400 ദിര്‍ഹത്തെച്ചൊല്ലി തര്‍ക്കം: ബന്ധുവിനെ കൊലപ്പെടുത്തിയയാള്‍ക്ക് യു.എ.ഇയില്‍ വധശിക്ഷ

അബുദാബി- നാനൂറ് ദിര്‍ഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബന്ധുവിനെ കൊലപ്പെടുത്തിയ ഏഷ്യക്കാരന് ദുബായ് ഉന്നത കോടതി വധശിക്ഷ ശരിവെച്ചു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൃഷിയിടത്തില്‍ ഒളിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു.
അബുദാബിയിലെ രണ്ട് ഫാമുകളില്‍ ഇടയന്മാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. കടം വാങ്ങിയ 400 ദിര്‍ഹം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള വാക്കു തര്‍ക്കത്തിനിടെയാണ് കൊലപാതകം. പ്രതിയാണ് പണം നല്‍കാനുണ്ടായിരുന്നത്. തര്‍ക്കത്തിനിടെ മല്‍പിടുത്തമുണ്ടായി. പിന്നീട് രാത്രി മഴുവും ഭാരമേറിയ മറ്റൊരു വസ്തുവും കൊണ്ട് തലക്കും കഴുത്തിനുമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ജോലിക്കെത്താതിനെത്തുടര്‍ന്ന് സ്‌പോണ്‍സര്‍ അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവം വെളിച്ചത്തായത്. ജോലിക്കാര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കീഴ്‌ക്കോടതി ഇയാളെ വധശിക്ഷക്ക് വിധിച്ചിരുന്നു.
യു.എ.ഇ പ്രസിഡന്റിന്റെ അംഗീകാരത്തോടെ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ.

 

Latest News