Sorry, you need to enable JavaScript to visit this website.

ഗെയിലിന്റെ വെടിക്കെട്ട് പാഴായി; ദൽഹിക്ക് വിജയം

ന്യൂദൽഹി- ക്രിസ് ഗെയിലിന്റെ വെടിക്കെട്ടിനെ ചുരുട്ടിക്കെട്ടി ഐ.പി.എൽ മുപ്പത്തിയേഴാം മത്സരത്തിൽ ദൽഹി ക്യാപിറ്റൽസിന് ജയം. കിംഗ്‌സ് ഇലവൻ പഞ്ചാബിനെ ദൽഹി ക്യാപിറ്റൽസ് അഞ്ചു വിക്കറ്റിന് തോൽപ്പിച്ചു. രണ്ടു പന്ത് ശേഷിക്കെയായിരുന്നു ദൽഹിയുടെ വിജയം. ഓപണർ ശിഖർ ധവാന്റെയും നായകൻ ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറിയാണ് ദൽഹിയെ വിജയിപ്പിച്ചത്. ശിഖർ ധവാൻ 41 പന്തിൽ 56 റൺസ് നേടി.  ശ്രേയസ് അയ്യർ 49 പന്തിൽ 58 റൺസ് നേടി പുറത്താകാതെനിന്നു. പൃഥി ഷാ 11 പന്തിൽ 13ഉം കോളിൻ ഇൻഗ്രാം ഒൻപത് പന്തിൽ 19 റൺസും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറിങ്ങിയ പഞ്ചാബിനെ ക്രിസ് ഗെയിലിന്റെ ഇന്നിംഗ്‌സ് മികച്ച സ്‌കോറിൽ എത്തിച്ചിരുന്നു. മുപ്പത്തിയേഴ് പന്തിൽ ആറു ഫോറും അഞ്ചു സിക്‌സും അടങ്ങുന്ന ഇന്നിംഗ്‌സിൽ 69 റൺസായിരുന്നു ഗെയിലിന്റെ സമ്പാദ്യം. പതിമൂന്നാമത്തെ ഓവറിൽ അക്‌സർ പട്ടേലിന്റെ പന്തിൽ സന്ദീപ് എടുത്ത സൂപ്പർ ക്യാച്ചിലാണ് ഗെയിൽ കൂടാരം കയറിയത്. സിക്‌സറിലേക്ക് പറക്കുകയായിരുന്ന പന്ത് അതിസാഹസികമായി പിടികൂടിയാണ് ഗെയിലിന്റെ ഭീഷണി ദൽഹി ഇല്ലാതാക്കിയത്. 
മൻദീപ് സിംഗ് ഒഴികെ മറ്റാരും പഞ്ചാബ് നിരയിൽ മുപ്പത് റൺസ് തികച്ചില്ല. ഹർപ്രീദ് ബ്രാർ (പുറത്താകാതെ 20), ക്യാപ്റ്റൻ ആർ അശ്വിൻ (16), ലോകേഷ് രാഹുൽ (12) എന്നിങ്ങനെ റൺസ് നേടി. മൂന്നു വിക്കറ്റെടുത്ത സ്പിന്നർ സന്ദീപ് ലാമിച്ചാനെയാണ് ദൽഹി ബൗളർമാരിൽ മികച്ചുനിന്നത്. കാഗിസോ റബാദയും അക്ഷർ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ടോസ് ലഭിച്ച ദൽഹി ക്യാപ്പിറ്റൽസ് നായകൻ ശ്രേയസ് അയ്യർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മൽസരത്തിൽ തോൽവിയേറ്റുവാങ്ങിയ ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് ദൽഹി ഇറങ്ങിയത്. കോളിൻ ഇൻഗ്രാം, സന്ദീപ് ലാമിച്ചാനെ, ഷ്രെർഫെയ്ൻ റൂതർഫോർഡ് എന്നിവർ ദൽഹി ടീമിൽ തിരിച്ചെത്തി. പഞ്ചാബ് ടീമിൽ സാം കറെനും ഹർപ്രീത് ബ്രാറും പ്ലെയിങ് ഇലവനിലെത്തിയിരുന്നു.
 

Latest News