സോണി വിളിച്ചാല്‍ അനന്തതയില്‍നിന്ന് കാക്കകള്‍ പറന്നെത്തും

ദുബായ്- പരുക്കന്‍ ശബ്ദത്തില്‍ മുഴങ്ങുന്ന ക്രാ...ക്രാ... ശബ്ദം ശാന്തമായ സായാഹ്നത്തിന്റെ നിശബ്ദത തുളച്ച് ആകാശത്തേക്ക് പടരുന്നു. അല്‍പ സമയത്തിനകം ഒന്ന്, രണ്ട്, മൂന്ന് അല്ല വന്‍ കൂട്ടമായി അവ പറന്നെത്തുന്നു. കാക്കകള്‍. വിളിക്കുന്നത് ദുഷ്യന്ത് സോണിയെന്ന ഇന്ത്യക്കാരന്‍.
കാക്കകളെ വിളിച്ചുവരുത്താനുള്ള അപൂര്‍വ കഴിവാണ് സോണിയുടേത്. സോണി വിളിക്കുന്നത് കേട്ടാല്‍ കാക്ക കരയുകയാണെന്നേ തോന്നൂ. പക്ഷെ കാക്കകള്‍ വന്നിരിക്കുമെന്നത് കട്ടായം.
ആകാശത്ത് പ്രത്യക്ഷപ്പെടുന്ന കാക്കകള്‍ പതുക്കെ സോണിയുടെ തലക്ക് മീതെയെത്തുന്നു. ലോകത്ത് തന്നെ ഇത്തരം കഴിവുള്ള അപൂര്‍വ വ്യക്തികളില്‍ ഒരാളാണ് സോണി.
12 വയസ്സാകുമ്പോഴാണ് ഈ കഴിവ് തിരിച്ചറിയുന്നതെന്ന് സോണി പറഞ്ഞു. ഇപ്പോള്‍ 46 കാരന്‍. മുംബൈയിലാണ് താമസിച്ചിരുന്നത്. ഒരിക്കല്‍ കാക്കയുടെ ശബ്ദം വെറുതെ അനുകരിച്ചതാണ്. നിമിഷങ്ങള്‍ക്കകം കാക്കകള്‍ വന്നുകൂടി. താന്‍ അത്ഭുതപ്പെട്ടുപോയി.
പിന്നീട് ഇതൊരു ശീലമായി മാറി. തന്റെ സ്വനപേടകത്തില്‍ കൃത്യമായ മാറ്റങ്ങള്‍ വരുത്തി കാക്കയുടെ ശബ്ദം, കാക്കകള്‍ക്ക്‌പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം 'പെര്‍ഫെക്ട് ' ആക്കി. 18 വയസ്സാകുമ്പോഴേക്കും സോണി പ്രശസ്തനായിക്കഴിഞ്ഞിരുന്നു.
പിന്നീട് ജോലിക്കായി ദുബായിലെത്തിയ സോണി, സ്വര്‍ണാഭരണ വ്യാപാര രംഗത്താണ് പ്രവര്‍ത്തിക്കുന്നത്.
തന്റെ വിളി കേട്ട് ശൂന്യതയില്‍നിന്ന് കാക്കകള്‍ പ്രത്യക്ഷപ്പെടുന്നത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്താറുണ്ടെന്ന് സോണി പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിന് ഇത്തരമൊരു കഴിവുണ്ടെന്ന് ഭാര്യ നേഹ മനസ്സിലാക്കുന്നത് ആറു വര്‍ഷം മുമ്പ് മാത്രമാണ്. ഗുജറാത്തിലെ ഒരു പക്ഷിസംരക്ഷണ കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് പോയ സോണി അവിടെ കാക്കകളെ വിളിച്ചുവരുത്തിയപ്പോള്‍ നേഹയും അന്തിച്ചു.
കാക്കകളെ വിളിക്കുക അത്ര എളുപ്പമല്ലെന്നും സ്വനപേടകത്തിന് വലിയ സമ്മര്‍ദമാണെന്നും സോണി പറഞ്ഞു.

 

Latest News