13 തവണയും പരാജയപ്പെട്ടു, ഒടുവില്‍ ജോയലിന് ഇരട്ടക്കുട്ടികള്‍

ദുബായ്- വന്ധ്യതയോട് നിരന്തരം പോരാടി ഒടുവില്‍ ജോയല്‍ നസ്ര്‍ വിജയിച്ചു. 13 പ്രാവശ്യം പരാജയപ്പെട്ട കൃത്രിമ ഗര്‍ഭധാരണത്തിന് ഒടുവില്‍ ദുബായ് ഫഖീഹ് ഐ.വി.എഫ് ഫെര്‍ട്ടിലിറ്റി സെന്ററില്‍ വിജയം. ഇരട്ടക്കുട്ടികളാണ് ജോയലിന്.
സ്വപ്ന സാക്ഷാത്കാരത്തിനായി കാത്തിരിക്കുന്ന എല്ലാ സ്ത്രീകള്‍ക്കുമായി താന്‍ ഈ സന്തോഷ വാര്‍ത്ത സമര്‍പ്പിക്കുന്നുവെന്ന് ജോയല്‍ പറഞ്ഞു.
13 വര്‍ഷമായി ജോയലിന്റെ വിവാഹം കഴിഞ്ഞിട്ട്. തനിക്ക് അമ്മയാവാന്‍ കഴിയില്ലെന്ന് അവര്‍ 2005 ല്‍ തന്നെ മനസ്സിലാക്കി. ആദ്യ ഐ.വി.എഫ് വിജയകരമായിരുന്നു. ഗര്‍ഭം ധരിച്ചെങ്കിലും 16 ആഴ്ചകള്‍ക്ക് ശേഷം അലസി. തുടര്‍ന്ന് 12 വര്‍ഷങ്ങളായി അവര്‍ നിരന്തരം ഐ.വി.എഫ് ചെയ്യുകയാണ്.
സ്കൂളില്‍ കായികാധ്യാപികയായി ജോലി ചെയ്യുകയാണ് ജോയല്‍. കുട്ടികളെ തനിക്ക് ഇഷ്ടമാണ്. അതിനാല്‍ സ്വന്തമായി കുട്ടികള്‍ വേണമെന്ന ആഗ്രഹം ഉപേക്ഷിക്കാന്‍ തയാറായില്ല. വേനലവധിക്കാലത്ത് ഐ.വി.എഫ് കേന്ദ്രങ്ങളിലാണ് ചെലവഴിക്കുക. യു.എ.ഇയിലും ലബനോനിലും പല തവണ ശ്രമിച്ചു. നെഗറ്റീവ് ആയിരുന്നു ഫലം.
അമേരിക്കയിലെ മികച്ച ഒരു ഐവിഎഫ് കേന്ദ്രത്തില്‍ വരെ പോയെങ്കിലും സന്തോഷവാര്‍ത്തയെത്തിയില്ല. തന്റെ സ്വപ്നം ഒരിക്കലും നടക്കില്ലെന്ന് കരുതിയ ജോയല്‍ അവസാനവട്ട ശ്രമമെന്നോണം ഫഖീഹ് ഐ.വി.എഫ് കേന്ദ്രത്തിലെത്തുകയായിരുന്നു.

 

Latest News