കണ്ണൂർ പള്ളിക്കുന്നിലുള്ള ജയ്ജവാൻ റോഡിലെ വിക്രാന്ത് എന്നു പേരുള്ള ഭവനത്തിലിരുന്ന് നാവികസേനയിലെ തന്റെ 37 വർഷക്കാലത്തെ അനുഭവക്കടലിന്റെ ആഴവും പരപ്പും അളന്നെടുക്കുമ്പോൾ ഈ 72-ാം വയസിലും തളരാത്ത ആവേശത്തിന്റെ തിരയടി ആ മുഖത്ത്. ഇച്ഛാശക്തിയുണ്ടെങ്കിൽ മനസ്സിലെ അതിരുകളില്ലാത്ത ആഗ്രഹങ്ങളേതും കൈപ്പിടിയിലൊതുക്കാം എന്നതിന് ഉദാഹരണമാണ് റിയർ അഡ്മിറൽ മോഹനന്റെ ജീവിതം.
വർഷങ്ങൾക്ക് മുമ്പാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ നിന്നും ഫിസിക്‌സ് ബിരുദ ക്ലാസിലെ പതിനഞ്ചോളം വരുന്ന എൻ.സി.സി കാഡറ്റുകളുടെ ഒരു സംഘം കൊച്ചിയിലെത്തി. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് സന്ദർശിക്കാനുള്ള ക്യാമ്പിൽ ഉൾപ്പെട്ടവരായിരുന്നു അവർ. അവരിൽ ഒരു വിദ്യാർഥിയുടെ മനസ്സ് അപ്പോൾ വിക്രാന്തിലേക്ക് പറന്നിറങ്ങിയ യുദ്ധവിമാനങ്ങളിലൊന്നിലെ വൈമാനികനിൽ പതിഞ്ഞു. അയാളെ അടുത്തു കാണാൻ അവന് കൊതിയായി. കണ്ടപ്പോൾ ആ ധീരനെ തൊടണമെന്നായി. തൊട്ടപ്പോൾ അയാളെപ്പോലെ ഒരു വൈമാനികനാകണമെന്ന മോഹം മനസ്സിലുദിച്ചു. വെറും വൈമാനികനായാൽ പോര. യുദ്ധക്കപ്പലുകളിലേക്ക് വിമാനം പറത്തിയിറക്കുന്ന പൈലറ്റ് തന്നെ ആവണം!

എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്നാണോ നിങ്ങളിപ്പോൾ ചിന്തിക്കുന്നത്? എങ്കിൽ തെറ്റി. വർഷങ്ങൾക്കിപ്പുറം ആ യുവാവ് അതേ ഐ. എൻ.എസ് വിക്രാന്തിലെ യുദ്ധ വിമാനങ്ങളിൽ പലതും കാര്യക്ഷമതയോടെ പറത്തുന്ന പ്രഗൽഭനായ പൈലറ്റായി മാറി. പിന്നെ ഐഎൻഎസ് വിക്രാന്തിന്റെ തന്നെ ക്യാപ്റ്റനായി. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യയുടെ വിജയവും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യവും സാധ്യമാക്കിയ മുഖ്യശിൽപികളിൽ ഒരാളായി. പിന്നെ റിയർ അഡ്മിറലായി. തുടർന്ന് ഇന്ത്യൻ പ്രസിഡന്റിന്റെ അതിവിശിഷ്ട സേവാ മെഡലിന് അർഹനായി. ഇന്ത്യൻ നാവിക സേനയിൽ നിന്നും വിരമിച്ച് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന റിയർ അഡ്മിറൽ കെ. മോഹനൻ, കൈയെത്തിപ്പിടിച്ച് സ്വന്തമാക്കിയ പദവികൾ ഇങ്ങനെ ഒരുപാടാണ്.
