Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്ച, ചരിത്ര നാടകത്തിന് പുനരാവിഷ്‌കാരം

കേരളീയ നവോത്ഥാന ചരിത്രത്തിൽ ഒരു തീപ്പന്തം പോലെ ജ്വലിച്ചുനിന്ന സമൂഹിക പരിഷ്‌കർത്തായ വി.ടി.ഭട്ടതിരിപ്പാടിന്റെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' നാടകം പ്രവാസി അരങ്ങത്ത് പുതിയ കാലത്തിന്റെ സ്ത്രീവിമോചന സന്ദേശമുണർത്തി ശ്രദ്ധേയമാവുന്നു. ഒരു നൂറ്റാണ്ടു മുമ്പ് കേരളീയ സമൂഹത്തെ പിടിച്ചു കുലുക്കിയ ചരിത്ര നാടകം വർത്തമാനകാല സാമൂഹിക യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ വീണ്ടും പ്രസക്തമാവുകയാണ്. അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ ആഞ്ഞടിച്ച വി.ടിയുടെ വിഖ്യാത  നാടകം വീണ്ടും അരങ്ങിലെത്തിച്ചത് ജുബൈലിലെ പ്രവാസി കലാ സാംസ്‌കാരിക കൂട്ടായ്മയായ നവോദയ രംഗവേദിയാണ്. ജുബൈലിലെ ഉമ്മുൽഷെയ്ഖിൽ നാട്ടിലെ ഉത്സവപ്പറമ്പുകളെ ഓർമിപ്പിക്കുന്നരീതിയിൽ വിശാലമായ മൈതാനത്ത് കെട്ടിയുയർത്തിയവേദിയിലെആദ്യ നാടകാവതരണം പ്രവാസികളിൽ ആവേശവും ഗൃഹാതുരത്വ സ്മരണയുമുണർത്തി പുതിയൊരു അരങ്ങനുഭവമായി മാറി. സാമൂഹിക പുരോഗതിയെയും സ്ത്രീ മുന്നേറ്റങ്ങളെയും പിന്നോട്ടടിക്കുന്ന കറുത്ത ശക്തികൾക്കെതിരെ അരങ്ങിൽ ശക്തമായ പ്രതിരോധം തീർക്കാൻ വർത്തമാന കാലത്തും വി.ടിയുടെ നാടകത്തിന് കഴിയുമെന്ന തിരിച്ചറിവാണ് ജുബൈലിലെ നാടക പ്രവർത്തകരെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്.
ഈ ചരിത്ര ദൗത്യത്തിന് നേതൃത്വം നൽകിയത് നാടകത്തിന്റെ പുനരാവിഷ്‌കാരവും സംവിധാനവും നിർവഹിച്ച നടനും നാടക പ്രവർത്തകനുമായ കെ.പി.എ.സി അഷ്‌റഫാണ്. പ്രവാസ ജീവിതത്തിലും നാടക സ്വപ്‌നങ്ങൾ കൈവിടാത്ത സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘം നാടക കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ചരിത്ര നാടകം അരങ്ങിൽ വീണ്ടും യഥാർത്ഥ്യമായി. മലയാള നാടക വേദിയിൽ ആദ്യമായി സ്ത്രീ വിമോചനത്തിന്റെ ഇടിമുഴക്കം തീർത്ത നാടകം പ്രവാസി അരങ്ങിലും പുതിയ കാലത്തെ സ്ത്രീത്വത്തിന്റെ നേർക്കാഴ്ചയായി മാറി. 


അർഥശൂന്യമായ ജാത്യാചാരങ്ങളെ സ്വന്തം ജീവിതം കൊണ്ട് വെല്ലുവിളിച്ച വിപ്ലവകാരിയായ വി.ടി ഈ നാടകത്തിലൂടെ മലയാള നാടക അരങ്ങത്ത് സമൂഹിക മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തി. മനുഷ്യ മനസ്സുകളിൽ ഇരുൾ പടർത്തിക്കൊണ്ട് സ്ത്രീകളെ അടുക്കളയിലും അകത്തളങ്ങളിലും തളച്ചിടുന്ന സമുദായാചാരങ്ങൾക്കെതിരെ വി.ടി അരങ്ങത്ത് കലാപം സൃഷ്ടിച്ചു. കമ്യൂണിസ്റ്റ് ആചാര്യനായ ഇ.എം.എസ്. നമ്പൂതിർപ്പാടിന്റെ അമ്മയുടെ ഇല്ലമായ തൃശൂരിലെ എടക്കുന്നി വടക്കിനിയേടത്ത് മനയിൽ 1929 ഡിസംബർ 24 ന് യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ചായിരുന്നു നാടകത്തിന്റെ ആദ്യ അരങ്ങേറ്റം. മഹാനടനായ ഭരത് പ്രേംജിയും വി.ടിയും ഇ.എം.എസുമടക്കമുള്ള പ്രമുഖരാണ് അന്ന് നാടകത്തിൽ വേഷമിട്ടത്. സി.കെ.രാജയായിരുന്നു നാടകത്തിന്റെ സംവിധാനം നിർവഹിച്ചത്. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളെ തുറന്നുകാട്ടിയ ആ നാടകം കേരളീയ സമൂഹിക വിപ്ലവ ചരിത്രത്തിലെ ജ്വലിക്കുന്ന ഒരധ്യായത്തിനാണ് നാന്ദി കുറിച്ചത്.  
