കഴിഞ്ഞ മൂന്ന് ദശകത്തിലേറെ കാലമായി സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ശേഖരിക്കുക എന്ന ശ്രമകരമായ യജ്ഞത്തിലാണ് അൽത്താഫ്. 1982-ൽ ദുബായിൽ ജോലി തേടി പോയപ്പോഴും അതിന് മുടക്കം വന്നില്ല. ഇടക്കാലത്ത് വിദേശവാസം വിട്ട് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്പോഴും ആ പണി പൂർവാധികം ശക്തിയോടെ തുടർന്നു. ഇത് തനിക്ക് ഒരു ഹോബിയല്ല, മറിച്ച് ജീവിതം തന്നെയാണ് എന്ന് അൽത്താഫ് പറയുന്നു. മലയാള സിനിമയുടെ ചരിത്ര നിർമിതിയിൽ പലർക്കും താങ്ങും തണലുമാണിന്ന് ഈ മനുഷ്യൻ.
2016-ലാണ്. മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം കൊട്ടാരക്കര ശ്രീധരൻ നായരുടെ 30-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഒരു അനുസ്മരണ ലേഖനമെഴുതി. അതിൽ അദ്ദേഹത്തെ അവർ ദേശീയ അവാർഡ് ജേതാവായി 'ആദരിച്ചു' കളഞ്ഞു! ഉടനെ പത്രാധിപർക്ക് ഒരു കത്തു കിട്ടി. അതിൽ കൊട്ടാരക്കരയ്ക്ക് ദേശീയ അവാർഡ് കിട്ടിയിട്ടില്ല എന്ന തിരുത്തുണ്ടായിരു ന്നു. ഒപ്പം വിശദീകരണവുമുണ്ട്. 1965-ൽ ചെമ്മീനിന് ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രസിഡണ്ടിന്റെ സ്വർണ മെഡൽ കിട്ടിയിരുന്നു. അന്ന് ചെമ്മീനിലെ എല്ലാ കലാകാരൻമാരേയും ദൽഹിയിൽ കേന്ദ്രസർക്കാർ ആദ രിക്കുകയുണ്ടായി. അല്ലാതെ കൊട്ടാരക്കരയ്ക്കോ ചെമ്മീനിലെ മറ്റ് അഭിനേതാക്കൾക്കോ ദേശീയ അവാർഡൊന്നും കിട്ടിയിരുന്നില്ല എന്നും വ്യക്തമാക്കു ന്ന കത്ത് എഴുതിയത് തിരുവനന്തപുരം ഇടവയിൽ നിന്നുള്ള അൽത്താഫ് ഇസ്മായിൽ.

അൽത്താഫ് അങ്ങനെയാണ്. സിനിമയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും തെറ്റുകൾ കണ്ണിൽപ്പെട്ടാൽ ഉടനെ അദ്ദേഹം ചാടി വീഴും. അത് തിരുത്തും. എന്താ കൊട്ടാരക്കരയ്ക്ക് ദേശീയ അവാർഡിന് യോഗ്യതയില്ലേ എ ന്ന് അൽത്താഫിനോട് ചോദിച്ചാൽ അദ്ദേഹത്തിന്റെ ഉത്തരം, ഉണ്ട് എന്നു തന്നെയാണ്. പക്ഷെ, കിട്ടാത്ത അംഗീകാരം കിട്ടി എന്നു പറയുന്നത് തെറ്റല്ലേ എന്നദ്ദേഹം തിരിച്ചു ചോദിക്കും. സിനിമാ കാര്യങ്ങളിൽ അത്രയും കണിശ ക്കാരനാണ് അൽത്താഫ്. ശ്രീധരൻ നായർക്ക് രണ്ടു തവണ കേരള സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം മാത്രമെ കിട്ടിയിട്ടുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. 1969-ൽ കൂട്ടുകുടുംബത്തിലെ അഭിനയത്തിന് സഹനട നുള്ള പുരസ്കാരവും 1970-ൽ അരനാഴികനേരത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള അംഗീകാരവും.