യുദ്ധവിമാനത്തിന്റെ പൈലറ്റ് ആകണമെന്ന് ആഗ്രഹിച്ച അന്നു മുതൽ അദ്ദേഹത്തിന്റെ ചിന്ത അതെങ്ങനെ സാധ്യമാക്കാം എന്നതിനെ കുറിച്ച് മാ ത്രമായി. കോളജിലെ എൻ.സി.സി അധ്യാപകനായ കെ.ടി. മാധവൻ നമ്പ്യാർ ആ ലക്ഷ്യപ്രാപ്തിക്കായി സർവ സഹായവും നൽകി ഒപ്പം നിന്നു. പൈലറ്റാകാൻ വ്യോമസേനയിൽ ചേരാനുള്ള അടങ്ങാത്ത മോഹവുമായി നടക്കുന്ന മോഹനനെ 1967-ൽ യാദൃച്ഛികമായി നേവിയിലേക്കാണ് തെരഞ്ഞെടുത്തത്. മനസ്സിലപ്പോഴും യുദ്ധവിമാനത്തിലെ വൈമാനികൻ എന്ന ആഗ്രഹം ജ്വലിച്ചു നിന്നു. അത് വെറുതെയായില്ല. നാവിക സേനയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും അതിനകത്തെ വ്യോമസേനാ വിഭാഗത്തിന്റെ യുദ്ധവിമാനം പ റത്താനുള്ള പരിശീലനമാണ് മോഹനന് ലഭിച്ചത്. ഏറെക്കാലമായി മനസ്സിൽ കൊണ്ടു നടന്ന ഒരു വലിയ സ്വപ്‌നത്തിന്റെ സാക്ഷാൽക്കാരമായിരുന്നു അത്.
നാവിക നിരീക്ഷണ വിമാനമായ അലിസെ, ആന്റി സബ് മറൈൻ എയ ർ ക്രാഫ്റ്റായ ഐഎൽ-38, സീ ഹോക് എന്നിവ നിയന്ത്രിക്കുന്നതിൽ മോഹനൻ വിദഗ്ധനായി. മുമ്പെപ്പോഴോ അഗ്രഹിച്ചതുപോലെ ഈ വിമാനങ്ങളെ ഐ.എൻ.എസ് വിക്രാന്തിന്റെ ഫ്‌ളൈറ്റ് ഡെക്കിലേക്ക് ചുരുങ്ങിയ കാലത്തിനുള്ളിൽ അതിസമർഥമായി ലാന്റിങ് നടത്തിയും അവിടെ നിന്ന് നിഷ്പ്രയാസം ടേക് ഓഫ് ചെയ്തും സഹകേഡറ്റുകളെയും മേലുദ്യോഗസ്ഥരെയും മോഹനൻ അതിശയിപ്പിച്ചു. 1968-ൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം നാവിക സേനയിൽ സബ് ലഫ്റ്റനന്റായി. തുടർന്ന് 1971 -ൽ ലഫ്റ്റനന്റും.

അതേ വർഷമാണ് ബംഗ്ലാദേശ് മോചനത്തിലേക്ക് നയിച്ച ഇന്തോ-പാ ക് യുദ്ധമുണ്ടാകുന്നത്. മോഹനനെ സംബന്ധിച്ചിടത്തോളം അത് യുദ്ധവിമാനങ്ങളിൽ പറന്ന് താൻ അന്നുവരെ പഠിച്ച എല്ലാ പാഠങ്ങളും പ്രായോഗികമാ യി പയറ്റിത്തെളിയാനള്ള സുവർണാവസരമായിരുന്നു. യുദ്ധത്തിൽ ഇന്ത്യ, അഭിമാനകരമായ വിജയം ഉറപ്പിച്ചതിൽ നിർണായക ശക്തിയായി മാറിയ ഐ.എൻ.എസ് വിക്രാന്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈമാനികനായിരുന്നു, മോഹനനപ്പോൾ. കപ്പലിൽ ആ സമയത്തുണ്ടായിരുന്ന 35 പോർവിമാനങ്ങളിലെ ഏറ്റവും മികച്ച പൈലറ്റുമാരിൽ ഒരാളും അദ്ദേഹമായിരുന്നു. യുദ്ധവിമാനം പറത്തുന്നതിലെ പ്രത്യേക നൈപുണ്യം, സാഹസികതയോടുള്ള ആഭിമുഖ്യം, നിർണായക ഘട്ടങ്ങളിൽ പതറാതെ തീരുമാനങ്ങളെടുക്കാനുള്ള തന്റേടം എന്നീ കഴിവുകൾ തിരിച്ചറിഞ്ഞ നാവികസേനാ നേതൃത്വം യുദ്ധത്തിലെ മർമപ്രധാനമായ ചില സുപ്രധാന ഉത്തരവാദിത്തങ്ങൾ മോഹനനെയാണ് ഏൽപ്പിച്ചത്.
