Sorry, you need to enable JavaScript to visit this website.

'ഇല്ലാ നിങ്ങൾ മരിച്ചിട്ടില്ല,  ജീവിക്കുന്നു ഞങ്ങളിലൂടെ' 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരാണസി എത്ര മാത്രം മാറിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ എപ്പിസോഡ്. മൂന്ന് ലക്ഷത്തിലേറെ മുസ്‌ലിം വോട്ടർമാരുള്ള മണ്ഡലമാണിത്. സുന്നി അൻസാരി വിഭാഗക്കാരാണ് ഏറെയും. തമിഴ്‌നാട്ടിലെ കാഞ്ചീപുരമെന്ന പോലെ പ്രശസ്തമാണ് യു.പിയിലെ ഈ നഗരം. പട്ടുതുണികളാണ് ബനാറസിന് പണ്ടേ പ്രസിദ്ധി നേടിക്കൊടുത്തത്. കഴിഞ്ഞ തവണ ആദ്യമായി മത്സരിക്കാനെത്തിയപ്പോൾ മോഡി ഈ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് വാക്ക് നൽകിയിരുന്നു. അക്കാലത്ത് പ്രധാന വെല്ലുവിളി ചൈനയിൽ നിന്നെത്തുന്ന ചീപ്പ് അനുകരണങ്ങളായിരുന്നു. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലെന്ന പോലെ നോട്ട് ബന്ദി ഈ നഗരത്തിന്റെ വ്യാപാര രംഗത്തെയും ക്ഷയിപ്പിച്ചുവെന്ന് സ്ഥലവാസികൾ മലയാളത്തിലെ ആദ്യ സ്വകാര്യ ദൃശ്യ മാധ്യമത്തോട് പറയുന്നുണ്ട്. തീർഥാടനം വികസിപ്പിക്കാൻ നടപ്പാക്കുന്ന കോറിഡോറിനായി പഴയ കെട്ടിടങ്ങൾ ഇടിച്ചു മാറ്റുകയാണ്. ഇതിലടങ്ങിയ ഗൂഢ നീക്കങ്ങളെ കുറിച്ചാണ് മലയാളി മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ എടുത്തു പറഞ്ഞത്.  
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി വരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. എൻഡിഎയുടെ ശക്തിപ്രകടനം എന്ന നിലയിൽ വൻ ജനാവലിയും നേതാക്കളുമായാണ് മോഡി പത്രികാ സമർപ്പണത്തിന് എത്തിയത്. വെള്ളിയാഴ്ച റിപ്പബ്ലിക് ചാനൽ ഇത് പ്രൈം ടൈമിൽ ചർച്ച ചെയ്യുകയും ചെയ്തു. മോഡിയുടെ റാലിക്ക് പണം നൽകി ആളെ എത്തിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമമായ ജനതാകാ റിപ്പോർട്ടറിൽ വാർത്തയുണ്ടായിരുന്നു. പത്രികാ സമർപ്പണത്തിന് മുൻപ് ആറ് കി.മീ റോഡ് ഷോ നടത്തിയാണ് മോഡി വരാണസിയിൽ എത്തിയത്. 
റാലിയിലെ ജനാവലിയെ ചൂണ്ടിക്കാട്ടി മോഡി പ്രഭാവത്തിന് ഒട്ടും  മങ്ങലേറ്റില്ലെന്നതിന്റെ  സൂചനയാണിതെന്ന് പ്രൈം ടൈം ചർച്ചയിൽ അർണബ് ഗോസ്വാമി വാതോരാതെ പ്രസംഗിച്ചു. മോഡിയെന്ന നേതാവിനെ കവച്ചു വെയ്ക്കാൻ ഇന്ന് ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ നേതാവിനും സാധിക്കില്ലെന്ന് അർണബ് പറഞ്ഞു. വരാണസിയിൽ നിന്നുള്ള പ്രിയങ്കയുടെ പിൻമാറ്റത്തേയും അർണബ് പരിഹസിച്ചു. വരാണസിയിലെ റാലി കണ്ട് എങ്ങനെ മോഡി പ്രഭാവം ഇല്ലെന്ന് പറയാൻ ആകുമെന്നും അർണബ് ചോദിച്ചു. ചർച്ചയിൽ പങ്കെടുത്ത പലരും അർണബിന്റെ വാദത്തെ എതിർത്ത് രംഗത്തെത്തി. റാലിയിൽ പങ്കെടുത്തത് യഥാർത്ഥ പ്രവർത്തകരല്ലെന്നും പണം നൽകി എത്തിച്ചവരാണെന്നും ചിലർ വാദിച്ചെങ്കിലും അർണബ് അംഗീകരിച്ചില്ല. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലിഗ്രാഫ് പത്രം മോഡിയുടെ പരിപാടിയിലെ ആൾക്കൂട്ടത്തെ കുറിച്ചുള്ള യഥാർത്ഥ റിപ്പോർട്ട് പുറത്തു വിട്ടു. ആയിരത്തോളം രൂപ നൽകിയാണ് റാലിക്കെത്തിച്ചതെന്ന് പങ്കെടുത്തവർ തന്നെ മാധ്യമത്തോട് വെളിപ്പെടുത്തി. വരാണസിയിൽ മോഡി 1.27 കോടി റോഡ് ഷോയ്ക്ക് ഉപയോഗിച്ചെന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്.