മലയാള സിനിമയുടെ മഹാനിഘണ്ടു എന്ന് തന്നെ വിശേഷിപ്പിക്കാം, അൽത്താഫ് ഇസ്മായിലിനെ. മലയാള സിനിമയുടെ ചരിത്രം അക്ഷരാർഥത്തി ൽ അരച്ചുകലക്കിക്കുടിച്ചൊരു മനുഷ്യൻ. കംപ്യൂട്ടറിനേക്കാൾ സൂക്ഷ്മതയോ ടെ ആ അറിവുകൾ പലതും അദ്ദേഹം ഓർമയിൽ നിന്നും അപ്പപ്പോൾ ഉദ്ധരി ക്കും. അത് കേൾക്കുമ്പോൾ ഒരാൾക്ക് ഈ കാര്യങ്ങളൊക്കെ എങ്ങനെ ഇത്രയും കൃത്യമായി പറയാൻ കഴിയുന്നു എന്ന അത്ഭുതം കൊണ്ട് നാം അന്തം വിട്ടുപോകും. ഏതാനും വർഷം മുമ്പ് കേരള ചലച്ചിത്ര അക്കാദമി, മലയാള സിനിമയുടെ ഒരു സർവ വിജ്ഞാനകോശം ഇറക്കാൻ തീരുമാനിച്ചപ്പോൾ അതിൽ അൽത്താഫിന്റെ അറിവുകൾ കൂടി പരിഗണിച്ചിരുന്നു എന്നത് ഈ കഴിവുകൾക്ക് ഉദാഹരണമാണ്. പി. ഭാസ്കരന്റെ ഗാനങ്ങളടങ്ങിയ നാഴിയുരിപ്പാല്' എന്ന പുസ്തകത്തിലും ജി. ദേവരാജന്റെ പാട്ടുകളടങ്ങിയ ഗാനസ്മരണികയിലും യൂസഫലി കേച്ചേരിയുടെ 'അനുരാഗ ഗാനം പോലെ' എന്ന പുസ്തകത്തിലും ഉൾപ്പെടുത്താനുള്ള ഗാനങ്ങൾ മിക്കതും അൽത്താഫിന്റെ ശേഖരത്തിൽനിന്നും കണ്ടെടുത്തവയാണ് എന്നതും ശ്രദ്ധേയമാണ്.

ചെറുപ്പകാലത്ത് സിനിമയുടെ പലതരം നോട്ടീസുകൾ ശേഖരിക്കലായിരുന്നു അൽത്താഫിന്റെ ഹോബി. ഒപ്പം സിനിമാ പാട്ടുപുസ്തകങ്ങളും തേടിപ്പിടിച്ചു. 1938-ൽ ഇറങ്ങിയ ആദ്യ ശബ്ദചിത്രമായ ബാലൻ മുതൽ 1970-കളുടെ അവസാനം വരെയുള്ള മിക്ക സിനിമകളുടെയും നോട്ടീസുകളും പാട്ടുപുസ്തകങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ട്. അവ രണ്ടും ഇല്ലാതായതോടെ വിവിധ സിനിമാ പ്രസിദ്ധീകരണങ്ങളും സിനിമാ സംബന്ധിയായ പത്രകട്ടിംഗുകളും ശേഖരിക്കാൻ തുടങ്ങി. അവയൊക്കെ വലിയ പുസ്തകങ്ങളായി ബൈന്റു ചെയ്ത് വെച്ചിരിക്കുകയാണിദ്ദേഹം. 60-ലധികം വരുന്ന കൂറ്റൻ വോള്യങ്ങളിലായി അങ്ങനെ മലയാള സിനിമയുടെ ചരിത്രം തന്നെ ഉറങ്ങുകയാണ് അൽത്താഫിന്റെ പക്കൽ.
അന്ന് അവയൊക്കെ ശേഖരിച്ചു തുടങ്ങുമ്പോൾ വെറുമൊരു കൗതുക ത്തിനപ്പുറം മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. പക്ഷെ, പതിയെ അൽത്താ ഫിന് മനസിലായി കൈയിലിരിക്കുന്നവ മലയാള സിനിമയുടെ ചരിത്രം പറ യുന്ന അമൂല്യ നിധികളാണെന്ന്. പുതിയ കാലത്തു നിന്നു കൊണ്ട് മലയാള സിനിമയുടെ ഇന്നലെകളെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ സിനിമാ നോട്ടീസു കളും പാട്ടുപുസ്തകങ്ങളും നൽകുന്ന സഹായം ചില്ലറയല്ല. അതിന്റെയൊ ക്കെ ഒരു വലിയ ശേഖരമുള്ളതു കൊണ്ടാണ് അൽത്താഫ് ഇസ്മായിൽ സിനി മയെ കുറിച്ചുള്ള അപൂർവമായ അറിവിന്റെ ആചാര്യനായി തീരുന്നത്.

