Sorry, you need to enable JavaScript to visit this website.

കോഹ്‌ലിയുടെ കാത്തിരിപ്പിന് വിരാമം;  ബംഗളൂരുവിന് ആദ്യ ജയം

മൊഹാലി- ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ വിജയത്തിന് വേണ്ടിയുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ കാത്തിരിപ്പിന് അന്ത്യമായി. കിംഗ്‌സ് ഇലവൻ പഞ്ചാബിനെ എട്ടു വിക്കറ്റിന് തോൽപിച്ചാണ് ഈ സീസണിലെ ആദ്യ വിജയം ഇന്ത്യൻ നായകന്റെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ അധീനതിയിലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്‌ലിന്റെ (99-പുറത്താകാതെ) സൂപ്പർ ബാറ്റിംഗ്‌സിന്റെ ബലത്തിലാണ് പഞ്ചാബ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ബാംഗ്ലൂരിനെ മുന്നിൽനിന്ന് നയിച്ചതും വിരാട് കോഹ്‌ലിയായിരുന്നു. 53 പന്തിൽ 67 റൺസ്(എട്ടു ഫോർ) അടിച്ചെടുത്ത വിരാട് കോഹ്‌ലി പഞ്ചാബിന്റെ വെല്ലുവിളി മറികടക്കുന്നതിൽ നിർണായകമായി. അതേസമയം, 38 പന്തിൽ (അഞ്ചു ഫോറും രണ്ടു സിക്‌സും) 59 റൺസ് നേടിയ എബി ഡിവിലിയേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം സമ്മാനിച്ചു. ഒൻപത് പന്തിൽ നാലു ഫോറിന്റെ അകമ്പടിയോടെ 19 റൺസ് നേടിയ പാർഥിവ് പട്ടേലിനെ നാലാമത്തെ ഓവറിൽ രവിചന്ദ്രൻ അശ്വിൻ പുറത്താക്കി. മായങ്ക് അഗർവാളിനായിരുന്നു ക്യാച്ച്. പതിനാറാമത്തെ ഓവറിൽ വിരാട് കോഹ്‌ലി മുഹമ്മദ് ഷമിയുടെ പന്തിൽ മുരുകൻ അശ്വിന് പിടി നൽകി മടങ്ങി. ഈ സമയത്ത് 128 റൺസായിരുന്നു ബാംഗ്ലൂരിന്റെ സമ്പാദ്യം. പിന്നീട് ഡിവിലിയേഴ്‌സിനൊപ്പം മാർക്വേസ് സ്റ്റോയിൻസും ഒത്തുചേർന്നതോടെ വിജയം ബാംഗ്ലൂരിനൊപ്പം നിന്നു. പതിനാറ് പന്തിൽ 28 റൺസാണ് സ്റ്റോയിൻസ് നേടിയത്. അവസാന ഓവറിൽ ബാംഗ്ലൂരിന് ജയിക്കാൻ ആറ് റൺസായിരുന്നു ആവശ്യം. ആദ്യമായി പന്ത് എറിയാനെത്തിയ സർഫറാസ് ഖാന്റെ ആദ്യ പന്തിൽ സ്റ്റോയിൻസ് നാലു റൺസടിച്ചു. രണ്ടാമത്തെ പന്തിൽ രണ്ടു റൺസും നേടി. ഇതോടെ നാലു പന്ത് ശേഷിക്കേ ബാംഗ്ലൂർ എട്ടു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.  
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട പഞ്ചാബ് നിശ്ചിത ഓവറിൽ നാലു വിക്കറ്റിന് 173 റൺസാണ് നേടിയത്. സൂപ്പർ താരം ക്രിസ് ഗെയ്‌ലിന്റെ (99) ഉജ്വല ഇന്നിങ്‌സാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്. 64 പന്തിൽ 10 ബൗണ്ടറികളും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ലോകേഷ് രാഹുൽ (18), മായങ്ക് അഗർവാൾ (15), സർഫ്രാസ് ഖാൻ (15), സാം കറെൻ (1) എന്നിവരാണ് പുറത്തായത്. 18 റൺസുമായി മൻദീപ് സിങ് ഗെയ്‌ലിനൊപ്പം പുറത്താവാതെ നിന്നു. സെഞ്ചുറി തികയ്ക്കാൻ ഇന്നിംഗ്‌സിലെ അവസാന പന്തിൽ സിക്‌സറാണ് ഗെയ്‌ലിനു വേണ്ടിയിരുന്നത്. എന്നാൽ മുഹമ്മദ് സിറാജിന്റെ ബൗളിംഗിൽ ബൗണ്ടറി നേടാനേ അദ്ദേഹത്തിനായുള്ളൂ. ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് നായകൻ വിരാട് കോഹ്‌ലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
 

Latest News