Sorry, you need to enable JavaScript to visit this website.

പഞ്ചാബിനെ പൊള്ളിച്ച് പൊള്ളാർഡ്

മുംബൈ- അടിക്ക് തിരിച്ചടി. പഞ്ചാബ് അടിച്ചു കൂട്ടിയ എത്തിപ്പിടിക്കാൻ താരതമ്യേന ഉയർന്ന സ്‌കോറിലേക്കുള്ള മുംബൈയുടെ ജൈത്രയാത്ര അവിസ്മരണീയമായിരുന്നു. പഞ്ചാബ് ഉയർത്തിയ ലക്ഷ്യം അതേ ആവേശത്തോടെ മുംബൈ പിന്തുടർന്നപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മറ്റൊരു ത്രസിപ്പിക്കുന്ന മത്സരം കൂടി ക്രിക്കറ്റ് ലോകത്തിന് ലഭിച്ചു. പൊള്ളാർഡ് തകർത്താടിയ മത്സരത്തിൽ മുംബൈക്ക് മൂന്ന് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് നേടിയ 197 റൺസ് അവസാന പന്തു വരെ കാത്ത ഉദ്വേഗത്തിനൊടുവിൽ മുംബൈ മറികടന്നു. 31 പന്തിൽ 83 റൺസ് അടിച്ചെടുത്ത പൊള്ളാർഡാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. പത്തു സിക്‌സും നാലു ഫോറും അടങ്ങിയതായിരുന്നു പൊള്ളാർഡിന്റെ ഇന്നിംഗ്‌സ്. ഇരുപതാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിലാണ് മുംബൈയുടെ താൽക്കാലിക നായകൻ കൂടിയായ പൊള്ളാർഡ് പുറത്തായത്.  അങ്കിത് രജ്പുത്തിന്റെ പന്തിൽ ഡേവിഡ് മില്ലറിനായിരുന്നു ക്യാച്ച്. നേരത്തെ ക്വിന്റോൺ ഡികോക് 23 പന്തിൽ 24 റൺസ് നേടിയിരുന്നു. സിദ്ദേഷ് ലാഡ് 15, സൂര്യകുമാർ യാദവ് 21, ഇഷാൻ കൃഷ്ണൻ 7, ഹാർദിക് പാണ്ഡേ 19, അൽസാരി ജോസഫ് 15 റൺസും നേടി. മുഹമ്മദ് ഷമി നാലോവറിൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് കൊയ്തു. അൻകിത് രാജ്പുട്ട് നാലോവറിൽ വഴങ്ങിയത് 52 റൺസായിരുന്നു. ഒരു വിക്കറ്റ് ലഭിച്ചു. ഹർദുസ് വിൽജോൺ 34 റൺസും സാം കരൺ 54 റൺസും വഴങ്ങി.   
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട പഞ്ചാബ് നാലു വിക്കറ്റിന് 197 റൺസെന്ന മികച്ച സ്‌കോർ പടുത്തുയർത്തിയിരുന്നു. ലോകേഷ് രാഹുൽ പുറത്താകാതെ സെഞ്ചുറി പൂർത്തിയാക്കി. 63 പന്തിൽ ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് രാഹുൽ സെഞ്ച്വറി നേട്ടം കൈവരിച്ചത്. സൂപ്പർ താരം ക്രിസ് ഗെയ്‌ലാണ് (63) പഞ്ചാബിന്റെ മറ്റൊരു പ്രധാന റൺവേട്ടക്കാരൻ. വെറും 36 പന്തിലാണ് ഏഴു കൂറ്റൻ സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം ഗെയ്ൽ 63 റൺസ് അടിച്ചെടുത്തത്. ആദ്യ വിക്കറ്റിൽ രാഹുൽ-ഗെയ്ൽ സഖ്യം 116 റൺസ് അടിച്ചെടുത്തപ്പോൾ തന്നെ പഞ്ചാബ് വൻ സ്‌കോർ ഉറപ്പിച്ചിരുന്നു. അവസാന നാലോവറിൽ 59 റൺസാണ് പഞ്ചാബ് നേടിയത്. ഹർദിക് പാണ്ഡ്യയുടെ 19-ാം ഓവറിൽ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമുൾപ്പെടെ 25 റൺസ് രാഹുൽ എടുത്തു. ടോസിനു ശേഷം മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 
സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പകരം വിൻഡീസ് ഓൾറൗണ്ടർ കിരോൺ പൊള്ളാർഡാണ് മുംബൈയെ നയിച്ചത്. പരിക്കിനെ തുടർന്നു രോഹിത്ത് കളിയിൽനിന്നു പിൻമാറിയതിനെ തുടർന്നാണ് പൊള്ളാർഡ് എത്തിയത്. 


 

Latest News