പത്രമാസികകളിൽ സിനിമയെ കുറിച്ച് പലപ്പോഴായി വന്ന ആയിരത്തി ലധികം തെറ്റുകൾ അൽത്താഫ് തിരുത്തിയിട്ടുണ്ട്. 1974-ൽ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിന് ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർ ഡ് കിട്ടി എന്ന് ഒരു പത്രമെഴുതിയത് ഒരിക്കൽ അൽത്താഫ് കാണാനിടയായി. ആ വാർത്ത തെറ്റാണെന്ന് അദ്ദേഹത്തിന് തോന്നി. ഉടനെ അദ്ദേഹം തന്റെ ലൈബ്രറിയിൽ നിന്നും വിവരം ശേഖരിച്ച് പ്രസിദ്ധീകരണത്തിന് ഒരു തിരു ത്ത് നൽകി. കാരണം ആ സിനിമ ഇറങ്ങുന്നത് 1975-ൽ മാത്രമാണ്. പിന്നെ എങ്ങനെ അതിന് 1974-ലെ അംഗീകാരം കിട്ടും? സത്യത്തിൽ 1975-ലെ ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡാണ് സ്വാമി അയ്യപ്പന് ലഭിക്കുന്നത്.
ഇതാ അദ്ദേഹം ചൂണ്ടിക്കാണിച്ച മറ്റൊരു തെറ്റ്. മലയാളത്തിൽ പൊന്നി എന്ന സിനിമയുണ്ട്. പൊന്ന് എന്ന സിനിമയുമുണ്ട്. ഇത് അറിയാത്ത ഒരാൾ ഒരു പ്രസിദ്ധീകരണത്തിൽ ഇവ പരസ്പരം തെറ്റിച്ചെഴുതി കണ്ടപ്പോൾ തെളിവോടെ അദ്ദേഹം തിരുത്തി. 1976-ലാണ് പൊന്നി എന്ന പടം ഇറങ്ങുന്നത്. സംവിധാനം തോപ്പിൽ ഭാസി. 1987-ലാണ് പൊന്ന് എന്ന സിനിമ റിലീസ് ചെയ്യുന്നത്. സംവിധാനം പി.ജി.വിശ്വംഭരൻ. ഒരു തെറ്റ് തിരുത്താൻ ഒരുങ്ങിപ്പുറപ്പെടുമ്പോൾ അൽത്താഫ് തന്റെ ശേഖരത്തിലെ അതിനുള്ള ഏറ്റവും മൂ ർത്തമായ തെളിവുകൾ കൂടി ഹാജരാക്കും. അതോടെ ആർക്കും നിഷേധിക്കാനാവാത്ത ഒരു വലിയ ശരിയായി അത് മാറും.
പ്രസിദ്ധ ഗാനരചയിതാവും സിനിമാ സംവിധായകനുമായ ശ്രീകുമാരൻ തമ്പിയെ ചെറുതായി തിരുത്തിയ ചരിത്രവുമുണ്ട്, അൽത്താഫിന് പറയാൻ. 1974-ലാണ് അദ്ദേഹം ഗാനരചനയും സംവിധാനവും നിർവഹിച്ച ചന്ദ്രകാന്തം എന്ന സിനിമ ഇറങ്ങുന്നത്. വർഷങ്ങൾക്കിപ്പുറം അദ്ദേഹവുമായുള്ള ഒരു കൂ ടിക്കാഴ്ചയിൽ ആ ചിത്രത്തിലെ ഗാനത്തിന് എസ്. ജാനകിക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയ കാര്യം അൽത്താഫ് പരാമർശിച്ചു. തമ്പി അത് നിഷേധിച്ചു. ആ പടത്തിൽ ആർക്കും സംസ്ഥാന അവാർഡ് കിട്ടിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അൽത്താഫ് വിട്ടില്ല. അദ്ദേഹം തിരിച്ചു വന്ന് തന്റെ ശേഖരത്തിൽനിന്നും എസ്. ജാനകിയുടെ പാട്ടിന് അവാർഡ് കിട്ടിയ പത്രക്കട്ടിങ് തപ്പിയെടുത്തു. തുടർന്ന് അതിന്റെ ഫോട്ടോ കോപ്പി എടുത്ത് അയച്ചു കൊടുത്ത് അദ്ദേഹം തമ്പിയെ അമ്പരപ്പിച്ചു. 'ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാൻ..'എന്ന ഗാനത്തിനായിരുന്നു എസ്.ജാനകിക്ക് അവാർഡ് കിട്ടിയത്. സത്യത്തിൽ പഴയൊരു കാര്യം ശ്രീകുമാരൻ തമ്പി മറന്നുപോയതാണ്. അൽത്താഫ് അതൊന്നു ഓർമിപ്പിച്ചു എന്നു മാത്രം.
