ആലത്തൂരിലെ പെങ്ങളുട്ടിയെ താരമാക്കി 

ഇന്ത്യക്കാർ നെഞ്ചിടിപ്പോടെ നിമിഷങ്ങൾ തള്ളി നീക്കിയ ബുധനാഴ്ച കൂടി ഉൾപ്പെട്ടതാണ് പിന്നിട്ട വാരം. പ്രധാനമന്ത്രിജി രാഷ്ട്രത്തെ അഭിസംബോധന ചെയ്യാൻ പോകുന്നുവെന്ന് ചാനലുകളിൽ ഫഌഷ്. ആകാശത്ത് വിലസുന്ന ചാര ഉപഗ്രഹങ്ങൾ ഒറ്റ തള്ളിന് ഉന്തിയിടുന്ന വിദ്യ ഇന്ത്യക്ക് സ്വന്തമെന്ന പ്രഖ്യാപനം വന്നപ്പോഴാണ് പലർക്കും ആശ്വാസമായത്. നാടകീയമായ രംഗങ്ങൾ ബാലറ്റ് പെട്ടിയിൽ പ്രതിഫലിച്ചിട്ടുണ്ടോയെന്ന് രണ്ടു മാസത്തിനകം അറിയാം. ഇത്തരം അഭ്യാസങ്ങൾക്ക് ഒരു കുഴപ്പമുണ്ട്. ഇത് പോലെ ഒരു നാൾ രാത്രിയിലാണ് ദേശ്‌വാസിയോം എന്നും പറഞ്ഞ് ആയിരവും അഞ്ഞൂറും റദ്ദാക്കിയത്. പബ്ലിക് മെമ്മറി ഈസ് ഷോട്ട് എന്നു പറയാറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ എഎൻഐ വാർത്താ ഏജൻസിയേയും നമോ ചാനലിനേയും വിളിച്ച് വരുത്തി നടത്തിയ പ്രഖ്യാപനം നോട്ട് ബന്ദി ദുരിത കാലത്തെ ഓർമിപ്പിക്കുന്നതായി. ടൈംസ് ഓഫ് ഇന്ത്യയിലെ കാർട്ടൂണിൽ കണ്ടത് പോലെ ഐ ഡിഡ് എ ഗ്രേറ്റ് ജോബ് എന്നു മോഡിജി പറഞ്ഞത് കേട്ടപ്പോൾ തങ്ങളുടെ നഷ്ടമായ ജോബ് ഓർമിച്ച ഇന്ത്യയിലെ ദരിദ്ര നാരായണനെ നിസ്സാരമായി തള്ളാനാവില്ല. 
*** *** ***
ആളുകൾ ചിരിക്കാൻ മറക്കുന്ന ഇക്കാലത്ത് കണ്ണന്താനത്തെ പോലൊരു സ്ഥാനാർഥിയെ നൽകിയതിന് ബി.ജെ.പിയോട് നന്ദി പറയുക. ചാലക്കുടി സ്ഥാനാർഥിയായപ്പോഴും ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറുകയെന്നത് മൂപ്പര് ശീലമാക്കി. കൊച്ചി എയർപോർട്ട് എറണാകുളം മണ്ഡലത്തിലായത് തന്റെ കുഴപ്പമല്ലല്ലോ എന്ന വിശദീകരണം കലക്കി. ഏറ്റവും ഒടുവിൽ  വോട്ട് അഭ്യർത്ഥനയുമായി കോടതി മുറിയിൽ കയറിച്ചെന്നാണ് കണ്ണന്താനം വെട്ടിലായത്. പറവൂർ അഡീഷണൽ സബ് കോടതിയിൽ കയറിയാണ് കണ്ണന്താനം വോട്ടഭ്യർത്ഥിച്ചത്. സ്ഥാനാർത്ഥി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് പരാതി നൽകാനൊരുങ്ങുകയാണ് അഭിഭാഷകർ. കോടതിക്കുള്ളിൽ കയറി സ്ഥാനാർത്ഥികൾ വോട്ട് അഭ്യർഥിക്കുന്ന പതിവില്ല. കണ്ണന്താനത്തിന്റെ നടപടിയിൽ ചില അഭിഭാഷകർ പ്രതിഷേധിച്ചു. അതിന്റെ ചൂട് ആറുന്നതിന് മുമ്പതാ മീൻ മാർക്കറ്റിൽ നിരത്തിവെച്ച മത്സ്യ കന്യകകൾക്ക് മുമ്പിൽ നിവർന്ന് നിന്ന് വോട്ട് അഭ്യർഥന. കേരളമായതുകൊണ്ട് ബീഫ് കടയും അടുത്ത് തന്നെ കാണും. മുകളിലുള്ളവർ അറിയണ്ട. 