ബംഗാൾ ഉൾക്കടലിലെ ബംഗ്ലാദേശ് അതിർത്തി പ്രദേശത്തെ 200 കി ലോ മീറ്ററുകളോളം ചുറ്റളവിൽ വരുന്ന ദൂരം വിമാനത്തിൽ പറന്ന് നിതാന്ത ജാഗ്രതയോടെ നിരീക്ഷിക്കുന്ന ചുമതല മോഹനന് നൽകപ്പെട്ടത് അങ്ങനെയാണ്. കിഴക്കൻ പാക്കിസ്ഥാൻ എന്ന് അന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിന്റെ അതിർത്തിയിലേക്ക് പാഞ്ഞടുക്കുന്ന പാക് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും തടയാനുള്ള നിയോഗവും അദ്ദേഹത്തിനായിരുന്നു. പാക് വിമാനങ്ങൾ ക്കും കപ്പലുകൾക്കും ബംഗാൾ ഉൾക്കടലിൽ വെച്ച് രഹസ്യമായി ഇന്ധനം നിറയ്ക്കാനുള്ള സൗകര്യങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ സമർഥമായി ഇല്ലാതാക്കിക്കൊണ്ടായിരുന്നു ഇന്ത്യ കരുത്തിന്റെ പ്രതിരോധം തീർത്തത്. ചുരുക്കത്തിൽ പാക് സൈന്യത്തിന്റെ വലിയൊരു വിഭാഗത്തെ ബംഗ്ലാദേശിന്റെ മണ്ണിലേക്ക് അടുപ്പിക്കാതെ അകറ്റി നിർത്തി യുദ്ധത്തിൽ ഇന്ത്യൻ പട്ടാളത്തിന്റെ വിജയം ഉറപ്പാക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കാൻ മോഹനന്റെ നേതൃത്വത്തിലുള്ള നാവിക സേനയുടെ പോർവിമാനങ്ങൾക്ക് കഴിഞ്ഞു.
രണ്ടാഴ്ച നീണ്ടു നിന്ന യുദ്ധത്തിൽ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളി ൽ തമ്പടിച്ചിരുന്ന പാക്കിസ്ഥാൻ നാവിക സൈന്യവുമായി പലതവണ മോഹനൻ ഏറ്റുമുട്ടി. ബംഗ്ലാദേശിന്റെ തെക്കു കിഴക്കേ തന്ത്രപ്രധാന തീരദേശമേഖലയായ കോക്‌സ് ബസാറിൽ രാത്രിയുടെ മറവ് പറ്റി പറന്നു ചെന്ന് മിന്നലാക്രമണം നടത്തി പാക് സേനയ്ക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തി. ഖുൽ ന തുറമുഖത്തും ധാക്കയിലും ചിറ്റഗോംഗിലുമുള്ള തങ്ങളുടെ ശക്തി ദുർഗങ്ങളിൽ മോഹനന്റെ നേതൃത്വത്തിലുള്ള സംഘം വൻ ബോംബാക്രമണങ്ങൾ അഴിച്ചുവിട്ടതോടെ പാക്‌സേനാ നേതൃത്വം പരാജയത്തിന്റെ പടിവാതിൽക്ക ൽ വിറച്ചു നിന്നു. 14 ദിവസത്തെ യുദ്ധത്തിനിടയിൽ 38 മണിക്കൂറുകളോളം മോഹനൻ തന്റെ പ്രിയപ്പെട്ട അലിസെ യുദ്ധവിമാനം പറത്തി. പാക്കിസ്ഥാൻ സൈന്യത്തിന്റെ വിമാനവേധ തോക്കുകളിലെ മാരകമായ വെടിയുണ്ടകളെ സമർഥമായി വെട്ടിച്ചും കബളിപ്പിച്ചുമുള്ള ആ പറക്കലുകളിൽ പലതും അ ങ്ങേയറ്റം സാഹസികവും ആപൽക്കരവുമായിരുന്നു.