പ്രവാസികളുടെ ദൈർഘമേറിയ ജോലിക്കും തൊഴിൽപരമായ അസൗകര്യങ്ങൾക്കുമിടയിൽ നാടക പരിശീലനം ഏറെക്കുറെ അസാധ്യമാണ.് നാടകാവതരണത്തിനും രംഗാവിഷ്‌കരണത്തിനും നിയമപരമായ പല വിലക്കുകളും ഇവിടെയുണ്ട്. 
90 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട നാടകം പുനരവതരിപ്പിക്കുമ്പോൾ പ്രവാസി സമൂഹം അത് എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു.  നാടകത്തോടുള്ള അഭിനിവേശവും സാമൂഹിക പ്രതിബദ്ധതയുമാണ് അതെല്ലാം അതിജീവിച്ചുകൊണ്ട് പ്രവാസ ലോകത്തും നാടകത്തിന്റെ അരങ്ങുയർത്താൻ ഈ കലാകാരന്മാരെ  പ്രേരിപ്പിച്ചത്. കാലത്തെയും സമൂഹത്തെയും മാറ്റിമറിച്ച വി.ടിയുടെ നാടകത്തിന്റെ പുനരാവിഷ്‌കാരത്തിന് പ്രവാസ ലോകത്ത് ലഭിച്ച ആവേശകരമായ പ്രതികരണങ്ങൾ അദ്ഭുതപ്പെടുത്തുന്നതാണെന്ന് നാടക സംവിധായകൻ കെ.പി.എ.സി അഷ്‌റഫ് പറയുന്നു.
അരങ്ങത്ത് ഒട്ടേറെ പുതുമകളോടെ സ്വതന്ത്രാവിഷ്‌കാരമായാണ് നാടകം വീണ്ടും അവതരിപ്പിച്ചത്. 26 കഥാപാത്രങ്ങളും പതിനാറു രംഗങ്ങളുമുള്ള മൂലനാടകം ആറു മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു. പതിനേഴ് കഥാപാത്രങ്ങളുൾപ്പെടുത്തി അവതരണ സമയം രണ്ടര മണിക്കൂറായി ചുരുക്കിയാണ് നാടകത്തിന്റെ  സ്വതന്ത്രാവിഷ്‌കാരം നടത്തിയത്. 
നാടകത്തിന്റെ അന്തഃസത്ത ഒട്ടും ചോർന്നുപോകാതെ ഇന്നിന്റെ സ്ത്രീ പ്രശ്‌നങ്ങളോട് ശക്തമായി പ്രതികരിക്കുന്ന വിധത്തിലാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.വി.ടിയുടെ നാടകമുയർത്തിയ അലയൊലികളിൽ നിന്നാണ് കേരളത്തിൽ നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാ വിവാഹം നടക്കുന്നത്. വി.ടിയുടെ ഭാര്യാസഹോദരി ഉമാ അന്തർജനത്തെ പ്രേംജിയുടെ സഹോദരൻ എം.ആർ.ബി വിവാഹം ചെയ്തതായിരുന്നു അത്. വി.ടിയുടെ ജീവിതത്തിലെ ആ ചരിത്ര സംഭവം കൂടി നാടകത്തിൽ ഉൾപ്പെടുത്തിയത് പുനരാവിഷ്‌കാരത്തിന് ശക്തി പകർന്നു. 