*** *** ***
കോളേജ് ഇലക്ഷൻ മുതൽ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് എതിരാളിയെ കുറിച്ച് പരാമർശിക്കാതിരിക്കാൻ. വെറുതെ എന്തിന് ഫ്രീ പബ്ലിസിറ്റി കൊടുക്കണം? ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ആദ്യ നാളുകളിൽ ചാനലുകളിൽ കയറിയിറങ്ങി പാട്ടുകൾ പാടി. സമൂഹ മാധ്യമങ്ങളിൽ ലീഗുകാർ പെങ്ങളൂട്ടിക്കായി കഠിനമായി അധ്വാനിച്ചു. എന്നാലും എൽഡിഎഫിന്റെ ഡോ. പി.കെ ബിജുവിന് ആത്മവിശ്വാസ കുറവൊന്നുമുണ്ടായിരുന്നില്ല. 
കേരളത്തിലെ ചുവന്ന മണ്ഡലങ്ങളിലൊന്നാണിതെന്ന ധൈര്യമുണ്ടായിരുന്നു. ഈ സംവരണ മണ്ഡലം മുൻപ് ഒറ്റപ്പാലം ആയിരുന്നപ്പോൾ കാണിച്ച ചുവപ്പ് സ്‌നേഹം തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. രമ്യ ഹരിദാസിന് ഈ ചുവപ്പ് മണ്ണിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത വോട്ടായി മാറിയാൽ അത് ഇടതുപക്ഷത്തെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാകും സമ്മാനിക്കുക. ചോദിച്ചു വാങ്ങുന്ന തിരിച്ചടി എന്ന് പറയുന്നതാവും ശരി. രമ്യ ഉണ്ടാക്കുന്ന തരംഗത്തെ പാട്ടു പാടലിന്റെ രാഷ്ട്രീയമായി കളിയാക്കാൻ ശ്രമിക്കുന്നത്  വിഡ്ഢിത്തമാണ്. 
ആശയ പ്രചാരണത്തിനുള്ള ഒന്നാം തരം ഒരു ആയുധം തന്നെയാണ് പാട്ടുകൾ. കേവലം തട്ടുപൊളിപ്പൻ സിനിമാ ഗാനമല്ല, അവർണന്റെ രോദനവും കണ്ണീരും പ്രതീക്ഷകളും രമ്യയുടെ പാട്ടുകളിലുണ്ട്. രമ്യ ഹരിദാസ് പാട്ടു പാടുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച്  ഇടതു സഹയാത്രിക ദീപ നിശാന്ത് രംഗത്തെത്തിയതോടെ പൂർണമായി. മുമ്പൊന്നുമില്ലാത്ത രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഇടത് സൈബർ പോരാളികളിറങ്ങി പി.കെ ബിജുവിന്റെ ചിത്രവും ജീവചരിത്രവും നിരത്തേണ്ടി വന്നത് മാറിയ സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. ബലരാമന്റെ സ്‌ക്രാച്ച് ആന്റ് വിൻ കൂടിയായപ്പോൾ രമ്യയുടെ ആത്മവിശ്വാസം കൂടി. 
