Sorry, you need to enable JavaScript to visit this website.

ഗ്രേസ്ഫുൾ ആന്റണി

അഞ്ച് മലയാള ചിത്രങ്ങളേ ഗ്രേസ് ആന്റണിയുടെ കരിയർ ഗ്രാഫിലുള്ളു - ആദ്യചിത്രം ഹാപ്പി വെഡിംഗ്. പിന്നീട് മാച്ച് ബോക്‌സ് തുടങ്ങി ഒടുവിൽ കുമ്പളങ്ങി നൈറ്റ്‌സിലെത്തി. കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെ ഈ ഭരതനാട്യം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിക്ക് നൃത്തമായിരുന്നു എന്നും പാഷൻ.
- കുട്ടിക്കാലത്ത് എവിടെ നിന്നെങ്കിലും പാട്ടുകേട്ടാൽ മതി ഞാൻ ചുവടുവെക്കും.  അങ്ങനെയാണ് മാതാപിതാക്കൾ നൃത്തപഠനത്തിനയച്ചത്. നൃത്ത പഠനത്തിനിടയിലാണ് അഭിനയത്തോട് ആകർഷണം തോന്നിത്തുടങ്ങിയത്.  രണ്ടു വർഷത്തോളം തിയേറ്റർ പഠനത്തിനും ചെലവഴിച്ചു. സിനിമ എന്റെ സ്വപ്നമായി മാറുകയായിരുന്നു. അഭിനയിക്കാനുള്ള ആത്മവിശ്വാസമുണ്ടായത് അരങ്ങിലൂടെയായിരുന്നു. ആദ്യമായി ഒഡീഷനു പോയത്  ഹാപ്പി വെഡിംഗിലായിരുന്നു. അവിടെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എറണാകുളം ജില്ലയിലെ മുളന്തുരുത്തുകാരി പറഞ്ഞു തുടങ്ങുന്നു. 
പാരമ്പര്യമായി ലഭിച്ച വരദാനമായിരുന്നു നൃത്തം. അമ്മ ഷൈനി ആന്റണിയും നൃത്തപരിശീലനം നേടിയിട്ടുണ്ട്.  അതുകൊണ്ട് നൃത്ത പരിശീലനത്തിന് തികഞ്ഞ പിന്തുണയുണ്ടായിരുന്നു. 

കുമ്പളങ്ങിയിലെത്തിയത് എങ്ങനെയായിരുന്നു?
തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരൻ ചേട്ടനാണ് ഇങ്ങനെയൊരു കഥാപാത്രമുണ്ട്. വന്ന് കേട്ടുനോക്കൂ എന്നു പറഞ്ഞ് വിളിച്ചത്. എന്തു കഥാപാത്രമായാലും ആ ടീമിനൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. കഥ കേട്ടപ്പോൾ സന്തോഷം തോന്നി. ഹാപ്പി വെഡിംഗ് കണ്ടിട്ടാണ്  വിളിക്കുന്നതെന്നു പറഞ്ഞപ്പോൾ ഇരട്ടി സന്തോഷം. അവതരിപ്പിച്ച കഥാപാത്രത്തെ  കണ്ട്  വിളിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ.  അങ്ങനെ ഞാൻ സിമിയായി.  സെറ്റിൽ നല്ല സഹകരണമായിരുന്നു എല്ലാവരിൽ നിന്നും ലഭിച്ചത്. 

കുമ്പളങ്ങിയെ ഇഷ്ടപ്പെടാൻ കാരണം ?
ഞാൻ കണ്ടിട്ടുള്ള കുറേ കഥാപാത്രങ്ങൾ, സഞ്ചരിച്ച വഴികൾ, ഇതൊക്കെയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്നു തോന്നി. എവിടെയൊക്കെയോ കണ്ടവരും ഇടപെടാവുന്നവരുമായ കുറേ കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്. ബേബിമോളെ പോലുള്ള ഒരുപാട് സുഹൃത്തുക്കളുണ്ട്. സിമിയെയും കണ്ടിട്ടുണ്ട്. ചിലപ്പോൾ എന്റെ അമ്മയാണ് സിമി എന്നു തോന്നിയിട്ടുണ്ട്. അവരിൽ അറിയാത്ത ഒരാൾ ഫഹദ്ക്ക അവതരിപ്പിച്ച ഷമ്മി മാത്രമായിരുന്നു. ബാക്കിയെല്ലാവരും അടുത്തറിയാവുന്നവരായിരുന്നു. 