അന്ധവിശ്വാസങ്ങൾ വലിച്ചെറിഞ്ഞ് ഉന്നത വിദ്യാഭ്യാസം നേടിയ പുരോഗമനവാദിയായ മാധവനും അയാളെ പ്രണയിക്കുന്ന ബാല്യകാല സഖിയായ ദേവകിയുമാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ. കുടുംബത്തിലെ മൂത്ത നമ്പൂതിരിക്ക് മാത്രം വിവാഹം വിധിക്കുകയും നാലും അഞ്ചും വിവാഹം കഴിച്ച വൃദ്ധരായവർക്ക് കന്യകമാരെ വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്യുന്ന സമുദായാചാരങ്ങൾ ഇവരുടെ പ്രണയത്തിലും കരിനിഴൽ വീഴ്ത്തി. യാഥാസ്ഥിതികനായ വിളയൂർ അപ്ഫൻ നമ്പൂതിരി മകൾ ദേവകിയെ നാലു വട്ടം വേളി കഴിച്ച വൃദ്ധനായ കർക്കടകാംകുന്നത്ത് നമ്പൂതിരിക്ക് വിവാഹം കഴിച്ചുകൊടുക്കാൻ ശ്രമിക്കുന്നു. വിവരം അറിഞ്ഞ ദേവകിയുടെ സഹോദരൻ കുഞ്ചുവും സുഹൃത്തുക്കളും ചേർന്ന് വൃദ്ധനുമായുള്ള വിവാഹം തടയുകയും കോടതിയിൽ നിന്ന് അനുകൂല വിധി നേടുകയും ചെയ്യുന്നു. തൊഴിൽ തേടി മദിരാശിയിലേക്ക് പോയ മാധവൻ നാട്ടിൽ തിരിച്ചെത്തി ദേവകിയെ വിവാഹം കഴിക്കുന്നു. അവളുടെ മുഖപടത്തെ മാധവൻ ചീന്തിയെറിയുന്നതോടെ നാടകത്തിന് തിരശ്ശീല വീഴുന്നു. 
മാധവനും ദേവകിയും അപ്ഫൻ നമ്പൂതിരിയും കുഞ്ചുവും ദേവകിയെ വിവാഹം കഴിക്കാനെത്തുന്ന വിരൂപാക്ഷൻ നമ്പൂതിരിയും ഉഴിത്രനും ഓതിക്കനും മുത്തശ്ശിയും ഇട്ടങ്ങേലിയുമെല്ലാം  അരങ്ങത്ത് വീണ്ടും പ്രേക്ഷക മനസ്സുകളെ ഇളക്കിമറിച്ചു. നാടകത്തിൽ മാധവനായി കണ്ണൂർ മുരളിയും ദേവകിയായി അർച്ചനയും അപ്ഫൻ നമ്പൂതിരിയായി അനിൽ മാലൂരും ഓതിക്കനായി ജയകുമാറും കർക്കടകാംകുന്നത്ത് നമ്പൂതിരിയായി ഉണ്ണി ആദിനാടുംമികച്ച അഭിനയം കാഴ്ചവെച്ചു. 
ധന്യ അനിൽ, അനിത സുരേഷ്, നീതു അനുമോദ്, ഡോ. നവ്യ വിനോദ്, അനിത സുരേഷ് എന്നി പ്രവാസി വനിതകൾ അവതരിപ്പിച്ച സ്ത്രീ കഥാപത്രങ്ങളും അഭിനയ മികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ജയൻ തച്ചമ്പാറ, തങ്കു നവോദയ, അരുൺ, സുരേഷ് കുമാർ, വിനീത്, രവികുമാർ, രാധാകൃഷ്ണൻ, അഞ്ജന അരുൺ, ശുഭ വിനീത് എന്നിവരാണ് മറ്റു അഭിനേതാക്കൾ. കെ.രാഘവൻ മാഷ് സംഗീതം നൽകിയ കെ.കേശവൻ പോറ്റിയുടെ ഗാനങ്ങളും പ്രേംജിയുടെ കവിതയുമാണ് നാടകത്തിൽ ചേർത്തിട്ടുള്ളത്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വി.ടി. മുരളിയും രമയുമാണ്. 
പശ്ചാത്തല സംഗീതം സച്ചിനും നൃത്ത സംവിധാനം ശ്രീഹന വിനോദും നിർവഹിച്ചു. നാടകത്തിന്റെ ശബ്ദവെളിച്ച വിന്യാസവും പശ്ചാത്തല സംഗീതവും സാങ്കേതിയ തികവു പുലർത്തി. സിജോ പീറ്റർ ദീപ പ്രസരണവും സാങ്കേതിക സഹായം പ്രകാശൻ, രശ്മി മുരളി എന്നിവരുമാണ് നിർവഹിച്ചത്.

Latest News