സാലിഹ് കല്ലടയുടെ സിനിമാജീവിതം

പതിനാറ് അധ്യായങ്ങളിലായി ബാല്യത്തിന്റെ മോഹങ്ങളും യുവത്വത്തിന്റെ എടുത്തു ചാട്ടങ്ങളും അടങ്ങാത്ത സിനിമാഭിനിവേശത്താൽ കൗതുകകരമായി ഇതൾ വിരിയുന്നു സാലിഹിന്റെ ഈ ചെറുപുസ്തകത്തിൽ. അനുഭവവും ഭാവനയും കെട്ടുപിണഞ്ഞു കിടക്കുന്ന സംഭവങ്ങൾക്ക് കഥയെഴുത്തിന്റെ ഭാഷ ചാർത്തിയ ഒരു പുതിയ രചനാശൈലിയുണ്ടീ പുസ്തകത്തിന്. 

നിനച്ചിരിക്കാതെയെത്തുന്ന ചില സൗഹൃദങ്ങളുണ്ട്. അടുത്തറിയുമ്പോൾ ഇത് കുറച്ച് മുമ്പേ ആവേണ്ടിയിരുന്നതാണെന്ന് തോന്നും. പ്രവാസത്തിലാണ് ഇത്തരം ബന്ധങ്ങൾ അധികവും രൂപപ്പെടാറെങ്കിലും ദീർഘകാല പ്രവാസം അവസാനിപ്പിച്ച പലരിലും അവർ അനുഭവിച്ച പ്രവാസത്തിന്റെ കെയറോഫിൽ പുതിയ പുതിയ സൗഹാർദ്ദങ്ങൾ തേടിക്കൊണ്ടേയിരിക്കും. പ്രത്യേകിച്ച് പ്രവാസ ജീവിതത്തിൽ കലാ, സാംസ്‌കാരിക രംഗങ്ങളിൽ അഭിരമിച്ചിരുന്നവർ പ്രവാസത്തിന് വിരാമമിട്ടാലും ഇത്തരം അന്വേഷണങ്ങളിൽ വ്യാപൃതരാവും. അത് പ്രവാസാനന്തര ജീവിതം സർഗാത്മകമാക്കുന്നതിന്റെ ഒരു ഭാഗമായി സംഭവിക്കുന്നതാണ്. യാത്രകളിലും ചില സാംസ്‌കാരിക കൂടിച്ചേരലുകളിലുമാണ് പലരേയും കണ്ടെത്താനാവുക.
അങ്ങിനെ നിലമ്പൂരിനടുത്ത കരുളായിയിൽ ഒരു നാടകവുമായി ബന്ധപ്പെട്ട ചില ഇടപെടലുകളിൽ നിന്നാണ് നടനും കലാകാരനുമായ സാലിഹ് കല്ലടയെന്ന മുൻ പ്രവാസിയെ പരിചയപ്പെടുന്നത്. സാലിഹിന്റെ പ്രവാസത്തിന് അറുതിയായിട്ട് അധികകാലമൊന്നും ആയിട്ടില്ല. 
കരുളായി ചിലങ്ക തിയേറ്റേഴ്‌സിന്റെ 'പാഠശാല' എന്ന നാടകത്തിലെ പ്രധാന വേഷക്കാരനായി അരങ്ങിലെത്തിയ സാലിഹും എന്നെപ്പോലെ നീണ്ടകാലം പ്രവാസിയായിരുന്നു എന്നറിഞ്ഞപ്പോഴാണ് സ്വഭാവികമായും അടുത്തറിയൽ പ്രവാസകാല ജീവിതാന്വേഷണങ്ങളായി മാറിയത്. 
അബുദാബിയിൽ ഏറെക്കാലം പ്രവാസിയായി ജീവിക്കുകയും അബുദാബി കേരള സോഷ്യലിസ്റ്റ് സെന്റർ നടത്തിയ കഥാ, കവിതാമത്സരങ്ങളിൽ ( 2009, 2010) പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത സാലിഹ് ഏറനാടൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബ്ലോഗെഴുത്തുകാരൻ കൂടിയായിരുന്നു. അതൊന്നുമല്ല സാലിഹിനെ ശ്രദ്ധേയമാക്കുന്ന ഘടകം. 