ഫഹദുമായുള്ള കോമ്പിനേഷൻ?
ഞാൻ ഫഹദ്ക്കയുടെ വലിയ ഫാനാണ്.  എന്നാൽ മുന്നിലെത്തിയപ്പോൾ ശരിക്കും വിറക്കുന്നുണ്ടായിരുന്നു. ശ്യാമേട്ടനും മധുവേട്ടനുമാണ് ആത്മവിശ്വാസം നൽകിയത്. ഫഹദ്ക്കയിൽനിന്നും ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. ഒരു സയലന്റ് ടീച്ചർ ആണ് ഫഹദ്ക്ക.  അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊന്നും പറയില്ല. പക്ഷേ, ഒരുപാടു കാര്യങ്ങൾ കണ്ടുപഠിക്കാനുണ്ട്. ഒരു പ്രൊഫഷനെ എങ്ങനെ സീരിയസായി കൈകാര്യം ചെയ്യാമെന്ന് കാണിച്ചുതന്നു. നന്നായി അഭിനയിക്കുന്ന ഒരാളോടൊപ്പം അഭിനയിക്കുന്നത് ഒരു വെല്ലുവിളിയാണ്. അതിന് സഹായിച്ചത് സെറ്റിലെ ഓരോരുത്തരുമാണ്. 

സിമിയെക്കുറിച്ച് ?
അഭിനയ ജീവിതത്തിൽ ലഭിച്ച മികച്ച വേഷമാണ് സിമിയുടേത്.  അത്രയും ഇമോഷനുള്ള കഥാപാത്രമാണ്.  സിനിമ കണ്ട് ഒരുപാട് മെസേജുകളും കോളുകളും വന്നു. പലരും പറഞ്ഞത്. സിമിയെ കണ്ടപ്പോൾ ഞങ്ങളുടെ അമ്മയെയാണ് ഓർമ്മ വന്നത് എന്നാണ്.  അമ്മ അച്ഛനോട് സംസാരിക്കുന്നതിങ്ങനെയാണ് എന്നൊക്കെ സങ്കടങ്ങളും പ്രതിഷേധങ്ങളുമെല്ലാം ഒളിപ്പിച്ച് ഒരു വിധേയന്റെ രൂപത്തിലുള്ള ഭാവം.  എന്നാൽ ഒടുവിൽ അവൾ നിയന്ത്രണം വിടുന്നുണ്ട്. അനുജത്തിക്കുവേണ്ടി അവൾക്ക് ഭർത്താവിനെ തള്ളിപ്പറയേണ്ടി വരുന്നുണ്ട്. 

സിമിയുടെ ഡയലോഗുകൾ? 
ഏത് ടൈപ്പ് ചേട്ടനായാലും മര്യാദക്ക് സംസാരിക്കണമെന്ന് സിമിയെക്കൊണ്ട് പറയിച്ചത് തിരക്കഥാകൃത്തും സംവിധായകനുമാണ്. അറിയാതെ ഉള്ളിൽ നിന്നും പറഞ്ഞു പോകുന്നതാണത്. 
ഓരോ സീനിനു മുൻപും എങ്ങിനെയാണ് നിൽക്കേണ്ടത്, എന്താണ് ഇമോഷൻ എന്നെല്ലാം കൃത്യമായി പറഞ്ഞുതരുമായിരുന്നു.  അവരുടെ ഭാഗത്തുനിന്നുള്ള പിന്തുണയാണ് സിമിയുടെ വിജയം. 
ചിത്രീകരണ വിശേഷങ്ങൾ 
ചിത്രീകരണം കൂടുതലും രാത്രികളിലായിരുന്നു. എല്ലാവരും നല്ല കമ്പനിയായിരുന്നു. ചിരിയും കളിയും തമാശകളുമായി എപ്പോഴും ലൈവായിരുന്നു.  ഇതിൽനിന്നും വ്യത്യസ്തമായി നിന്നത് ഫഹദ്ക്ക മാത്രമായിരുന്നു. അദ്ദേഹം മാറിയിരുന്നു കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. കഥാപാത്രത്തിനുവേണ്ടി നന്നായി മുന്നൊരുക്കം നടത്തുന്നയാളാണ് ഫഹദ്ക്ക.