ഇങ്ങനെ തെറ്റുകൾ തിരുത്തുന്നതോടൊപ്പം സിനിമയെ കുറിച്ച് കുറേ അപൂർവ അറിവുകളും അദ്ദേഹം നൽകുന്നുണ്ട്. 1974-മലയാളത്തിൽ 51 സിനിമകൾ റിലീസ് ചെയ്ത വർഷമാണ്. അതിൽ 6 സിനിമകൾ ഡബ്ബിങ് ആയി രുന്നു. ബാക്കി 45 സിനിമകൾ. അവയിൽ 23 സിനിമകളിലെ നായകൻ പ്രേംനസീറായിരുന്നു. അതായത് ഒരു വർഷമിറങ്ങിയ മൊത്തം ചിത്രങ്ങളുടെ പ കുതിയിൽ അധികം എണ്ണത്തിൽ നായകവേഷം കൈയാളിയത് ഒരേ നടനായിരുന്നു എന്ന് സാരം. 1977-ൽ നിത്യഹരിത നായകന്റെ 29 സിനിമകൾ ഇറങ്ങുകയുണ്ടായി. അതിലെല്ലാം തന്നെ അദ്ദേഹമായിരുന്നു നായകൻ. ഹിറ്റ്മേ ക്കർ ശശികുമാർ ഏറ്റവും കൂടുതൽ പടങ്ങൾ സംവിധാനം ചെയ്തതും അതേ വർഷമാണ്-15 പടങ്ങൾ. അവയിലെല്ലാം പ്രേംനസീറായിരുന്നു നായകൻ. മലയാളത്തിൽ ഇന്നും തിരുത്തപ്പെടാത്ത റെക്കോർഡ് ആണ് ഇതൊക്കെ എ ന്നാണ് അൽത്താഫ് തന്റെ ചരിത്രരേഖകളെ ആസ്പദമാക്കി പറയുന്നത്. ഇത്രയധികം സിനിമകളിൽ അഭിനയിച്ചിട്ടും പ്രേംനസീറിന് സംസ്ഥാന- ദേശീയ അവാർഡുകൾ കിട്ടാത്തതിൽ അൽത്താഫിന് വലിയ പരിഭവമുണ്ട്. (വിടപറയും മുമ്പേ, പാർവതി എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് സംസ്ഥാന അവാർഡ് കമ്മിറ്റിയുടെ പ്രത്യേക പരാമർശം നേടിയിട്ടുണ്ട് എന്നു മാത്രം) അതേസമയം ദേശീയ അവാർഡ് നിർണയ കമ്മിറ്റിയിൽ പ്രേംനസീർ രണ്ടു പ്രാവശ്യം അംഗമായിരുന്നിട്ടുണ്ട്. ദേശീയ അവാർഡ് നിർണയ കമ്മിറ്റിയിൽ അംഗമായ ഏക മലയാളനടൻ എന്ന ബഹുമതി പ്രേംനസീറിന് മാത്രമുള്ളതാണ് എന്നും അൽത്താഫ് പറയുന്നു.
