Sorry, you need to enable JavaScript to visit this website.

ഫുട്‌ബോളിന്റെ ചലച്ചിത്ര ഭാഷ്യം

ക്യാപ്റ്റനിൽ ജയസൂര്യ
വി.പി. സത്യൻ
സൗബിൻ ഷാഹിർ
'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മമാർ

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്  കാൽപന്ത് കളിയുമായി ബന്ധപ്പെട്ടുള്ള സിനിമകൾക്കാണെന്നത് അവാർഡിന് ഏറെ തിളക്കമേകി. അകാലത്തിൽ പൊലിഞ്ഞ വി.പി സത്യന്റെ കഥ പറഞ്ഞ  ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ മികവാർന്ന പ്രകടനമാണ് ജയസൂര്യയെ മികച്ച നടനാക്കിയത്. 
സുഡാനി ഫ്രം നൈജീരിയയിലെ ഫുട്‌ബോൾ ടീം മാനേജരുടെ വേഷം ഹൃദയസ്പർശിയായി അവതരിപ്പിച്ചതിലൂടെ  സൗബിൻ ഷഹീർ  മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. പ്രജേഷ് സെൻ എന്ന മാധ്യമ പ്രവർത്തകൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ എന്ന മലയാളത്തിലെ ആദ്യ സ്‌പോർട്‌സ് ബയോ സിനിമയും പിന്നെ മലപ്പുറത്തിന്റെ കാൽപ്പന്ത് സ്‌നേഹം അതിസുന്ദരമായി അവതരിപ്പിച്ച സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയയും ആദരിക്കപ്പെട്ടു. ഈ സിനിമകളിലെ നായകന്മാരാണ് ഏറ്റവും മികച്ച നടനുളള പുരസ്‌ക്കാരം പങ്കിട്ടത്. 
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവുമുൾപ്പെടെ അഞ്ചു പുരസ്‌കാരങ്ങളാണ് സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കിയത്. പോയ വർഷത്തിൽ കാൽപ്പന്തിന്റെ കഥ പറഞ്ഞ് രണ്ട് സിനിമകളാണ് അഭ്രപാളികളിൽ എത്തിയത്. മലബാറിന്റെ, വിശേഷിച്ചും മലപ്പുറത്തിന്റെ  രക്തത്തിലലിഞ്ഞ ഫുട്‌ബോൾ പ്രണയത്തെ വരച്ചു കാട്ടുന്നതിനപ്പുറം കൃത്യമായ ചില രാഷ്ട്രീയ ഇടപെടലുകൾ നടത്തിയ ചിത്രം കൂടിയായിരുന്നു  സുഡാനി ഫ്രം നൈജീരിയ. ലളിതമായ കഥ അതിലളിതമായ ആഖ്യാനത്തിലൂടെ പ്രേക്ഷകന് പകർന്നുനൽകിയ ഈ പടത്തിലെ ഏതുണ്ടെടാ കാൽപ്പന്തല്ലാതെ, ഊറ്റം കൊള്ളാൻ വല്ലാതെ..... എന്ന ടൈറ്റിൽ സോംഗ് ആസ്വാദക ഹ്യദയങ്ങളിലേക്ക് പരന്നൊഴുകി. ഫുട്ബാളിന്  മാനവികമായ ഒരു തലത്തോടൊപ്പം വൈകാരികമായ തലം കൂടിയുണ്ട്. ആ കാരണങ്ങൾ കൊണ്ട് ഈ രണ്ട് സിനിമയെയും പുരസ്‌കാര നേട്ടത്തിന് സഹായിച്ചിട്ടുണ്ട്.


മുൻ ഇന്ത്യൻ നായകൻ വി.പി സത്യന്റെ ജിവിത കഥയായിരുന്നു പ്രജേഷ് സെൻ ഇതിവൃത്തമാക്കിയത്. രാജ്യം ദർശിച്ച ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ സത്യൻ വിഷാദരോഗിയായി ജീവിതം അവസാനിപ്പിക്കുന്ന സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച ജയസൂര്യയും സെവൻസ് മൈതാനങ്ങളിലൂടെ മലപ്പുറത്തിന്റെ കാൽപ്പന്ത് പ്രണയത്തെ ലോകത്തിന് പരിചയപ്പെടുത്തി സുഡാനിയിലെ ഫുട്‌ബോൾ ടീം മാനേജരായി വേഷമിട്ട സൗബിനും അഭിനയത്തിന്റെ രണ്ട് വിത്യസ്ത മുഖങ്ങളായിരുന്നു.  സുഡാനി ഫ്രം നൈജീരിയ എന്ന തന്റെ സിനിമയിലെ മുഖ്യ കഥാപാത്രം  സൗബിൻ  അവതരിപ്പിച്ച ടീം മാനേജരായിരുന്നു. ഒരേ സിനിമയിലെ അഭിനയത്തിന് സുഡുമോന്റെ ഉമ്മമാരായി സ്‌ക്രീനിൽ തകർത്തഭിനയിച്ച സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയുമാണ് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പൊൻതിളക്കത്തിൽ ശ്രദ്ധേയരായവരിൽ ചിലർ. 


