ആദ്യചിത്രത്തിനുശേഷം അഞ്ചുവർഷം കഴിഞ്ഞാണ് വിവിയ വീണ്ടും സിനിമയിലെത്തുന്നത്. തിരിച്ചുവരവ് തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. പ്രേം ആര്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിയാമണിയും അർജൻ ബജ്‌വയും മുഖ്യവേഷത്തിലെത്തുന്നു. ചിത്രത്തിൽ ശക്തമായ വേഷത്തിലാണ് വിവിയയെത്തുന്നത്. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണിത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.
വിജയ് സൂപ്പറും പൗർണമിയും കണ്ടവരാരും വിവിയ ശാന്തിനെ ഓർക്കാതിരിക്കില്ല. ഒരു ടിപ്പിക്കൽ അമ്പലവാസി പെൺകുട്ടിയായ രേഷ്മയെയാണ് വിവിയ അവതരിപ്പിച്ചത്. തന്നെ സ്‌നേഹിക്കുന്ന വിജയ്‌യെ കബളിപ്പിച്ച് അവൾ മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു. കാൾ സെന്ററിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നവരാണ് രേഷ്മയും വിജയും. മൂന്നു ദിവസത്തെ അവധിയെടുത്ത് നാട്ടിലേക്കു പോയ രേഷ്മ, വിജയ് അറിയാതെ ജെറിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതറിഞ്ഞ് പൊട്ടിത്തെറിക്കുന്ന വിജയിനെ കാൾ സെന്ററിൽനിന്നും പറഞ്ഞുവിടുകയായിരുന്നു.
രേഷ്മയുടെ വേഷം വിവിയയുടെ കരിയർഗ്രാഫ് തിരുത്തിക്കുറിക്കുകയായിരുന്നു. പ്രേക്ഷകശ്രദ്ധ നേടിയ ആ വേഷത്തോടെ മലയാളത്തിലും തെലുങ്കിൽനിന്നുമെല്ലാം നിരവധി അവസരങ്ങളാണ് ഈ കൊച്ചിക്കാരിയെ തേടിയെത്തുന്നത്. തമിഴ് നടൻ ഭരത് നായകനായെത്തുന്ന സിക്‌സ് അവേഴ്‌സ് എന്ന മലയാള ചിത്രത്തിലൂടെ നായികാപദവിയിലേയ്ക്ക് ചുവടുവച്ചുകഴിഞ്ഞു വിവിയ.
സ്വദേശം കായംകുളമാണെങ്കിലും ഏഴു വർഷത്തോളമായി കൊച്ചിയിലാണ് താമസം. തിരുനെൽവേലി പി.എസ്.എൻ കോളേജിൽനിന്നും കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് നേടിയ വിവിയ കൊച്ചി ഇൻഫോ പാർക്കിലെ കോഗ്നിസെന്റ് ടെക്‌നോളജി സൊലൂഷൻസ് എന്ന കമ്പനിയിൽ സോഫ്റ്റ്‌വെയർ ഡവലപറായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയിൽ മോഡലിംഗ് രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു. ചുങ്കത്ത് ജ്വല്ലറി, വിസ്മയ, ഭീമ ജ്വല്ലറി, ഗിരി പൈ, എയ്ദ സോപ്പ്, ഷീജാസ് ബ്യൂട്ടിഖ്, ജോളി സിൽക്‌സ്, പദ്മ ടെക്‌സ്‌റ്റൈൽസ്, കുട്ടിക്കൂറാ സോപ്പ്... തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുടെ പരസ്യമോഡലായിരുന്നു. മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തുന്നത്. സാജൻ ജോണി സംവിധാനം ചെയ്ത ജസ്റ്റ് മാരീഡ് ആയിരുന്നു ആദ്യചിത്രം. ശ്രീരാം രാമചന്ദ്രനും നീരജ് മാധവുമെല്ലാം മുഖ്യവേഷത്തിലെത്തിയ ചിത്രത്തിൽ റോസ് എന്ന കഥാപാത്രത്തെയാണ് വിവിയ അവതരിപ്പിച്ചത്. കുടുംബ ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളെയാണ് ചിത്രത്തിന് വിഷയമാക്കിയതെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ആദ്യചിത്രത്തിൽ അഭിനയമെന്താണെന്നും ക്യാമറയ്ക്കുമുന്നിൽ എങ്ങിനെ നിൽക്കണമെന്നും അറിയില്ലായിരുന്നു. എന്നാൽ സംവിധായകന്റെയും സഹപ്രവർത്തകരുടെയും പിന്തുണകൊണ്ടാണ് മെച്ചപ്പെട്ട അഭിനയം കാഴ്ചവയ്ക്കാനായത്. പിന്നീട് മോഡലിങ്ങിൽ സജീവമായതോടെ ആത്മവിശ്വാസമായി.
ആദ്യചിത്രത്തിനുശേഷം അഞ്ചുവർഷം കഴിഞ്ഞാണ് വിവിയ വീണ്ടും സിനിമയിലെത്തുന്നത്. തിരിച്ചുവരവ് തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. പ്രേം ആര്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിയാമണിയും അർജൻ ബജ്‌വയും മുഖ്യവേഷത്തിലെത്തുന്നു. ചിത്രത്തിൽ ശക്തമായ വേഷത്തിലാണ് വിവിയയെത്തുന്നത്. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണിത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.
