Sorry, you need to enable JavaScript to visit this website.

ജസിന്തയുടെ പ്രതികാരം

ജനാധിപത്യത്തിന്റെ മഹോത്സവം അരങ്ങ് തകർക്കുകയാണല്ലോ. മോഡി പത്രിക നൽകുന്നതിന് മുമ്പ് നാട്ടിൽ ചെന്ന് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. എനിക്ക് വയ്യല്ലോ, നിന്റെ പാർട്ടിയും ചിഹ്നവും നോക്കി വോട്ട് രേഖപ്പെടുത്താനെന്ന് പറഞ്ഞുവത്രേ. ഉടനെയെത്തി ട്രോളന്മാരുടെ പ്രതികരണം. ഏതിലെങ്കിലും ചെയ്താൽ മതിയല്ലോ. അഞ്ച് കൊല്ലം ഭരിച്ച് ഒരു അഭിമുഖത്തിന് പോലും ഇരുന്ന് കൊടുത്തില്ലായെന്ന എതിരാളികളുടെ കാമ്പയിന് മറുപടി നൽകാൻ ഇതു തന്നെ തക്ക അവസരം. ഏതെങ്കിലും പത്രക്കാരനെ വിളിച്ച് ഏർപ്പാടാക്കിയാലോ എന്ന് ചിന്തിച്ചതാണ്. അപ്പോഴാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന സിണ്ടിക്കേറ്റ് സംവിധാനം തെളിഞ്ഞു വന്നത്. അത് വേണ്ട, വേലിക്കലിരിക്കുന്ന വയ്യാവേലി എന്തിന് താങ്ങണം? അപ്പോഴതാ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ നടക്കുന്ന ബോളിവുഡ് നടൻ ചൂളം വിളിച്ച് തെരുവിലൂടെ ഉലാത്തുന്നു. ഓൻ നല്ല മിടുക്കനാണ്. പണ്ട് 1990 ന്റെ പാതിയിൽ സിനിമാ മംഗളത്തിന്റെ ഗോസിപ്പ് കോളത്തിൽ പേര് വരുത്തിയ പ്രസിദ്ധനാണ്. മമതാ കുൽക്കർണിയെന്ന നടിക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ എന്തോ വിരുത് കാട്ടിയതിലൂടെയാണ് അന്നേ ചലച്ചിത്ര പ്രവർത്തകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് ഈ നടൻ. 
ഏഷ്യാനെറ്റ് ചാനലിൽ വരുന്ന ഒരു ഇന്നർ ഗാർമെന്റ് പരസ്യത്തിലെ സ്ഥിരം സാന്നിധ്യം. പരസ്യമിങ്ങനെ. ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അറൈവൽ ഹാൾ. യുവതിയായ കസ്റ്റംസ് ഓഫീസർ ഓരോ യാത്രക്കാരെയും സൂക്ഷ്മമായി പരിശോധിക്കുന്നു. ബോളിവുഡ് നടൻ അക്ഷയ കുമാരനതാ ഇറങ്ങി വരുന്നു. എന്താണ് കൊണ്ടുവന്നതെന്ന് ഓഫീസർ? ഒട്ടും കൂസാതെ ഡോളറെന്ന് മറുപടി. എന്നിട്ട് എവിടെയാണ് ഒളിച്ചുവെച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥ. കുമാരൻ അടിവസ്ത്രം തൊട്ടു കാണിച്ചതോടെ രണ്ടു പേർക്കും സന്തോഷം കൊണ്ടിരിക്കാൻ വയ്യാതായി. അതാണ് കുഞ്ഞിമ്മോൻ. അഭിമുഖത്തിൽ മോഡിജിയെ ഞെട്ടിക്കുന്ന ചോദ്യങ്ങളുയർന്നു. ഇരിങ്ങൽ ഒളോർ മാങ്ങയ്ക്കാണോ, അൽഫോൻസ മാങ്ങയ്ക്കാണോ കൂടുതൽ രുചി? ഉറക്കം ശല്യപ്പെടുത്താൻ വിളിക്കുന്ന ആളിന്റെ പേര് ഒബാമയെന്നാണോ, ദീപാവലിക്ക് ആരൊക്കെ ഗിഫ്റ്റ് തരും എന്നിത്യാദി തകർപ്പൻ ചോദ്യങ്ങൾ. താരം നടത്തിയ അഭിമുഖം ദേശീയ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്തു വരുന്നതിനിടെ മറ്റൊരു വാർത്ത പ്രചരിച്ചു. മോഡിജി വരാണസിയിൽ പത്രിക സമർപ്പിക്കാനെത്തുമ്പോൾ ചരിത്രം തിരുത്തും. പ്രധാനമന്ത്രി ഇതാ പത്രക്കാരെ അഭിമുഖീകരിക്കാൻ പോകുന്നു. പ്രതീക്ഷകൾ എവറസ്റ്റോളം ഉയർന്നു. പറഞ്ഞിട്ടെന്ത് കാര്യം? മിനിറ്റുകൾക്കകം ബജപ ഓഫീസിൽ നിന്ന് തിരുത്ത് ട്വീറ്റ് വന്നു. പത്രസമ്മേളനമൊന്നുമില്ല. എല്ലാ വിവരങ്ങളും അക്ഷയ കുമാരനോട് വെളിപ്പെടുത്തിയിട്ടുണ്ട്. 
