ഓർമകളുടെ കളിത്തട്ടിൽ

പ്രിയപ്പെട്ട ക്ലബ്ബ് സന്ദർശിക്കാൻ അപ്രതീക്ഷിതമായി കിട്ടിയ അവസരത്തെക്കുറിച്ച്....

ടി.വികൾ ക്രിക്കറ്റിനെ ജനപ്രിയമാക്കും മുമ്പ് ഞങ്ങളുടെ ഇഷ്ട ഗെയിം ഫുട്‌ബോളായിരുന്നു. കണ്ണൂരിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമൊക്കെയായി നടന്ന ഫെഡറേഷൻ കപ്പിന്റെയും നാഗ്ജി ടൂർണമെന്റിന്റെയും ജി.വി രാജാ ട്രോഫിയുടെയുമൊക്കെ ചിത്രത്തിൽ കൊത്തി വെച്ചതു പോലുള്ള വിവരണങ്ങളാണ് അന്നത്തെ മലയാള പത്രങ്ങൾ നൽകിയിരുന്നത്. അതു വഴി അന്നത്തെ കളിക്കാർ ഞങ്ങളുടെയൊക്കെ മനസ്സിൽ വീരപുരുഷന്മാരായി വാണു. പ്രത്യേകിച്ചും 1983 ൽ കണ്ണൂരിൽ നടന്ന ഫെഡറേഷൻ കപ്പ് മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്ന ഓർമയാണ്. 
ജംഷദ് നസീരി എന്ന കളിക്കാരൻ അവിസ്മരണീയമാക്കിയ ടൂർണമെന്റായിരുന്നു അത്. രണ്ടു തവണ അന്ന് ഫൈനൽ കളിക്കേണ്ടി വന്നു. ആദ്യ പാദത്തിൽ മുഹമ്മദൻ സ്‌പോർടിംഗും മോഹൻ ബഗാനും ഗോൾരഹിത സമനില പാലിച്ചു. രണ്ടാം പാദം മുഹമ്മദൻസ് മറുപടിയില്ലാത്ത രണ്ടു ഗോളിന് ജയിച്ചു. ഫെഡറേഷൻ കപ്പിൽ മുഹമ്മദൻസിന്റെ ആദ്യ കിരീടധാരണമായിരുന്നു അത്. ആ വർഷം നിരവധി ട്രോഫികൾ മുഹമ്മദൻസ് നേടി. 
മുഹമ്മദൻസ് എന്ന കൊൽക്കത്ത ക്ലബ് കണ്ണൂരുകാരുടെ മനസ്സിന്റെ ഒരു ഭാഗം എന്നെന്നേക്കുമായി കീഴടക്കിയത് ആ ടൂർണമെന്റിലൂടെയായിരുന്നു. മാത്രമല്ല മുഹമ്മദൻസും കണ്ണൂരും തമ്മിൽ ഇഴപിരിയാത്ത ബന്ധമുണ്ട്. അമ്പതുകളിൽ മുഹമ്മദൻസിന്റെ താരമായിരുന്ന എൻ.ടി. കരുണനാണ് കണ്ണൂരിന്റെ പ്രിയപ്പെട്ട ഫുട്‌ബോൾ അക്കാദമി ഫുട്‌ബോൾ ഫ്രന്റ് കോച്ചിംഗ് സെന്ററിന് രൂപം നൽകിയത്. പതിനേഴാം വയസ്സിൽ ഇന്ത്യൻ ഗോൾവല കാത്ത കണ്ണൂർക്കാരൻ സി. മുസ്തഫയും മുഹമ്മദൻസിന്റെ ജഴ്‌സിയിട്ടിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട കളിക്കാരായിരുന്ന പ്രേംനാഥ് ഫിലിപ്പും ദിനകർ പ്രേമപ്പയും യു. ഷറഫലിയും നജീബുമൊക്കെ മുഹമ്മദൻസിന്റെ കളിക്കാരായിരുന്നു. പ്രേംനാഥ് ഫിലിപ്പ് നായകനായിരിക്കെ മുഹമ്മദൻസ് രണ്ട് പ്രധാന ട്രോഫികൾ നേടിയിരുന്നു. ടി.കെ. ചാത്തുണ്ണിയും നജ്മുദ്ദീനും വിക്ടർ മഞ്ഞിലയുമൊക്കെ മുഹമ്മദൻസിൽ ചേരാനുള്ള അവസരം ഒഴിവാക്കിയതിൽ പലപ്പോഴും സങ്കടം പറഞ്ഞിട്ടുണ്ട്. കണ്ണൂർ സിറ്റിക്കാരുടെ അഭിമാനമായ രാഷ്ട്രീയ നേതാവ് ഇ. അഹമ്മദ് മുഹമ്മദൻസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റുമാരിലൊരാളായിരുന്നു.

