അഭിനയ ജീവിതത്തിനിടയിൽ വിവാഹം മറന്നുപോയതല്ല. ആദ്യകാലങ്ങളിൽ ഒട്ടേറെ വിവാഹാലോചനകൾ വന്നതായിരുന്നു. എന്നാൽ ഒന്നും ശരിയായില്ല. പിന്നീട് മുത്തശ്ശിയും അമ്മയും മരിച്ചു. ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിലായപ്പോഴാണ് വീണ്ടും അഭിനയിച്ചാലോ എന്നു ചിന്തിച്ചത്. 'നഖക്ഷതങ്ങളി'ലൂടെ ശ്രദ്ധേയയായ നടി സലീമ വീണ്ടും അഭിനയരംഗത്തേക്ക്
എം.ടി. വാസുദേവൻ നായരുടെ രചനയിൽ ഹരിഹരൻ കോറിയിട്ട നഖക്ഷതങ്ങളിലെ ആ നായിക വീണ്ടുമെത്തുകയാണ്. ബധിരയും മൂകയുമായ ലക്ഷ്മിയെ അനശ്വരമാക്കുക വഴി മലയാളികളുടെ ഹൃദയത്തിലേക്കാണ് സലീമ ചേക്കേറിയത്. ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ, കേവല മർത്ത്യഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ എന്നീ ഗാനങ്ങൾ കേൾക്കുമ്പോൾ ഗൃഹാതുരത്വത്തിന്റെ ആ നനുത്ത ഓർമകൾ മനസ്സിൽ ഓടിയെത്തും.
നഖക്ഷതങ്ങൾക്കുശേഷം ആരണ്യകം, മഹായാനം, വന്ദനം... മനസ്സിൽ എന്നെന്നും ഓർത്തെടുക്കാവുന്ന കുറച്ചു ചിത്രങ്ങളിൽ അഭിനയിച്ച ശേഷം സലീമ അഭിനയജീവിതത്തോടു വിട പറയുകയായിരുന്നു. ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഈ കൊഴിഞ്ഞുപോക്കെങ്കിൽ നീണ്ട പതിനെട്ടുവർഷങ്ങൾക്കുശേഷം തിരിച്ചുവരവിന്റെ പാതയിലേക്കാണ് സലീമയെത്തുന്നത്. റിയൽ എസ്‌റ്റേറ്റിലും ഓട്ടോമൊബൈൽ ബിസിനസിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും ഒടുവിൽ അവയ്‌ക്കെല്ലാം അവധി കൊടുത്ത് തിരിച്ചുവരാൻ കാരണമായത് മലയാളികളായ സുഹൃത്തുക്കളായിരുന്നുവെന്ന് സലീമ പറയുന്നു. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്ന താൻ വീണ്ടും തിരിച്ചുവരണമെന്ന സുഹൃത്തുക്കളുടെ നിർബന്ധമായിരുന്നു കാരണം.
അഭിനയ പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു സലീമയുടെ ജനനം. മുത്തശ്ശി തിലകം ഒട്ടേറെ തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അമ്മ ഗിരിജയാകട്ടെ തെലുങ്കിലും തമിഴിലും ഹിന്ദിയിലും മലയാളത്തിലുമെല്ലാം അഭിനയിച്ചിരുന്നു. ശിവാജി ഗണേശൻ, രാമറാവു, നാഗേശ്വര റാവു എന്നിവരോടൊപ്പമെല്ലാം അമ്മ അഭിനയിച്ചിട്ടുണ്ട്. ആശാദീപം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സത്യന്റെ അമ്മയായും വേഷമിട്ടു. കുട്ടിക്കാലംതൊട്ടേ ബാലതാരമായി അഭിനയിപ്പിക്കാൻ പലരും നിർബന്ധിച്ചെങ്കിലും പഠനം പൂർത്തിയാകാതെ അഭിനയരംഗത്ത് കടക്കേണ്ടെന്ന കർശന നിലപാടിലായിരുന്നു അമ്മ.