*** *** ***
കോടിയേരി സഖാവിന്റെ കോമഡികൾ അവസാനിക്കുന്നില്ല. കേരളത്തിലെ കനത്ത പോളിംഗിന് ശേഷം ആദ്യമായി വാർത്താ സമ്മേളനം നടത്തിയ അദ്ദേഹം പറഞ്ഞു: ബി.ജെ.പി വോട്ടുകൾ കോൺഗ്രസിന് കിട്ടിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി-ചെന്നിത്തല കക്ഷികൾക്ക് ട്രീറ്റ് കൊടുക്കേണ്ടതാണ്. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി. കോൺഗ്രസുമായി ഏറ്റുമുട്ടി ഭരണ തുടർച്ചയ്ക്ക് ശ്രമിക്കുന്നതും ഇതേ കക്ഷി. എന്നിട്ട് അവരുടെ വോട്ട് ഇങ്ങോട്ട് ആകർഷിച്ചെടുത്ത കോൺഗ്രസുകാർ മരണ മാസാണ്. വടകരയിൽ മുരളി മത്സരിക്കാനെത്തിയപ്പോഴേ സഖാവ് ഇത്തരമൊരു അടിയൊഴുക്ക് സാധ്യത മുൻകൂട്ടി കണ്ടതാണ്. മാധ്യമ പ്രവർത്തകരോട് പറഞ്ഞ കാര്യമാണ് ഒരു തരത്തിലും മനസ്സിലാകാത്തത്. ബി.ജെ.പിക്കാർ മറുകണ്ടം ചാടി വോട്ട് ചെയ്‌തെങ്കിലും അവരുടെ വോട്ടുകൾ ഗണ്യമായി വർധിക്കാനിടയുണ്ട്. ഈ തമാശകൾക്കിടയിലും വ്യത്യസ്തനാകുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പോളിംഗ് തിരക്ക് കഴിഞ്ഞ് സർക്കാർ അതിഥി മന്ദിരത്തിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം യാത്ര തിരിക്കുന്നതിനിടെ ഒരു ചാനൽ മൈക്ക് നീണ്ടു. ഉയർന്ന പോളിംഗിനെ കുറിച്ച് എന്താണ് പ്രതികരണം? അങ്ങോട്ട് മാറി നിൽക്കൂവെന്ന് പിണറായി പറഞ്ഞതിൽ ഒട്ടും തെറ്റില്ല. ബൈറ്റുകൾ തികക്കാനുള്ള വെപ്രാളത്തിൽ ഔചിത്യ ബോധമില്ലാതെ അന്വേഷണവുമായെത്തുന്ന മാധ്യമ പ്രവർത്തകർക്ക് ഇത് തന്നെ വേണം. ഇതിന് പകരം കേരളത്തിലെ വിപണിയിൽ വ്യാപകമാവുന്ന വിഷം കലർന്ന പച്ചക്കറി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷണാത്മക റിപ്പോർട്ട് തയാറാക്കുകയാണെങ്കിൽ അതായിരിക്കും സമൂഹത്തിന് ഗുണകരം. 
