അബുദാബി- ലോക ഇഡലി ദിനത്തില്‍ 40 വ്യത്യസ്ത തരം ഇഡലികളുമായി ലുലു. മദീന സെയ്ദ് ഷോപ്പിംഗ് മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് മലയാളിയുടെയും തമിഴ്‌നാട്ടുകാരുടേയും ഇഷ്ട വിഭവമായ ഇഡലിക്കായി ഒരു ദിനമൊരുങ്ങിയത്. വ്യത്യസ്തമായ നിറത്തിലും രുചിയിലും തയാറാക്കിയ ഇഡലി ഉപഭോക്താക്കളില്‍ കൗതുകമുണര്‍ത്തി. ഇഡ്ഡലിക്കുപുറമെ പത്തോളം തരത്തിലുള്ള ചട്‌നിയും ചേര്‍ന്നപ്പോള്‍ ഇഡ്ഡലി കഴിക്കാന്‍ ആളുകള്‍ തിരക്കുകൂട്ടി.
ഇഡലിക്കും ചട്ണിക്കും നിറവും രുചിയും നല്‍കാന്‍ മാങ്ങ, ഇഞ്ചി, ചക്ക, കാരറ്റ്, ബീറ്റ് റൂട്ട്, ചീര, തേങ്ങ, അവക്കാഡോ തുടങ്ങി പഴങ്ങളും പച്ചക്കറികളും ചേര്‍ത്തു. സ്പിനാച് ഇഡലി, അനാര്‍, പൈനാപ്പിള്‍, ഹെര്‍ബല്‍, മഷ്‌റൂം, റവ, മിക്‌സഡ്, ഇഡലി മഞ്ചൂരാന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഇഡലികളും ഉണ്ടായിരുന്നു. രാവിലെ 10 മുതല്‍ രാത്രി 10 വരെയായിരുന്നു ഇഡലി മേള.






