അബുദാബി- പ്രസംഗത്തിനിടെ ഉറങ്ങിപ്പോയതിന് പ്രമുഖ പ്രഭാഷകനും മുസ്്ലിം ലീഗ് നേതാവുമായ എം.പി അബ്ദുസമദ് സമദാനി സദസിൽനിന്ന് അപമാനിച്ച് ഇറക്കിവിട്ടുവെന്ന പ്രചാരണം കള്ളമാണെന്ന് യുവാവ്. സമദാനി ഇറക്കിവിട്ടുവെന്ന് ആരോപിക്കപ്പെട്ട അബിൻ അഹമ്മദാണ് സംഭവത്തിന് പിന്നിലെ സത്യാവസ്ഥ വിശദീകരിച്ച് രംഗത്തെത്തിയത്. അബുദാബിയിലെ ഒരു പബ്ലിഷിംഗ് സ്ഥാപനത്തിൽ ജീവനക്കാരനാണ് തിരൂർ സ്വദേശിയായ അബിൻ അഹമ്മദ്. സമദാനിയുടെ പരിപാടിക്കായി ഏകദേശം രാത്രി പത്തുമണിയോടെ തന്നെ പരിപാടിക്ക് എത്തിയിരുന്നുവെന്ന് അബിൻ അഹമ്മദ് പറഞ്ഞു. താനെത്തി ഒന്നരമണിക്കൂർ കഴിഞ്ഞശേഷമാണ് പരിപാടി തുടങ്ങിയത്. പരിപാടി തുടങ്ങുന്നതിനും മുക്കാൽ മണിക്കൂർ മുമ്പ് തന്നെ നല്ല ഉറക്കത്തിലായിരുന്നു. എങ്ങിനെയാണ് ഉറങ്ങിയത് എന്ന് അറിയില്ല. സമദാനി പ്രസംഗിക്കുന്നതിന് തൊട്ടുമുന്നിലിരുന്നായിരുന്നു ഞാനുറങ്ങിയത്. സമദാനി കാണുമ്പോഴെല്ലാം ഞാനുറങ്ങുകയായിരുന്നു. ഇത്രയും പുണ്യമാക്കപ്പെട്ട ഒരു സദസിലേക്ക് ഉറങ്ങാനാണോ വന്നതെന്ന് പ്രസംഗത്തിനിടെ സമദാനി ചോദിച്ചിരുന്നു. അവിടെനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടിരുന്നില്ല. ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന ശേഷം നേരെ പുറത്തേക്ക് പോകുകയായിരുന്നു. അവിടെ ഇരുന്നാലും പ്രശ്നമുണ്ടാകുമായിരുന്നില്ല. അവിടെനിന്ന് കരഞ്ഞാണ് ഇറങ്ങിപ്പോയതെന്നും വേച്ചുവേച്ചാണ് പുറത്തുപോയതെന്നുമുള്ള ആരോപണങ്ങളെല്ലാം തെറ്റാണ്. ആ സദസിലിരുന്ന് ഉറങ്ങിയത് ഏറ്റവും മോശമായ സംഗതിയായിരുന്നുവെന്നും അബിൻ അഹമ്മദ് പറഞ്ഞു.
യുവാവിന്റെ വീഡിയോ