മെസ്സിയും സോറസും രക്ഷകരായി; ബാഴ്‌സ കിരീടത്തിനരികെ

ക്യാംപ്‌നൗ- കളി തീരാൻ അഞ്ചുമിനിറ്റ് മാത്രം ശേഷിക്കേ ലൂയിസ് സോറസും ലയണൽ മെസ്സിയും നേടിയ ഗോൾ സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയെ കിരീടത്തിനരികെ എത്തിച്ചു. 
ലാലിഗയിൽ അത്‌ലറ്റികോ മഡ്രീഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്‌സ കീരീടത്തിന് അടുത്തെത്തിയത്. 
ലീഗിൽ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോക്ക് ശനിയാഴ്ചയിലെ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. ഇരുപത്തിയെട്ടാമത്തെ മിനിറ്റിൽ ഡീഗോ കോസ്റ്റ ചുവപ്പുകാർഡ് കണ്ട് പുറത്തായത് ആതിഥേയർക്ക് തിരിച്ചടിയായി. റഫറിയെ അവഹേളിച്ചതാണ് കോസ്റ്റയുടെ പുറത്താകലിലേക്ക് വഴിവെച്ചത്. പത്തുപേരായി ചുരുങ്ങിയതോടെ അത്‌ലറ്റികോ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 
എൺപത്തിയഞ്ചാം മിനിറ്റ് വരെ ബാഴ്‌സയുടെ മുന്നേറ്റം ഫലപ്രദമായി പ്രതിരോധിച്ച അത്‌ലറ്റികോയുടെ വലയിൽ സുവാരസ് പന്തെത്തിച്ചു. 
86ാം മിനിറ്റിൽ ലയണൽ മെസ്സിയും ബാഴ്‌സയ്ക്കായി ഗോൾ നേടി. മെസ്സിയും സുവാരസും ചേർന്ന് ഈ സീസണിൽ നേടുന്ന 53-ാം ഗോൾ ആണിത്. ലാലിഗയിൽ മെസ്സിയുടെ 335-ാം ജയവുമാണിത്. 31 മത്സരങ്ങളിൽനിന്നും ബാഴ്‌സലോണ 73 പോയന്റുമായി ഏറെ മുന്നിലാണ്. ഇത്രയും മത്സരങ്ങളിൽനിന്നും 62 പോയന്റുമായി അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തും 60 പോയന്റുമായി റയൽ മഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. 
ബാഴ്‌സക്ക് ഇനി ഏഴു കളികൾ കൂടി ബാക്കിയുണ്ട്. അത്‌ലറ്റിക്കോയ്‌ക്കെതിരായ ജയം നിർണായകമായിരുന്നെന്ന് ബാഴ്‌സലോണ പരിശീലകൻ ഏണസ്‌റ്റോ വാൽവെർദെ പറഞ്ഞു. കിരീടത്തോട് കൂടുതൽ അടുത്തുകഴിഞ്ഞു. ജയത്തോടെ ലഭിച്ച പോയന്റ് എതിരാളികളെക്കാൾ തങ്ങളെ ഏറെ മുന്നിലെത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഡീഗോ കോസ്റ്റയെ റഫറി പുറത്താക്കിയത് അനാവശ്യമാണെന്ന് ആരോപിച്ച് അത്‌ലറ്റികോ പരിശീലകൻ സിമിയോണി രംഗത്തെത്തി. തന്നോട് ഡീഗോ കോസ്റ്റ സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നാണ് റഫറി പറഞ്ഞത്. 
എന്നാൽ പുറത്താക്കാൻ മാത്രമുള്ള ഒന്നും ഡീഗോ കോസ്റ്റ് ചെയ്തിട്ടില്ലെന്നും സിമിയോണി വ്യക്തമാക്കി. 


 

Latest News