1971 ഡിസംബർ 16-ന് ബംഗ്ലാദേശിന്റെ മണ്ണിൽ നിന്നും പാക് സേനയെ പരിപൂർണമായി തുരത്താൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു. അതിനിടയി ൽ 93,000-ത്തോളം പാക് സൈനികർ ഇന്ത്യൻ സേനക്ക് മുമ്പിൽ നിരുപാധികം ആയുധം വെച്ച് അടിയറവ് പറഞ്ഞു. ഒരുപക്ഷെ, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്തുണ്ടായ എറ്റവും വലിയ യുദ്ധത്തടവുകാരുടെ കീഴടങ്ങലായിരുന്നു അത്. അതോടെ ദീർഘനാളായി ബംഗ്ലാദേശ് സ്വപ്‌നം കണ്ടിരുന്നു അവരുടെ സ്വാതന്ത്ര്യം യാഥാർഥ്യമായി. വർഷങ്ങൾക്കിപ്പുറം, 2015-ഡിസംബർ 15 മുതൽ 20 വരെ ബംഗ്ലാദേശ,് അവരുടെ 45-ാമത് സ്വാതന്ത്ര്യം ഗംഭീരമായി കൊണ്ടാടുകയുണ്ടായി. തങ്ങൾക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യയുടെ അന്നത്തെ കര-നാവിക-വ്യോമ സേനയിലെ പ്രമുഖരായ 26 പേരെ ധാക്കയിൽ നടന്ന ആഘോഷച്ചടങ്ങിലേക്ക് ബംഗ്ലാദേശ് ഭരണകൂടം ഔദ്യോഗികമായി ക്ഷണിക്കുകയും വിശിഷ്ട അതിഥികളായി പരിഗണിച്ച് ആദരിക്കുകയും ചെയ്തു. അതിലൊരാൾ കെ. മോഹനനായിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക് ഹസീനയും പ്രസിഡണ്ട് മുഹമ്മദ് അബ്ദുൾ ഹമീദും ചേർന്നായിരുന്നു ചടങ്ങിൽ അവരെ ആദരിച്ചത്.
ഇന്തോ-പാക് യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പ്രധാന വസ്തുതകളിലൊന്ന് കെ. മോഹനന്റെ നേതൃപാടവം കൂടിയാണെന്ന് നാവിക സേനാ മേധാവികൾ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ തുടർന്ന് നാവിക സേനയുടെ തന്ത്രപ്രധാനമായ ഉത്തരവാദിത്തങ്ങളിലേക്ക് അദ്ദേഹത്തെ അവർ അവരോധിക്കാൻ തുടങ്ങി. 1972-ൽ ഗോവ വിമാനത്താവളത്തിലെ നാവിക - വ്യോമായന കേന്ദ്രത്തിന്റെ ക്യാപ്റ്റനായി അദ്ദേഹം നിയമിക്കപ്പെട്ടു. 1985-ൽ ഇന്ത്യൻ പടക്കപ്പലായ ഐ.എൻ.എസ് ക്വിൽത്താന്റെ ക്യാപ്റ്റനായി. 1991-ൽ ഐ.എൻ.എസ് ഹൻസയുടെയും 1993-ൽ ഐ.എൻ.എസ് ദീപക്കിന്റെയും തുടർന്ന് 1994-ൽ ഐ.എൻ.എസ് വിക്രാന്തിന്റെയും ക്യാപ്റ്റനായി. ഒരു വർഷം മാത്രമെ അദ്ദേഹം ഐ.എൻ.എസ് വിക്രാന്തിന്റെ സാരഥിയായിരുന്നുള്ളൂ. വർഷങ്ങൾക്ക് മുമ്പ് ഡിഗ്രി വിദ്യാർഥിയായിരിക്കെ കൊച്ചിയിൽ വെച്ച് താൻ ആദ്യമായി കണ്ട യുദ്ധക്കപ്പലിന്റെ ക്യാപ്റ്റനായി എന്നത് മോഹനന് ഒരു നിയോഗവും സ്വപ്‌ന സാഫല്യവുമായി. ഇന്ത്യയുടെ അഭിമാനമായ ആ പടക്കപ്പലിന്റെ അവസാനത്തെ അമരക്കാരനായിരുന്നു കെ. മോഹനൻ. തുടർന്ന് കപ്പൽ ഡി-കമ്മീഷൻ ചെയ്യപ്പെട്ടു.

