Sorry, you need to enable JavaScript to visit this website.

വാതിലുകൾ അടക്കേണ്ട, ചൗക്കിദാർ ഉണ്ടല്ലോ 

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ കാര്യം തെരഞ്ഞെടുപ്പിന് മുമ്പ് ഇനി പരാമർശിക്കേണ്ടതില്ലെന്ന് കരുതിയതായിരുന്നു. അപ്പോഴതാ ഇടതുമുന്നണി കൺവീനർക്ക് വെറുതെ ഒരു വിളി. പൊന്നാനിയിൽ സഖാവ് അൻവറിന് വോട്ട് പിടിക്കുമ്പോൾ ആവേശം തിളച്ചു മറിഞ്ഞു. അല്ലെങ്കിലും ഈ മുന്നണി കൺവീനറെന്നൊക്കെ പറയുന്നത് നാഗാലന്റ് ഗവർണറുടെ അത്ര പോലും പവറില്ലാത്ത പണിയാണ്. യോഗം വിളിക്കുന്ന കാര്യം ഘടക കക്ഷികളെ അറിയിക്കുക. 
വല്ലതും നിർദേശിക്കാൻ പുറപ്പെട്ടാൽ ചെറുകക്ഷിയായ ഇന്റർനാഷണൽ ലീഗ് പോലും കേൾക്കില്ല. രമ്യാ ഹരിദാസിന് വേണ്ടി ദീപ ടീച്ചർ കാര്യമായി അധ്വാനിച്ച് ക്ഷീണം മാറ്റാൻ അൽപം മാറി നിന്ന തക്കം നോക്കിയാണ് മലപ്പുറത്തുകാരനായ കൺവീനർ പാണക്കാട്ടെത്തുന്ന അതിഥികൾക്ക് ലഭിക്കുന്ന സ്വീകരണത്തെ കുറിച്ച് വിവരിച്ചത്. ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ഇതൊന്നുമറിഞ്ഞില്ല പാവങ്ങൾ. വൈകാതെ ലേലു അല്ലു പേമാരിയുമുണ്ടായി. ഈ വിഷയം റിപ്പോർട്ടർ ടി.വി ചർച്ച ചെയ്തപ്പോൾ കോൺഗ്രസിന്റെ പ്രതിനിധിയായി പി.എം സുരേഷ് ബാബുവുണ്ടായിരുന്നു. ഈ കുട്ടിയെയും അമ്മയെയും എല്ലാം ഞങ്ങൾക്കറിയാം, കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണെന്നൊക്കെ അദ്ദേഹം പറഞ്ഞു. പാനലിലെ വനിതാ പ്രതിനിധിക്ക് ഇതാണ് തീരെ പിടിക്കാതിരുന്നത്. എന്റെ അറിവിൽ രമ്യക്ക് 31 വയസ്സായി. ഇപ്പോഴും ഇവരുടെയൊക്കെ ദൃഷ്ടിയിൽ കുട്ടി തന്നെ. ഇതാണ് പുരുഷ മേധാവിത്വത്തിന്റെ കുഴപ്പം. എപ്പോഴാണാവോ കുട്ടി സ്റ്റാറ്റസ് മാറിക്കിട്ടുക?  

***    ***    ***

രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ ദിവസത്തെ കാര്യമാണ് ബഹുരസം. അവിടെ താലികെട്ട്, ഇവിടെ പാലുകാച്ച് സ്റ്റൈലിൽ ഹിന്ദി ചാനലിന്റെ ഒളി ക്യാമറാ ഓപറേഷൻ. ടിവി9 എന്ന ചാനൽ കുറച്ചു കാലമായി ബംഗളൂരുവിലും ഹൈദരാബാദിലുമുണ്ട്. കോഴിക്കോട്ട് ഹോട്ടൽ തുടങ്ങാൻ എത്തിയവർ എം.പിയുടെ സഹായം തേടുന്ന സംഭാഷണങ്ങളാണ് അവ്യക്തമായ ദൃശ്യങ്ങളിൽ. ഇത് കേൾക്കേണ്ട താമസം എൽഡിഎഫ് ഞെട്ടിയുണർന്നു. ഉത്തരവാദപ്പെട്ടവരെല്ലാം പ്രസ്താവനകളുമായി രംഗത്തെത്തി. അതേസമയം കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് മറന്നു പോയ മഹാ പ്രളയത്തിന്റെ കാര്യം ഓർമപ്പെടുത്താൻ അമിക്കസ് ക്യൂറി വരേണ്ടിവന്നു. ഇതേക്കുറിച്ച് മന്ത്രി എം.എം മണിയോട് പ്രതികരണം തിരക്കിയെത്തിയ ഏഷ്യാനെറ്റ് ലേഖിക വനിതാ മതിലിന്റെ സംരക്ഷണ വലയം ശരിക്കും അനുഭവിച്ചറിഞ്ഞു.  

