Sorry, you need to enable JavaScript to visit this website.

സൗദിയിലെത്തിയിട്ടും രേഖയില്‍ മകള്‍ രാജ്യത്തിനു പുറത്ത്; ഒടുവില്‍ ജാവാസാത്ത് തുണച്ചു

റിയാദ്- അവധി ആഘോഷിക്കാന്‍ ബഹ്‌റൈനിലേക്ക് പോയ മലപ്പുറം കുളത്തൂര്‍ സ്വദേശി വി.എം അഷ്‌റഫിനും കുടുംബത്തിനും ജവാസാത്ത് ഓണ്‍ലൈന്‍ സേവന സംവിധാനമായ അബ്ശിറില്‍ വന്ന സാങ്കേതിക പിഴവ് പൊല്ലാപ്പായി. അവധി കഴിഞ്ഞു മടങ്ങിയെത്തിയിട്ടും രേഖയില്‍ 12 വയസ്സുകാരി മകള്‍ അലൈന മാത്രം രാജ്യത്തിന് പുറത്ത്. അബ്ശിറില്‍ യാത്രാ സ്റ്റാറ്റസ് നോക്കിയപ്പോഴാണ് മകള്‍ ഇപ്പോഴും സൗദിയില്‍ ഇല്ലെന്ന് അഷ്റഫ് അറിയുന്നത്.
എല്ലാവരുടെ പാസ്‌പോര്‍ട്ടിലേത് പോലെ സൗദിയിലേക്ക് പ്രവേശിച്ചു എന്ന് അടയാളപ്പെടുത്തുന്ന സീലും തീയതിയും അലൈനയുടെ പാസ്‌പോര്‍ട്ടിലും പതിച്ചിട്ടുണ്ട്. പക്ഷേ ഓണ്‍ലൈനില്‍ മാത്രം അത് രേഖപ്പെടുത്തിയിട്ടില്ല.
 വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അഷ്റഫ് റിയാദ് മുറബ്ബയിലുള്ള ജവാസാത്ത് വിഭാഗത്തെ സമീപിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഷ്റഫിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും പരിഹാരം കാണാനായില്ല. ബഹ്റൈന്‍ അതിര്‍ത്തിയിലെ സൗദി പാസ്‌പോര്‍ട്ട് ഓഫീസില്‍ പോകാനായിരുന്നു ആദ്യം അഷ്‌റഫിന് ലഭിച്ച നിര്‍ദേശം. ജോലി ഉള്‍പ്പെടെയുള്ള പ്രയാസം അറിയിച്ചതോടെ ഉദ്യോഗസ്ഥന്‍ ജവാസാത്ത് ഹെഡ് ഓഫീസിലേക്ക് വിളിച്ചു വിഷയം ധരിപ്പിച്ചു. തുടര്‍ന്ന് മലസിലെ ഫറസ്ദഖ് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന  ആഭ്യന്തര മന്ത്രാലയത്തിന്റെ ശാഖയിലേക്ക് പോകാന്‍ നിര്‍ദേശം ലഭിച്ചു. സംഭവം വിവരിച്ചു ഇംഗ്ലീഷിലോ അറബിയിലോ കത്ത് നല്‍കാന്‍ അധികൃതര്‍ അഷ്‌റഫിനോട് ആവശ്യപ്പെട്ടു. കത്ത് സ്വീകരിച്ചു 48 മണിക്കൂര്‍ കാത്ത് നില്‍ക്കാന്‍ നിര്‍ദേശം കിട്ടിയതോടെ മടങ്ങി. 24 മണിക്കൂറിനുള്ളില്‍ തന്നെ അലൈന സൗദിയില്‍ പ്രവേശിച്ചതായി ഓണ്‍ലൈനില്‍ തിരുത്തുണ്ടായതോടെയാണ് സമാധാനമായത്.
ഇത്തരം സാങ്കേതിക പിഴവുകള്‍ ഉടന്‍ കണ്ടെത്തുന്നതിന് നിലവില്‍ സംവിധാനങ്ങളുണ്ട്. എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ ഓണ്‍ലൈനില്‍ വിസയുടെ സ്റ്റാറ്റസ് മാറും. സൗദിയില്‍ നിന്ന് പുറത്തേക്ക് പോകുകയാണെങ്കില്‍ 'ഔട്ട് ഓഫ് ദ കിംഗ്ഡം' എന്നും സൗദിയിലേക്ക് പ്രവേശിച്ചുവെങ്കില്‍ 'ഇന്‍സൈഡ് ദ കിംഗ്ഡം' എന്നും രേഖപ്പെടുത്തിയത് കാണാം. ഇവിടെ ക്ലിക്ക് ചെയ്ത്‌ ഇഖാമ നമ്പറും ജനന തീയതിയും എന്റര്‍ ചെയ്താല്‍ ഇക്കാര്യം അറിയാന്‍ സാധിക്കും.

 

Latest News