ഷാംഗ്ഹായ് - ചൈനയുടെ ദേശീയ ഫുട്ബോള്‍ കോച്ച് പദവിയില്‍ പത്ത് ദിവസം മാത്രം തികച്ച ഇറ്റലിയുടെ ലോകകപ്പ് നായകന് ഫാബിയൊ കനവാരൊ പുറത്തായേക്കും. ചൈന തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോളടിക്കാതെ തോറ്റതോടെയാണ് ഇത്. ചൈനാ കപ്പില്‍ കനവാരോയെ കോച്ചായി നിയമിച്ചത് പരീക്ഷണാടിസ്ഥാനത്തിലാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട്. തായ്ലന്റിനോടും ഉസ്ബെക്കിസ്ഥാനോടും ചൈന ടൂര്‍ണമെന്റില്‍ 0-1 ന് തോറ്റിരുന്നു. തായ്ലന്റിനെതിരെ ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാന്‍ ചൈനീസ് കളിക്കാര്‍ക്കു സാധിച്ചില്ല.
യുവന്റസ്, റയല്‍ മഡ്രീഡ് പോലെ വന്‍ ക്ലബ്ബുകള്‍ക്ക് കളിച്ച നാല്പത്തഞ്ചുകാരന് ചൈനീസ് ക്ലബ് ഗ്വാംഗ്ഷു എവര്‍ഗ്രാന്‍ഡെയുടെ കോച്ചായും തുടരുന്നുണ്ട്.