസൻ ന്യൂസിലാന്റ് ആക്രമണത്തിലെ കുന്തമുനയായിരിക്കും. ലോക്കിയുടെ ബൗൺസറുകളും യോർക്കറുകളും നേരിടാൻ ബാറ്റ്‌സ്മാന്മാർ ബുദ്ധിമുട്ടും. 

പാക്കിസ്ഥാൻ 
പ്രവചാതീതമാണ് പാക്കിസ്ഥാൻ. രണ്ടു വർഷം മുമ്പ് ചാമ്പ്യൻസ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ അവരെ തരിപ്പണമാക്കി. 
എന്നാൽ ഫൈനലിൽ അവർ 180 റൺസിന് ഇന്ത്യയെ തകർത്തു. സർഫറാസ് അഹ്മദ് നയിക്കുന്ന ടീമിൽ ഉസ്മാൻ ഷിൻവാരി, ഹസൻഅലി തുടങ്ങിയ പ്രതിഭകൾ ഏറെയുണ്ട്. ബാറ്റിംഗാണ് അവരുടെ ദൗർബല്യം. അപ്രതീക്ഷിതമായി 1992 ൽ കിരീടം നേടിയ ചരിത്രമുണ്ട് പാക്കിസ്ഥാന്. 
ഗെയിംചെയ്ഞ്ചർ: ഇരുപത്തിനാലുകാരനായ ബാബർ അസം പാക്കിസ്ഥാന്റെ വിരാട് കോഹ്‌ലിയാണ്. അമ്പതിനു മുകളിൽ ബാറ്റിംഗ് ശരാശരിയുണ്ട് ബാബറിന്. എട്ട് സെഞ്ചുറികൾക്കുടമയാണ്. 

ദക്ഷിണാഫ്രിക്ക
1992 ൽ വിചിത്രമായ മഴനിയമം സെമി ഫൈനലിൽ അവരുടെ അന്തകനായ ശേഷം ലോകകപ്പിൽ തിരിച്ചടികളുടെ പരമ്പരകൾ നേരിട്ട ടീമാണ് ദക്ഷിണാഫ്രിക്ക. 2015 ൽ ക്വാർട്ടർ ഫൈനലിൽ ജയിച്ചതൊഴിച്ചാൽ നോക്കൗട്ട് മത്സരങ്ങളിൽ അവർക്ക് നിരന്തരം അടിതെറ്റി. നാലു തവണ സെമിഫൈനലിൽ തോറ്റു. രണ്ട് ക്വാർട്ടർ ഫൈനലിലും. വലിയ പ്രതീക്ഷകളില്ലാതെയാണ് ഇത്തവണ ലോകകപ്പിനൊരുങ്ങുന്നത്. എബി ഡിവിലിയേഴ്‌സ് വിരമിച്ചത് അവർക്ക് ക്ഷീണമാണ്. 
ഗെയിംചെയ്ഞ്ചർ: ഒന്നാന്തരം ഫീൽഡറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമാണ് ഡേവിഡ് മില്ലർ. പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ മാൻ ഓഫ് ദ സീരീസായിരുന്നു. ഹെവിവെയ്റ്റ് ബോക്‌സറുടെ ശരീരഭാരമുള്ള ഇരുപത്തിരണ്ടുകാരനായ പെയ്‌സ്ബൗളർ ലുൻഗി എൻഗിഡിയും ശ്രദ്ധിക്കപ്പെടും. 

ശ്രീലങ്ക
ഒത്തുകളി ആരോപണങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് ശ്രീലങ്ക. ഈയിടെ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതാണ് അവർക്ക് സന്തോഷിക്കാനുള്ള ഏക വക. 2015 ലെ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോട് ക്വാർട്ടറിൽ തകരുകയായിരുന്നു. 2017 ൽ സിംബാബ്‌വെ ടീം പോലും അവരെ പരമ്പരയിൽ തോൽപിച്ചു. പ്രമുഖ കളിക്കാരില്ലാതെയാണ് അവർ ലോകകപ്പിന് വരുന്നത്. 
ഗെയിംചെയ്ഞ്ചർ: കാലം കഴിഞ്ഞുവെന്നു കരുതിയ ലസിത് മലിംഗ ഐ.പി.എല്ലിൽ ഉയിർത്തെഴുന്നേറ്റത് ശ്രീലങ്കക്ക് പ്രതീക്ഷ  നൽകും. ന്യൂസിലാന്റിനെതിരായ പരമ്പരയിൽ ഏഴു വിക്കറ്റെടുത്തിരുന്നു. 213 മത്സരങ്ങളുടെ പരിചയസമ്പത്തുണ്ട്. 

വെസ്റ്റിൻഡീസ്
1975 ലെയും 1979 ലെയും ആദ്യ രണ്ട് ലോകകപ്പുകളിൽ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് ദീർഘകാലത്തെ തകർച്ചക്കു ശേഷം തിരിച്ചുവരവിന്റെ പാതയിലാണ്. 2011 ലും 2015 ലും ക്വാർട്ടർ ഫൈനലിൽ പുറത്തായ അവർ ഇത്തവണ യോഗ്യതാ റൗണ്ടിലൂടെയാണ് വരുന്നത്. 2018 ൽ ബംഗ്ലാദേശിനോട് കരീബിയയിലും ബംഗ്ലാദേശിലും പരമ്പര തോറ്റു. 2017 ൽ 22 ഏകദിനങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ജയിച്ചത്. എന്നാൽ സമീപകാല ഫോം പ്രതീക്ഷ നൽകുന്നു. 
ഗെയിംചെയ്ഞ്ചർ: നാൽപത് കടന്ന ക്രിസ് ഗയ്‌ലിലാണ് ഇത്തവണ പ്രതീക്ഷ. ഇരുപത്തിരണ്ടുകാരൻ ഷിംറോൻ ഹെത്മയറാണ് പുതുതലമുറയിലെ ഹീറോ. ബ്രയാൻ ലാറയോട് താരതമ്യം ചെയ്യപ്പെടുന്ന ഇരുപത്തിരണ്ടുകാരൻ 20 ഏകദിനങ്ങളിൽ മൂന്ന് സെഞ്ചുറിയടിച്ചു കഴിഞ്ഞു. 2016 ലെ അണ്ടർ-19 ലോകകപ്പിൽ വിൻഡീസിനെ കിരീടത്തിലേക്ക നയിച്ചിട്ടുണ്ട് ഹെത്മയർ. ആന്ദ്രെ റസ്സൽ ഐ.പി.എല്ലിൽ ഉജ്വല ഫോമിലായിരുന്നു. 

Latest News