*** *** ***
കമലഹാസൻ ചിത്രമായ സാഗര സംഗമം 1984ലാണ് റിലീസ് ചെയ്തത്. എസ്. ജാനകി ആലപിച്ച മൗനം പോലും മധുരം... എന്നു തുടങ്ങുന്ന സുന്ദരമായ ഒരു ഗാനമുണ്ട്. പിൽക്കാലത്ത് രാഷ്ട്രീയ നേതാവായി മാറിയ ജയപ്രദ അഭിനയിക്കുന്നുണ്ട്. ചില പാട്ടുകളുണ്ടല്ലോ, സീൻ കാണുന്നത് വരെ നമുക്ക് നല്ല ഇഷ്ടമായിരിക്കും. ആ ഗണത്തിൽ പെട്ടത്. ബി.ജെ.പിയിൽ  അംഗത്വമെടുത്ത ജയപ്രദ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ സ്ഥാനാർത്ഥി ആകുമെന്ന്  ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.  
ഇതിന് മുമ്പ് സമാജ്‌വാദി പാർട്ടിയിലായിരിക്കേ രണ്ടു തവണ വിജയിച്ച ഉത്തർപ്രദേശിലെ രാംപുരിൽ നിന്നായിരിക്കും ജയപ്രദ മത്സരിക്കുക. 
തെലുങ്കുദേശം പാർട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ  വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രാപ്രദേശിൽനിന്ന് രാജ്യസഭാംഗമായി. തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷ പദവിയും വഹിച്ചു. പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ജയപ്രദ സമാജ്‌വാദി പാർട്ടിയിൽ ചേരുകയായിരുന്നു.  
ആന്ധ്രയിൽ നിന്ന് ഉത്തർപ്രദേശിലെത്തിയ അവർ രണ്ടു തവണ രാംപുരിൽനിന്ന് മത്സരിച്ച് ലോക്‌സഭാ അംഗമായി. ഇതിനിടെ പാർട്ടിയിലെ മുതിർന്ന നേതാവായ അസംഖാൻ തന്റെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന നടിയുടെ ആരോപണം ഏറെ വിവാദമായിരുന്നു. 
പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമർസിംഗിനൊപ്പം ആർ.എൽ.ഡിയിൽ ചേർന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജ്‌നോറിൽ മത്സരിച്ചെങ്കിലും കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
തെരഞ്ഞെടുപ്പു കാലമായതോടെ താരങ്ങൾ പല പാർട്ടികളിലും ചേരുകയാണ്. കോൺഗ്രസിൽ ചേർന്നത് ബോളിവുഡ് താരം ഊർമിള മണ്ഡോദ്കറാണ്. ഏഷ്യാനെറ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുമ്പോൾ രംഗീലയിലെ നൃത്ത രംഗവും കാണിച്ചതുകൊണ്ട് താരത്തെ തിരിച്ചറിയാൻ എളുപ്പമായി. മുംബൈ നോർത്ത് മണ്ഡലത്തിലായിരിക്കും മത്സരിക്കുക. മാധുരി ദീക്ഷിത് പൂനെയിൽ മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത്തവണ ഇല്ലെന്ന് ബോളിവുഡ് താരം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കേ ഷിയാ വഖഫ് ബോർഡ് അധ്യക്ഷൻ  വസീം റിസ്‌വിയ്‌ക്കൊരു  പൂതി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ നായികയാക്കി ഒരു സിനിമ പിടിച്ചാലോയെന്ന്. ഷിയാ ബോർഡിന് പടം പിടിപ്പുമുണ്ടെന്നത് പുതിയ അറിവാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷമുള്ള റിസ്‌വിയുടെ ഈ പ്രസ്താവനക്കെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. യൂത്ത് കോൺഗ്രസ് നേതാവ് ഷറാദ് ശുക്ല ഇദ്ദേഹത്തിനെതിരെ പരാതി നൽകുകയും ചെയ്തു. ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
*** *** ***
ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരിപാടികൾ സെൻസർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയിൽ ഹരജി നൽകി. ചാനലുകളിലെ മിമിക്രി, സീരിയൽ, ചാറ്റ്‌ഷോ തുടങ്ങിയവ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പരിശോധിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. മലയാളത്തിലെ ഒരു ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടിക്ക് എതിരെയും സന്തോഷ് കേസ് കൊടുത്തിട്ടുണ്ട്. മാനനഷ്ടം കാണിച്ച് ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്നാണ് കോടതി നടപടികളിലേക്ക് നീങ്ങിയത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. 
