ദോഹ - ഖത്തറിലെ ആദ്യ തൂക്കുപാലത്തിന്റെ നിര്‍മാണ ജോലികള്‍ തുടങ്ങി. ദോഹ നഗരത്തിന്റെ തെക്കുവടക്കു ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സബാഹ് അല്‍ അഹ്മദ് ഇടനാഴിയുടെ ഭാഗമായാണ് 1.2 കിമീ നീളമുള്ള പാലം നിര്‍മിക്കുന്നത്. മിസൈമീര്‍ റോഡില്‍നിന്ന് അല്‍ ബുസ്താന്‍ സ്ട്രീറ്റ് വരെയാണ് പാലം. മിസൈമീര്‍ റോഡില്‍ ഹലൂല്‍ ഇന്റര്‍സെക്ഷനും സല്‍വ റോഡില്‍ ഫാലിഹ് ബിന്‍ നാസര്‍ ഇന്റര്‍ സെക്ഷനും മുകളിലായാണ് തൂക്കുപാലം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പായ അഷ്ഗാലിനാണ് നിര്‍മാണ ചുമതല. 2021 ഏപ്രിലോടെ നിര്‍മാണം പൂര്‍ത്തിയാകും. അല്‍ സബാഹ് ഇടനാഴിയുടെ ഭാഗമായ ദൈര്‍ഘ്യമേറിയ മേല്‍പാലം അല്ബുസ്താന് സ്ട്രീറ്റ് മുതല്‍ ബു ഇറയന്‍ സ്ട്രീറ്റ് വരെയാണ് നീളുന്നത്.