*** *** ***
കഴിഞ്ഞ മാസം ന്യൂസിലാന്റിലെ മുസ്‌ലിം  പള്ളിയിലുണ്ടായ വെടിവെപ്പ് ലോകം ഞെട്ടലോടെയാണ് കേട്ടത്. വംശീയ വാദി നടത്തിയ ആക്രമണത്തിൽ അമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ചെറിയ കുട്ടികളുമുണ്ടായിരുന്നു. ഇനി എന്ത് എന്ന ചോദ്യത്തോടെ നോക്കിയ ലോക ജനതയ്ക്ക് മുന്നിൽ മാതൃകയായി മാറുകയായിരുന്നു ജസിന്ത അർഡേൺ എന്ന വനിതാ പ്രധാനമന്ത്രി. വളരെ പക്വതയോടെയുള്ള അവരുടെ ഇടപെടൽ ലോക ശ്രദ്ധ പിടിച്ചു പറ്റി.  ഇരകൾക്കിടയിലേക്ക് നേരിട്ടെത്തി പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. ഒപ്പം ഇത്തരം ക്രൂരതകൾ ആവർത്തിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. വെടിവെപ്പുണ്ടായതിന് പിന്നാലെ തോക്ക് നിയന്ത്രിക്കാനുള്ള നിയമം പാസാക്കുമെന്ന്  ജസിന്ത പ്രഖ്യാപിച്ചു.  ആക്രമണങ്ങൾ കുറയ്ക്കുന്നതിന് തോക്ക് നിയന്ത്രണം ആവശ്യമാണ്. അക്രമിയുടെ പേര് എനിക്ക് കേൾക്കേണ്ട, ഇരകളുടെ പേരുകളാണ് തനിക്ക് കേൾക്കേണ്ടതെന്നും അവർ പറഞ്ഞു. ക്രൈസ്റ്റ്ചർച്ച് നഗരത്തിലെ രണ്ട് മുസ്‌ലിം  പള്ളികളിൽ വംശീയ വാദിയായ ബ്രന്റർ ടറന്റ് എന്നയാളാണ് വെടിവെച്ചത്. 50 പേർ വെടിയേറ്റ് പിടഞ്ഞുവീണു. തൊട്ടുപിന്നാലെ ജനങ്ങൾക്കിടയിലെത്തിയ പ്രധാനമന്ത്രി ജസിന്ത രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം ലോകം ഏറ്റെടുക്കുകയായിരുന്നു. 160 ഭാഷകൾ സംസാരിക്കുന്ന 200 ലധികം വംശങ്ങൾ താമസിക്കുന്ന രാജ്യമാണ് ന്യൂസിലാന്റ് എന്ന് പറയുന്നതിൽ നമുക്ക് അഭിമാനമുണ്ട്. വൈവിധ്യങ്ങൾക്കിടയിലും പൊതുവായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാണ് നാം എന്നും അവർ രാജ്യത്തെ ഉണർത്തി. ദുരന്തത്തിന് ഇരകളായ സമുദായത്തിന് എല്ലാ പിന്തുണയും നൽകുന്നു. ഇത്തരം ക്രൂരതകൾ ചെയ്യുന്ന ആശയത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യും. തുടർന്ന് അവർ മുസ്‌ലിംകളെ നേരിട്ട് സന്ദർശിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായവും പ്രഖ്യാപിച്ചു. മുസ്‌ലിംകളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്  തല മറച്ചുകൊണ്ടാണ് പ്രധാനമന്ത്രി എത്തിയത്. പരിക്കേറ്റവരുമായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായും പ്രധാനമന്ത്രി സംസാരിച്ചു. അക്രമത്തെ പ്രോൽസാഹിപ്പിക്കില്ലെന്നും എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും അവർ പ്രഖ്യാപിച്ചു. കരഞ്ഞുകലങ്ങിയ കണ്ണുമായി ആശ്വാസ വാക്കുകൾ നൽകുന്ന പ്രധാനമന്ത്രി ജസിന്തയുടെ ചിത്രം ലോകം ഏറ്റെടുക്കുകയായിരുന്നു. ജസിന്ത കണ്ണീർ പൊഴിക്കുന്ന ചിത്രം ഫോട്ടോഗ്രഫർ കിർക്ക് ഹർഗ്രീവ്‌സാണ് പകർത്തിയത്. സർക്കാരിന്റെ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ മൊത്തം ജനങ്ങൾ. നിരപരാധികളായ മനുഷ്യരെ കൊല്ലുന്ന ഭ്രാന്തിന് ഇതിലും നല്ല ചികിത്സയില്ല. