- മാർച്ച്- 26 കുഞ്ഞുണ്ണിമാഷുടെ ചരമവാർഷികം
കവിതയുടെ സാമ്പ്രദായിക രചനാ രീതിയിലും ഘടനയിലും അസാധാരണമായ ആത്മവിശ്വാസത്തോടെ ഒരു പൊളിച്ചെഴുത്ത് നിർവഹിക്കുകയും പകരം തനിക്കിണങ്ങുന്ന നവീന മാതൃകയിലേക്ക് അതിനെ പുതുക്കിപ്പണിയുകയും ചെയ്ത കവിയാണ് കുഞ്ഞുണ്ണി മാഷ്.
വലിയ കവിതകളെഴുതി കാവ്യ സിംഹാസനം കീഴടക്കിയവർക്കിടയിലേക്ക് കുഞ്ഞു കവിതകളെഴുതി കരുത്ത് കാട്ടി കയറിയിരിക്കാൻ കഴിഞ്ഞ കവി. ലളിതമായ വാക്കുകളിൽ അനന്തമായ അർഥവ്യാപ്തിയുടെ അതിരുകളില്ലാത്ത ആകാശം തീർക്കാനായിരുന്നു ഈ കവിയുടെ ശ്രമം. വലിയ സത്യത്തെ ഒരു ചെറു ചിമിഴിലൊതുക്കുന്ന ഇന്ദ്രജാലമായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ.
അതേസമയം കുട്ടികൾക്കും മുതിർന്നവർക്കും കവിത ഇഷ്ടപ്പെടുന്നവർക്കും അല്ലാത്തവർക്കും ഒരു പോലെ വായിച്ചാസ്വദിക്കാൻ കഴിയുംവിധം കവിതകളെ രൂപപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് കുഞ്ഞുണ്ണി മാഷുടെ വിജയം. അനുഭവങ്ങൾ കടഞ്ഞെടുത്ത്, കുറുക്കിയും കൂർപ്പിച്ചും അദ്ദേഹമെഴുതിയ കുഞ്ഞു കവിതകൾ പക്ഷെ, ജീവിതത്തെ കുറിച്ച് അമ്പരപ്പിക്കും വിധം വൈവിധ്യമാർന്ന ദർശനങ്ങളാണ് നമുക്കു മുമ്പിൽ കാഴ്ച വെച്ചത്.
കൂണുകൾ കണക്കെ മുളയിട്ട് പെരുകി വരുന്ന രാഷ്ട്രീയ പാർട്ടികളുടെ ബാഹുല്യം ജീവിച്ചിരിക്കെ കവിയെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്. ആദർശവും ആത്മാർഥതയും ഒട്ടുമില്ലാത്ത ഇക്കൂട്ടർ, ജനാധിപത്യത്തിന്റെ സൗഭാഗ്യത്തിനകത്ത് പിറന്നു വീണ് ഓരോ കൊടിയും പിടിച്ച് പേക്കൂത്തുകൾ നടത്തുന്നതു കണ്ടപ്പോഴുള്ള വിഷമം കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പരിഹസിച്ചത്-
പ്ലേഗ് പരന്നാലുണ്ട് നിവൃത്തി
ഫഌഗ് പരന്നാലില്ല നിവൃത്തി
രാഷ്ട്രത്തെ അറിയാത്ത രാഷ്ട്രീയക്കാരൊക്കെ കൂടി രാഷ്ട്രീയം കളിച്ച് രാഷ്ട്രത്തെ രക്ഷയില്ലാ കയത്തിലേക്ക് ആഴ്ത്തുന്നു എന്ന് നിസ്സഹായനായി തിരിച്ചറിഞ്ഞപ്പോഴാണ് രാഷ്ട്രത്തെ രക്ഷിച്ചെടുക്കാൻ അദ്ദേഹം കവിതയിലൂടെ ഒരു പോംവഴി നിർദ്ദേശിച്ചത്-
നേതാക്കന്മാരേ, നിങ്ങളാത്മഹത്യ ചെയ്യുവിൻ
എന്തുകൊണ്ടെന്നാൽ
എനിക്കു നിങ്ങളെ കൊല്ലാനുള്ള കഴിവില്ല
