കുവൈത്ത്- വിദേശികള്‍ നാടുകളിലേക്ക് അയയ്ക്കുന്ന പണമിടപാടിനു നികുതി ഏര്‍പ്പെടുത്തുന്നതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നും ഇല്ലെന്ന് കുവൈത്ത് പാര്‍ലമെന്റിന്റെ ധനകാര്യസാമ്പത്തിക സമിതി. നികുതി ഏര്‍പ്പെടുത്തുന്നതില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ സമത്വം വേണമെന്നു ഭരണഘടന അനുശാസിക്കുന്നില്ല. സമത്വം എന്നത് നിയമങ്ങളും നീതിയും നടപ്പാക്കുന്ന കാര്യത്തില്‍ മാത്രമാണെന്നാണ് ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായമത്രെ.
നികുതി വഴി ലഭിക്കുന്ന വരുമാനം പൊതുചെലവിനാണു വിനിയോഗിക്കുക. കുറഞ്ഞ വരുമാനക്കാരെ നികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന നിബന്ധനയുണ്ട്. കുറഞ്ഞ വരുമാനക്കാരില്‍ മഹാഭൂരിപക്ഷവും വിദേശികളാണ്. അതിനര്‍ഥം നികുതി ചുമത്തുമ്പോഴും അവരുടെ ജീവിത നിലവാരം പരിഗണിച്ച് അര്‍ഹമായ ആനുകൂല്യം എന്ന മനുഷ്യത്വപരമായ സമീപനം അംഗീകരിക്കുമെന്നാണ്.
വിദേശികളുടെ പണമിടപാടിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന സഫാ അല്‍ ഹാഷിം എംപിയുടെ നിര്‍ദേശം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പാര്‍ലമെന്റിന്റെ നിയമനിയമ നിര്‍മാണ സമിതി നിരാകരിച്ചിരുന്നു.