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വലിയ പെരുന്നാളാണ് ഈസ്റ്റർ. പെസഹ വ്യാഴവും ദുഃഖവെള്ളിയും കഴിഞ്ഞെത്തുന്ന ആഹ്ലാദ സുദിനം. ക്രിസ്ത്യൻ മാനേജ്‌മെന്റിലെ പത്രങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രണ്ട് ദിവസത്തെ ഓവർടൈം ലഭിക്കുന്ന വാരമാണ് പിന്നിട്ടത്. ഈസ്റ്റർ ഞായറാഴ്ച ആഘോഷത്തിന്റേയും. കൊളംബോയിലെ ചർച്ചുകളിൽ ഈസ്റ്റർ പ്രാർഥനയ്‌ക്കെത്തിയ സ്ത്രീകളും കുഞ്ഞുങ്ങളുമുൾപ്പെടുന്ന സാധാരണ മനുഷ്യരെ കൊന്നിട്ട് എന്ത് നേടാനാണ്? പുലി പ്രശ്‌നങ്ങൾ കെട്ടടങ്ങിക്കഴിഞ്ഞ ദശകത്തിൽ പതുക്കെ മുന്നേറാൻ ശ്രമിക്കുന്ന ശ്രീലങ്കയുടെ സമ്പദ്ഘടനയ്ക്ക് താങ്ങാവുന്നതിലേറെയാണിത്. ദ്വീപ് രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് ഇത് കടുത്ത പ്രതിസന്ധിയൊരുക്കുമെന്നതിൽ സംശയമില്ല. 
*** *** ***
പ്രധാനമന്ത്രി മോഡിക്ക് വരാണസിയിലെ വിജയം എളുപ്പമാക്കിയിട്ടുണ്ട് കോൺഗ്രസ് നേതൃത്വം. പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ലെന്നാണ് തീരുമാനം. ഇതൊക്കെ കാണുമ്പോഴാണ് അടുത്തിടെ കോൺഗ്രസിൽ ചേർന്ന ബോളിവുഡ് താരം ഊർമിള മണ്ഡോദ്കറുടെ മഹത്വം ബോധ്യപ്പെടുക. ബി.ജെ.പിയുടെ ശക്തിദുർഗമായ മുംബൈ നോർത്ത് മണ്ഡലത്തിലാണ് താരം മത്സരിക്കുന്നത്. ഇവിടെ ബി.ജെ.പി സ്ഥാനാർഥിക്ക് കഴിഞ്ഞ തവണ നാല് ലക്ഷത്തിന്റെ ലീഡുണ്ടായിരുന്നു. കോൺഗ്രസ് കാര്യമായ പ്രതീക്ഷ വെച്ചുപുലർത്താതിരുന്ന മണ്ഡലത്തിൽ ഊർമിളയുടെ വരവോടെ ചിത്രം മാറി. ബി.ജെ.പിയുടെ ഗോപാൽ ഷെട്ടിയേക്കാൾ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുകയാണ് ഊർമിള. കാണാൻ സുന്ദരിയാണെങ്കിലും രാഷ്ട്രീയത്തിൽ വട്ടപ്പൂജ്യമാണെന്നായിരുന്നു ഊർമിളയുടെ സ്ഥാനാർത്ഥിത്വത്തോട് ഗോപാൽ ഷെട്ടി പ്രതികരിച്ചത്. ബിജെപിയേയും പ്രധാനമന്ത്രിയേയും കടന്നാക്രമിച്ച് ഊർമിള നടത്തുന്ന വിമർശനങ്ങളും രാഷ്ട്രീയ വിശകലനങ്ങളുമെല്ലാം ഗോപാൽ ഷെട്ടിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുകയാണ്. അവരിൽ ഒരാളായി തന്നെ കാണാൻ വോട്ടർമാർക്ക് കഴിയുന്നുവെന്നത് ആത്മവിശ്വാസം ഇരട്ടിയാക്കുന്നുവെന്ന് ഊർമിള പറയുന്നു. കോൺഗ്രസിന് സ്വാധീനം കുറഞ്ഞ മേഖലയിൽ പോലും ഊർമിളയെ കാണാൻ വലിയ ആൾക്കൂട്ടമാണ് എത്തുന്നത്.  
 

Latest News