1995 ൽ നാവിക സേനയിലെ പരമോന്നത പദവികളിലൊന്നായ റിയർ അഡ്മിറൽ സ്ഥാനത്തെത്തി. ആ പദവിയിലെത്തുന്ന ആദ്യത്തെ മലബാറുകാരനാണ് മോഹനൻ. തുടർന്ന് അസിസ്റ്റന്റ് ചീഫ് ഓഫ് നേവൽ സ്റ്റാഫായി. പിന്നീട് ഫഌഗ് ഓഫീസർ കമാന്റിങ് ഗോവ ഏരിയ ആന്റ് ഫഌഗ് ഓഫീസർ നേവൽ ഏവിയേഷൻ എന്ന സ്ഥാനവും അലങ്കരിച്ചു. ബംഗ്ലാദേശ് യുദ്ധത്തിലെ സ്തുത്യർഹമായ സേവനത്തിന് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇ ന്ദിരാഗാന്ധിയുടെ പ്രത്യേക പ്രശംസ നേടി. തുടർന്ന് രാജീവ്ഗാന്ധി, എ.പി. ജെ.അബ്ദുൾ കലാം, കെ.ആർ.നാരായണൻ, എ.ബി.വാജ്‌പേയ്, നരസിംഹറാവു തുടങ്ങിയ ഭരണാധികാരികളുടെയും കൂടാതെ ജനറൽ മനേക് ഷായുടെയും അഭിനന്ദനങ്ങൾ നേരിട്ട് ഏറ്റുവാങ്ങാനും മോഹനന് ഭാഗ്യമുണ്ടായി.
1998 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ രണ്ടാം പൊഖ്‌റാൻ അണുപരീക്ഷണത്തെ തുടർന്ന് മോഹനന് തന്റെ കഴിവ് തെളിയിക്കാനുള്ള മറ്റൊരവസ രം വീണു കിട്ടി. അണുപരീക്ഷണത്തിൽ അസഹിഷ്ണുക്കളായിത്തീർന്ന അ മേരിക്കയും ബ്രിട്ടനും ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ സമയമായിരുന്നു അത്. അന്ന് നാവിക സേനയിലെ വ്യോമ വിഭാഗത്തിലെ കീ വാർ ടൈം ഹെലികോപ്റ്ററായിരുന്ന സീ കിങിന്റെ സ്‌പെയർപാർട്ട്‌സുകൾ പലതും ഇറക്കുമതി ചെയ്തിരുന്നത് പ്രധാനമായും ഈ രാജ്യങ്ങളിൽ നിന്നായിരുന്നു. ഉപരോധത്തെ തുടർന്ന് അവ ലഭിക്കാതെ വന്നതോടെ ആകെ ഉണ്ടായിരുന്ന 20 സീകിങ് ഹെലികോപ്റ്ററുകളിൽ 5 എണ്ണം മാത്രമെ സർവീസ് നടത്തിയിരുന്നുള്ളു. ബാക്കിവരുന്ന 15 എണ്ണം ഉപയോഗിക്കാനാവാതെ ഹാങ്ങറുകളിൽ വിശ്രമം കൊണ്ടു.