ചെറുപ്പത്തിന്റെ അടങ്ങാത്ത സിനിമാ മോഹവും അതിന്റെ സാക്ഷാൽക്കാരത്തിനായി കുട്ടിക്കാലം മുതൽ യൗവനകാലത്തും തുടർന്ന് പ്രവാസ ജീവിതകാലത്തും ഒക്കെ നടത്തിയ തീവ്രശ്രമങ്ങളും വന്നുപ്പെട്ട ചെറു സന്തോഷങ്ങളും അതിലേറെ മോഹഭംഗങ്ങളുമെല്ലാം ഒരു ചെറിയ പുസ്തകത്തിൽ (ഒരു സിനിമാ ഡയറി കുറിപ്പ്) കോറിയിട്ട സാലിഹ് ആ പുസ്തകം കൂടി സമ്മാനിച്ചപ്പോൾ വായനാനന്തരം ഇങ്ങനെയൊരു കുറിപ്പും പിറവി എടുക്കുകയായിരുന്നു.
പതിനാറ് അധ്യായങ്ങളിലായി ബാല്യത്തിന്റെ മോഹങ്ങളും യുവത്വത്തിന്റെ എടുത്തു ചാട്ടങ്ങളും അടങ്ങാത്ത സിനിമാഭിനിവേശത്താൽ കൗതുകകരമായി ഇതൾ വിരിയുന്നു സാലിഹിന്റെ ഈ ചെറുപുസ്തകത്തിൽ. അനുഭവവും ഭാവനയും കെട്ടു പിണഞ്ഞു കിടക്കുന്ന സംഭവങ്ങൾക്ക് കഥയെഴുത്തിന്റെ ഭാഷ ചാർത്തിയ ഒരു പുതിയ രചനാശൈലിയുണ്ടീ പുസ്തകത്തിന്. സിനിമ എന്ന മായിക ലോകം സ്വപ്‌നം കണ്ട് ജീവിതത്തിന്റെ നല്ലൊരു പങ്കും വൃഥാ സ്വപ്‌നാടകനെപ്പോലെ സഞ്ചരിച്ച് ഒടുവിൽ നിരാശയുടെ നീർക്കയത്തിൽ നില കിട്ടാതലയുന്ന പല യുവതീ യുവാക്കളും അണിയറയിൽ വെറുതെ അരങ്ങ് സ്വപ്‌നം കണ്ട് നിർവൃതിയടയുന്നവരായിനമുക്ക് ചുറ്റും ഉണ്ടാവും. അത്തരക്കാരിൽ നിന്നും കേൾക്കുന്ന ബഡായികളുടേയും പൊങ്ങച്ചങ്ങളുടേയും പിന്നാമ്പുറ രഹസ്യങ്ങളിലേക്ക് ടോർച്ച് തെളിക്കുന്നുണ്ട് സാലിഹിന്റെ പുസ്തകം.
കുട്ടിക്കാലത്ത് സിനിമാ ഷൂട്ടിംഗ്കാണാൻ കൊതിപൂണ്ട്ഓടിക്കിതച്ചെത്തിയ കുട്ടി സിനിമ ഹറാമാണെന്ന് ഓത്തുപള്ളിയിൽ നിരന്തരം ഉണർത്തിയിരുന്ന ഉസ്താദിനെഅവിടെ ബീഡിയുംപുകച്ച് സ്‌റ്റൈലായി നിൽക്കുന്നതായി കണ്ട കാഴ്ച, വീട്ടുകാരെ കണ്ണുവെട്ടിച്ച് സെക്കൻ ഷോ കാണാൻ കിടത്തം കോലായിലേക്ക് ചോദിച്ചുവാങ്ങി കൂട്ടുകാരോടൊത്ത് രാജേശ്വരി തിയേറ്ററിൽ നിന്ന് ( നിലമ്പൂർ ) പടം കണ്ട്മടങ്ങിയ നേരനുഭവങ്ങൾക്കൊക്കെ ശരിക്കും ഒരു കഥയെഴുത്തിന്റെ ടച്ച് വരുന്നത് സാലിഹിന്റെ എഴുത്തിനെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. 
