സുബ്ബലക്ഷ്മി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് എസ്. ജാനകി 

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ പരമോന്നത സംഗീത പുരസ്‌കാരമായ എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ഗായിക എസ്. ജാനകി. 
സംഗീത രംഗത്ത് നിന്ന് വിരമിച്ചതിനാലാണ് തീരുമാനമെന്ന് എസ്. ജാനകിയുടെ മകന്‍ മുരളീകൃഷ്ണന്‍ പറഞ്ഞു. അവാര്‍ഡ് ലഭിച്ച വിവരം ആരാധകര്‍ പറഞ്ഞുള്ള അറിവ് മാത്രമാണെന്നും ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും  അദ്ദേഹം വ്യക്തമാക്കി. 
അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെങ്കിലും അത് അറിയിക്കാത്തതില്‍ വിഷമമുണ്ട്. ഇത് ആരെങ്കിലും പറഞ്ഞ് അറിയേണ്ടതല്ലല്ലോ മുരളീകൃഷ്ണന്‍ പറഞ്ഞു.
2011 മുതലുള്ള കലൈമാമണി അവാര്‍ഡുകളും എം.എസ്. സുബ്ബലക്ഷ്മി അവാര്‍ഡുകളും കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഗായികമാരായ സി.സരോജ സി. ലളിത, സംഗീതജ്ഞന്‍ ടി.വി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമാണ് എസ്. ജാനകിക്കും അവാര്‍ഡ് നല്‍കുന്നത്. 
ഒരു ലക്ഷം രൂപയും  പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഇത്തവണത്തെ കലൈമാമണി അവാര്‍ഡ് നേടിയവരില്‍ ഗായകന്‍ ഉണ്ണി  മേനോനും ഉള്‍പ്പെടും.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത കലാ പുരസ്‌കാരമായ കലൈമാമണി പുരസ്‌കാരത്തിനൊപ്പമാണ് മുതിര്‍ന്ന കലാകാര•ാര്‍ക്കുള്ള സുബ്ബലക്ഷ്മി അവാര്‍ഡും നല്‍കുന്നത്. 

Latest News