വൈകാതെ എന്റെ കുടുംബത്തില്‍ നിന്ന് മുഹമ്മദന്‍സ് കളിക്കാരനുണ്ടായി. ഉമ്മയുടെ അടുത്ത ബന്ധു എം.സി റഷീദ് പ്രശസ്തമായ ആ കറുപ്പും വെളുപ്പും ജഴ്‌സിയണിഞ്ഞു. ഞങ്ങളുടെ പ്രദേശത്തുകാരനായ എല്‍.വി. മുസ്തഫയും മുഹമ്മദന്‍സിനു വേണ്ടി ബൂട്ടു കെട്ടി. 
ചരിത്ര സമ്പന്നമായ ക്ലബ്ബാണ് മുഹമ്മദൻസ്. 1891 ൽ സ്ഥാപിതമായ ഈ ക്ലബ്ബ് സമീപകാലം വരെ ഇന്ത്യൻ ഫുട്‌ബോളിലെ ഏറ്റവും അറിയപ്പെടുന്ന മൂന്നു ക്ലബ്ബുകളിലൊന്നായിരുന്നു. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും മുഹമ്മദൻസുമായുള്ള വൈരം ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും വാശിയേറിയതായിരുന്നു ഒരു കാലത്ത്. ബ്രിട്ടിഷ് ടീമുകൾ വാണിരുന്ന കൽക്കത്ത ഫുട്‌ബോൾ ലീഗിൽ കിരീടം നേടിയ ആദ്യ ഇന്ത്യൻ ക്ലബ്ബായിരുന്നു മുഹമ്മദൻസ്. 1938 വരെ കൊൽക്കത്ത പ്രീമിയർ ലീഗിൽ മുഹമ്മദൻസ് കുതിപ്പ് തുടർന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടിഷ് ടീമുകൾക്കെതിരായ വിജയങ്ങൾ മുഹമ്മദൻസിനെ സ്വാതന്ത്ര്യപ്രേമികളുടെ ഇഷ്ട ടീമാക്കി മാറ്റി. രാജ്യമെങ്ങും ക്ലബ്ബിന് ആരാധകരുണ്ടായി. ബ്രിട്ടിഷ് അധിനിവേശത്തിനെതിരായ ചെറുത്തുനിൽപിന്റെ പ്രതീകമായി അവർ. സൈനിക നേതൃത്വം സംഘടിപ്പിക്കുന്ന ഡ്യൂറന്റ് കപ്പ് ഫുട്‌ബോൾ ജയിച്ച ആദ്യ ഇന്ത്യൻ ക്ലബ്ബായിരുന്നു മുഹമ്മദൻസ് -1940 ൽ. സ്വാതന്ത്ര്യത്തിനു ശേഷം വിദേശ മണ്ണിൽ ഇന്ത്യക്ക് ആദ്യ വിജയം കൊണ്ടുവന്ന ക്ലബ്ബും മുഹമ്മദൻസ് തന്നെ. 1960 ൽ അവർ ബംഗ്ലാദേശിൽ ആഗാഖാൻ സ്വർണക്കപ്പ് ചാമ്പ്യന്മാരായി. 1934 മുതൽ 1942 വരെയുള്ള കാലഘട്ടമായിരുന്നു മുഹമ്മദൻസിന്റെ സുവർണകാലം.