ചെന്നൈ റോസറി ഹയർ സെക്കണ്ടറി സ്‌കൂളിലെ പഠനത്തിനുശേഷം ഇന്റീരിയർ ഡക്കറേഷനിൽ ഡിപ്ലോമയും കരസ്ഥമാക്കി. തുടർന്ന് മോഡലിംഗിലേക്ക് കടന്നു. പരസ്യചിത്രങ്ങളിലും അഭിനയിച്ചുതുടങ്ങി. ഒട്ടേറെ സ്ഥാപനങ്ങൾക്കുവേണ്ടി നൂറ്റമ്പതോളം പരസ്യചിത്രങ്ങളിൽ വേഷമിട്ടിരുന്നു. മോഡലിംഗ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു മലയാള സംവിധായകൻ പി. ചന്ദ്രകുമാർ സാറിന്റെ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നതറിഞ്ഞത്. അദ്ദേഹത്തെ കണ്ടു സംസാരിച്ചു. ഞാൻ പിറന്ന നാട്ടിൽ എന്ന ചിത്രത്തിൽ സഹനടിയായി അവസരം ലഭിച്ചു. പിന്നീട് ബേബി സംവിധാനം ചെയ്ത ഭഗവാൻ എന്ന ചിത്രത്തിൽ ഷാനവാസിന്റെ നായികയായി. രാജസേനൻ സംവിധാനം ചെയ്ത ശാന്തം ഭീകരം എന്ന ചിത്രത്തിൽ ശങ്കറിന്റെയും നായികയായി. തുടർന്നാണ് നഖക്ഷതങ്ങളിലെത്തുന്നത്.
അഭിനേത്രിയായ കാഞ്ചനാമ്മയാണ് സംവിധായകൻ ഹരിഹരൻസാറിനെ പരിചയപ്പെടുത്തിയത്. ഹരിഹരൻ സാറും എം.ടി. സാറും ചെന്നൈയിലെ വീട്ടിലെത്തി സംസാരിച്ചു. കഥ കേട്ടപ്പോൾ ഇഷ്ടമായി. ഒരു ഡയലോഗ് പോലും പറയാനില്ലാത്ത ബധിരയും മൂകയുമായ കഥാപാത്രം. ഭാവങ്ങളിലൂടെയാണ് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത്. സങ്കീർണത ഏറെയുണ്ടെങ്കിലും ഒരു വെല്ലുവിളിയായി സ്വീകരിക്കുകയായിരുന്നു. സംവിധായകൻ ഓരോ കാര്യങ്ങളും കൃത്യമായി പറഞ്ഞുതന്നതിനാൽ ലക്ഷ്മിയെ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലക്ഷ്മിയുമായി ഇഴുകിച്ചേരുകയായിരുന്നു.
'നഖക്ഷതങ്ങൾക്കു'ശേഷമാണ് സലീമ എന്ന അഭിനേത്രിയെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്. നഖക്ഷതങ്ങൾക്കുശേഷം ഇതേ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആരണ്യകത്തിലും നല്ല വേഷം ലഭിച്ചു. അഭിനയജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രം എന്നാണ് അമ്മിണിയെക്കുറിച്ച് പറയാനുള്ളത്. വിനീതിന്റെ നായികയായിരുന്നു. ചിത്രത്തിൽ ദേവനും നല്ലൊരു വേഷത്തിലുണ്ടായിരുന്നു. ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ... എന്ന ഗാനം ആരണ്യകത്തിലേതാണ്. ഏറെ അനുമോദനങ്ങൾ ലഭിച്ച വേഷമായിരുന്നു ആരണ്യകത്തിലെ അമ്മിണിയുടേത്.