ഈ ഹെലികോപ്റ്ററുകൾ പ്രവർത്തനക്ഷമമാക്കി നാവിക സേനക്ക് ക രുത്തു പകരുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു മോഹനൻ ഏ റ്റെടുത്തത്. തങ്ങൾക്കല്ലാതെ ഇവയുടെ സ്‌പെയർപാർട്ട്‌സുകൾ മറ്റൊരു രാ ജ്യത്തിനും നിർമിക്കാൻ കഴിയില്ലെന്ന ബ്രിട്ടന്റെയും അമേരിക്കയുടെയും അ ഹങ്കാരം തകർത്ത് അവരെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. അതിന്റെ ആദ്യപടിയായി ഒരു ടാസ്‌ക്‌ഫോഴ്‌സിന് രൂപം നൽകി. പി ന്നെ യുദ്ധകാലാടിസ്ഥാനത്തിലായി പ്രവർത്തനം. ഇന്ത്യയുടെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിമാനങ്ങളുടെ സ്‌പെയർപാർട്ട്‌സുകൾ നിർമിക്കുന്ന രാജ്യത്തെ മുഴുവൻ സർക്കാർ-സ്വകാര്യ മേഖലയിലെ കമ്പനികളുമായി ബ ന്ധപ്പെട്ടു. അങ്ങനെ ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ കണ്ടെത്തി. അവരുടെ സാങ്കേതിക വിദ്യയിൽ സ്‌പെയർ പാർട്ട്‌സുക ൾ നിർമിക്കുകയും പഴയ യുദ്ധവിമാനങ്ങളുടെ ഗിയർ ബോക്‌സുകൾ അഴിച്ചെടുത്ത് സീകിങിന് ചേരും വിധം മാറ്റം വരുത്തി ഉപയോഗിക്കുകയും ചെയ് തു. ഫലം പണിമുടക്കി കിടന്നിരുന്ന 15 സീകിങ് ഹെലികോപ്റ്ററുകൾ പൂർ വാധികം കരുത്തോടെ പ്രവർത്തക്ഷമമായി എന്നതാണ്. അമേരിക്കയും ബ്രി ട്ടനും അതറിഞ്ഞു ഞെട്ടി. ഇന്ത്യയെ ആർക്കും തോൽപ്പിക്കാനാവില്ലെന്ന വ ലിയ സത്യത്തിലേക്ക് മോഹനൻ അവരുടെ കണ്ണുകൾ തുറപ്പിച്ചു. ഇന്ത്യക്കെതിരെയുള്ള ഈ രാജ്യങ്ങളുടെ ഉപരോധം നാണം കെട്ട് പിൻവലിക്കുന്നതിൽ ഈ സംഭവം വലിയൊരു നിമിത്തമായി എന്നത് ചരിത്രം.
2001 ഫെബ്രുവരിയിൽ മുംബെയിൽ നടന്ന അന്താരാഷ്ട്ര നാവിക പ്രകടനത്തിലെ പ്രധാന താരം ഈ സീകിങ് ഹെലികോപ്റ്ററുകളായിരുന്നു. 30 രാജ്യങ്ങളിൽ നിന്നുള്ള നാവിക സേനാ വിഭാഗങ്ങൾ പങ്കെടുത്ത ഫഌറ്റ് പാ സ്റ്റിൽ മോഹനനായിരുന്നു ഇന്ത്യയെ നയിച്ചത്. അറ്റകുറ്റപ്പണി തീർത്ത് പുറത്തിറക്കിയ 15 സീകിങ് കോപ്റ്ററുകൾ കാഴ്ചവെച്ച മിന്നുന്ന പ്രകടനം, പങ്കെടുത്ത മറ്റു രാജ്യങ്ങളെ വിസ്മയിച്ചപ്പോൾ മോഹനന്റെ ഇച്ഛാശക്തിയുടെ പിൻ ബലത്തിൽ ഇന്ത്യ കാണിച്ച തന്റേടം അമേരിക്കയേയും ബ്രിട്ടനേയും കുറച്ചൊന്നുമല്ല അസൂയപ്പെടുത്തിയത്. ഇന്ത്യയുടെ അഭിമാനം മാനംമുട്ടെ ഉയർത്തിയ മോഹനനെ 2002 ൽ രാ ജ്യം അതിവിശിഷ്ട സേവാ മെഡൽ നൽകി ആദരിച്ചു. രാഷ്ട്രപതി എ.പി. ജെ.അബ്ദുൽ കലാമിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷം ജീവിതത്തിൽ തനിക്കൊരിക്കലും മറക്കാനാവാത്തതാണെന്ന് അഭിമാനപൂർവം അ ദ്ദേഹം അനുസ്മരിക്കുന്നു. 2004 ൽ സേനയിൽ നിന്നും ഔദ്യോഗികമായി വിരമിച്ചെങ്കിലും വടകര ഇരിങ്ങലിലെ കുഞ്ഞാലിമരയ്ക്കാർ സ്മാരകം, ഏഴിമല നാവിക അക്കാദമി, കണ്ണൂർ അഴീക്കൽ തുറമുഖ വികസനം എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം ഇപ്പോഴും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു. എല്ലാറ്റിനും താങ്ങായി ഭാര്യ കുമാരിയും സർവ പ്രോത്സാഹനവും നൽകി മക്കൾ അഞ്ജലി ശിവകുമാറും അശ്വതി വിജയകുമാറും ഒപ്പമുണ്ട്.