1983 ലെ കണ്ണൂരിലെ വിജയത്തിനു ശേഷം വൈകാതെ മുഹമ്മദൻസിന്റെ ശുക്രദശ അവസാനിച്ചു. 
നീണ്ട വർഷങ്ങളിൽ അവർക്ക് ട്രോഫി വരൾച്ച നേരിട്ടു. 2013-14 ൽ ഡ്യൂറന്റ് കപ്പും ഐ.എഫ്.എ ഷീൽഡും നേടിയത് തിരിച്ചുവരവിന്റെ സൂചനയായി പലരും കരുതി. ആ വർഷം ഐ-ലീഗ് ഒന്നാം ഡിവിഷനിൽ മുഹമ്മദൻസ് സ്ഥാനം നേടി. പക്ഷെ ആ കുതിപ്പ് പെട്ടെന്ന് പൊലിഞ്ഞു. ഐ-ലീഗിൽ അവസാന സ്ഥാനത്തായിരുന്നു മുഹമ്മദൻസ്. അടുത്ത സീസണിൽ ക്ലബ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.
2016 ൽ കൊൽക്കത്തയിലെ ബിസിനസുകാരൻ ഗസലുസഫർ ഏറ്റെടുത്തതോടെ മുഹമ്മദൻസിന് വീണ്ടും പ്രതീക്ഷ മുളച്ചു. ആ വർഷം എട്ട് വർഷത്തെ ഇടവേളക്കു ശേഷം കൊൽക്കത്ത ഫുട്‌ബോൾ ലീഗിൽ മുഹമ്മദൻസ് റണ്ണേഴ്‌സ്അപ്പായി. 1980 നു ശേഷം ആദ്യമായി ഓൾ ഇന്ത്യ സിക്കിം ഗവർണേഴ്‌സ് കപ്പ് ചാമ്പ്യന്മാരായി. ഇന്ന് കൊൽക്കത്തയിലെ പ്രമുഖ ക്ലബ്ബുകളിലൊന്നാവാൻ പാടുപെടുകയാണ് മുഹമ്മദൻസ്. ഐ-ലീഗിൽ രണ്ടാം ഡിവിഷനിലാണ് ഈ പഴയപടക്കുതിരകൾ. ഓർമകളിലെ രോമാഞ്ചവും വേദനയുമാണ് മുഹമ്മദൻസ്. കൊൽക്കത്തയിൽ വ്യക്തിപരമായ സന്ദർശനത്തിനെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി മുഹമ്മദൻസ് ക്ലബ്ബ് കാണാനും ഭാരവാഹികളുമായി പരിചയപ്പെടാനും അവസരം ലഭിച്ചത്. ചരിത്രമുറങ്ങുന്ന മഹാനഗരമാണ് കൊൽക്കത്ത. അവിടത്തെ ഓരോ കെട്ടിടത്തിനുമുണ്ടാവും സമ്പന്നമായ ഭൂതകാലത്തിന്റെ ഐതിഹാസികമായ കഥകൾ. 
കൊൽക്കത്തയുടെ ചരിത്രസ്മാരകങ്ങളായ വിക്ടോറിയ സ്മാരകവും ഹൗറ പാലവുമൊക്കെ കണ്ടു കഴിഞ്ഞാണ് സുഹൃത്തിനൊപ്പം വിക്ടോറിയ മെമ്മോറിയലിന് എതിർവശത്തുള്ള മൈതാനിലെത്തിയത്. മൈതാനിന്റെ ഒരു ഭാഗത്താണ് പ്രശസ്തമായ ഈഡൻ ഗാർഡൻസ് കളിക്കളം. അവിടെ നിന്ന് അധികമൊന്നും ദൂരമില്ല മോഹൻ ബഗാൻ, മുഹമ്മദൻസ് ക്ലബ്ബുകളിലേക്ക്. 