*** *** ***
കൈരളി പീപ്പിളിലെ വോട്ടോറിക്ഷ കോട്ടയം, പാലാ പ്രദേശങ്ങളിലായിരുന്നു കറക്കം. അക്ഷര നഗരിയും ജനപ്രിയ വാരികകളെ കുറിച്ചും പറഞ്ഞായിരുന്നു തുടക്കം. എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പേരുള്ള  പാലായിലെ ഓട്ടോക്കാരനല്ലാതെ മറ്റാരുമില്ല അഭിപ്രായം പറയാൻ. 
അതേ ദിവസം രാത്രി ജയ്ഹിന്ദ് ചാനലിലെ ഇലക്ഷൻ പ്രത്യേക കവറേജ് കണ്ണൂർ ലോക്‌സഭാ മണ്ഡലം. പി.കെ ശ്രീമതി ടീച്ചർക്ക് യഥേഷ്ടം സ്‌പേസ് നൽകി. കടുത്ത വേനൽ അവരുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടോയെന്ന് വരെ ലേഖകൻ അന്വേഷിക്കുന്നുണ്ടായിരുന്നു. അതാണല്ലോ ജനാധിപത്യത്തിന്റെ സൗന്ദര്യവും. 
*** *** ***
എയർ ഇന്ത്യയുടെ വിമാനം മുടങ്ങുന്നതും യാത്രക്കാർ വഴിയാധാരമാവുന്നതും പുതിയ കാര്യമല്ല. പലപ്പോഴും മണിക്കൂറുകൾ പട്ടിണി കിടക്കേണ്ടി വരും. നല്ല ഭാഗ്യമുണ്ടെങ്കിൽ ഷറഫിയ ഹോട്ടലിലെ കപ്പ ബിരിയാണിയോ മറ്റോ സെർവ് ചെയ്താലായി. ഇപ്പോഴിതാ പൊട്ടനെ ചെട്ടി ചതിച്ചത് പോലൊരു വാർത്ത. എയർ ഇന്ത്യ ജീവനക്കാർക്ക് ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തി. പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ മുന്തിയ ഭക്ഷണം കഴിക്കരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. 
ജോലിക്കിടെ കമ്പനി നിർദേശിച്ചിട്ടുള്ള ഭക്ഷണം മാത്രമേ കഴിക്കാവൂ. പ്രത്യേക ഭക്ഷണം കഴിച്ചാൽ അത് കമ്പനി നിയമങ്ങൾക്ക് എതിരാകുമെന്ന് കാണിച്ച് എയർ ഇന്ത്യ ഡയറക്ടർ ഓപറേഷൻസ് അമിതാബ് സിങ് പൈലറ്റുമാർക്ക് ഇ-മെയിൽ അയച്ചു. 
പൈലറ്റുമാർ ബർഗർ, സൂപ്പ് തുടങ്ങിയ മുന്തിയ ഇനം ഭക്ഷണ സാധനങ്ങൾ വ്യാപകമായി ഓർഡർ ചെയ്യുന്നതിലൂടെ കമ്പനിയുടെ ചെലവ് വർധിക്കുന്നു എന്ന് പരാതിയുണ്ടായിരുന്നു. അതേതായാലും നന്നായി.  
 

Latest News