***    ***    ***

പ്രധാനമന്ത്രി നരേന്ദ്ര മോഡി മഹാരാഷ്ട്രയിലെ വാർധയിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് ദേശീയ ചാനലുകളിൽ വലിയ വാർത്തയായി. അമേത്തിയിൽ മത്സരിക്കാതെ രാഹുൽ വയനാട്ടിലേക്ക് പലായനം ചെയ്തുവെന്നതാണ് പ്രധാന ആരോപണം. ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളെ ഭയന്ന് ന്യൂനപക്ഷങ്ങളുടെ മണ്ഡലമായ വയനാട് തേടിയാണ് രാഹുൽ തെക്കേ ഇന്ത്യയിലേക്ക് പറന്നത്. നമ്മുടെ സമൂഹം മതത്തിന്റേയും ജാതിയുടേയും പേരിൽ എത്രമാത്രം ഭിന്നക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ പ്രസംഗത്തിൽ വ്യക്തം. കാമ്പയിനിലും ഈ പ്രക്രിയ ശക്തമാക്കുമെന്ന സൂചനയുമുണ്ട്. രാഹുൽ മത്സരിക്കുന്ന വയനാട്ടിനേക്കാളും മുസ്‌ലിം ന്യൂനപക്ഷമുള്ള മണ്ഡലമായ വരാണസിയിൽ നിന്നാണ് മോഡിജി തെരഞ്ഞെടുക്കപ്പെട്ടത്. ബനാറസ് സിൽക്ക് മേഖലയിൽ ജോലി ചെയ്യുന്നവരുൾപ്പെടെ മൂന്ന് ലക്ഷത്തിനടുത്ത് വരും അവിടത്തെ പ്രബല  ന്യൂനപക്ഷത്തിന്റെ കണക്ക്. മതം പറഞ്ഞ് വോട്ട് ചോദിക്കുന്നതിലെ അനൗചിത്യം തേടിയാണ് എൻഡിടിവി കൽപറ്റയിലെ കോളേജ് വിദ്യാർഥികൾക്കിടയിൽ അന്വേഷണം നടത്തിയത്. എല്ലാവരും വർഗീയതയ്‌ക്കെതിരാണ്. പറഞ്ഞു ഫലിപ്പിക്കാനാവുന്നില്ലെന്ന് മാത്രം. ഇംഗഌഷിൽ ആശയ വിനിമയം നടത്തുന്നതിൽ മലയാളി വിദ്യാർഥികൾ എത്ര പിന്നോക്കമാണെന്ന് ഈ വീഡിയോ ക്ലിപ്പ് വ്യക്തമാക്കുന്നു. കമ്യൂണൽ പോളറൈസേഷൻ എന്നീ വാക്കുകൾ കുട്ടികൾക്ക് കിട്ടുന്നതേ ഇല്ല. റിപ്പോർട്ടർ അതും കൂടി ചേർത്താണ് പിന്നീട് വിശദീകരിക്കുന്നത്.. 
നാമനിർദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഏറെ ആവേശത്തോടെയാണ് അണികൾ വരവേറ്റത്. 
ഇക്കാര്യം കൈരളി ഒഴികെയുള്ള ചാനലുകളെല്ലാം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ടോടെയാണ് രാഹുലും പ്രിയങ്കയും കോഴിക്കോട് വെസ്റ്റ് ഹില്ലിൽ എത്തിയത്.  പിറ്റേന്ന് രാവിലെ പത്രിക സമർപ്പണവും റോഡ് ഷോയും നടത്താൻ തീരുമാനിച്ച ഇവർ വെസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്. നാടകീയ രംഗങ്ങളാണ് രാത്രി ഗസ്റ്റ് ഹൗസിൽ അരങ്ങേറിയത്.  ചർച്ചകൾക്കു ശേഷം  രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക പതിനൊന്നരയോടെയാണ് മുറിയിൽ ഉറങ്ങാനെത്തിയത്. പുലർച്ചെ രണ്ടരയോടെ തട്ടിൻമുകളിൽ നിന്ന് ശബ്ദം കേട്ടാണ് പ്രിയങ്ക ഉണർന്നത്. പ്രിയങ്ക വിവരമറിയിച്ചതോടെ പരിശോധനയ്‌ക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ തട്ടിൻ മുകളിൽ മരപ്പട്ടി ഓടുന്നതാണെന്ന് വ്യക്തമായി. മരപ്പട്ടിയെ ഓടിക്കാൻ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പ്രിയങ്കയുടെ താമസം റാവീസ് കടവ് ഹോട്ടലിലേക്ക് മാറ്റാൻ തീരുമാനിച്ചു. പോകാനായി എസ്.പി.ജി മാനദണ്ഡ പ്രകാരം വാഹനവ്യൂഹം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കാൻ സ്‌പെഷ്യൽ ബ്രാഞ്ചിന് നിർദേശവും ലഭിച്ചു.  എന്നാൽ ഇതിനിടെ മരപ്പട്ടി തട്ടിന്മുകളിൽ നിന്ന് മാറിപ്പോകുകയായിരുന്നു. അതോടെ, പ്രിയങ്ക ഗസ്റ്റ്ഹൗസിൽ തന്നെ തുടരാൻ തീരുമാനിച്ചു. രാത്രി ഉറക്കം നഷ്ടപ്പെട്ടെങ്കിലും രാവിലെ ആറിനു തന്നെ എഴുന്നേറ്റ് വയനാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ പ്രിയങ്ക തുടങ്ങുകയും ചെയ്തു.  

