ദുബായ് - അല്‍ ഖവാനീജ് ഏരിയയില്‍ നിര്‍മിച്ച ഖുര്‍ആന്‍ പാര്‍ക്ക് തുറന്നു. ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച പ്രവേശനം സൗജന്യമാണ്. ഖുര്‍ആനില്‍ പരാമര്‍ശിച്ച വിവിധ തരം പഴങ്ങളും പച്ചക്കറികളുമാണ് പാര്‍ക്കിനെ പുതുമയുള്ളതാക്കുന്നത്. ദുബായ് നഗരസഭയുടെ വേറിട്ട പദ്ധതിയാണിത്. എമിറേറ്റിന്റെ ഹരിതമേഖലകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നൂതന സംരംഭം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കും വിധമാണ് നിര്‍മിച്ചത്. വിവിധ സംസ്കാരങ്ങളിലേക്ക് ആശയ, വൈദ്യ ഗവേഷണപരമായ ഒരു പാലമായിരിക്കും പാര്‍ക്കെന്ന് അധികൃതര്‍ പറഞ്ഞു.
64 ഹെക്ടറില്‍ പണിത പാര്‍ക്ക് ഖുര്‍ആനുപുറമെ നബിചര്യയലും പരാമര്‍ശിക്കപ്പെട്ട സസ്യങ്ങള്‍ അടങ്ങുന്നതാണ്. ഓരോ ചെടികളുടെയും ഭക്ഷ്യ, ചികിത്സാ ഗുണഫലങ്ങള്‍ തിരിച്ചറിയാന്‍ സാഹായിക്കുന്നതാകും സന്ദര്‍ശനം. 12 വ്യത്യസ്ത തോട്ടങ്ങള്‍ ഒരു പാര്‍ക്കില്‍ ഒന്നിച്ചു കാണാമെന്നത് ഖുര്‍ആന്‍ പാര്‍ക്കിനെ വ്യത്യസ്തമാക്കുന്നു. വാഴത്തോട്ടം, ഒലീവ്, മാതളം, പഴം, തണ്ണിമത്തന്‍, അത്തി, മുന്തിരി, പലതരം ഉള്ളികള്‍, ഗോതമ്പ്, ഇഞ്ചി, കക്കരി,പുളി തുടങ്ങി 51 തരം സസ്യങ്ങള്‍ പാര്‍ക്കില്‍ സുലഭമായി വിളയിക്കുന്നുണ്ട്.