മലയാള സിനിമയിൽ ഏറ്റവുമധികം സിനിമകളിൽ അഭിനയിച്ച നടി ജയഭാരതിയാണ്-350 ഓളം. അതൊരു റെക്കോർഡ് ആണെന്ന് അൽത്താഫ് വാദിക്കുന്നു. ഇന്നു വരെ അത് ആർക്കും തകർക്കാൻ കഴിഞ്ഞിട്ടില്ല. 1972 മു തൽ 1979 വരെയുള്ള ഏഴു വർഷം മലയാള സിനിമയിൽ ഏറ്റവുമധികം നായിക പദവി അലങ്കരിച്ചതും അവർ തന്നെ. എന്നാൽ 121 സിനിമകളിൽ ഒന്നിച്ചഭിനയിച്ചു എന്ന റെക്കോർഡ് നസീർ-ഷീലയ്ക്കാണുള്ളത്. അതേസമയം അനശ്വര നടൻ സത്യന്റെ കൂടെ ഏറ്റവും അധികം പടങ്ങളിൽ അഭിനയിച്ച നടി എന്ന പദവി ശാരദയ്ക്കാണ്. ശാരദ പിന്നീട് സത്യന്റെ മകൻ സതീഷ് സത്യന്റെ കൂടെയും ഒരു സിനിമയിൽ അഭിനയിച്ചു- 1977-ൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത ടാക്സി ഡ്രൈവർ എന്ന ചിത്രത്തിൽ.

ഒരു വർഷം ഏറ്റവും കൂടുതൽ പടങ്ങളിൽ അഭിനയിച്ച നടൻ എന്ന പദവി എം.ജി. സോമനാണ്. 1978-ൽ വിവിധ സംവിധായകരുടെ കീഴിലായി അദ്ദേഹം വേഷമിട്ടത് 40-ഓളം ചിത്രങ്ങളിലാണ്. അതിൽ നായകനും ഉപനായ കനും വില്ലനുമൊക്കെയുണ്ട്.
അമേരിക്കയിൽ ആദ്യം ചിത്രീകരിച്ച മലയാള സിനിമ എന്ന പദവി ഐ വി.ശശിയുടെ ഏഴാം കടലിനക്കരെയ്ക്കാണ്. ശ്രീകുമാരൻ തമ്പിയുടെ സ്വന്ത മെന്ന പദം ആണ് കശ്മീരിൽ ആദ്യം ചിത്രീകരിച്ച മലയാള സിനിമ. അൽത്താഫിന്റെ കൈവശമുള്ള നോട്ടീസിൽ കശ്മീരിൽ ചിത്രീകരിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ എന്നും രേഖപ്പെടുത്തി കാണുന്നുണ്ട്.
മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമാണ് തച്ചോളി അമ്പു. അന്തരിച്ച ജയൻ ഡബിൾ റോൾ ചെയ്ത സിനിമയാണിത്. എന്നാൽ ചിത്രീകരണം ആദ്യം ആരംഭിച്ച സിനിമാസ്കോപ് ചിത്രം അലാവുദ്ദീനും അത്ഭുതവി ളക്കുമാണ്. രജനീകാന്ത് ആദ്യമഭിനയിച്ച മലയാള സിനിമ എന്ന പദവിയുള്ള ഈ ചിത്രം പക്ഷെ, വൈകിയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. 1978- ൽ തച്ചോളി അമ്പുവും 1979-ൽ അലാവുദ്ദീനും അത്ഭുതവിളക്കും. പ്രസിദ്ധ എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന് സിനിമയുമായി എന്തെങ്കിലും ബന്ധവുമുണ്ടോ? അൽത്താഫിന്റെ ചോദ്യം നമ്മളോടാണ്. ഉണ്ടല്ലോ, അവരുടെ അഗ്നിസാക്ഷി സിനിമയായിട്ടുണ്ട് എന്ന് നാം ഉത്തരവും നൽകും. അതല്ല, നേരിട്ട് വല്ല ബന്ധവും എന്ന് അദ്ദേഹം ചോദിക്കുമ്പോൾ അവിടെ നമുക്ക് ഉത്തരം മുട്ടും. ഉടനെ അദ്ദേഹം പറയും അവർ ഒരു മലയാ ള സിനിമയ്ക്ക് സംഭാഷണമെഴുതിയിട്ടുണ്ട് എന്ന്. 1965-ൽ ഇറങ്ങിയ കുഞ്ചാ ക്കോയുടെ ശകുന്തള എന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയത് ലളിതാംബിക അന്തർജനമാണ്.