ആദർശങ്ങൾ എന്തൊക്കെ പറഞ്ഞാലും അധികാരമാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ആത്യന്തിക ലക്ഷ്യമെന്ന് കുഞ്ഞുണ്ണി മാഷ്‌ക്ക് നന്നായി അറിയാം. അതേസമയം അധികാരം കൈയിൽ കിട്ടിയാൽ ഏത് ആദർശവാനും ആദർശങ്ങളെ കാറ്റിൽ പറത്തിയാണ് ഭരിക്കാൻ ശ്രിമിക്കുക എന്നതാണ് അനുഭവം. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്-
മന്ത്രിയായാൽ മന്ദനാകും
മഹാ മാർക്‌സിസ്റ്റുമീ
മഹാഭാരത ഭൂമിയിൽ
ദുഷിച്ചു നാറിയ ലോകത്തിന്റെ അവസ്ഥയിൽ വിഷമം തോന്നിയപ്പൊഴാണ് അതിനെ നന്നാക്കാൻ വഴിയന്വേഷിച്ച് അദ്ദേഹമിറങ്ങിയതും അത് കണ്ടെത്തിയതും. അത് അദ്ദേഹം ഒരു കവിതയിൽ അവതരിപ്പിച്ചപ്പോൾ കനമുള്ള ഒരു തത്ത്വശാസ്ത്രം രൂപപ്പെട്ടു-
വലിയൊരു ലോകം നന്നാകാൻ
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ
സ്വയം നന്നാവുക
നന്നാവുക എന്നതിന് നല്ലവനായി ജീവിക്കുക എന്നാണ് പൊതുവായ അർഥം. എന്നാൽ കെട്ടകാലം അതിന് നൽകിയ പുതിയ വ്യാഖ്യാനം എങ്ങനെയും നാലുകാശു സമ്പാദിച്ച് സമ്പന്നനാകുക എന്നാണെന്ന് മനസ്സിലാക്കിയപ്പോഴാണ് കവി എഴുതിയത്-
എനിക്ക് ഞാൻ നന്നാവണമെന്നില്ല
എനിക്ക് നന്നാവണമെന്നേയുള്ളൂ
നല്ലവരായി ജീവിത വിജയം കണ്ടെത്താൻ അദ്ദേഹം നമുക്ക് കവിതയിലൂടെ മുത്ത് പോലെ പവിത്രമായ ഒരു സാരോപദേശം വിളക്കിയെടുത്ത് നൽകുന്നത് ശ്രദ്ധിക്കുക-
നല്ല വാക്കും നല്ല നോക്കും
നല്ല പോക്കും ജീവിതമയ്യാ
നന്നായി
ചെയ്യുന്ന ഓരോ പ്രവൃത്തിക്കും തക്കതായ പ്രതിഫലം കാലം നമുക്ക് തിരിച്ചു നൽകും എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു കുഞ്ഞുണ്ണി മാഷ്‌ക്ക്. അത് ഒരു വെളിപാടായി വാർന്നു വീണു, ഒരു കവിതയിൽ-
എനിക്കുതന്നെ കിട്ടുന്നു
ഞാനയക്കുന്നതൊക്കെയും
അതുകൊണ്ടു തന്നെ മാനവരാശിയോട് മാതൃകാപരമായി ജീവിക്കാനാണ് അദ്ദേഹം ഒരു കവിതയിൽ ആഹ്വാനം ചെയ്യുന്നത്-
സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ.
വ്യത്യസ്ത മനോഭാവങ്ങളും വീക്ഷണങ്ങളും വെച്ചു പുലർത്തുന്ന മനുഷ്യൻ ഒന്നിലും ഐക്യപ്പെടാൻ മനസ്സില്ലാത്തവനാണ്. ലോകത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ഈ ഐക്യമില്ലായ്മയാണ് എന്ന തിരിച്ചറിവിൽ നിന്നാണ് കവി ഇങ്ങനെ കുറിച്ചിട്ടത്-
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം!
