Sorry, you need to enable JavaScript to visit this website.

ശ്രുതിമധുരം,  കല്യാണിയുടെ ആലാപനം 

സംഗീത മാസ്മരിക കലാപ്രകടനങ്ങൾ കൊണ്ട് കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന്റെ ഹൃദയം കവർന്ന കല്യാണി സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ സ്വായത്തമാക്കിയത് അതിശയം പടർത്തുന്നു. ടെലിവിഷനിലൂടെയും വിവിധ സ്‌റ്റേജ് പരിപാടിയിലൂടെയും കേൾക്കുന്ന ഗാനങ്ങൾ മനപ്പാഠമാക്കുന്നതിനു കൂടുതൽ ഗൃഹപാഠം ആവശ്യമില്ല ആ കൊച്ചു മിടുക്കിക്ക്. പുഞ്ചിരിക്കുമ്പോൾ നിഷ്‌കളങ്കവും അതിലേറെ നിർമ്മലമായ ഭാവവും അതിനു പിന്നിൽ ചിരി വിടർത്തി ആ കൊച്ചു മിടുക്കി തിരക്കും ബഹളവും കെട്ടു കാഴ്ചകളൊന്നുമില്ലാതെ അലസമായി ഈണം നുകർന്ന് കല്യാണി പാടി തുടങ്ങുമ്പോൾ മധുര ശബ്ദത്തിലെ ഭാവ ഗാംഭീര്യം ഹൃദയഹാരിയാണ്.
സംഗീതത്തിൽ പാണ്ഡിത്യമുള്ളവരെ പോലും കീഴ്‌പെടുത്തുന്ന മാന്ത്രികമായ ആലാപനം കല്യാണിക്ക് മാത്രം സ്വന്തം. ഹൃദയങ്ങളെയും ദേശങ്ങളെയും ഭാഷകളെയും തുന്നിച്ചേർക്കാനുള്ള മാന്ത്രികത സംഗീതത്തിനല്ലാതെ മറ്റൊന്നിനും അവകാശപ്പെടാനില്ലെന്ന് കല്യാണി വൈവിധ്യമാർന്ന വേദികളിലൂടെ പ്രവാസ ഭൂമികയിൽ തെളിയിക്കുകയായിരുന്നു. സംഗീതവും പഠനവും ഇഴചേർന്ന കല്യാണിയുടെ ലോകം മത്സരങ്ങളിൽ വിജയിച്ചു സമ്മാനങ്ങൾ വാരിക്കൂട്ടുന്നതിനല്ല മറിച്ചു അറിയപ്പെടുന്ന ഒരു ഗായിക ആവാനുള്ള സ്വപ്നങ്ങളുമായാണു ആ കൊച്ചു മിടുക്കിയുടെ മനസ്സ് തുടിക്കുന്നത്. സംഗീതജ്ഞരായ പൂർവീകരിൽ നിന്നും കൈമാറികിട്ടിയ പാരമ്പര്യമോ സിദ്ധിയോ ബാല പാഠമോ ഇല്ലാതെ ലളിതമായ ആലാപനങ്ങളിലൂടെ സദസ്സിൽ മനോധർമ്മ പ്രയോഗത്തിലൂടെ വരികളുടെ ഭാവം ശ്രോതാവിന്റെ മനസ്സിൽ മുദ്രണം ചെയ്യുന്നതിൽ കല്യാണിയുടെ അപാരമായ കഴിവ് അറിയാതെ സദസ്യരെ നൃത്ത ചുവടിലേക്ക് വഴിമാറ്റും. സദസ്യർക്കിടയിലൂടെ ഓടി നടന്നു ഗാനമാലപിക്കുന്ന കല്യാണി പ്രവാസി സമൂഹത്തിന്റെ കല്യാണിക്കുട്ടിയാണ്.


കവിതയെ സംഗീതവുമായി ലയിപ്പിക്കുന്ന ഭാഷാ ജ്ഞാനം കല്യാണി പ്രയോഗത്തിലൂടെ തെളിയിക്കുകയും പഴയ നാടക ഗാനങ്ങൾ സദസ്യർക്ക് മുന്നിൽ ആലപിക്കുമ്പോൾ സൂക്ഷ്മ തലത്തിൽ കുട്ടിത്തം നിറഞ്ഞ ആ മുഖഭാവത്തിൽ തികഞ്ഞ ഒരു സംഗീത വിദ്വാൻ ഉദിച്ചു വരുന്നത് കാണാനാവും. മാപ്പിളപ്പാട്ടുകൾ ആലപിക്കുമ്പോൾ പ്രമുഖരെ പോലും പിന്നിലാക്കിയാണ് ഈ കൊച്ചു മിടുക്കിയുടെ അവതരണം. അറബി പദങ്ങളിൽ നിന്നും മലയാളത്തിലെക്കുള്ള മൊഴിമാറ്റത്തിൽ അക്ഷര സ്ഫുടത അതിശയകരമാണ്. 
ദമാമിൽ ജനിച്ചു വളർന്ന 10 വയസ്സുകാരി കല്യാണി ബിനു നായർ  ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനിയാണ് . മൂന്നര വയസ്സിൽ സ്വയം ആവശ്യപ്പെട്ട് സ്‌റ്റേജിൽ കയറി പാടിത്തുടങ്ങി അരങ്ങേറ്റം കുറിച്ച കൊച്ചുകലാകാരി ഇന്ന് ഇരുന്നൂറിലധികം സ്‌റ്റേജുകളിൽ പാടിക്കഴിഞ്ഞു . ദമാമിലെ പ്രമുഖ സംഗീതാധ്യാപകൻ ബൈജുമാധവിന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുന്ന കല്ല്യാണി , നാട്ടിൽ ഒഴിവുകാലങ്ങളിൽ പ്രമുഖ ഗാനമേള ട്രൂപ്പുകളോടൊപ്പവും പാടിയിട്ടുണ്ട് . ആംപ്‌സ് ജുബൈലിന്റെ സംഗീതമത്സരത്തിലും വിവിധ മാപ്പിളപ്പാട്ടു മത്സരങ്ങളിലും വിജയിയായിട്ടുണ്ട്. കോട്ടയം ജില്ലയിലെ പാലാ സ്വദേശികളായ പുളിക്കൽ ബിനു പുരുഷോത്തമന്റേയും , ദമാം ഇന്ത്യൻ സ്‌കൂൾ അധ്യാപിക ഡോക്ടർ സിന്ധു ബിനുവിന്റെയും മകൾ ആണ് . ഏക സഹോദരൻ ആദിത്യൻ ബിനു നായർ പ്ലസ് ടു വിദ്യാർഥിയാണ്.

Latest News