ഷാര്‍ജ- തീപ്പെട്ടിക്കോല് കൊണ്ട് ഇരട്ടക്കുട്ടികളുടെ കൈ പൊള്ളിച്ച മാതാവിനെതിരെ ഷാര്‍ജ പോലീസ് കേസെടുത്തു. കുട്ടികളുടെ സ്കൂളിലെ അധ്യാപികയുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
ഏഴു വയസ്സാണ് കുട്ടികളുടെ പ്രായം. മാതാവാണ് കൈ പൊള്ളിച്ചതെന്ന് കുട്ടികള്‍ അധ്യാപികയോട് പറഞ്ഞു.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ശിശു സുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. അവര്‍ പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. തീപ്പെട്ടിക്കൊള്ളിയില്നിന്നാണ് പൊള്ളലേറ്റതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തുടര്‍ന്ന് മാതാവിനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിച്ചു. അനുസരണക്കേടിനും വികൃതി കാട്ടിയതിനും നല്കിയ ശിക്ഷയാണിതെന്ന് അവര്‍ പറഞ്ഞു. വദീമ നിയമപ്രകാരമാണ് മാതാവിനെതിരെ കേസെടുത്തിരിക്കുന്നത്.