1991 ൽ അമേരിക്കൻ ചലച്ചിത്രകാരനായ സ്റ്റീവ് മാർട്ടിൻ പുറത്തിറക്കിയ എൽ.എ സ്‌റ്റോറി എന്ന ചിത്രത്തിൽ ബഹ്‌റൈനിലെ ഈ വൃക്ഷത്തെക്കുറിച്ച പരാമർശമുണ്ട്. ഭൂമിയിലെ നിഗൂഢതകൾ നിറഞ്ഞ ഏറ്റവും മനോഹരമായ സ്ഥലം എന്നാണ് ഈ പ്രദേശത്തെ ചിത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
പ്രകൃതിയുടെ ചില പ്രതിഭാസങ്ങൾ മനുഷ്യർക്ക് അത്ഭുതമുളവാക്കുന്ന കാഴ്ച സമ്മാനിക്കും. അത്തരമൊരു കാഴ്ചയാണ് ബഹ്‌റൈനിലെ ട്രീ ഓഫ് ലൈഫ്. അറേബ്യൻ മണലാരണ്യത്തിലെ ഊഷരതയിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് പ്രയാസകരമായിരിക്കെ വാർധക്യത്തിലും നിറയൗവനം പോലെ 400 വർഷത്തിലേറെയായി
ട്രീ ഓഫ് ലൈഫ് അസൂയാവഹമായ കാഴ്ചയൊരുക്കി നിൽക്കുന്നു. ഇതൊരു പ്രതിഭാസമാണ്. ബഹ്‌റൈനിലെ മരുഭൂ പ്രദേശത്തേക്ക് വർഷംതോറും ആയിരങ്ങളെ ആകർഷിക്കുന്ന പ്രതിഭാസം. മനസ്സിന് കുളിർമയേകുന്ന, ചിന്താ മണ്ഡലങ്ങളിൽ അത്ഭുതമുളവാക്കുന്ന കൗതുക കാഴ്ച എവിടെയായിരുന്നാലും അതു കാണാൻ കാതങ്ങൾ താണ്ടിയെത്തുകയെന്നത് മനുഷ്യ സഹജമാണ്. അതുകൊണ്ടാണ് ബഹ്‌റൈൻ സന്ദർശിക്കാനെത്തുന്ന നാനാഭാഗത്തുനിന്നുമുള്ള വിനോദ സഞ്ചാരികൾ പ്രഥമ കാഴ്ചക്കായി ട്രീ ഓഫ് ലൈഫിനെ തെരഞ്ഞെടുക്കുന്നത്. പ്രതിവർഷം 65,000 ഓളം വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ബഹ്‌റൈനിലെ ഏറ്റവും ഉയരം കൂടിയ ജബൽ ദുഖാനിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ മരുഭൂമിയിലെ ചെറിയൊരു കുന്നിലാണ് ട്രീ ഓഫ് ലൈഫ് നിലകൊള്ളുന്നത്. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നിന്ന് 40 കിലോമീറ്റർ പിന്നിട്ടാൽ ഇവിടെയെത്താം.
വളരെ വിരളമായി മാത്രം മഴ ലഭിക്കുന്ന ഈ പ്രദേശത്ത് കൊടും ചൂടിനെ അതിജീവിച്ച് ഈ മരം എങ്ങനെ നിലനിൽക്കുന്നു എന്നത് അത്ഭുതകരമാണ്.
ഈ വൃക്ഷത്തിന്റെ നിലനിൽപ്പിന് ഊർജം പകരുന്ന ഉറവിടത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. ഭൂമിയുടെ ഉള്ളിലേക്ക് അൻപതോളം മീറ്റർ താഴേക്ക് ഊർന്നിറങ്ങിയിട്ടുള്ള വേരുകളാണ് മരത്തിന് ആവശ്യമായ ജലാംശം വലിച്ചെടുക്കുന്നതെന്നാണ് ഒരു നിഗമനം. മണൽ തരികൾക്കിടയിലെ ഈർപ്പം ആണ് സജാറത്ത് അൽ ഹയാത്ത് എന്ന പേരിൽ അറിയപ്പെടുന്ന പ്രോസോപിസ് സിനറേറിയ എന്ന ഇനത്തിൽപ്പെടുന്ന ഈ വൃക്ഷത്തിന് ഊർജം പകരുന്നതെന്ന മറ്റൊരു കാഴ്ചപ്പാടും ഉണ്ട്. ബാബിലോണിയൻ, സുമേറിയൻ മതത്തിലെ ജല ദേവതയായ ഇങ്കിയുടെ സംരക്ഷണം ഇതിനുണ്ടെന്നാണ് മറ്റൊരു സങ്കൽപം. ഒരിക്കൽ സ്വർഗ പൂങ്കാവനമായിരുന്നിടത്താണ് ഈ വൃക്ഷം നിൽക്കുന്നതെന്നും അതുകൊണ്ടാണ് അതിന് അനശ്വരത കൈവന്നിട്ടുള്ളതെന്നുമാണ് മറ്റൊരു വിശ്വാസം. എന്തായാലും ഈ വൃക്ഷം കാണാനെത്തുന്നവർക്ക് അത് അപൂർവമായ കാഴ്ചതന്നെയാണ് സമ്മാനിക്കുന്നത്. ശിഖരങ്ങൾ ചുളിവു കൊണ്ട് പ്രായത്തെ വിളിച്ചറിയിക്കുന്നതാണെങ്കിലും ഇലകൾക്ക് എന്നും നിത്യയൗവനം ആണ് ജലസമൃദ്ധിയുള്ള ഫലഭൂയിഷ്ഠമായ ഭൂമിയിൽ നിൽക്കുന്ന വൃക്ഷങ്ങളെക്കാളും കരുത്തും ഭംഗിയും ട്രീ ഓഫ് ലൈഫ് ഇലകൾക്കുണ്ട്
സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ന്യൂ സെവൻ വണ്ടേഴ്‌സ് ഫൗണ്ടേഷൻ 2009 ൽ പ്രകൃതിയുടെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി ട്രീ ഓഫ് ലൈഫിനെ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2010ൽ പുരാവസ്തു ഗവേഷകർ ഈ വൃക്ഷത്തിന്റെ പരിസരപ്രദേശങ്ങളിൽനിന്നും 500 വർഷം പഴക്കമുള്ള പാത്രങ്ങൾ കണ്ടെടുത്തിരുന്നു. അന്ന് അവർ നടത്തിയ നിഗമനപ്രകാരം 1582 നട്ടിട്ടു ഉണ്ടാകാവുന്ന അക്കേഷ്യ ഇന്നത്തിൽപ്പെട്ട മരം ആകാം ഇതെന്നും വിലയിരുത്തിയിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പേ ജീവന്റെ തുടിപ്പുകൾ ഇവിടെ ഉണ്ടായിരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

1991 ൽ അമേരിക്കൻ ചലച്ചിത്രകാരനായ സ്റ്റീവ് മാർട്ടിൻ പുറത്തിറക്കിയ എൽ.എ സ്‌റ്റോറി എന്ന ചിത്രത്തിൽ ഈ വൃക്ഷത്തെക്കുറിച്ച പരാമർശമുണ്ട്. ഭൂമിയിലെ നിഗൂഢതകൾ നിറഞ്ഞ ഏറ്റവും മനോഹരമായ സ്ഥലം എന്നാണ് ഈ പ്രദേശത്തെ ചിത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
വളരെ ചെറിയ രാജ്യമായ ബഹ്‌റൈന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ശക്തി പകരുന്നതാണ് ജീവന്റെ മരം എന്ന ഈ വൃക്ഷം. ബഹ്‌റൈനിൽ എത്തുന്ന കാഴ്ചകൾ ഇഷ്ടപ്പെടുന്ന ആരും തന്നെ 32 അടി ഉയരത്തിൽ മരുഭൂമിയിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ വൃക്ഷം കാണാതെ പോവില്ല. വർഷങ്ങൾക്കു മുമ്പ് ജീവജാലങ്ങൾ ഇല്ലാത്ത ഒറ്റപ്പെട്ട പ്രദേശമായിരുന്നു ഇതെങ്കിലും ഇന്ന് ഇതിന്റെ പരിസര പ്രദേശങ്ങളിൽ മരുഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാനായി ടെൻറുകൾ കെട്ടി താമസിക്കുന്നവരും സ്ഥിരതാമസക്കാരുമായ ഒട്ടേറെ പേരുണ്ട്. സന്ദർശകർ കൂടിയതോടെ വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ഇവിടം സംരക്ഷിക്കാൻ ബഹ്‌റൈൻ സർക്കാർ തയ്യാറായിട്ടുണ്ട്. അതോടൊപ്പം തന്നെ വൃക്ഷത്തിന്റെ സംരക്ഷണത്തിനായി സ്ഥിരം കാവൽക്കാരെയും ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നു; പേർഷ്യൻ ഉൾക്കടലിലെ 765 സ്‌ക്വയർ കിലോമീറ്റർ മാത്രം വലിപ്പമുള്ള കൊച്ചു ദ്വീപായ ബഹ്‌റൈനിൽ സൗദി അറേബ്യയിലേത് പോലുള്ള അതിവിശാലമായ മരുഭൂമി ഇല്ലെങ്കിലും മരുഭൂ പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന പ്രദേശത്താണ് ട്രീ ഓഫ് ലൈഫ് നിലകൊള്ളുന്നത്. മനാമയിൽ നിന്ന് ഇവിടേക്കുള്ള യാത്രയ്ക്കിടെ കടന്നുപോരുന്ന മരുഭൂ പാതയുടെ ഇരുവശവും നിരവധി എണ്ണക്കിണറുകളും കാണാൻ കഴിയും എന്നുള്ളത് ഇങ്ങോട്ടുള്ള യാത്രയെ കൂടുതൽ രസകരമാക്കുന്നു. ജീവിതത്തിലൊരിക്കലെങ്കിലും ഈ പ്രദേശം കാണാനും ഈ വൃക്ഷത്തണലിൽ അൽപനേരം നിന്നു മരുഭൂമിയുടെ ഇളംതെന്നൽ ഏറ്റുവാങ്ങാനും കഴിഞ്ഞാൽ അതൊരു സൗഭാഗ്യമായിരിക്കും.






