റിയാദ് - പ്രമുഖ സൗദി വ്യവസായി അലി ബിൻ സഈദ് ബിൻ സലാമ അൽഖഹ്ത്താനി ഖത്തറിലെ മുഴുവൻ നിക്ഷേപങ്ങളും പിൻവലിച്ചു. സൗദി അറേബ്യ നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ 120 കോടി റിയാലിന്റെ നിക്ഷേപമാണ് ഇദ്ദേഹം ഖത്തറിൽനിന്ന് പിൻവലിച്ചത്. സ്വന്തം രാജ്യത്തിനൊപ്പം നിലയുറപ്പിക്കുന്നതിനു വേണ്ടിയാണ് ഖത്തറിലെ നിക്ഷേപങ്ങൾ പിൻവലിച്ചതെന്ന് അലി അൽഖഹ്ത്താനി പറഞ്ഞു. ഖത്തറിൽ റിയൽ എസ്റ്റേറ്റ്, എണ്ണ ടാങ്കറുകൾ എന്നീ മേഖലകളിലാണ് നിക്ഷേപങ്ങൾ നടത്തിയിരുന്നത്. ഖത്തർ വ്യവസായികുമായി ചേർന്നുള്ള പങ്കാളിത്തങ്ങളും സ്ഥാപിച്ചിരുന്നു. സൗദി ഗവൺമെന്റ് തീരുമാനം പുറത്തുവന്നയുടൻ ധിറുതി പിടിച്ച് നിക്ഷേപങ്ങൾ പിൻവലിച്ചതുമൂലം 22 ശതമാനം നഷ്ടം നേരിട്ടു. സ്വന്തം രാജ്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഈ നഷ്ടം നിസാരമാണ്. സൗദി തീരുമാനം വന്ന് മണിക്കൂറുകൾക്കകം ഖത്തറിലെ നിക്ഷേപങ്ങൾ താൻ പിൻവലിച്ചു. തീരുമാനത്തിൽനിന്ന് തന്നെ പിന്തിരിപ്പിക്കുന്നതിന് ഖത്തർ അധികൃതർ ശ്രമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗൾഫ് രാജ്യങ്ങളുടെ ബഹിഷ്‌കരണം ഖത്തർ സമ്പദ്‌വ്യവസ്ഥയുടെ നട്ടൊല്ലൊടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു. രാഷ്ട്രീയ പ്രത്യാഘാതത്തേക്കാൾ എത്രയോ കൂടുതലായിരിക്കും ഖത്തർ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ. ഖത്തറിനെ ബഹിഷ്‌കരിക്കുന്നതിന് കൂടുതൽ രാജ്യങ്ങൾ മുന്നോട്ടു വരുന്നത് ഖത്തർ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി അനുദിനം രൂക്ഷമാക്കും. ഇപ്പോഴത്തെ പ്രതിസന്ധി ഖത്തർ എയർവെയ്‌സിനെ ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ അഹ്മദ് അൽശഹ്‌രി പറഞ്ഞു. ഖത്തർ എയർവെയ്‌സിന് ഗൾഫ് വിപണി നഷ്ടപ്പെട്ടതിനു പുറമെ മറ്റു രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ പ്രവർത്തന ചെലവും ഗണ്യമായി വർധിക്കും. തെക്കു, കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ യു.എ.ഇക്കും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള സർവീസുകൾ സൗദി അറേബ്യക്കും മുകളിലൂടെയാണ് ഖത്തർ എയർവെയ്‌സ് നടത്തിയിരുന്നത്. ഖത്തറിലെ നിർമാണ പ്രവൃത്തികൾക്കാവശ്യമായ വസ്തുക്കൾ കരമാർഗമാണ് ഖത്തറിൽ എത്തിച്ചിരുന്നത്. കരാതിർത്തി സൗദി അറേബ്യ അടച്ചതോടെ നിർമാണ വസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിടും. ഇത് ലോക കപ്പിന് ആതിഥ്യം വഹിക്കുന്നതിന് ആവശ്യമായ പശ്ചാത്തല പദ്ധതികളുടെ പൂർത്തീകരണത്തെ ബാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ നിർമാണ വസ്തുക്കൾ എത്തിക്കുന്നതിന് കൂടുതൽ ഉയർന്ന ചെലവ് ഖത്തർ വഹിക്കേണ്ടിവരും. നിലവിലുള്ള പല കരാറുകളും റദ്ദാക്കപ്പെടുന്നതിനും വിദേശ കരാർ കമ്പനികൾ ഖത്തറിൽ നിന്ന് പിൻവാങ്ങുന്നതിനും പ്രതിസന്ധി ഇടയാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ഗവൺമെന്റ് കളിക്കുന്ന സാഹസിക രാഷ്ട്രീയത്തിന്റെ വില ഖത്തർ സമ്പദ്‌വ്യവസ്ഥ വഹിക്കേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധൻ അബ്ദുല്ല അൽഅഹ്മരി പറഞ്ഞു.






