സൗഹാര്‍ദം വിളിച്ചോതാന്‍ അബുദാബി പള്ളിക്ക് പുതിയ പേര് മേരി, ദ മദര്‍ ഓഫ് ജീസസ്

അബുദാബി- വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബിയില്‍ ഒരു മുസ്ലിം പള്ളിക്ക് പുനര്‍നാമകരണം. മുശ്‌രിഫിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പള്ളിക്കാണ് മറിയം, ഉമ്മു ഈസ അഥവാ മേരി, ദ മദര്‍ ഓഫ് ജീസസ് എന്ന പേരു നല്‍കിയത്.  അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാനാണ് പുനര്‍നാമകരണത്തിന് ഉത്തരവിട്ടത്.
രാജ്യം  പിന്തുടരുന്ന സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും തിളക്കമാര്‍ന്ന ഉദാഹരണമാണിതെന്ന് വിശേഷിപ്പിച്ച സഹിഷ്ണുതാ സഹമന്ത്രി ഷെയ്ഖാ ലുബ്‌ന അല്‍ ഖാസിമി  ഇതിന് വഴിയൊരുക്കിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ അഭിനന്ദിച്ചു.
ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്് യാന്റെ കാലം മുതല്‍ യു.എ.ഇ സഹിഷ്ണുത, സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവക്കു ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കിരീടാവകാശിയെ അഭിനന്ദിച്ചുകൊണ്ട് ജനറല്‍ അതോറിറ്റി ഓഫ് ഇസ്്‌ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ്‌സ് ചെയര്‍മാന്‍ മുഹമ്മദ് മത്തര്‍ അല്‍ കഅബി പറഞ്ഞു.
ഏറെ ആഹ്ലാദിപ്പിക്കുന്നതാണ് ഈ നടപടിയെന്ന് പള്ളിക്കു സമീപത്തെ സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ചിലെ റവ. ആന്‍ഡ്ര്യൂ തോംസണ്‍ പറഞ്ഞു.

 

Latest News