*** *** ***
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വീണ്ടും വാർത്തകളിൽ. അധികാരത്തിൽ 27 മാസം പിന്നിടുമ്പോൾ 10,000 നുണകൾ പറഞ്ഞതായാണ്  വാഷിങ്ടൺ പോസ്റ്റിന്റെ കണ്ടെത്തൽ. അമേരിക്കൻ ജനതയെ മൊത്തം നാണക്കേടിലാക്കുന്ന കണ്ടെത്തലാണ് യു.എസ് പത്രം നടത്തിയത്. പത്രത്തിന്റെ വസ്തുതാ പരിശോധനാ വിഭാഗമാണ്  പ്രസിഡന്റ് തെറ്റിദ്ധാരണാജനകമോ തെറ്റായതോ ആയ 10,000 പ്രസ്താവനകൾ നടത്തിയതിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ശരാശരി ദിവസം എട്ട് തെറ്റായ വാദങ്ങൾ വീതമായിരുന്നെങ്കിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ദിവസം ശരാശരി 23 കള്ളങ്ങൾ ട്രംപ് പറഞ്ഞ് ഫലിപ്പിക്കുമായിരുന്നത്രേ.  ഇത്ര കൃത്യമായി ട്രംപിന്റെ നുണകളുടെ കണക്കെടുത്തത് ട്രംപിന്റെ തന്നെ പ്രസ്താവനകളുടെ സത്യാവസ്ഥ പരിശോധിക്കാനുള്ള വാഷിങ്ടൺ പോസ്റ്റിന്റെ ഡാറ്റാബേസിലെ ഫാക്ട് ചെക്കറിൽ നിന്നാണ്. ഫോക്‌സ് ന്യൂസിലെ സീൻ ഹാനിറ്റി ട്രംപുമായി നടത്തിയ അഭിമുഖം നുണകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നുവെന്നാണ് വാഷിങ്ടൺ പോസ്റ്റ് പറയുന്നത്.
*** *** ***
ലെയ്‌സ് കഴിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? ജീവൻ നിലനിർത്താൻ അത്യാവശ്യമുള്ള വസ്തുവൊന്നുമല്ല ഇത്. ഇത് ബഹിഷ്‌കരിച്ചാൽ കമ്പനി കുത്തുപാളയെടുക്കും. ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരായ കേസ് പെപ്‌സികോ പിൻവലിച്ചത് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളിൽ വാർത്തയായി.  സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് കേസ് പിൻവലിക്കുകയാണെന്ന് പെപ്‌സികോ വക്താവ് അറിയിച്ചു. പേറ്റൻറ് ലംഘിച്ച് 'ലെയ്‌സ്' നിർമിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് നാല് കർഷകർക്കെതിരെ പെപ്‌സികോ നിയമ നടപടി സ്വീകരിച്ചത്. സബർകന്ദ, ആരവല്ലി ജില്ലകളിലെ കർഷകർക്കെതിരെയാണ് പ്രത്യേക ഇനത്തിൽ പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന്റെ പേരിൽ പെപ്‌സികോ കേസ് കൊടുത്തത്. 1.05 കോടി രൂപ ഓരോ കർഷകരും നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ലെയ്‌സ് എന്ന പൊട്ടറ്റോ ചിപ്‌സ് നിർമിക്കുന്നതിന് തങ്ങൾക്ക് മാത്രം ഉൽപാദന അവകാശമുള്ള ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്നതായിരുന്നു കമ്പനിയുടെ ആരോപണം.
