ദുബായ്- കോപിറൈറ്റ്, ബൗദ്ധിക സ്വത്തവകാശം എന്നിവ ലംഘിച്ചതിന് ദുബായിലെ ഡിഷ് ടിവി ഇന്ത്യ ഡീലറെ പരമോന്നത കോടതി മൂന്നു മാസം തടവും അരലക്ഷം ദിര്‍ഹം പിഴയും ശിക്ഷിച്ചു. പ്രതിയുടെ അപ്പീല്‍ തള്ളിയാണ് കോടതിവിധി.
പോലീസ് റെയ്ഡിനിടെയാണ് ഇയാള്‍ പിടിയിലായത്. രണ്ടായിരത്തോളം സെറ്റ്പ് ബോക്സുകളും സ്മാര്‍ട്ട് കാര്‍ഡുകളും പണവും ഇയാളില്‍നിന്ന് പിടിച്ചെടുത്തിരുന്നു.
തടവും പിഴയും കൂടാതെ, പിടിച്ചെടുത്ത സെറ്റപ് ബോക്സുകളും സ്മാര്‍ട്ട് കാര്‍ഡുകളും റിമോട്ട് കണ്ട്രോള് യൂനിറ്റുകളും നശിപ്പിച്ചുകളയാനും കോടതി നിര്‍ദേശിച്ചു.
കോടതി വിധി സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. കോടതിച്ചെലവും ഒ.എസ്.എന്‍ കമ്പനിക്ക് നഷ്ടപരിഹാരവും നല്‍കണം.
ടി.വി പൈറസിക്കെതിരെ വ്യക്തമായ വിധി പുറപ്പെടുവിച്ച കോടതിയോട് നന്ദിയുണ്ടെന്ന് ഒ.എസ്.എന്‍ ജനറല്‍ കോണ്‍സല്‍ സൈമണ്‍ വില്‍ക്സ് പറഞ്ഞു. യു.എ.ഇയില്‍ ഡിഷ് ടിവി ഇന്ത്യ വരിക്കാരെ ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഇതോടെ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.






