പാലക്കാട്ടെ ആദിവാസി ഊരുകളിലും പട്ടിണി കിടക്കുന്ന കുടിലുകളിലും സാന്ത്വന സ്പർശമായി ഓടിയെത്താറുള്ള 'ചിതൽ' സോഷ്യൽ മീഡിയയിൽ സുപരിചിതയാണ്. ഉംറ തീർഥാടനത്തിന്റെ വിശുദ്ധിയിൽ മക്കയിലെത്താനായതിന്റെ സന്തോഷത്തിലാണ് ചിതൽ. സിഫിയ ഹനീഫ് അതാണ് ചിതലിന്റെ ശരിയായ പേര്. ചെറു പ്രായത്തിൽ വൈധവ്യം തീർത്ത ഒറ്റപ്പെടലിന്റേയും വേദനയുടേയും പരുക്കൻ സാഹചര്യങ്ങളിൽ തളരാതെ, തന്നേപ്പോലുള്ള അശരണരായ ജീവിതങ്ങൾക്ക് സാന്ത്വനമായിരിക്കട്ടെ ശിഷ്ട ജീവിതം എന്നു തീരുമാനിച്ചിറങ്ങുകയായിരുന്നു സിഫിയ.
പാലക്കാട് വടക്കുംചേരിയിലാണ് സിഫിയയുടെ വീട്. ഇരുപതാമത്തെ വയസ്സിൽ വിധവയായി. ജീവിതം വഴിമുട്ടിയപ്പോൾ രണ്ടു മക്കളേയും കൊണ്ട് സ്വന്തം വീട്ടിൽ തിരിച്ചെത്തി. വിധവയെന്ന വിശേഷണം എത്ര ഭയാനകമാണെന്നു തിരിച്ചറിഞ്ഞ നാളുകളായിരുന്നു അവ. മറ്റുള്ളവർക്ക് ഭാരമാകരുതെന്ന് മാത്രമായിരുന്നു ചിന്ത. പ്ലസ് വണ്ണിൽ നിലച്ച പഠനം വീണ്ടും തുടങ്ങാൻ തീരുമാനിച്ചു. എന്നാൽ കുത്തുവാക്കുകളും എതിർപ്പുമാണ് എതിരേറ്റത്. അതെല്ലാം നേരിട്ടു പ്ലസ് ടു പൂർത്തിയാക്കി, ഡിഗ്രിക്കു ചേർന്നു. നിവൃത്തികേടു കൊണ്ട് കുട്ടികളേയും കൊണ്ട് വീടുവിട്ടു, ബാംഗ്ലൂരിലെത്തി.
അസുഖം പിടികൂടിയ കുഞ്ഞിനേയുമായി തല ചായ്ക്കാനിടമില്ലാതെ ബാംഗ്ലുരു നഗരത്തിൽ അലഞ്ഞ സിഫിയയുടെ മുമ്പിൽ രക്ഷകയായി എത്തിയത് 'പാട്ടി'എന്ന് വിളിക്കപ്പെടുന്ന വൃദ്ധയായ സ്ത്രീ. സിഫിയയെ അവർ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ എത്തിച്ചു. ഏഴു മാസം ബാംഗ്ലൂരിൽ ചെറിയ ജോലികൾ ചെയ്തു ജീവിച്ചു. പിന്നീട് തിരികെ നാട്ടിലെത്തി കുട്ടികൾക്ക് ട്യൂഷനെടുത്തു ജീവിതം മുന്നോട്ടു നീക്കി. തന്നെപ്പോലെ വിധവകളായി കഷ്ടപ്പെടുന്ന ഒട്ടേറെ പേർ തന്റെ ചുറ്റുപാടുമുണ്ടെന്നു മനസ്സിലാക്കി, അവർക്കു വേണ്ടി വല്ലതുമൊക്കെ ചെയ്യണമെന്നു മനസ്സു മന്ത്രിച്ചു. ഭർത്താവ് മരിച്ച സ്ത്രീകളുടെ അവസ്ഥ എത്ര ഭീകരമാണെന്ന് സ്വന്തം ജീവിതത്തിൽ നിന്ന് പഠിച്ചതിന്റെ ഫലമായിട്ടാണ് അവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തീരുമാനത്തിലെത്തിയത്. ജോലിയിൽ നിന്ന് കിട്ടുന്നതിൽ ഒരു ഭാഗം മാറ്റിവെച്ച് അഞ്ചു കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്തുകൊണ്ടായിരുന്നു തുടക്കം. കുട്ടികളെല്ലാം വിധവകളുടെ മക്കളായിരുന്നു.