അഭിനയജീവിതത്തിനിടയിൽ വിവാഹം മറന്നുപോയതല്ല. ആദ്യകാലങ്ങളിൽ ഒട്ടേറെ വിവാഹാലോചനകൾ വന്നതായിരുന്നു. എന്നാൽ ഒന്നും ശരിയായില്ല. പിന്നീട് മുത്തശ്ശിയും അമ്മയും മരിച്ചു. ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിലായപ്പോഴാണ് വീണ്ടും അഭിനയിച്ചാലോ എന്നു ചിന്തിച്ചത്. നല്ല കഥാപാത്രങ്ങൾ ലഭിച്ച മലയാളത്തിൽതന്നെ ശ്രമങ്ങളാരംഭിച്ചു. നൃത്തപഠനം തുടരുന്നുണ്ട്. തമിഴ് സിനിമയിലെ കോറിയോഗ്രാഫറായ ശ്രീധരൻ മാസ്റ്ററാണ് ഗുരു. കൂടാതെ തുളസി രാജഗോപാലിന്റെ കീഴിൽ ഭരതനാട്യവും അഭ്യസിക്കുന്നു. കൂടാതെ പുതിയ ചിത്രങ്ങൾ കാണാനും സമയം മാറ്റി വെക്കുന്നു.
നവാഗതനായ വിജിത്ത് നമ്പ്യാർ ഒരുക്കുന്ന മുന്തിരി മൊഞ്ചൻ എന്ന ചിത്രത്തിലൂടെയാണ് സലീമ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നത്. പഴയകാല നായകൻ ദേവന്റെ ഭാര്യയുടെ വേഷത്തിലാണ് സലീമയെത്തുന്നത്. ഒരു പാട് സ്വപ്‌നങ്ങളുള്ള ദരിദ്ര ദമ്പതികൾ. ലോട്ടറിയെടുത്ത് ജീവിതം സമ്പന്നമാക്കാൻ ശ്രമിക്കുകയാണ് ഭർത്താവ്. ഒടുവിൽ വാർധക്യകാലത്താണ് ഭാഗ്യം തെളിഞ്ഞത്. അയ്യായിരം രൂപ ലോട്ടറിയടിക്കുന്നു. അതുമായി ഭാര്യയുടെ ആഗ്രഹം സഫലമാക്കാനിറങ്ങിയതാണ് അയാൾ. തീവണ്ടിയിൽ വീഗാലാന്റിലേക്കൊരു യാത്ര. ഇതിനിടയിലാണ് ചിത്രത്തിലെ നിർണായക സംഭവങ്ങൾ അരങ്ങേറുന്നത്. ഈ യാത്രക്കിടയിലാണ് ചിത്രത്തിലെ നായകനും നായികയും കണ്ടുമുട്ടുന്നത്. മനേഷ് കൃഷ്ണൻ, ഗോപികാ അനിൽ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.
സലീമ വേഷമിടുന്ന മറ്റൊരു ചിത്രമാണ് അഭയാർത്ഥികൾ. ഷീ മീഡിയാസിന്റെ ബാനറിൽ സുജ കെ.എസ് നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഷാൻ കീച്ചേരിയാണ്. കോഴിക്കോട് വടകരയിലാണ് ചിത്രീകരണം.
ചിത്രത്തിൽ മാധവിയമ്മ എന്ന കഥാപാത്രത്തെയാണ് സലീമ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകൻ ശരത് മോഹൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സലാവുദ്ദീൻ എന്നാണ് കഥാപാത്രത്തിന്റെ പേര്.
മലയാളത്തിൽ ഇനിയും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നാണ് സലീമയുടെ ആഗ്രഹം. അമ്മയായും സഹോദരിയായും നെഗറ്റീവ് കഥാപാത്രങ്ങളായുമെല്ലാം. ഏത് വേഷവും അവതരിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും കൂട്ടിനുണ്ട്. നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ ചെന്നൈ ടീ നഗറിൽനിന്നും കൊച്ചിയിലേക്ക് താമസം മാറ്റാനും സലീമ ആലോചിക്കുന്നുണ്ട്.