നടപടി വിവാദമായതോടെ ഉപാധികളോടെ കേസ് പിൻവലിക്കാൻ തയാറാണെന്ന് പെപ്‌സികോ അറിയിച്ചിരുന്നു. കർഷകർ ഈ ഉരുളക്കിഴങ്ങ് കൃഷി ചെയ്യില്ലെന്ന് ഉറപ്പു നൽകണമെന്നതായിരുന്നു ഉപാധി. എന്നാൽ കർഷകർ ഇതിനും വഴങ്ങിയില്ല. കർഷകർക്കെതിരെ കേസ് കൊടുത്തതിനെ തുടർന്ന് പെപ്‌സികോ കമ്പനിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ലെയ്‌സും പെപ്‌സികോയുടെ മറ്റ് ഉൽപന്നങ്ങളും ബഹിഷ്‌കരിക്കാൻ സാമൂഹ്യ മാധ്യമങ്ങളിൽ കാമ്പയിൻ നടന്നു. തുടർന്നാണ് കേസ് പിൻവലിക്കാൻ പെപ്‌സികോ തയാറായത്.
*** *** ***
ഫിലിപ്പൈൻസിലെ ഇലോയിലോ നഗരത്തിലെ ഒരു ഹോട്ടൽ ദമ്പതികൾക്ക് റൂം നൽകുന്നതിന് കർശന നിബന്ധനകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇഫ്രാതാഹ് ഫാമ്‌സ്' എന്ന ഹോട്ടൽ പുറത്തുവിട്ട നിബന്ധനകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പ്രധാന നിബന്ധനകൾ ഇങ്ങനെ: 1 വിവാഹിതരായ ദമ്പതികൾക്ക് മാത്രമേ റൂ നൽകൂ. 2. റൂം ബുക്ക് ചെയ്യുന്നതിനായി വരുമ്പോൾ വിവാഹിതരാണെന്ന് തെളിയിക്കുന്ന ഐ.ഡി കാർഡുകളോ വിവാഹ മോതിരമോ കാണിക്കണം.
ഹോട്ടലിന്റെ ഫേസ്ബുക്ക് പേജിൽ നിബന്ധനകളുടെ ചാർട്ട് അടങ്ങുന്ന ചിത്രവും ഇവർ നൽകിയിട്ടുണ്ട്. ആറു വർഷമായി ഈ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് റൂം നൽകുന്നതെന്നും ബുക്കിംഗിനായി വരുന്നവർ യഥാർത്ഥ ദമ്പതികളാണെന്ന് ഉറപ്പു വരുത്തുന്നുണ്ടെന്നും ഇവർ പറയുന്നു-'വിവാഹത്തിന്റെ പവിത്രതയിൽ ഞങ്ങൾ വിശ്വസിക്കുന്നു. വിവാഹിതർ തമ്മിലേ ലൈംഗിക ബന്ധം പാടുള്ളൂവെന്നും ഞങ്ങൾ വിശ്വസിക്കുന്നു. വിവാഹേതര ബന്ധങ്ങൾക്കും അൽപ നേരത്തെ ഉല്ലാസത്തിനവുമായി റൂം തേടിയെത്തുന്നവർക്ക് അത് നൽകാത്തത് അതുകൊണ്ടാണ്' ഹോട്ടൽ അധികൃതർ വിശദീകരിക്കുന്നു. 
*** *** ***
തെരഞ്ഞെടുപ്പുകളുടെ ചരിത്രം മുതൽ കള്ളവോട്ടുകളും തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞത് കാനേട്ടനാണ്. ശരിയായിരിക്കുമത്. കേരളത്തിന്റെ വടക്കുള്ള മൂന്ന് പാർലമെന്റ് മണ്ഡലങ്ങളായ കാസർകോട്, കണ്ണൂർ, വടകര എന്നീ കേന്ദ്രങ്ങൾ ഈ പരിപാടിയുടെ ഈറ്റില്ലങ്ങളാണ്. അത്യുത്തര കേരളത്തിൽ മരണപ്പെട്ടവർ വരെ ബൂത്തിലെത്തിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ കാണുന്നത്. ഇത്തവണ ഏപ്രിലിൽ വന്നതിനാൽ കർക്കടക വാവിന് വീണ്ടും വരാനാകില്ലെന്ന് ചിലർ അറിയിച്ചുവത്രേ. ഹൃദയവും വൃക്കയുമൊന്നും മറ്റൊരാൾക്ക് വേണ്ടി ചെയ്യാനാവില്ലെങ്കിൽ ഒരു വോട്ട് ചെയ്ത് സഹയിക്കുന്നതിലെന്തിത്ര തെറ്റെന്നാണ് ചോദ്യം. 