പരത്തുള്ളി രവീന്ദ്രൻ എന്ന ഗാനരചയിതാവിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഉണ്ടാകാൻ വഴിയില്ല. പക്ഷെ, മലപ്പുറം തവനൂർ സ്വദേശിയായ അദ്ദേഹമെഴുതിയ ഒരു ഗാനം മലയാളത്തിൽ വളരെ പ്രസിദ്ധമാണ്. യേശുദാസ് പാടി അനശ്വരമാക്കിയ ദേവീ ക്ഷേത്ര നടയിൽ/ദീപാരാധന വേളയിൽ എന്ന പാട്ടെഴുതിയത് അദ്ദേഹമാണ് എന്ന് അൽത്താഫിന്റെ രേഖകൾ പറയുന്നു. 1977-ൽ ഇറങ്ങിയ പല്ലവി എന്ന ചിത്രത്തിലാണ് ആ ഗാനമുള്ളത്. സംഗീതം കണ്ണൂർ രാജൻ.
കഴിഞ്ഞ മൂന്ന് ദശകത്തിലേറെ കാലമായി സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ശേഖരിക്കുക എന്ന ശ്രമകരമായ യജ്ഞത്തിലാണ് അൽത്താഫ്. 1982-ൽ ദുബായിൽ ജോലി തേടി പോയപ്പോഴും അതിന് മുടക്കം വന്നില്ല. ഇടക്കാലത്ത് വിദേശവാസം വിട്ട് നാട്ടിൽ സ്ഥിരതാമസമാക്കിയപ്പോഴും ആ പണി പൂർവാധികം ശക്തിയോടെ തുടർന്നു. ഇത് തനിക്ക് ഒരു ഹോബിയല്ല, മറിച്ച് ജീവിതം തന്നെയാണ് എന്ന് അൽത്താഫ് പറയുന്നു. മലയാള സിനിമയുടെ ചരിത്ര നിർമിതിയിൽ പലർക്കും താങ്ങും തണലുമാണിന്ന് ഈ മനുഷ്യൻ. ശേഖരിച്ച രേഖകളൊക്കെ കാര്യക്ഷമമായി സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടാണ് അൽത്താഫിനെ ഇന്ന് ഏറെ വിഷമിപ്പിക്കുന്ന വിഷയം. അതൊക്കെ ഡിജിറ്റൽ റെക്കോർഡുകളാക്കാനുള്ള ആലോചനയുണ്ട്. അതിന് ഭീമമായ ഒരു തുക വേണം. അതു കണ്ടെത്തേണ്ട ശ്രമത്തിലാണ് അദ്ദേഹം.
സിനിമയുടെ വിവരശേഖരണവും സൂക്ഷിപ്പും തന്റെ ജീവിതമാണെങ്കിലും ജീവിക്കാനുള്ള ഉപാധി എന്ന നിലയിൽ അതിനെ കാണാനാകില്ല എന്ന് അൽത്താഫ് വ്യക്തമാക്കുന്നു. കാരണം ഇതിൽ നിന്നും കാര്യമായ വരുമാനമൊന്നും ഇല്ല എന്നതു തന്നെ. അതേസമയം ഒരുപാട് ചെലവ് വരുന്ന ഏർപ്പാടാണ് താനും. അതുകൊണ്ട് തന്നെ ജീവിക്കാനായി ഒരു ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും ദുബായിൽ എത്തിയിരിക്കുകയാണിപ്പോൾ. തൊഴിലിനൊപ്പം തന്റെ സിനിമാ രേഖകളുടെ ശേഖരണവുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അത് വിട്ട് നമുക്കൊരു കളിയില്ല എന്നദ്ദേഹം ചിരിച്ചു കൊണ്ട് പറയുമ്പോൾ തെളിയുന്നത്, മലയാള സിനിമയിലെ ചരിത്ര വിസ്മയങ്ങൾ പലതും കണാമറയത്തു നിന്നും പുറത്തെടുത്ത് പ്രതിഫലേച്ഛയില്ലാതെ മലയാളികളെ അറിയിക്കാനുള്ള ഒരു മനുഷ്യന്റെ അർപ്പണ മനോഭാവം തന്നെയാണ്.