സിമിയും ഗ്രേസും തമ്മിൽ?
രണ്ടുപേരുടെയും സ്വഭാവം വ്യത്യസ്തമാണ്. സ്വന്തമായി അഭിപ്രായവും നിലപാടുകളും വെളിപ്പെടുത്തുന്ന കൂട്ടത്തിലാണ് ഗ്രേസ്.  കുട്ടിക്കാലം തൊട്ടേ കലാരംഗത്തുണ്ടായിരുന്നു. നൃത്തത്തിലും നാടകത്തിലുമെല്ലാം സജീവമായിരുന്നു.  പഠിക്കാതെ അഭിനയിച്ചു നടന്നതിന് അമ്മ വഴക്കു പറയുമായിരുന്നു. എന്നാൽ കുമ്പളങ്ങി കണ്ടതോടെ അമ്മയുടെ അഭിപ്രായം മാറി. ഹാപ്പി വെഡിംഗിൽ അഭിനയിക്കുമ്പോൾ ബിരുദ വിദ്യാർത്ഥിയായിരുന്നു.  തുടർന്ന് അഞ്ചോളം ചിത്രങ്ങളിൽ വേഷമിട്ടു. 

എങ്ങനെയുള്ള കഥാപാത്രങ്ങളോടാണ് താൽപര്യം? 
പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കണം. സിമിയെ പോലെ പ്രേക്ഷകരുമായി സംവദിക്കുന്ന നല്ല കഥാപാത്രങ്ങൾ ലഭിക്കണം എന്നാണാഗ്രഹം. ആദ്യചിത്രം കഴിഞ്ഞ് ഒരു വർഷത്തോളം കാത്തിരുന്നത് നല്ല ചിത്രങ്ങളൊന്നും വരാത്തതുകൊണ്ടായിരുന്നു. സിമിയെ കിട്ടിയപ്പോൾ ഏറെ സന്തോഷം. സിമിയിലൂടെ ആളുകൾ അടുത്തറിയാൻ തുടങ്ങി.

സംവിധായകന്റെ സഹകരണം 
ശ്യാമേട്ടനും മധുവേട്ടനും ഒരു കാര്യത്തിലും നിർബന്ധം പുലർത്താറില്ല. നന്നായി ആസ്വദിച്ച് ഓരോ സീനും അവതരിപ്പിക്കണം എന്നാണ് പറയാറ്.  ഓരോ സീനിനുമുമ്പും കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുതരും. ഇങ്ങനെ ചെയ്താലോ എന്നു ചോദിക്കും. ഒരിക്കലും നിർബന്ധം പിടിക്കാറില്ല.  അവർ കഥാപാത്രങ്ങളെ സ്‌നേഹിക്കുന്നതുപോലെയാണ് നമ്മളെയും സ്‌നേഹിക്കുന്നത്. അതുകൊണ്ടുതന്നെ അറിയാതെ നമ്മളും ആ കഥാപാത്രങ്ങളെ ആത്മാർത്ഥമായി ഇഷ്ടപ്പെട്ടു പോകും. 

പുതിയ  ചിത്രം?
സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സമീർ താഹിർ- ഷൈജു ഖാലിദ് നിർമ്മിക്കുന്ന ചിത്രത്തിലാണ് വേഷമിടുന്നത്. അഷ്‌റഫ് ആണ് സംവിധാനം.  നായകനായെത്തുന്നത് വിനയ് ഫോർട്ട്.  
    
 

Latest News