***    ***    ***

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത എസ്. നായർ വയനാട്ടിലും എറണാകുളത്തും നൽകിയ നാമനിർദേശ പത്രികകൾ തള്ളി. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിർദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരിയുടെ വിശദീകരണം. സ്വതന്ത്ര സ്ഥാനാർഥി സരിത എസ്. നായർ രണ്ടു വർഷം ജയിൽ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമെന്ന് വരണാധികാരി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്മേൽ അപ്പീൽ പോയിരിക്കുകയാണെന്ന് സ്ഥാനാർഥിയെ പ്രതിനിധാനം ചെയ്‌തെത്തിയ അഭിഭാഷകൻ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ഇത് തെളിയിക്കാനാവശ്യമായ രേഖ വരണാധികാരി ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. രേഖ ഹാജരാക്കാൻ അനുവദിച്ച സമയം അവസാനിച്ചതിനാലാണ് പത്രിക തള്ളിയത്. കുറ്റാരോപിതരായ ചില സ്ഥാനാർഥികൾ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.  രാഷ്ട്രീയ പിൻബലമുള്ള ഏതൊരാൾക്കും, അയാൾ കുറ്റാരോപിതനാണെങ്കിൽ പോലും നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച് ജനപ്രതിനിധിയാകാം. അവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കാമെന്നും ഇതിലൂടെ ജനങ്ങൾക്ക് ഒരു സന്ദേശം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും സരിത തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച വേളയിൽ പറഞ്ഞിരുന്നു. രാഷ്ട്രീയ പിൻബലമില്ലാത്തവർക്കായി നടത്തുന്ന പോരാട്ടം വെറുതെയായി.  

***    ***    ***

മലയാളത്തിലെ പ്രധാന ചാനലായ ഏഷ്യാനെറ്റിൽ ബോളിവുഡ് താരം അമിതാബ് ബച്ചൻ അഭിനയിച്ച ഒരു പരസ്യം വരുന്നുണ്ട്. പത്ത് സെക്കന്റിൽ മിന്നി മായുന്ന ഒന്നല്ല. കുറച്ചു കാര്യമായി തന്നെയുണ്ട്. പ്രകൃതിയുടെ വിളിക്ക് ഉത്തരം നൽകാൻ ഓപൺ എയറിലേക്ക് പോകുന്ന ആളിനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു. വാതിലുകളുള്ള ടോയ്‌ലറ്റുകൾ ഇപ്പോൾ യാഥാർഥ്യമായെന്നും പഴയ പരിപാടി ഇനി വേണ്ടെന്നുമാണ് ആംഗ്രി യംഗ് മാൻ ഓഫ് യെസ്റ്റർഇയേഴ്‌സ് പറയുന്നത്. കേരളത്തിൽ ജീവിക്കുന്ന നമുക്കൊക്കെ ഇത് കാണുമ്പോൾ ആശ്ചര്യം. അഹമ്മദാബാദിനും മുംബൈക്കുമിടയിൽ ബുള്ളറ്റ് ട്രെയിനിന് പദ്ധതിയിടുന്ന നാട്ടിൽ ഇപ്പോഴും കണ്ടത്തിൽ ചെന്നാണ് കാര്യം സാധിക്കുന്നതെന്ന  കാര്യം അവിശ്വസനീയമാണ്. പ്രൈം ടൈമിൽ വൻ തുക മുടക്കി പ്രധാന ചാനലുകളുടെ ടൈം സ്ലോട്ട് വാങ്ങുന്നതിന് പകരം കുറച്ചു കൂടി ടോയ്‌ലറ്റുകൾക്ക് വാതിലുകൾ പിടിപ്പിച്ചിരുന്നെങ്കിൽ അതാവുമായിരുന്നു കൂടുതൽ ഉപകാരപ്രദം. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ബിജെപിയുടെ പ്രചാരണ പരിപാടിയായ മേം ഭി ചൗക്കിദാർ സംപ്രേഷണം  ചെയ്തതിന് ദൂരദർശന് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. ദൂരദർശനെ സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്തുവെന്ന പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്നാണ് നടപടി. ബിജെപിയുടെ മേം ഭി ചൗക്കിദാർ പരിപാടി ലൈവായി ദൂരദർശനിൽ സംപ്രേഷണം ചെയ്യുകയും യൂ ട്യൂബിലും ദൂരദർശന്റെ സോഷ്യൽ മീഡിയ സൈറ്റുകളിലും പരിപാടി പ്രചരിപ്പിക്കുകയും ചെയ്തതായി കോൺഗ്രസ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആരംഭിച്ച നമോ ടിവിയുടെ പ്രവർത്തനം സംബന്ധിച്ചും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ വിനിമയ മന്ത്രാലയത്തിൽ നിന്നും വിശദീകരണം തേടിയിരുന്നു.
 

Latest News