അഭിനയമോഹംമൂത്ത് പണിപ്പെട്ട് അപേക്ഷ അയച്ച് ഒടുവിൽ ഒരു സിനിമയിലെ ഓണപ്പാട്ടിന്റെ രംഗത്ത് അഭിനയിക്കാൻ ചാൻസ് ഒത്തുവന്നതിന് സംഘാടകർ ആവശ്യപ്പെട്ടത് 3000/ രൂപ ( ഒരു പതിനഞ്ച് വർഷം മുമ്പാണെന്നോർക്കുക) കാശൊക്കെ ഒരുവിധം ഒപ്പിച്ച് കൊടുത്ത് ഷൂട്ടിംഗും കഴിഞ്ഞ് പടം റിലീസാവുന്നതും കാത്തിരുന്ന് മടുത്തപ്പോൾ ആ പാട്ടിലെ വരികൾ 
'തോരാതെ തോരാതെ പെയ്യൂ
മഴമുകിലേ തോരാതെ പെയ്യൂ'..
ഇടക്കിടെ സ്വയംപാടി നിർവൃതിയടഞ്ഞു കൊണ്ടിരുന്നപ്പോൾ ഓണം പലതും വന്നു, ടി.വിയിൽ പല പരിപാടികളും വന്നു പോയി. മേൽ ഗാനവും സിനിമയും മാത്രം വന്നില്ല. ഖിന്നനായി അവർക്ക് വിളിച്ചു. 'അപ്പോൾ എന്റെ മുവ്വായിരം? അങ്ങേ തലക്കൽ ഫോൺ കട്ടായി.
ടു.റ്റു ... ടു, സൗണ്ട് മാത്രം കേൾക്കാനായി (ഈ പുസ്തകത്തിന്റെ അവസാന വരികളാണിത്). ഈ രംഗത്ത് ഇനിയും കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ളവർക്ക് നല്ലൊരു മെസേയ്ജ് കൂടിയാണീ പുസ്തകത്തിലെ പലകുറിപ്പുകളും.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ആംഗല സാഹിത്യത്തിൽ ബിരുദംനേടിയ സാലിഹ് പിന്നീട് പ്രവാസത്തിലും ജോലിക്കൊപ്പം കലാ സാഹിത്യ താൽപ്യവും കൈവിട്ടതുമില്ല. പല സിനിമകളിലും ടെലിവിഷൻ പരിപാടികളിലും അഭിനേതാവും സഹസംവിധായകനുമൊക്കെയായി വർത്തിച്ച സാലിഹ് കല്ലട പ്രവാസം അവസാനിപ്പിച്ച് ഇപ്പോൾ നിലമ്പൂർ കരിമ്പുഴയുടെ തീരത്തെ വില്ലയിൽ താമസിക്കുന്നു.
ഒരു വളച്ചുകെട്ടുമില്ലാതെ സിനിമാക്കമ്പകാലത്തെ അനുഭവങ്ങളും പ്രവാസ ജീവിതാനുഭവങ്ങളുമെല്ലാം പങ്കുവെക്കുന്ന സാലിഹ് പ്രവാസാനന്തരത്തിലും അഭിനയം, ഷോർട്ട് ഫിലിം , കലാസാംസ്‌കാരിക പ്രവർത്തനം.. ഇതൊക്കെത്തന്നെയാണ് ലക്ഷ്യം വെക്കുന്നത്.
വെറുതെയൊരു ലക്ഷ്യംവെക്കലല്ല. പ്രവാസത്തിന്റെ മുമ്പും പ്രവാസത്തിലും കൂടെക്കൊണ്ട് നടന്ന അഭിനയത്തോടുള്ള താൽപ്പര്യവും ഡോക്യൂമെന്ററി, സീരിയൽ ,സംവിധാന സഹായി എന്ന നിലയിലെല്ലാം ആർജിച്ചെടുത്ത അറിവും പരിചയവും ഒരു പ്രവാസാനന്തര തൊഴിലായി വികസിപ്പിക്കാമെന്ന പ്രതീക്ഷയും സാലിഹ് വെച്ചു പുലർത്തുന്നു. ആ സംരഭത്തിൽ ചില നിർണായക ചുവടുകൾവെച്ചതിന്റെ സാക്ഷാൽക്കാരം കൂടിയാണ് സാലിഹ്കല്ലടയെന്ന മുൻ പ്രവാസിയായ ഈ എളിയ കലാകാരന്റെ സർഗപ്രവർത്തനം. 

Latest News