*** *** ***
അവതാരകയും ഗായികയുമായ റിമി ടോമിയെ അറിയാത്ത മലയാളികളുണ്ടാകില്ല. ചില ചാനലുകളിലെ  സ്റ്റേജ് പ്രോഗ്രാമുകളിൽ ചില വനിതാ ആങ്കർമാർ കൂവി നിലവിളിക്കുന്നത് കണ്ടിട്ടുണ്ട്. ആളുകൾ എപ്പോൾ ഓടി രക്ഷപ്പെട്ടുവെന്ന് ചോദിച്ചാൽ മതി, ഇത്തരക്കാരുടെ അനൗൺസ്‌മെന്റ് കേട്ടാൽ. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തയാണ് റിമി ടോമി. ഏത് പരിപാടിയിലായാലും പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്ന മിടുക്കി. പതിനൊന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ റിമി ടോമിയും ഭർത്താവ് റോയിസും വേർപിരിയാൻ ഒരുങ്ങുകയാണെന്ന   ഓൺലൈൻ വാർത്ത സത്യമാവരുതെന്ന് ആഗ്രഹിക്കാം. ഗായികയായ ടെലിവിഷൻ അവതാരക എന്ന് നിലയിലാണ് റിമി കൂടുതൽ പ്രശസ്തയായത്. 
*** *** ***
എം.ഇ.എസ് സ്ഥാപനങ്ങളിലെ ഡ്രസ് കോഡിൽ മുഖാവരണം ധരിച്ച് വരരുതെന്ന് നിർദേശമുണ്ട്. ലെഗിൻസ് ഇട്ടും ഇവരുടെ കോളേജുകളിൽ പോകാൻ പറ്റില്ല. റിപ്പോർട്ടർ, ഏഷ്യാനെറ്റ്, കൈരളി തുടങ്ങിയ ചാനലുകൾ ഇത് വ്യാഴാഴ്ച സായാഹ്ന സംവാദത്തിലുൾപ്പെടുത്തി. റിപ്പോർട്ടറിലെ അപർണാ സെൻ മുൻനിര അവതാരകരുടെ നിലവാരത്തിലേക്ക് ഉയരുന്നുണ്ട്. ആണധികാരത്തിന്റെ അഹന്തയുടെ പ്രതീകമല്ലേ എന്നിത്യാദി തകർപ്പൻ ചോദ്യങ്ങളാണ് അപർണ പാനലിസ്റ്റുകളോട് ഉന്നയിച്ചത്. 
തൊട്ടടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ കൈരളിയുടെ ഗുഡ് മോണിംഗ് ഗൾഫ് പ്രോഗ്രാമിന്റെ ആങ്കർ ഒരു സൈഡ് കീറിയ ബ്ലൗസാണ് ധരിച്ചിരുന്നത്. ഒറ്റ നോട്ടത്തിൽ എന്തെങ്കിലും കൊടുത്ത് സഹായിക്കാൻ തോന്നുന്ന ഈ കുട്ടി തന്റെ ഡ്രസിനെ അഭിനന്ദിച്ചവരെ പ്രത്യേകം പരിഗണിക്കുന്നുണ്ടായിരുന്നു. 
*** *** ***
ഉയരെ സിനിമ റിലീസായ ശേഷം മിക്ക ടി.വി ചാനലുകളിലും നടി പാർവതി തെരുവോത്തിന്റെ അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. റിപ്പോർട്ടർ ടിവിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പാർവതി അഭിമുഖം 25 പ്രാവശ്യത്തിലേറെ സംപ്രേഷണം ചെയ്തു. ലഡുവിന് മധുരം തന്നെ. എന്നു വെച്ച് ഊണിനും പ്രാതലിനും പകരം ഇത് കഴിക്കാൻ പറ്റുമോ? ഇക്കണോമിക്‌സിലെ ലോ ഓഫ് ഡിമിനിഷിംഗ് മാർജിനൽ യൂട്ടിലിറ്റിയൊന്നും റിപ്പോർട്ടർ പ്രേക്ഷകർക്ക് ബാധകമല്ലേ?  
 

Latest News