ഇനിയും പലതും ചെയ്യാൻ സാധിക്കുമെന്ന് മനസ്സിലാക്കിയ സിഫിയ അംഗവൈകല്യം ബാധിച്ച കുട്ടികൾക്കായി ചികിൽസാ സഹായം നൽകാൻ തുടങ്ങി. രാപ്പകൽ വ്യത്യാസമില്ലാതെ ട്യൂഷനെടുത്തും മറ്റുമാണ് ഇതിനായി പണം സ്വരൂപിച്ചിരുന്നത്. അന്ന് പിന്തിരിപ്പിക്കാനായിരുന്നു പലർക്കും താൽപര്യം. ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി സഹായിക്കാൻ മുമ്പോട്ടു വന്നത് ചുരുക്കം പേർ മാത്രമായിരുന്നു.
വടക്കുംചേരി ഹനീഫിന്റേയും സുബൈദയുടേയും മകളാണു സിഫിയ. സിഫിയ ചിതലായി പരിണമിച്ചത് ഫേസ്ബുക്കിൽ 'ചിതൽ'എന്ന പേജു തുടങ്ങിയതു മുതലാണ്. വിധവകളുടേയും നിർധനരുടേയും ജീവിതങ്ങളെ സോഷ്യൽ മീഡിയ വഴി ജനങ്ങളിലേക്കെത്തിച്ചപ്പോൾ അപ്രതീക്ഷിതമായി വിവിധ കോണുകളിൽ നിന്ന് സഹായങ്ങൾ ലഭിക്കാൻ തുടങ്ങി. അത് ചിതലിന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്തും ആത്മവിശ്വാസവും പകർന്നു. വിധവകൾക്കു അനുയോജ്യമായ ജോലി കണ്ടെത്താൻ സഹായിക്കുക, അവർക്കു ജോലിക്കു പോകാനും സ്വന്തം കാലിൽ നിൽക്കാനുമുള്ള ആത്മധൈര്യം പകരുക തുടങ്ങിയവയ്ക്കാണ് സിഫിയ മുൻഗണന നൽകിയത്. സിഫിയ പകർന്നു നൽകിയ കരുത്തിൽ ഒട്ടേറെ കുടുംബങ്ങൾ ഇന്ന് സ്വയം എഴുന്നേറ്റു നിൽക്കുന്നു. അമ്പതോളം തയ്യൽ മെഷീനുകൾ വാങ്ങിക്കൊടുക്കാനായി. മുപ്പതിലധികം പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തു. വീടില്ലാത്ത എട്ടു കുടുംബങ്ങൾക്ക് വീടു വെച്ചുകൊടുത്തു. ഇരുപത്തിനാലു കുടുംബങ്ങൾക്ക് ശുചിമുറികൾ പണിതു കൊടുത്തു. അമ്പത് നിർധന കുടുംബങ്ങളുടെ നിത്യച്ചെലവുകൾ നോക്കി നടത്തുന്നു. നൂറു കുട്ടികൾക്ക് പഠന സഹായം നൽകുന്നു. കാൻസർ രോഗബാധിതർക്കു മരുന്നു വിതരണം ചെയ്യുന്നു. ഇതെല്ലാം ചെയ്യുന്നതിനിടയിലും സിഫിയ തന്റെ പഠനം തുടരുന്നു. ഇംഗ്ലീഷിൽ ബിരുദവും പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ഡിപ്ലോമയും ചെയ്ത സിഫിയ ബിഎഡ് പഠനവും പൂർത്തിയാക്കി. ഇപ്പോൾ എം.എ ചെയ്യുന്നു.

ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനുമെല്ലാം പരമാവധി അരിച്ചാക്കുകൾ സംഘടിപ്പിച്ച് പെരുവെമ്പ് കോളനിയിലും കൊല്ലത്തറ കോളനിയിലുമെല്ലാം വിതരണം നടത്താറുണ്ടെന്ന് സിഫിയ പറയുന്നു. വേനൽ കത്തി നിൽക്കുന്ന ഇപ്പോൾ കുടിവെള്ള ക്ഷാമമാണ് പലയിടത്തും. ഇക്കൊല്ലം രണ്ടു കിണറുകൾ പണികഴിപ്പിക്കാനായി എന്നതും അവർ ചിരിതാർഥ്യത്തോടെ അനുസ്മരിച്ചു. മക്കയിലെത്തിയ സിഫിയ മക്കയുടെ ചരിത്ര വിശേഷങ്ങൾ പഠിക്കുന്ന തിരക്കിലാണ്.