അതിന് പരിഹാരമായി അദ്ദേഹം വായനക്കാർക്ക് നൽകുന്ന മറ്റൊരു ഒറ്റ വരിക്കവിത ശ്രദ്ധിക്കുക-
ഒന്നായാൽ നന്നായി, നന്നായാൽ ഒന്നായി
വർത്തമാനകാല ലോകം കാപട്യം നിറഞ്ഞതാണ് എന്ന് കവി നിരീക്ഷിക്കുന്നു. അവിടെ നന്മ അപ്രസക്തമാവുകയാണ്. നന്മ ചെയ്യുന്നവരെ കാണാൻ കണ്ണില്ലാത്ത, കാപട്യം ചെയ്യുന്നവരെ മാത്രം കാണുന്ന ലോകത്തെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്-
കപട ലോകത്തിലെന്നുടെ കാപട്യം
സകലരും കാൺമതാണെൻ പരാജയം
ഇപ്പറഞ്ഞതിന് കാരണം മനുഷ്യന്റെ മനസ്സാണ്. അതു ശുദ്ധീകരിക്കുമ്പോൾ എല്ലാം ശുചിയായിക്കൊള്ളും എന്ന പ്രത്യാശയും അദ്ദേഹത്തിനുണ്ട്. ഈ വരികളിൽ തെളിയുന്നത് അതാണ്-
മനസല്ലോ പരിസര-
മതു ശുദ്ധീകരിക്ക നാം
അതിന് എന്താണ് ചെയ്യേണ്ടത് എന്നുമദ്ദേഹം നാം, മലയാളികളോട് വ്യക്തമായി പറഞ്ഞു വെച്ചിട്ടുണ്ട്-
നമ്മൾ നന്നാകുവാനെന്തു നൽകൂ
നല്ലൊരു ചൂല് മനസ്സിൽ നൽകൂ
മലയാളി മാതൃഭാഷയായ മലയാളം മറക്കുന്നു എന്ന വേദനയാണ് അദ്ദേഹത്തെ കൊണ്ട് ഇങ്ങനെ കുറിച്ചിടാൻ പ്രേരിപ്പിച്ചത്-
അമ്മ, മമ്മിയായന്നേ മരിച്ചു മലയാളം
മലയാളം പറയുന്ന മലയാളികൾ മനസ്സ് കൊണ്ട് മലയാളത്തനിമ തന്നെ നഷ്ടപ്പെട്ട് മലയാളിയേ അല്ലാതായി തീരുന്ന പുതിയ കാലത്തിന്റെ പ്രവണതകളെ നോക്കി കവി പരിഭവിച്ചത് ഇങ്ങനെയാണ്-
ആറു മലയാളിക്ക് നൂറുമലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല
മണ്ണും മാതൃ മലയാളവും മറന്ന് മലയാളി ഇംഗ്ലീഷിലേക്ക് ചേക്കേറുന്നതിനെ പരിഹസിച്ചു കൊണ്ട് അദ്ദേഹം കുറിച്ച വരികൾ നോക്കുക-
ജനിക്കും തൊട്ടെൻ മകനിംഗ്ലീഷ് പഠിക്കണം
അതിനാൽ ഭാര്യതൻ പേറ-
ങ്ങിംഗ്ലണ്ടിൽ തന്നെയാക്കി ഞാൻ
കവിതയിൽ കവിത്വവും കാലവും പ്രതിഫലിപ്പിക്കപ്പെടണം എന്ന ഉറച്ച ബോധ്യം കുഞ്ഞുണ്ണിക്ക് ഉണ്ടായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത വിധം അത് നമ്മെ ഒരോർമ്മപ്പെടുത്താൻ അദ്ദേഹം കുറിച്ച ഒരു വരി കവിത ഇങ്ങനെ-
കവിതയിൽ ഒരു വിതയുണ്ട്.
ആധുനികവൽക്കരണത്തിന്റെ കുത്തൊഴുക്കിൽ കാലദേശങ്ങൾ ഇല്ലാതാകുന്നതിന്റെ വേവലാതി അദ്ദേഹം പങ്കുവെക്കുന്നത് കവി എന്ന നിലയിൽ കവിതയെ തന്നെ അഭിസംബോധന ചെയ്തു കൊണ്ടാണ്-
കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീവരുമ്പോൾ
ഞാനുമില്ലാതാകുന്നു
വ്യക്തി എന്ന നിലയിലുള്ള തന്റെ ഏകാന്ത ജീവിതത്തിന്റെ വിഹ്വലതകൾ ആത്മരോദനങ്ങളായി ബഹിർഗമിപ്പിക്കുന്ന സർഗപ്രക്രിയയായിരുന്നു കുഞ്ഞുണ്ണി മാഷ്‌ക്ക്, കവിതാ രചന. കവിയായിട്ടല്ല, കവിതയായി തന്നെ തീരണമെന്നും ചിലപ്പൊഴൊക്കെ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതാ അതിന് ഉദാഹരണമായി ഒരു കവിത-
എനിക്ക് മോഹം
വലിയൊരു മോഹം
എനിക്ക് ഞാനൊരു
കവിതയാകണം
മറ്റൊരു കുഞ്ഞു കവിതയിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു-
ഞാനൊരു കവിയോ കവിതയോ?
അല്ലല്ല..!
