ബെര്‍ണബാവുവില്‍ ബാഴ്‌സ

മഡ്രീഡ് - റയല്‍ മഡ്രീഡിനെ അവരുടെ കളിത്തട്ടായ ബെര്‍ണബാവുവില്‍ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത ബാഴ്‌സലോണ കോപ ഡെല്‍റേ ഫുട്‌ബോളില്‍ ഫൈനലില്‍ സ്ഥാനം നേടി. റയല്‍ അടക്കിഭരിച്ച ആദ്യ പകുതി അതിജീവിച്ച ബാഴ്‌സലോണ രണ്ടാം പകുതിയില്‍ കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കി. ലൂയിസ് സോറസ് രണ്ടു തവണ സ്‌കോര്‍ ചെയ്തു. റയല്‍ ഡിഫന്റര്‍ റഫായേല്‍ വരാനും സെല്‍ഫ് ഗോളും ബാഴ്‌സലോണയുടെ വിജയത്തിന് മാറ്റ് കൂട്ടി. 4-1 വിജയത്തോടെയാണ് ബാഴ്‌സലോണ മുന്നേറിയത്. ബാഴ്‌സലോണയുടെ ഗ്രൗണ്ടായ നൗകാമ്പിലെ ആദ്യ പാദത്തില്‍ 1-1 സമനിലയുമായി ബാഴ്‌സലോണ രക്ഷപ്പെടുകയായിരുന്നു. 
നാലു ദിവസത്തിനിടെ അരങ്ങേറുന്ന രണ്ട് ക്ലാസിക്കോകളിലാദ്യത്തേതില്‍ റയലിന് കനത്ത പ്രഹരമാണ് ബദ്ധവൈരികള്‍ നല്‍കിയത്. തുടര്‍ച്ചയായ ആറാം തവണ അവര്‍ ഫൈനലില്‍ സ്ഥാനം പിടിച്ചു.
പോസ്റ്റിലേക്കുള്ള ആദ്യ ഷോട്ടിലാണ് ബാഴ്‌സലോണ ഗോളടിച്ചതെന്ന് റയല്‍ കോച്ച് സാന്റിയാഗൊ സൊളാരി പരിതപിച്ചു. 2017 ലെ സ്പാനിഷ് സൂപ്പര്‍ കപ്പിനു ശേഷം അഞ്ചാമത്തെ എല്‍ക്ലാസിക്കോയിലും ബാഴ്‌സലോണയെ തോല്‍പിക്കാന്‍ റയലിന് സാധിച്ചില്ല. 
വലന്‍സിയയും റയല്‍ ബെറ്റിസും തമ്മിലുള്ള കളിയിലെ വിജയികളുമായി മെയ് 25 ന് സെവിയയില്‍ ബാഴ്‌സലോണ ഫൈനല്‍ കളിക്കും. വലന്‍സിയ-ബെറ്റിസ് ആദ്യ പാദം 2-2 സമനിലയാണ്.
 

Latest News