ജിദ്ദ- സൗദിയില്‍ ഫാമിലി വിസിറ്റ് വിസാ അപേക്ഷകള്‍ നിരാകരിക്കുന്നതായി പരാതികള്‍ വര്‍ധിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പേരാണ് മലയാളം ന്യൂസ് ഓഫീസുമായി ബന്ധപ്പെടുന്നത്. ചേംബര്‍ ഓഫ് കമേഴ്‌സില്‍നിന്ന് അറ്റസ്റ്റ് ചെയ്ത ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകളായതിനാല്‍ അപേക്ഷകര്‍ക്ക് സാമ്പത്തിക നഷ്ടവുമുണ്ട്.
നാട്ടില്‍ അവധിക്കാലമായതിനാല്‍ ധാരാളം പേര്‍ കുടുംബത്തെ വിസിറ്റ് വിസയില്‍ കൊണ്ടുവരുന്നുണ്ട്. ലെവി ഏര്‍പ്പെടുത്തിയ ശേഷം കുടുംബത്തെ നാട്ടില്‍ അയച്ചവര്‍ക്ക് വിസിറ്റ് വിസയുടെ ഫീ കുറച്ചത് വലിയ അനുഗ്രഹമാണ്. ധാരാളം മലയാളി കുടുംബങ്ങള്‍ ഈ അവധിക്കാലത്ത് നാട്ടില്‍നിന്ന് സൗദിയിലെ വിവിധ നഗരങ്ങളില്‍ എത്തിയിട്ടുണ്ട്. തിരക്കേറിയതോടെ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്തു കിട്ടാന്‍ ഈയിടെ കാലതാമസം നേരിട്ടിരുന്നു. അതിനു പെട്ടെന്നു തന്നെ പരിഹാരമാകുകയും സാധാരണ നിലയിലാവുകയും ചെയ്തു.
ഇപ്പോള്‍ വിസിറ്റ് വിസ ലഭിക്കുന്നില്ല എന്ന പരാതികള്‍ക്കടിസ്ഥാനം പ്രവാസികളുടെ മാതാപിതാക്കള്‍ക്കു വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി എന്നതാണ്. ഇത് എല്ലാ വര്‍ഷവും ഹജിനു മുന്നോടിയായി ചെയ്യാറുള്ളതാണ്. ശഅബാന്‍ 15 നുശേഷം മാതാപിതാക്കള്‍ക്ക് വിസ ഇഷ്യൂ ചെയ്യാറില്ല. ദുല്‍ഹിജ്ജ 15 നു ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കാനാണ് അപേക്ഷ നിരാകരിച്ചുകൊണ്ട് നിര്‍ദേശിക്കാറുള്ളത്. അതേസമയം, ഭാര്യക്കും മക്കള്‍ക്കും ഇപ്പോഴും വിസ അനുവദിക്കുന്നുണ്ട്. സ്റ്റാമ്പിംഗും പതിവുപോലെ നടക്കുന്നു.
വിസിറ്റ് വിസ നിരാകരിക്കുന്നതിനുള്ള മറ്റു കാരണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
1. ഇഖാമയുടെ കാലാവധിയാണ് ഫാമിലി വിസിറ്റ് വിസാ അപേക്ഷ നിരാകരിക്കാനുള്ള ഒരു പ്രധാന കാരണം. ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കുമ്പോള്‍ ചുരുങ്ങിയത് മൂന്നുമാസം ഇഖാമ കാലാവധി ഉണ്ടായിരിക്കണം.
2. രണ്ടാമത്തെ കാരണം ഇഖാമയിലെ ജോലിയാണ്. ഫാമിലി വിസിറ്റ് അനുവദിക്കുന്നതില്‍ ഇപ്പോള്‍ ഉദാര സമീപനമാണെങ്കിലും ഇഖാമയിലെ പ്രൊഫഷന്‍ പ്രധാനമാണ്. വിസ അനുവദിക്കാവുന്ന പ്രൊഫഷനുകളുടെ പട്ടികയില്‍ ഇല്ലാത്തവരുടെ അപേക്ഷ നിരാകരിക്കും.
3. പൂരിപ്പിച്ച അപേക്ഷകളിലെ പിശകുകളാണ് നിരാകരിക്കാനുള്ള മറ്റൊരു കാരണം. നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചുവേണം അപേക്ഷ പൂരിപ്പിക്കാന്‍. വെബ് സൈറ്റ് അറബിയിലാണെങ്കിലും ഇംഗ്ലീഷിലേക്ക് ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിച്ച് മാറ്റാം. പേരുകള്‍ ഇംഗ്ലീഷിലാണ് പൂരിപ്പിക്കേണ്ടത്.
4. മാതാപിതാക്കള്‍, ഇണയുടെ മാതാപിതാക്കള്‍, മക്കള്‍, ഇണ എന്നിവര്‍ക്കാണ് ഫാമിലി വിസിറ്റ് വിസ ലഭിക്കുക. ഇതില്‍ പെടാത്ത സഹോദരങ്ങള്‍ക്കും മറ്റും അപേക്ഷിച്ചാല്‍ നിരാകരിക്കുമെന്ന കാര്യം ഉറപ്പാണ്. ആരെങ്കിലും സഹോദരങ്ങളെ വിസിറ്റ് വിസയില്‍ കൊണ്ടുവന്നുവെന്ന് കേള്‍ക്കുന്നുണ്ടെങ്കില്‍ അത് ആരോഗ്യമന്ത്രാലയം പോലുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കു കീഴിലുള്ള ഉദ്യോഗസ്ഥരായിരിക്കാം.