ഞങ്ങൾ മുഹമ്മദൻസ് ക്ലബ്ബിലേക്ക് പ്രവേശിക്കുകയും ജീവനക്കാരിലൊരാളുമായി സംസാരിക്കുകയും ചെയ്തു. പ്രസിഡന്റ് മുഹമ്മദ് അമീനുദ്ദീനും മറ്റു ഭാരവാഹികളും അകത്തുണ്ടെന്ന് അദ്ദേഹമാണ് പറഞ്ഞത്. ടീം മാനേജർ ബിലാൽ അഹ്മദ് ഖാൻ എത്തി ഞങ്ങളെ സ്വീകരിച്ചു. ഞങ്ങളെ ക്ലബ്ബിന്റെ ആസ്ഥാനത്തേക്ക് ആനയിച്ചത് അദ്ദേഹമാണ്. അവിടെ ഇരുപതോളം വരുന്ന ക്ലബ്ബിന്റെ ഉന്നതാധികാര സമിതി ചർച്ചയിലായിരുന്നു. മിക്ക ദിവസങ്ങളിലും ഭാരവാഹികൾ ക്ലബ്ബിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇങ്ങനെ കൂടാറുണ്ട്. കേരളത്തിൽ നിന്ന് വരുന്ന മുഹമ്മദൻസിന്റെ ആരാധകരാണെന്ന് പറഞ്ഞപ്പോൾ അവർക്കൊക്കെ വലിയ കാര്യം. സ്‌നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചു. ആദ്യം മധുരം നൽകി. പിന്നീട് ക്ലബ്ബിന്റെ ഗ്രൗണ്ടിലേക്കും ഡ്രസ്സിംഗ് റൂമിലേക്കും മറ്റും ഞങ്ങളെ കൊണ്ടുപോയി. നൂറ്റാണ്ടിലേറെ നീണ്ട ചരിത്രത്തിൽ മുഹമ്മദൻസ് നേടിയ കപ്പുകളുടെ വലിയ ശേഖരം കാണിച്ചു തന്നു. 
എന്തുകൊണ്ടാണ് ക്ലബ് ഈ ദയനീയാവസ്ഥയിലേക്ക് പോയതെന്ന് ചോദിച്ചപ്പോൾ പ്രധാനമായും അവർ പറഞ്ഞത് സ്‌പോൺസർമാരുടെ അഭാവമാണ്. മുഹമ്മദൻസ് എന്ന പേര് സ്‌പോൺസർമാരെ കിട്ടുന്നതിന് വിഘാതമാവുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. എയ്ജ് ഗ്രൂപ്പ് കോച്ചിംഗ് അക്കാദമികളിലൂടെ ക്ലബ്ബിന്റെ പ്രവർത്തനം മെച്ചപ്പെടുകയാണെന്ന് അവർ വിശദീകരിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി മാറിയ ഒരു ക്ലബ് സ്‌പോൺസർമാരെ കിട്ടാൻ പ്രയാസപ്പെടുന്നത് വിലയ ദുരന്തം തന്നെയാണ്.
ക്ലബ്ബിന്റെ ഒഫിഷ്യൽ ജഴ്‌സി സമ്മാനിച്ച് ആദരിച്ചാണ് അവരെന്നെ യാത്രയാക്കിയത്. ബാല്യകാലം മുതൽ ഹൃദയത്തിലേറ്റിയ ക്ലബ്ബിൽ നിന്ന് ഇത്ര സ്‌നേഹപൂർണമായ സ്വീകരണം ലഭിച്ചത് ജീവതത്തിലൊരിക്കലും മറക്കാനാവില്ല.

Latest News