നാടകവേദിയിൽ ഒരുമിച്ച് അഭിനയിച്ച ഇവരെ തേടി സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം എത്തിയതും ഒരുമിച്ചുതന്നെ.   40 വർഷത്തെ നാടകാഭിനയ ജീവിതമാണ് സാവിത്രിയുടേത്. സുഡാനി െ്രെഫം നൈജീരിയ എന്ന ചിത്രത്തിൽ പൂർണമായും മലപ്പുറം ശൈലിയിലാണ് ഈ രണ്ട് ഉമ്മമാർക്കും സംസാരിക്കാനുണ്ടായിരുന്നത്. കോഴിക്കോട്ടുകാരായതിനാൽ തന്നെ ഇക്കാര്യത്തിൽ രണ്ടുപേർക്കും വലിയ പ്രയാസം ഉണ്ടായില്ല. ചിത്രത്തിലെ നായക കഥാപാത്രങ്ങളായ മജീദിനെയും സുഡുമോനെയുമെല്ലാം സ്‌നേഹം കൊണ്ട് പ്രേക്ഷകർ മൂടിയപ്പോഴും അന്റെ പെങ്ങളൂട്ടിക്ക് കൊടുത്തോ എന്ന് പറഞ്ഞ് സാമുവലിന് കമ്മൽ കൊടുക്കുന്ന മജീദിന്റെ ഉമ്മ ജമീലയെയും അള്ളാ സൂഡുന്ന് അന്റെ പേരായിരുന്നോ
എന്ന് നിഷ്‌കളങ്കതയോടെ ചോദിക്കുന്ന അയൽവാസിയായ ബിയൂമ്മയും മനസ്സിൽ മായാതെ നിന്നു. യഥാക്രമം ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ച സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും ഇപ്പോൾ തങ്ങളെ നാടറിഞ്ഞ സന്തോഷത്തിലാണ്.   


മലബാറിലെ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലും  മൈതാനങ്ങളിലും കാൽപന്തുകളിയുടെ ആരവമുയർത്തിയവർ  ഫുട്‌ബോളിനെ നെഞ്ചോട് ചേർത്ത് വെച്ചവരാണ്. എന്തിനെ വെറുത്താലും പന്തിനെ സ്‌നേഹിക്കുന്നവർ. ഫുട്‌ബോൾ മതവും സംസ്‌കാരവുമാണ്. കലയും കവിതയും അതിൽ ഇഴചേർന്നിരിക്കുന്നു. ഭാഷയും വർണവും അത് അപ്രസക്തമാക്കുന്നു. ഫുട്‌ബോൾ ജീവകാരുണ്യത്തിന്റെയും മതമൈത്രിയുടെയും സൗഹാർദത്തിന്റെയും മുഖമായി മാറുന്നതു കാണാം.  യുദ്ധക്കളത്തിൽ നിന്ന് എതിരാളിയെ അടിയറ പറയിച്ചും വിജയഭേരി മുഴക്കിയും കണ്ണീർ വീഴ്ത്തിയും വിടവാങ്ങുമ്പോൾ പോലും പരസ്പരം ചുമലിൽ തട്ടി അഭിനന്ദിക്കാൻ കഴിയുന്ന ജെന്റിൽമാൻ ഗെയിമാണ് ഫുട്‌ബോൾ. കാൽപ്പന്തിനോട് മലയാളത്തിനുള്ള പ്രണയമായിരുന്നു  ക്യാപ്റ്റൻ, സുഡാനി ഫ്രം നൈജീരിയ ചിത്രങ്ങളുടെ വിജയം. രണ്ട് സിനിമകളുടേയും ഇതിവൃത്തങ്ങളും സുന്ദരമായാണ് അവതരിപ്പിക്കപ്പെട്ടത്. 

Latest News