വിവിയയുടെ മറ്റൊരു തെലുങ്ക് ചിത്രമാണ് സതീഷ് രാഗെല്ലയുടെ നിവാസി. ശേഖർ വർമ്മ നായകനായെത്തുന്ന ചിത്രത്തിൽ വിവിയ നായികയാകുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഉടനെ ആരംഭിക്കും. ചെറിയ ബഡ്ജറ്റിൽ ഒരുക്കുന്ന നിവാസിയും വൈകാതെ തിയേറ്ററുകളിലെത്തും.
ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതിനുശേഷമാണ് വിജയ് സൂപ്പറും പൗർണ്ണമിയിലും വേഷമിട്ടത്. എന്നാൽ ആദ്യം പുറത്തിറങ്ങിയത് മലയാളചിത്രമായിരുന്നു. സംവിധായകൻ ജിസ് ജോയിയോടൊപ്പം ഒട്ടേറെ പരസ്യചിത്രങ്ങളിൽ സഹകരിച്ചിരുന്നു. ആ അടുപ്പമാണ് ചിത്രത്തിൽ അവസരം ലഭിച്ചത്. പേടിയോടെയായിരുന്നു അഭിനയിക്കാനെത്തിയതെങ്കിലും എല്ലാവരും നന്നായി സഹകരിച്ചു. ഒന്നു രണ്ടു സീനുകളിലേ വേഷമിട്ടുള്ളുവെങ്കിലും പ്രേക്ഷകർ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു.
സുനീഷ് കുമാർ സംവിധാനം ചെയ്യുന്ന സിക്‌സ് അവേഴ്‌സിലൂടെ ഭരത് വീണ്ടും മലയാളത്തിലെത്തുകയാണ്. ഭരതിന്റെ നായികയായാണ് വിവിയയെത്തുന്നത്. മലയാളത്തിലെ മികച്ച തുടക്കമാകും ചിത്രത്തിലെ എലിസബത്ത് എന്ന കഥാപാത്രമെന്ന് വിവിയ പറയുന്നു. കൂടാതെ മോഹൻലാൽ നായകനാകുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ വേഷമിടാനൊരുങ്ങുകയാണ്. നവാഗതരായ ജിബിയും ജോജുവും ചേർന്നൊരുക്കുന്ന ഈ ചിത്രം ഹാസ്യത്തിനാണ് പ്രാധാന്യം നൽകുന്നത്. വെള്ളാനകളുടെ നാട്, ചിത്രം, കിലുക്കം തുടങ്ങിയ പഴയ ലാൽ ചിത്രങ്ങളുടെ ശൈലിയിലാണ് ഇട്ടിമാണി ഒരുക്കുന്നത്. മെയ്ഡ് ഇൻ ചൈന എന്നത് കുന്നംകുളത്തെയാണ് പരാമർശിക്കുന്നത്. ഏതു സാധനത്തിന്റെയും ഡ്യൂപ്ലിക്കേറ്റ് തയ്യാറാക്കുന്നതിൽ കുന്നംകുളത്തുകാരുടെ സാമർത്ഥ്യം ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. ശ്രദ്ധേയമായ വേഷത്തിലാണ് വിവിയ ഇട്ടിമാണിയിലെത്തുന്നത്.
ഇട്ടിമാണിയിലേക്ക് ആകർഷിക്കാനുള്ള പ്രധാന ഘടകം ലാലേട്ടനൊപ്പം വേഷമിടുക എന്നതാണെന്ന് വിവിയ പറയുന്നു. ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള കഥയിൽ തികച്ചും രസകരമായ ഒരു കഥാപാത്രമായാണ് എത്തുന്നത്.
അഞ്ചുവർഷത്തിനിടയിൽ അഞ്ചു സിനിമകളിലാണ് അഭിനയിച്ചത്. ഒരു അഭിനേത്രി എന്ന നിലയിൽ ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻപോലും അറിയാത്തിടത്തുനിന്നും ലാലേട്ടനെപ്പോലുള്ള മഹാരഥന്മാർക്കൊപ്പം അഭിനയിക്കാൻ കഴിയുക എന്നത് മഹാഭാഗ്യം. കൂടാതെ ഭാഷഭേദമില്ലാതെ മലയാളത്തിലും തെലുങ്കിലുമെല്ലാം അഭിനയിക്കാൻ കഴിഞ്ഞിരിക്കുന്നു. കൂടാതെ തമിഴിൽനിന്നും ഓഫറുകളെത്തിക്കഴിഞ്ഞു. തീരുമാനമായിട്ടില്ല. എങ്കിലും സിനിമയെക്കുറിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വിവിയ പറയുന്നു.
ഒന്നിനുപിറകെ ഒന്നായി സിനിമകൾ ലഭിച്ചുതുടങ്ങിയപ്പോൾ ജോലിയിൽനിന്നും അവധിയെടുത്തിരിക്കുകയാണ് വിവിയ. നല്ല അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ഭാഷാഭേദമില്ലാതെ അഭിനയരംഗത്ത് തുടരാനാണ് തീരുമാനം. അല്ലെങ്കിൽ വീണ്ടും ജോലിയിൽ തുടരും. വിവാഹിതയാണ് വിവിയ. ഭർത്താവ് വിദേശത്ത് ജോലി നോക്കുന്നു. അഭിനയരംഗത്ത് തുടരാൻ അദ്ദേഹവും തികഞ്ഞ പിന്തുണയാണ് നൽകുന്നത്.