കവിയും ഞാൻ കവിതയും ഞാൻ
ആസ്വാദകനും ഞാൻ!
കാര്യം കാണാൻ ചിലർ, ചിലരെ ആവശ്യമില്ലാതെ പുകഴ്ത്തുകയും പുറം തലോടുകയും പൂമൂടുകയും ചെയ്യുന്നതിലെ നിരർഥകതയെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം ഈ കവിത കുറിച്ചത്-
എനിക്ക് പൊക്കം കുറവാണ്
എന്നെ പൊക്കാതിരിക്കുവിൻ
അങ്ങനെ പരിഹസിക്കുമ്പോഴും ആ പൊക്കക്കുറവ് വെച്ച് മനുഷ്യനായും കവിയായും താൻ ആർജിച്ച അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും ആഴം അറിയിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹമെഴുതി-
പൊക്കമില്ലാത്തതാണെന്റെ പൊക്കം
സ്വാർഥതയില്ലാത്ത സ്‌നേഹത്തിന്റെ ആർദ്രതയിൽ അലിഞ്ഞില്ലാതാകാൻ ആഗ്രഹിച്ച ഒരു മനസ്സായിരുന്നു കുഞ്ഞുണ്ണി മാഷുടേത്. അപ്പോൾ അദ്ദേഹത്തിലെ കാൽപ്പനികനായ കവി ഉണർന്ന് ഉൻമേഷവാനാകുന്നത് കാണുക തന്നെ ആഹ്ലാദകരമാണ്. ഇതാ അതു കാണിക്കുന്ന ഒരു കവിതാശകലം-
മഴയറിയാതെ ഞാൻ കട്ടെടുത്ത
മഴത്തുള്ളികൾ കൊണ്ടൊരു
മഴനൂൽ തീർത്തൂ നിനക്കായ് മാത്രം...
മനസ്സ് ആഹ്ലാദത്തിന്റെ ആഘോഷത്തിമിർപ്പിൽ ആറാടുമ്പോൾ തന്നിൽ ഉണരുന്ന കാൽപ്പനികനെ കുഞ്ഞുണ്ണിയിലെ കവി പാടിയുറക്കുന്ന പാട്ടിതാ-
ഒരു വളപ്പൊട്ടുണ്ടെൻ കൈയിൽ
ഒരു മയിൽപ്പീലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കാനിവ-
ധാരാളമാണെനിക്കിന്നും
വായനയുടെയും എഴുത്തിന്റെയും പ്രസക്തിയും പ്രാധാന്യവും കുട്ടികളിലേക്ക് പകരുന്നതിൽ കുഞ്ഞുണ്ണി മാഷ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കുട്ടേട്ടനായും തുടർന്ന് വളരെ കാലം മലർവാടി മാസികയിൽ കുഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന പംക്തി കൈയാളിയും കുട്ടികളുടെ രചനകൾ തിരുത്തിയും പ്രോത്സാഹിപ്പിച്ചും പ്രസിദ്ധീകരിച്ചും അവരെ വായിക്കാൻ പ്രേരിപ്പിച്ചും അദ്ദേഹം പ്രവർത്തിച്ചിരുന്നു. വി.ആർ.സുധീഷും അക്ബർ കക്കട്ടിലും ടി.വി.കൊച്ചുബാവയും ഉൾപ്പടെ മലയാളത്തിലെ നിരവധി എഴുത്തുകാർ അദ്ദേഹത്തിന്റെ സ്‌നേഹത്തണലിൽ വളർന്നു വന്നവരാണ്. വായനയെ കുറിച്ച് അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കവിതാ ഇതാ-
വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും
മനസ്സ് കൊണ്ട്
ബാല്യത്തെ നഷ്ടപ്പെടാൻ ഇഷ്ടപ്പെടാത്ത കവിയായി രുന്നു കുഞ്ഞുണ്ണി. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്-
കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്ക് രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ
കുഞ്ഞായിരിക്കുമ്പോൾ മാത്രം മനുഷ്യൻ എല്ലാ വിശുദ്ധിയോടും സ്‌നേഹത്തോടും കൂടിയിരിക്കുന്നു എന്നദ്ദേഹം വിശ്വസിച്ചു. അതു കൊണ്ടു തന്നെ അത് അന്വർഥമാക്കും വിധമാണ് അദ്ദേഹം ജീവിച്ചതും എഴുതിയതും, പിന്നെ 2006 മാർച്ച് 26-ന് ഈ ലോകത്തോട് വിട പറഞ്ഞു പിരിഞ്ഞു പോയതും.